കടുത്ത വേനലിൽപോലും ചെന്നൈയിലേക്കു പറന്നിറങ്ങുമ്പോൾ വിമാനത്തിൽനിന്നു കാണുന്നൊരു ചിത്രമുണ്ട്: പല സ്ഥലത്തായി കിടക്കുന്ന, ചെറുതും വലുതുമായ നീല നിറമുള്ള ജലാശയങ്ങൾ. ചുറ്റും മരങ്ങളുമായി കുറെ ചതുപ്പുനിലങ്ങൾ... chennai drought . No Rain in Chennai

കടുത്ത വേനലിൽപോലും ചെന്നൈയിലേക്കു പറന്നിറങ്ങുമ്പോൾ വിമാനത്തിൽനിന്നു കാണുന്നൊരു ചിത്രമുണ്ട്: പല സ്ഥലത്തായി കിടക്കുന്ന, ചെറുതും വലുതുമായ നീല നിറമുള്ള ജലാശയങ്ങൾ. ചുറ്റും മരങ്ങളുമായി കുറെ ചതുപ്പുനിലങ്ങൾ... chennai drought . No Rain in Chennai

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കടുത്ത വേനലിൽപോലും ചെന്നൈയിലേക്കു പറന്നിറങ്ങുമ്പോൾ വിമാനത്തിൽനിന്നു കാണുന്നൊരു ചിത്രമുണ്ട്: പല സ്ഥലത്തായി കിടക്കുന്ന, ചെറുതും വലുതുമായ നീല നിറമുള്ള ജലാശയങ്ങൾ. ചുറ്റും മരങ്ങളുമായി കുറെ ചതുപ്പുനിലങ്ങൾ... chennai drought . No Rain in Chennai

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

രൂക്ഷമായ ശുദ്ധജല ക്ഷാമത്താൽ വലയുകയാണ് ചെന്നൈ നഗരം. ജീവിതമാകെ കീഴ്മേൽ മറിഞ്ഞിരിക്കുന്നു. വർഷങ്ങളായി ചെന്നൈയിൽ താമസിക്കുന്ന, മലയാളത്തിന്റെ പ്രിയ സംവിധായകനും ഗായികയും മഹാനഗരത്തിന്റെ ദുരിതം വിവരിക്കുന്നു ...

കടുത്ത വേനലിൽപോലും ചെന്നൈയിലേക്കു പറന്നിറങ്ങുമ്പോൾ വിമാനത്തിൽനിന്നു കാണുന്നൊരു ചിത്രമുണ്ട്: പല സ്ഥലത്തായി കിടക്കുന്ന, ചെറുതും വലുതുമായ നീല നിറമുള്ള ജലാശയങ്ങൾ. ചുറ്റും മരങ്ങളുമായി കുറെ ചതുപ്പുനിലങ്ങൾ. പിന്നെപ്പിന്നെ അതിൽ പലതും കാണാതായെങ്കിലും അതു മനസ്സിൽ തട്ടിയിരുന്നില്ല. ഇന്ന് ഈ ചെമ്പരംപാക്കം തടാകത്തിനു മുന്നിൽ നിൽക്കുമ്പോൾ വല്ലാതെ പേടിച്ചുപോകുന്നു.

ADVERTISEMENT

വെള്ളമില്ല എന്നറിയായിരുന്നുവെങ്കിലും ഇത്രത്തോളമെത്തിയിട്ടുണ്ടെന്നു കരുതിയതേയില്ല. മരുഭൂമിയുടെ നടുവിൽ നിൽക്കുന്നതുപോലെ. ഈ പമ്പിങ് സ്റ്റേഷനു സമീപമുള്ള ബോർഡ് അതിലേറെ പേടിപ്പെടുത്തുന്നതാണ്. ദിവസേന 530 മില്യൻ ലീറ്റർ വെള്ളം ഇവിടെനിന്ന് എടുക്കുന്നുവെന്നാണു ബോർഡിലുള്ളത്.

