രണ്ടാം ലോകയുദ്ധം. 1940ലെ ക്രിസ്മസിന്റെ തലേരാത്രിയിലാണ് ഗാന്ധി ഹിറ്റ്ലർക്ക് ഒരു കത്തയച്ചത്. ആ ദിവസങ്ങളിൽ ജർമനി സോവിയറ്റ് യൂണിയനെ ആക്രമിക്കാൻ പരിപാടിയിടുകയായിരുന്നു. മാഞ്ചസ്റ്ററിൽ ജർമൻ ബോംബുകൾ വീണ ദിവസങ്ങൾ... എന്നും ബൈബിൾ മുടങ്ങാതെ വായിച്ചിരുന്ന ഗാന്ധിക്ക് കാണാതെ അറിയാമായിരുന്ന വാചകങ്ങളായിരുന്നു | Mahatma gandhi | Malayalam News | Manorama Online

രണ്ടാം ലോകയുദ്ധം. 1940ലെ ക്രിസ്മസിന്റെ തലേരാത്രിയിലാണ് ഗാന്ധി ഹിറ്റ്ലർക്ക് ഒരു കത്തയച്ചത്. ആ ദിവസങ്ങളിൽ ജർമനി സോവിയറ്റ് യൂണിയനെ ആക്രമിക്കാൻ പരിപാടിയിടുകയായിരുന്നു. മാഞ്ചസ്റ്ററിൽ ജർമൻ ബോംബുകൾ വീണ ദിവസങ്ങൾ... എന്നും ബൈബിൾ മുടങ്ങാതെ വായിച്ചിരുന്ന ഗാന്ധിക്ക് കാണാതെ അറിയാമായിരുന്ന വാചകങ്ങളായിരുന്നു | Mahatma gandhi | Malayalam News | Manorama Online

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

രണ്ടാം ലോകയുദ്ധം. 1940ലെ ക്രിസ്മസിന്റെ തലേരാത്രിയിലാണ് ഗാന്ധി ഹിറ്റ്ലർക്ക് ഒരു കത്തയച്ചത്. ആ ദിവസങ്ങളിൽ ജർമനി സോവിയറ്റ് യൂണിയനെ ആക്രമിക്കാൻ പരിപാടിയിടുകയായിരുന്നു. മാഞ്ചസ്റ്ററിൽ ജർമൻ ബോംബുകൾ വീണ ദിവസങ്ങൾ... എന്നും ബൈബിൾ മുടങ്ങാതെ വായിച്ചിരുന്ന ഗാന്ധിക്ക് കാണാതെ അറിയാമായിരുന്ന വാചകങ്ങളായിരുന്നു | Mahatma gandhi | Malayalam News | Manorama Online

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

രണ്ടാം ലോകയുദ്ധം. 1940ലെ ക്രിസ്മസിന്റെ തലേരാത്രിയിലാണ് ഗാന്ധി ഹിറ്റ്ലർക്ക് ഒരു കത്തയച്ചത്. ആ ദിവസങ്ങളിൽ ജർമനി സോവിയറ്റ് യൂണിയനെ ആക്രമിക്കാൻ പരിപാടിയിടുകയായിരുന്നു. മാഞ്ചസ്റ്ററിൽ ജർമൻ ബോംബുകൾ വീണ ദിവസങ്ങൾ... എന്നും ബൈബിൾ മുടങ്ങാതെ വായിച്ചിരുന്ന ഗാന്ധിക്ക് കാണാതെ അറിയാമായിരുന്ന വാചകങ്ങളായിരുന്നു ഇത് – ‌‘തിന്മയ്ക്കു തിന്മയും അപമാനത്തിന് അപമാനവും പകരം നൽകാതിരിക്കുക. തിന്മയ്ക്കു പകരമായി അനുഗ്രഹം നൽകുവിൻ’ (1 പത്രോസ് 3:9). അതിനാൽ ഗാന്ധി കത്ത് ഇങ്ങനെ തുടങ്ങി: ‘പ്രിയപ്പെട്ട സുഹൃത്തേ, ഞാൻ അങ്ങയെ സുഹൃത്ത് എന്ന് അഭിസംബോധന ചെയ്യുന്നത് ഒരു  ഔപചാരികത എന്ന നിലയ്ക്കല്ല. എനിക്കു ശത്രുക്കൾ ഇല്ലാത്തതുകൊണ്ടാണ്. കഴിഞ്ഞ 33 കൊല്ലങ്ങളായി എന്റെ ജീവിതവ്യവഹാരം തന്നെ വംശീയ,ജാതീയ,വർണ ഭേദങ്ങളില്ലാതെ മനുഷ്യരാശിയുമായി സൗഹൃദം സ്ഥാപിക്കലാണ്’. 

ലോകചരിത്രം കണ്ടിട്ടുള്ളതിൽ ഏറ്റവും ഫലപ്രദമായ ആശയവിനിമയശേഷി കൈമുതലായി ഉണ്ടായിരുന്ന നേതാക്കളിൽ ഒരാളായി ഗാന്ധി മാറിയത് അദ്ദേഹത്തിന്റെ ജീവിതദർശനത്തിൽ ‘ശത്രു’ അല്ലെങ്കിൽ ‘എതിരാളി’ എന്ന സങ്കൽപം ഇല്ലാതിരുന്നതു‌കൊണ്ടാണ്. നാത്‌സിസം ലോകത്തെ അപമാനവീകരിക്കുന്നു എന്ന് ഹിറ്റ്ലറോടു നേരിട്ടു പറഞ്ഞ ഗാന്ധി, മറ്റുള്ളവരെപ്പോലെ ഹിറ്റ്ലറെ ‘മനുഷ്യമൃഗം’ എന്നു വിളിച്ചില്ല. 

