സംസ്ഥാന ചരിത്രത്തിലെ മറ്റൊരു കടുത്ത പ്രതിസന്ധിയിലൂടെയാണു നാം കടന്നുപോകുന്നത്. കൊടുംമഴയുടെ കലി ജനതയുടെ നിലവിളിയായി മാറുന്നു. ഹൃദയം പിളർത്തുന്ന രംഗങ്ങളാണു പലയിടത്തും: അപ്രതീക്ഷിത ദുരന്തത്തിൽ ജീവൻ നഷ്ടപ്പെട്ടവർ | Editorial | Manorama News

സംസ്ഥാന ചരിത്രത്തിലെ മറ്റൊരു കടുത്ത പ്രതിസന്ധിയിലൂടെയാണു നാം കടന്നുപോകുന്നത്. കൊടുംമഴയുടെ കലി ജനതയുടെ നിലവിളിയായി മാറുന്നു. ഹൃദയം പിളർത്തുന്ന രംഗങ്ങളാണു പലയിടത്തും: അപ്രതീക്ഷിത ദുരന്തത്തിൽ ജീവൻ നഷ്ടപ്പെട്ടവർ | Editorial | Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സംസ്ഥാന ചരിത്രത്തിലെ മറ്റൊരു കടുത്ത പ്രതിസന്ധിയിലൂടെയാണു നാം കടന്നുപോകുന്നത്. കൊടുംമഴയുടെ കലി ജനതയുടെ നിലവിളിയായി മാറുന്നു. ഹൃദയം പിളർത്തുന്ന രംഗങ്ങളാണു പലയിടത്തും: അപ്രതീക്ഷിത ദുരന്തത്തിൽ ജീവൻ നഷ്ടപ്പെട്ടവർ | Editorial | Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സംസ്ഥാന ചരിത്രത്തിലെ മറ്റൊരു കടുത്ത പ്രതിസന്ധിയിലൂടെയാണു നാം കടന്നുപോകുന്നത്. കൊടുംമഴയുടെ കലി ജനതയുടെ നിലവിളിയായി മാറുന്നു. ഹൃദയം പിളർത്തുന്ന രംഗങ്ങളാണു പലയിടത്തും: അപ്രതീക്ഷിത ദുരന്തത്തിൽ ജീവൻ നഷ്ടപ്പെട്ടവർ, ഇപ്പോഴും കണ്ടെത്താനാവാതെ മണ്ണിനടിയിലുള്ളവർ, ഉറ്റവരും സകല സ്വത്തുക്കളും  നഷ്ടപ്പെട്ടവർ, ദുരിതാശ്വാസ ക്യാംപുകളിൽ കഴിയുന്ന ലക്ഷക്കണക്കിനുപേർ...

കേരളം ഒരു മഹാവിലാപമാണിപ്പോൾ; കാതോർക്കാനും കൈകോർക്കാനും സുമനസ്സുകളെ തേടുന്ന ഹൃദയവിലാപം.

ADVERTISEMENT

മഴ ഒന്നു മാറിനിന്ന ഇന്നലത്തെ പകലിൽ നിലമ്പൂർ കവളപ്പാറയിലെയും വയനാട് പുത്തുമലയിലെയും രക്ഷാപ്രവർത്തനങ്ങൾ സജീവമായി. എങ്കിൽപോലും, അത്യധികം ക്ലേശകരമാണ് ഇവിടങ്ങളിലെ രക്ഷാദൗത്യങ്ങൾ. മണ്ണിനടിയിൽനിന്ന് ഇനിയും കണ്ടെടുക്കാനുള്ളവരുടെ നീണ്ട പട്ടിക നാടിന്റെയാകെ ആശങ്കയായിത്തീർന്നിരിക്കുന്നു. ഉരുൾപൊട്ടൽ നടന്നു നാലു ദിവസമായെന്നിരിക്കെ, ആ ആശങ്ക അങ്ങേയറ്റം വർധിച്ചിരിക്കുകയുമാണ്. പ്രിയപ്പെട്ടവർക്കുവേണ്ടി, കനത്ത മണ്ണടരുകൾക്കരികെ കാത്തിരിക്കുന്നവരുടെ ദൃശ്യങ്ങൾ നമ്മുടെയാകെ സങ്കടമാകുന്നു. കവളപ്പാറയിലും പുത്തുമലയിലും ജീവിതങ്ങൾക്കും വീടുകൾക്കുമൊപ്പം മണ്ണിനടിയിൽ അമർന്നതിൽ ഏക്കർ കണക്കിനു കൃഷിഭൂമിയുമുണ്ട്.

ഇതിനിടയിൽ, കുട്ടനാട്ടിൽ ജലനിരപ്പുയർന്ന് ആധി കൂടുന്നുണ്ട്. കഴിഞ്ഞ പ്രളയകാലം ഏറ്റവുമധികം ബാധിച്ച പ്രദേശങ്ങളിലൊന്നായിരുന്നു കുട്ടനാട്. ചില പാടശേഖരങ്ങളിൽ കഴിഞ്ഞ ദിവസങ്ങളിൽ മട വീണിട്ടുണ്ട്. വെള്ളം കവിഞ്ഞു കയറിയും പാടശേഖരങ്ങളിൽ കൃഷിനാശമുണ്ടായി. കഴിഞ്ഞ മഹാപ്രളയത്തിന്റെ ആശങ്ക, വെള്ളമുയരുന്നതിനു മുൻപേ വീടു വിടാൻ പലരെയും പ്രേരിപ്പിക്കുന്നു. 