പമ്പിങ് നിർത്തിയിരിക്കുന്നു. പമ്പിങ് സ്റ്റേഷനിലേക്കു വെട്ടിയ നീർച്ചാലിൽ ഇന്നലെ പെയ്ത മഴയുടെ വെള്ളം നൂലുപോലെ കെട്ടിക്കിടക്കുന്നു. 3800 ഏക്കർ‌ തടാകമാണു വരണ്ടുകിടക്കുന്നത്. 80 അടി ഉയരത്തിൽ ഈ പ്രദേശത്തത്രയും വെള്ളം നിൽക്കേണ്ടതായിരുന്നു! 

ചെന്നൈ നഗരത്തിലേക്കു വെള്ളമെടുത്തിരുന്ന ഇതുപോലുള്ള നാലു തടാകങ്ങളും വറ്റിവരണ്ടിരിക്കുന്നു. ചിലയിടത്തു ഒരു ശതമാനം വെള്ളം ബാക്കിയുണ്ട്. ചെന്നൈയിൽ മൺസൂൺ എത്താൻ 65 ദിവസമെങ്കിലും ബാക്കിയുണ്ടെന്ന കാര്യം ഓർക്കുമ്പോൾ അറിയാതെ ഞെട്ടിപ്പോകും. മഴ പെയ്താലും ഇവ നിറയുമെന്നും കുടിക്കാനായി വെള്ളം ബാക്കിവയ്ക്കുമെന്നും ഇനി പറയാനാകില്ല. കഴിഞ്ഞ പ്രളയത്തിനു നിറഞ്ഞൊഴുകിയ തടാകങ്ങളാണിവയെല്ലാം. 

അമ്പലപ്പുഴയിൽ ഞാൻ കളിച്ചു നടന്നത് നാലു വശവും വെള്ളംനിറഞ്ഞ കായൽക്കരയിലെ വീട്ടിലാണ്. കണ്ണെത്താ ദൂരത്തോളം വെള്ളം കെട്ടിക്കിടക്കുന്നതു കാണാം. അതെല്ലാം ഓർമയിലെ അഹങ്കാരമാണെന്ന് ഇവിടെ നിൽക്കുമ്പോൾ മനസ്സിലാകും. ഏതു നിമിഷവും ഏതു തടാകവും ഏതു നദിയും ഇല്ലാതാകുമെന്നാണു ചെന്നൈ ഓർമിപ്പിക്കുന്നത്. നാലു നദികൾ ഒഴുകിയെത്തിയിരുന്ന ചെന്നൈയ്ക്ക് ഇന്നു സ്വന്തമായുള്ളതു വരണ്ടുണങ്ങിയ നാലു വലിയ തടാകങ്ങൾ.

ADVERTISEMENT

കഴിഞ്ഞവർഷം ഒന്നാം നിലവരെ കയറിയെത്തിയ വെള്ളത്തെ പ്രതിരോധിക്കാനാകാതെ നോക്കിനിന്നു. ഇപ്പോൾ പൊലീസ് കാവലുണ്ടെങ്കിലേ വെള്ളം വിതരണം ചെയ്യാനാകൂ എന്നായി അവസ്ഥ. രണ്ടു സമയത്തും കുടിവെള്ളമില്ലതാനും. എന്റെ വീടും സ്റ്റുഡിയോയും നിൽക്കുന്ന സ്ഥലത്തിനു ലേക് (lake) ഏരിയ എന്നാണു പറയുന്നത്. പണ്ടവിടെ വലിയ തടാകമുണ്ടായിരുന്നു. കെട്ടിടമുണ്ടാക്കുമ്പോൾ കോൺക്രീറ്റ് കാൽ ഉറപ്പിക്കാൻ 30 അടി താഴ്ത്തിയപ്പോൾ വെള്ളം വന്നതിനെത്തുടർന്നു പണി നിർത്തിവയ്ക്കേണ്ടി വന്നത് എനിക്കോർമയുണ്ട്.

