വീരുവിന് സ്നേഹമൊഴി

രാജ്യാന്തര ക്രിക്കറ്റിൽനിന്നും ഇന്ത്യൻ പ്രിമിയർ ലീഗിൽനിന്നും വിരമിക്കൽ പ്രഖ്യാപിച്ച മുൻ ഇന്ത്യൻ താരം വീരേന്ദർ സേവാഗിന് കൂട്ടുകാരുടെ സ്നേഹയാത്രാമൊഴി. സേവാഗിനൊപ്പം കളിച്ചവരും സേവാഗിന്റെ വന്യബാറ്റിങ്ങിന് സാക്ഷികളായവരുമെല്ലാം നല്ല വാക്കുകളോതിയാണ് താരത്തിന്റെ വിരമിക്കൽ തീരുമാനത്തിനൊപ്പം നിൽക്കുന്നത്.

വിവ് റിച്ചാർഡ്സിനോട് വീരുവിനെ സാമ്യപ്പെടുത്തിയ ഇന്ത്യൻ ഏകദിന ക്യാപ്റ്റൻ മഹേന്ദ്രസിങ് ധോണി മുതൽ വീരുവിനൊപ്പം ഒട്ടേറെ മൈതാനങ്ങളിൽ ഗംഭീര ഓപ്പണിങ് സഖ്യം തീർത്ത സച്ചിൻ തെൻഡുൽക്കർ വരെയുള്ളവർ താരത്തിന് ആശംസകളേകിയിട്ടുണ്ട്.

∙ സച്ചിൻ തെൻഡുൽക്കർ:

സേവാഗ് ബാറ്റ് ചെയ്യുന്നത് ഏറ്റവും മികവോടെ കാണാൻ അവസരം ലഭിച്ചത് നോൺ സ്ട്രൈക്കർ എൻഡിലുണ്ടായിരുന്ന എനിക്കായിരുന്നു. അദ്ഭുതകരമായ നേട്ടങ്ങളുടെ ഒപ്പു ചാർത്തിയാണ് വീരു വിരമിക്കുന്നത്. ബാറ്റിങ്ങിനോടും ജീവിതത്തോടുമുള്ള അദ്ദേഹത്തിന്റെ സമീപനം ഏറെ ആദരവർഹിക്കുന്നു.

∙ സൗരവ് ഗാംഗുലി:

ക്രിക്കറ്റിലെ ചാംപ്യൻമാരിലൊരാളാണ് വീരു. എഴുന്നേറ്റുനിന്ന് വലിയ കയ്യടികളോടെ വേണം വീരുവിനെ യാത്രയാക്കാൻ. വീരുവിനതിന് അർഹതയുണ്ട്.

∙ എം.എസ്. ധോണി:

വിവ് റിച്ചാർഡ്സ് ബാറ്റ് ചെയ്യുന്നതു ഞാൻ നേരിട്ടു കണ്ടിട്ടില്ല. പക്ഷേ അഭിമാനത്തോടെ പറയാം, സേവാഗ് ഏറ്റവും മികച്ച ബോളിങ് നിരയെപ്പോലും കീറിയെറിയുന്നത് ഞാൻ കണ്ടിട്ടുണ്ട്. എല്ലായ്പോഴും ബൗണ്ടറികൾക്കുവേണ്ടി നോക്കിക്കൊണ്ടിരിക്കുന്ന പ്രതിഭ.

∙ വിരാട് കോഹ്‍ലി:

എന്തൊരു ഗംഭീര കളിക്കാലം. നന്ദി, തന്ന ഓർമകൾക്കും മാർഗനിർദേശങ്ങൾക്കും. ആധുനിക കാലത്തിലെ ക്രിക്കറ്റ് ഇതിഹാസമാണു വീരു.

∙ ശിഖർ ധവാൻ:

അക്ഷരാർഥത്തിൽ ശരിക്കുമൊരു ഓപ്പണർ. നിർഭയൻ, സാഹസികൻ.

∙ വി.വി.എസ്. ലക്ഷ്മൺ:

ഞങ്ങൾക്കേറെ സന്തോഷം പകർന്നുതന്ന രസികൻ. മൂല്യവത്തായ ഓർമകൾക്ക് നന്ദി.

∙ രവിചന്ദ്ര അശ്വിൻ:

ശരിയായ ചിന്തയും ആസ്വദിച്ചുള്ള കളിയുമായിരുന്നു സേവാഗിന്റെ ആയുധങ്ങൾ.

∙ സുരേഷ് റെയ്ന:

ഞാൻ ഒപ്പം കളിച്ചിട്ടുള്ള പ്രതിഭ. ശരിക്കുമൊരദ്ഭുതം. വീരുവിനെ വല്ലാതെ മിസ് ചെയ്യും.

∙ സഹീർ ഖാൻ:

ബാറ്റ് ചെയ്യുമ്പോഴുള്ള സേവാഗിന്റെ മനസ്ഥൈര്യമാണ് മറ്റു താരങ്ങളിൽനിന്നു വ്യത്യസ്തനാക്കുന്നത്.

∙ ഹർഭജൻ സിങ്:

ഇതിഹാസമേ, സല്യൂട്ട്... മംഗളാശംസകൾ.

∙ അനിൽ കുംബ്ലെ:

മുൻനിരയിൽ മറ്റാരും വീരുവിനെപ്പോലെ ബാറ്റ് ചെയ്തിട്ടില്ല. ശരിക്കും ടീം മാൻ.

∙ ബിഷൻ സിങ് ബേദി:

വിജയത്തിലേക്കുള്ള ഇന്ത്യയുടെ തുരുപ്പുചീട്ടായിരുന്നു സേവാഗ്.

∙ ഡേവിഡ് വാർണർ:

വിജയകരമായ കരിയറായിരുന്നു താങ്കളുടേത്. താങ്കൾക്കൊപ്പവും എതിരെയും കളിക്കാൻ ഭാഗ്യമുണ്ടായി.

∙ ഗൗതം ഗംഭീർ:

ഇന്ത്യയ്ക്ക് ഇതുപോലൊരു വീരു ഇനി ഉണ്ടാകില്ല. എന്തു ചെയ്യുമ്പോഴും ഉറച്ച ബോധ്യമുള്ള താരം. തന്റെ കേളീശൈലിയിൽനിന്ന് ഒരിക്കൽ പോലും മാറണമെന്ന് വീരുവിന് തോന്നിയിട്ടില്ല.