ADVERTISEMENT

രണ്ടു ദിവസംകൊണ്ട് സംസ്ഥാനത്തെ എട്ടു ജില്ലകളിലായി എൺപതോളം ഉരുൾപൊട്ടലാണ് ഉണ്ടായതെന്നത് ഈ വിഷയത്തിൽ അതീവഗൗരവത്തിലുള്ള പഠനം ആവശ്യപ്പെടുന്നു. കേരളത്തിൽ ഉരുൾപൊട്ടൽ സാധ്യതാമേഖലകൾ വർധിക്കുന്നതായി ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ (ജിഎസ്ഐ) റിപ്പോർട്ട് പറയുന്നുണ്ട്. കഴിഞ്ഞ വർഷത്തെ പ്രളയകാലത്ത് ഉരുൾപൊട്ടലും മണ്ണിടിച്ചിലുമുണ്ടായ 1943 സ്ഥലങ്ങളിൽ നടത്തിയ പഠനത്തിന്റെ പ്രാഥമിക റിപ്പോർട്ടിലാണ് ഈ നിഗമനം. കഴിഞ്ഞ ദിവസം ഉരുൾപൊട്ടലുണ്ടായ വയനാട്ടിലെ മേപ്പാടിയും ജിഎസ്ഐ മാപ്പിങ്ങിലെ അപകടസാധ്യതാ മേഖലയിലുണ്ട്. കഴിഞ്ഞ വർഷത്തെ ഉരുൾപൊട്ടൽ മേഖലയിലെ മണ്ണു പൂർണമായും ഉറയ്ക്കാത്തതിനാൽ ഇത്തവണ അപകടസാധ്യത കൂടുതലാണെന്നു റിപ്പോർട്ട് പറയുന്നത് നമ്മുടെ ജാഗ്രതാനില വർധിപ്പിക്കാൻ കൂടിയുള്ളതാണ്.

നാടെങ്ങും ദുരിതാശ്വാസ ക്യാംപുകളിലേക്കുള്ള പ്രവാഹം തുടരുകയാണ്. ഉടുതുണിക്കു മറുതുണിപോലുമില്ലാതെ ക്യാംപുകളിൽ എത്തുന്നവർ കുറച്ചൊന്നുമല്ല. ക്യാംപുകൾ നിറഞ്ഞുകവിയുന്നതിനനുസരിച്ച് പലയിടത്തും മരുന്നുകൾ അടക്കമുള്ള അവശ്യവസ്തുക്കൾ ലഭ്യമല്ലാത്തതു നിർഭാഗ്യകരമാണ്. സമൂഹത്തിന്റെ മനസ്സുനിറഞ്ഞ സഹായമുണ്ടെങ്കിലേ ഈ ദുരിതാശ്വാസ ക്യാംപുകളത്രയും സാർഥകമാവൂ എന്നതിൽ സംശയമില്ല.

ADVERTISEMENT

ഇതിനിടയിൽ പ്രധാനമായും സമൂഹമാധ്യമങ്ങളിലൂടെയുണ്ടാവുന്ന കുപ്രചാരണങ്ങൾ ഈ ദുരന്തകാലത്തിന്റെ ശാപമായി മാറുകയാണ്. കേരളത്തെ തെക്കും വടക്കുമായി കണ്ടും മറ്റും നിന്ദ്യമായ കുപ്രചാരണങ്ങളാണ്  ഉണ്ടാവുന്നത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയുമായി ബന്ധപ്പെട്ടു വ്യാജപ്രചാരണങ്ങൾ നടത്തുന്നത് സാമൂഹികവിരുദ്ധരാണെന്നും ഇതു നാടിനോടുള്ള ഹീനമായ കുറ്റകൃത്യമാണെന്നും ഇന്നലെ മുഖ്യമന്ത്രി പിണറായി വിജയൻ പറയുകയുണ്ടായി. രാഷ്ട്രീയമടക്കം ഒരുതരത്തിലുള്ള ചേരിതിരിവുകളുമില്ലാതെ നാം കേരളത്തിനുവേണ്ടി കൈകോർത്തേ തീരൂവെന്ന് ഇപ്പോഴത്തെ ദുരന്തപരമ്പര ഓർമിപ്പിക്കുന്നു.  

കഴിഞ്ഞ പ്രളയകാലത്തെ നാടൊരുമ വീണ്ടുമറിയിച്ച് നമ്മുടെ യുവതയും വിവിധ കൂട്ടായ്മകളും സജീവമായി ആശ്വാസദൗത്യത്തിലുണ്ട്. കേരളത്തിന്റെ അപ്രതീക്ഷിത പ്രതിസന്ധിയിൽ സമർപ്പിതരായി ഒപ്പമുള്ള വിവിധ സേനാവിഭാഗങ്ങളെയും സർക്കാർ സംവിധാനങ്ങളെയും ഓർക്കാതെയും വയ്യ. റെയിൽയാത്ര തടസ്സപ്പെട്ടപ്പോൾ  വെള്ളക്കെട്ടിൽപോലും ബസ് ഓടിക്കാൻ തയാറായ കെഎസ്ആർടിസി, പ്രതികൂല കാലാവസ്ഥയിലും രാപകലില്ലാതെ ജോലിചെയ്യുന്ന കെഎസ്ഇബി – ബിഎസ്എൻഎൽ ജീവനക്കാർ തുടങ്ങി എല്ലാവരോടും നാട് കൈകൂപ്പി നന്ദി പറയുന്നു.

ഈ ഒരുമയാണു കേരളത്തിന്റെ അതിജീവനമന്ത്രം; ഒന്നുകൊണ്ടും തകർക്കാനാവാത്ത ഹൃദയബന്ധം.