പമ്പ് ചെയ്തു കളയാവുന്നതിലും അധികം വെള്ളമാണു വന്നുകൊണ്ടിരുന്നത്. കുറച്ചുകാലം മുൻപ് ഈ പരിസരത്തെ കെട്ടിടത്തിൽ 430 അടി കുഴിച്ചിട്ടും  വെള്ളം കിട്ടാത്തതിനാൽ രണ്ടു കുഴൽക്കിണറുകൾ ഉപേക്ഷിച്ചു. ഭൂതലജല നിരപ്പ് 400 അടി താഴ്ന്നിരിക്കുന്നുവെന്നാണു പറയുന്നത്. 40 നില കെട്ടിടത്തിന്റെ ഉയരത്തോളം വെള്ളത്തിന്റെ നിരപ്പു താഴേക്കു പോയിരിക്കുന്നു. കൂടുതൽ പേടിപ്പെടുത്തുന്ന കാര്യം പരിധിയിൽ കൂടുതൽ താഴെപ്പോയാൽ ഇതു തിരിച്ചുവരാൻ പ്രയാസമാണെന്ന വാർത്തയാണ്. കോടിക്കണക്കിനു കുഴൽക്കിണറുകൾ വീണ്ടും വീണ്ടും താഴോട്ടുപോയി ഉള്ളതു വലിച്ചെടുത്തു കൊണ്ടിരിക്കുന്നു. 

ഇപ്പോൾ സമയം സന്ധ്യയായിട്ടേയുള്ളൂ. ഈ കടന്നുപോകുന്ന വഴിയിൽ പലയിടത്തും കുടങ്ങൾ നിരത്തിയിരിക്കുന്നത് വെളുപ്പിനു മൂന്നോ നാലോ മണിക്കു വരുന്ന ടാങ്കർ ലോറിയെ കാത്താണ്. ഒരു കുടുംബത്തിനു 5 കുടം െവള്ളമാണു നൽകുന്നതെന്നു ഡ്രൈവർ പറയുന്നു. ചിലയിടത്തു വെള്ളം തികയാതെ തൊട്ടടുത്ത ടാങ്കറിനു ടോക്കൺ നൽകുന്നു. കാത്തുനിന്നാലും വെള്ളം കിട്ടുമെന്നുറപ്പില്ല. പലയിടത്തും പൈപ്പിൽ വെള്ളം വരുന്നത് എത്രയോ ദിവസം കൂടിയാണ്. എല്ലാ വീട്ടിലും ഒരാൾ ഉറങ്ങാതിരിക്കും. മുറ്റത്തെ ടാങ്കിലേക്കു വെള്ളം വീണാലുടൻ മോട്ടർ ഓൺ ചെയ്യണം.

എന്നാലേ,  മറ്റു ടാങ്കുകളിലേക്കു നിറയ്ക്കാനാകൂ. കുടവുമായി കാത്തുനിൽക്കുന്ന ആരും ഉറങ്ങുന്നില്ല. കുട്ടികൾ ഉറക്കംതൂങ്ങിയാണു സ്കൂളുകളിലെത്തുന്നത്. ജീവിതമാകെ, തകിടം മറിഞ്ഞിരിക്കുന്നു. ചെന്നൈയിൽ വെള്ളവുമായി ടാങ്കറുകൾ ഓട്ടമത്സരം തുടങ്ങിയിട്ടു 10 വർഷമേയായിട്ടുള്ളൂ. കേരളത്തിൽ മണൽ ടിപ്പറുകൾ ഇടിച്ചു ജനം മരിക്കുന്നതുപോലെ, ഇവിടെ ടാങ്കറുകളിടിച്ചു ജനം മരിക്കുന്നു. കിട്ടിയ വെള്ളം എത്രയും പെട്ടെന്ന് എത്തിക്കാനുള്ള ഭ്രാന്തൻ ഓട്ടമാണ്.

ADVERTISEMENT

എന്റെ വീട്ടിൽ വെള്ളംകൊണ്ടുവരുന്ന ലോറിക്കാരൻ പറഞ്ഞു, മൂന്നു ദിവസം ക്യൂ നിന്നിട്ടാണു വെള്ളം കിട്ടിയതെന്ന്. അത്യപൂർവമായി കിണറുകളുള്ള സ്ഥലങ്ങളിൽ, അതു താഴിട്ടു പൂട്ടിയിരിക്കുന്നു. പലയിടത്തുനിന്നും, രാത്രി പാത്തും പതുങ്ങിയുമാണ് സ്വകാര്യ ടാങ്കറുകൾ വെള്ളം നിറയ്ക്കുന്നത്. 

