ജീവിത സ്വപ്നങ്ങൾക്ക് മേൽക്കൂരയില്ലാതെ ഓമനക്കുട്ടനും കുടുംബവും

ജീവിതം ഈ വീടുപോലെ... കുറിച്ചി എസ് പുരം ലക്ഷംവീടു കോളനിയിലെ താൽകാലിക ഷെഡിൽ ഓമനക്കുട്ടൻ മകൻ കാർത്തിക്കിനൊപ്പം

കോട്ടയം ∙ ആകാശം ഒന്നിരുണ്ടാൽ രമയുടെ ഉള്ളിൽ തീ ആളിക്കത്തും. പിന്നെ അടുപ്പിൽ തീ കത്തില്ലെന്ന ഭീതികൊണ്ട്, വിശക്കുന്ന മൂന്നു വയറുകളെ ശാന്തരാക്കാൻ ആവാത്തതിനാൽ. മഴ പെയ്താൽ അന്നു പട്ടിണിയാണെന്ന സത്യം രമയും ഭർത്താവ് ഓമനക്കുട്ടനും പ്ലസ് വണ്ണിൽ പഠിക്കുന്ന മൂത്തമകൻ ഉണ്ണിക്കുട്ടനും ഉൾക്കൊള്ളും. പക്ഷേ, 11 വയസ്സായിട്ടും നാലു വയസ്സുകാരനെപ്പോലെ മാത്രം പെരുമാറാൻ കഴിയുന്ന ഇളയ മകൻ കാർത്തിക് വിശന്നു കരയുമ്പോൾ ആ അമ്മയുടെ ഉള്ളിലെ തീ വീണ്ടും ആളും.

കുറിച്ചി എസ് പുരം ലക്ഷംവീടു കോളനിയിലെ സി.എൻ.ഓമനക്കുട്ടനു സർക്കാർ പതിച്ചുനൽകിയ മൂന്നു സെന്റ് ഭൂമിയിൽ ജനകീയാസൂത്രണ പദ്ധതി വഴി പണി തുടങ്ങിവച്ച ഒരു വീടുണ്ട്. ഇഷ്ടിക അടുക്കിവച്ചു വാർക്കാറായപ്പോഴാണ് ഓമനക്കുട്ടനെ വിധി ആക്രമിച്ചത്. ആദ്യം ശരീരം അനക്കാൻ കഴിയാത്ത വേദനയായിരുന്നു. പിറ്റേന്നുരാവിലെ പണിക്കുപോകാനായി വേദനസംഹാരി കഴിച്ചു കിടന്നുറങ്ങും. കാഴ്ച ശക്തി പതിയെ മങ്ങിത്തുടങ്ങിയപ്പോഴാണ് ഓമനക്കുട്ടൻ അസുഖം ഗൗരവമായെടുത്തത്. ഒരു കണ്ണിന്റെ കാഴ്ച അപ്പോഴേക്കും മൊത്തമായി നഷ്ടപ്പെട്ടു.

മെഡിക്കൽ കോളജിൽ രോഗം സ്ഥിരീകരിച്ചു. രണ്ടു വൃക്കകൾക്കും തകരാർ. ഒരു വൃക്കയുടെ പ്രവർത്തനം പൂർണമായും നിലച്ചു. മറ്റേ വൃക്ക 75 ശതമാനവും തകരാറിൽ. എത്രയും പെട്ടെന്നു വൃക്ക മാറ്റിവയ്ക്കണം. ഒരാഴ്ചത്തെ മരുന്നിനുള്ള 3000 രൂപ കണ്ടെത്താൻ പോലും കഴിയാത്ത ഓമനക്കുട്ടൻ പിന്നെ വീട് എന്ന സ്വപ്നം മറന്നു. വാർക്കാതെ വീടിന്റെ തുക അനുവദിക്കില്ലെന്നു പഞ്ചായത്ത് അധികൃതർ പറഞ്ഞതോടെ ഇഷ്ടികകെട്ടിയ തുറന്ന ഭിത്തികൾ ശൂന്യമായ ആകാശം നോക്കി നിൽക്കുന്നു.

മാസങ്ങളായി ടാർപോളിൻ കൊണ്ടു മറച്ച ഷെഡ്ഡിലാണ് ഓമനക്കുട്ടന്റെയും കുടുംബത്തിന്റെയും താമസം. മഴപെയ്താൽ വെറും മണ്ണുമാത്രമുള്ള തറയിലേക്കു വെള്ളം ഇരച്ചെത്തും. പിന്നെ ഒരു കോണിൽ കല്ലു കൂട്ടിവെച്ച്, അടുപ്പെന്നു വിളിക്കുന്ന അവിടെ ആഹാരമുണ്ടാക്കാനാകില്ല. ഓമനക്കുട്ടൻ കിടപ്പിലായതോടെ രമ 10 കിലോമീ​റ്റർ അകലെയു​ള്ള ഒരുവീട്ടിൽ ജോലിക്കു പോയിത്തുടങ്ങി.

ഓമനക്കുട്ടന്റെ മൂന്നു സഹോദരിമാരും വൃക്ക നൽകാൻ തയാറാണെങ്കിലും രണ്ടുപേർ അസുഖ ബാധിതരായതു കൊണ്ട് അവരിൽനിന്നു സ്വീകരിക്കാനാവില്ലെന്നു ഡോക്ടർ പറഞ്ഞു. ഒരു സഹോദരിയുടെയും ഭാര്യയുടെയും രക്തഗ്രൂപ്പ് ചേരുകയുമില്ല. വൃക്ക മാറ്റിവയ്ക്കാനും തുടർന്നുള്ള ചികിത്സയ്ക്കും പണം കണ്ടെത്താനാകാതെ വിഷമിക്കുകയാണ് ഓമനക്കുട്ടൻ. ഒപ്പം പുക നിറഞ്ഞ ഈ മറയ്ക്കുള്ളിൽനിന്ന് ഒരു മോചനവും. സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവൻകൂറിന്റെ കുറിച്ചി ബ്രാഞ്ചിൽ ഓമനക്കുട്ടന് അക്കൗണ്ട് ഉണ്ട്. സി.എൻ.ഓമനക്കുട്ടൻ, പ്ലാമൂട്ടിൽ വീട്. അക്കൗണ്ട് നമ്പർ: 67346380480, എഎഫ്എഫ്സി കോഡ്: SBTR0000262.