ഞാൻ ചെന്നൈയിൽ എത്തിയ കാലത്ത് പോരൂർ ചതുപ്പുനിലമായിരുന്നു. പോരൂരിന്റെ ഉൾപ്രദേശത്തേക്കുള്ള റോഡുകളുടെ ഇരുവശവും വേനൽക്കാലത്തുപോലും നനവു കാണാമായിരുന്നു. ഷൂട്ടിങ് ആവശ്യത്തിനു വാഹനം ഇറക്കിയിടുമ്പോൾ മണ്ണിൽ ടയർ താഴുമായിരുന്നു. ഇവിടെ മാത്രം 30,000 ഫ്ലാറ്റുകൾ ഉയർന്നുവത്രെ. അവർക്കുവേണ്ട വെള്ളത്തിന്റെ നല്ലൊരു ഭാഗവും ഊറ്റിയെടുത്തതു കുഴൽക്കിണറുകളിൽ നിന്നാണ്. ഓരോ പ്രദേശവും ഇതുപോലെയാണു വളർന്നത്. ചതുപ്പുകൾ ഇല്ലാതാകുകയും ഭൂഗർഭജലം ഊറ്റിയെടുക്കുകയും ചെയ്തു.

നഗരത്തിലെ പല ഫ്ലാറ്റുകളിൽ നിന്നും ജനം ഒഴിഞ്ഞുതുടങ്ങി. 12,000 ലീറ്റർ വെള്ളത്തിനു 5000 രൂപയാണ്. അതും 10 ദിവസമെങ്കിലും കാത്തിരിക്കണം. ഇടത്തരം കുടുംബത്തിന് ഇത്രയേറെ വെള്ളം പണംകൊടുത്തു വാങ്ങാനാകില്ല. തിരുവനന്തപുരത്തു കുട്ടിക്കാലത്തു കുടിച്ച വെള്ളത്തിനു മധുരമായിരുന്നു. ഏഷ്യയിലെ ഏറ്റവും മധുരമേറിയ വെള്ളം അതായിരുന്നുവത്രെ. ചെന്നൈയിൽ എത്തിയ കാലത്ത് ഇവിടത്തെ വെള്ളത്തോടു പുച്ഛം തോന്നിയിട്ടുണ്ട്. ഇന്ന് നിറവും മണവും രുചിയും നോക്കാതെ ഏതു വെള്ളം കിട്ടിയാലും മതിയെന്നു മനസ്സു പറയുന്നു. 

ഇവിടെ കുറഞ്ഞത് 50% മഴയാണ്. ചെന്നൈയിലെ മരിച്ചുപോയ തടാകത്തിനു കരയിൽ നിൽക്കുമ്പോൾ എനിക്കൊരു കാര്യം വ്യക്തമായി മനസ്സിലാകുന്നു. ഇതു ചെന്നൈയ്ക്കു മാത്രമുള്ള പാഠമല്ല. വേമ്പനാട്ടു കായലിലും അഷ്ടമുടിക്കായലിലും ബിയ്യം കായലിലും ഇപ്പോഴത്തെപ്പോലെ എന്നും വെള്ളമുണ്ടാകുമെന്നു കരുതാനാകില്ല. മഴ കുറഞ്ഞതു മാത്രമല്ല ചെന്നൈയുടെ ദുരന്തം. കുഴൽക്കിണർ വലിച്ചെടുത്ത ദുരന്തം കൂടിയാണിത്. കടലിൽനിന്നും 25 കിലോമീറ്റർ അകലെപ്പോലും കിണറുകളിൽ ഉപ്പുവെള്ളമായിത്തുടങ്ങിയിരിക്കുന്നു. ഉപ്പുവെള്ളം ഭൂമിക്കടിയിലൂടെ പടർന്നു കയറുകയാണ്.

ജയലളിത കടുത്ത ഭാഷയിൽ മഴവെള്ളസംഭരണം നിർബന്ധമാക്കിയതുകൊണ്ടാണ് ഇത്രയെങ്കിലും കുഴൽക്കിണറുകളിൽ വെള്ളം ബാക്കിയാകുന്നതെന്ന് കണ്ടവരെല്ലാം പറയുന്നു. അന്ന് അവരെ എല്ലാവരും ശപിച്ചു. കേരളം പഠിക്കേണ്ടത് ഇവിടെ നിന്നാണ്. കടലിലേക്കു പോകാതെ ഓരോ തുള്ളിവെള്ളവും കൈക്കുമ്പിളിലെന്നപോലെ സൂക്ഷിക്കണം. ഭൂമിക്കടിയിലൂടെ ഉപ്പുവെള്ളത്തിന്റെ ദുരന്തം പടർന്നുകയറുന്നതു കേരളവും തിരിച്ചറിയണം.

കൊച്ചിപോലുള്ള സ്ഥലങ്ങളിലെ ലക്ഷക്കണക്കിനു കുഴൽക്കിണറുകൾ വലിച്ചെടുക്കുന്നതു വരാനിരിക്കുന്ന ദുരന്തത്തിന്റെ തുള്ളികൾ കൂടിയാണ്. നിറഞ്ഞുനിൽക്കുന്ന തടാകങ്ങളും നദികളും വെറും ഒരു വർഷത്തെ ഇടവേളയിൽപോലും മരിച്ചുപോയേക്കാം. 

ഇവിടെ ആരുമിപ്പോൾ നന്നായുറങ്ങാറില്ല: കെ.എസ്.ചിത്ര

വീട്ടിലൊരു കുഴൽക്കിണറുണ്ട്. അത്യാവശ്യം വെള്ളം അതിൽനിന്നു കിട്ടുന്നത് കുറച്ചു വർഷമായി മഴവെള്ളസംഭരണി അതുമായി ബന്ധിപ്പിച്ചതുകൊണ്ടു മാത്രമാണ്. അതു ചെയ്യാത്ത കുഴൽക്കിണറുകൾ പലതും വറ്റിപ്പോയെന്നു പലരും പറഞ്ഞു.

ഏതു സമയത്താണു പൈപ്പിൽ വെള്ളംവരുന്നത് എന്നറിയില്ല. ഉറങ്ങുമ്പോഴും മനസ്സുവിട്ടുറങ്ങാനാകില്ല. പൈപ്പിൽ വെള്ളം ഇറ്റുവീഴുന്ന ശബ്ദംകേട്ടാൽ ഓടിച്ചെന്നു ടാങ്കുകൾ നിറയ്ക്കണം. എപ്പോഴും ഒരു ചെവി പൈപ്പിൽ വെള്ളംവരുന്ന ശബ്ദമുണ്ടോ എന്നതിനായി തുറന്നുവയ്ക്കണം. ജോലിക്കു വരുന്ന പലരും പറയുന്നത് രാത്രി ഉറങ്ങാറില്ല എന്നാണ്. രണ്ടുപേർ കണ്ടുമുട്ടിയാൽ ആദ്യം പറയുന്നതു വെള്ളത്തെക്കുറിച്ചാണ്. 

പണം കൊടുത്താൽപോലും വെള്ളം കിട്ടാനില്ല. ഉണ്ടായാലല്ലേ വിതരണം ചെയ്യാനാകൂ. ഉള്ള വെള്ളം വീതിച്ചു കൊടുക്കുകയാണ്. ഓരോ ദിവസവും അതിന്റെ അളവു കുറഞ്ഞുവരുന്നു. ഞാൻ ഇവിടെ ജീവിച്ചുതുടങ്ങിയ കാലത്തു വെള്ളത്തിന്റെ സമൃദ്ധിയായിരുന്നു. വെള്ളം ചോദിച്ചാൽ ഉടൻ എത്ര വേണമെങ്കിലും ടാങ്കറിൽ അടിച്ചു തരുമായിരുന്നു.  മഴയിങ്ങനെ പെയ്യാതിരുന്നാൽ ഇതെവിടെ ചെന്നെത്തുമെന്നറിയില്ല. എല്ലാവർക്കും വെള്ളംതേടി നാടുവിടാനാകില്ലല്ലോ.