ADVERTISEMENT

മറ്റൊരു ഉദാഹരണം പറയാം. ഗാന്ധി ദക്ഷിണാഫ്രിക്കയിൽ ആയിരുന്ന കാലം. ജനറൽ സ്മട്സും ഗാന്ധിയും തമ്മിൽ നിരന്തരം തർക്കങ്ങളുണ്ടായിരുന്നു. ജനറൽ പിൽക്കാലത്ത് ഇംഗ്ലണ്ടിന്റെ ഫീൽഡ് മാർഷലായ ആൾ. ഒരേസമയത്തു ദാർശനികനും ശാസ്ത്രജ്ഞനും സൈനികനുമായിരുന്ന അസമാനതലച്ചോർ. എന്നാൽ, 19–ാം നൂറ്റാണ്ടിന്റെ ആദ്യ ദശകങ്ങളിൽ ഗാന്ധി അദ്ദേഹത്തിന്റെ ഉറക്കം കെടുത്തിക്കൊണ്ടിരുന്നു. അദ്ദേഹം ഗാന്ധിയെ ഒട്ടേറെത്തവണ ജയിലിൽ അടച്ചു. എന്നാൽ, 1914ൽ വേർപിരിയുമ്പോൾ ഗാന്ധി ജനറൽ സ്മട്സിനെ ഞെട്ടിച്ചുകളഞ്ഞു. ഗാന്ധി നെയ്ത ഒരു ജോടി തുകൽചെരിപ്പ് കൊടുത്തിട്ടു പറഞ്ഞു, ‘അങ്ങേക്കു വേണ്ടി ഞാൻ നെയ്തത്’. 

പിന്നീട് സ്മട്സ് എഴുതി: ‘എത്രയോ വേനലുകളിൽ അദ്ദേഹം നെയ്ത ചെരിപ്പിട്ടു ഞാൻ നടന്നു! എന്നാൽ, അപ്പോഴൊക്കെ എന്റെ മനസ്സ് എന്നോടു പറഞ്ഞുകൊണ്ടിരുന്നു, ആ മഹാന്റെ ഷൂസിൽ കയറി നടക്കാനുള്ള യോഗ്യത എനിക്കില്ലെന്ന്’. അദ്ദേഹം മക്കളോടു ചട്ടംകെട്ടി, തന്റെ മരണശയ്യയിൽ വിശുദ്ധ ബൈബിളിനൊപ്പം ആ പാദരക്ഷകളും കൂടി വച്ചേക്കണം എന്ന്. ഇങ്ങനെയാണ് ഗാന്ധി ആശയവിനിമയം നടത്തിയത്. അതുകൊണ്ടാണ് രാജ്യാതിർത്തികളിൽ 1947ൽ മനുഷ്യർ പരസ്പരം കൊന്നുകൊലവിളിച്ചപ്പോൾ മൗണ്ട്ബാറ്റൺ പ്രഭു ഗാന്ധിക്ക് ഇങ്ങനെയൊരു കത്തയച്ചത്: ‘എന്റെ പ്രിയപ്പെട്ട ഗാന്ധിജി, പഞ്ചാബിൽ നമുക്ക് 55,000 സൈനികരുണ്ട്. എന്നാൽ, കലാപം അടങ്ങുന്നില്ല. ബംഗാളിൽ ഒറ്റയാൾ മാത്രമേ ഞങ്ങൾക്കുള്ളൂ. പക്ഷേ, അവിടെ കലാപമില്ല. ഈ ഉദ്യോഗസ്ഥ പദവിയിലിരുന്ന് ഈ ഒറ്റയാൾ അതിർത്തിസേനയെ നമസ്കരിക്കുവാൻ എന്നെ അനുവദിച്ചാലും’.

ADVERTISEMENT

തീവണ്ടി വന്നപ്പോൾ ഗാന്ധി പറഞ്ഞു, അതു രോഗം പടർത്തുമെന്ന്. അതേസമയം, സ്വാതന്ത്ര്യസമരത്തിന്റെ വാഹനമായി ഗാന്ധി തീവണ്ടിയെ മാറ്റി. റെയിൽവേ സ്റ്റേഷനുകളിൽ ആയിരങ്ങൾ ഗാന്ധിയെ കാണാനെത്തി. ചെറിയ വാചകങ്ങളിൽ കുറച്ചുനേരം  സംസാരിച്ച് സമരത്തിന്റെ ആവേഗം വർധിപ്പിച്ചു. തീവണ്ടി ഒരു വാഹനം മാത്രമല്ല, ഒരു ആശയവിനിമയോപാധി കൂടിയാണെന്നു ഗാന്ധി  തെളിയിച്ചു. ഉപ്പു കുറുക്കാൻ 390 കിലോമീറ്റർ ദണ്ഡിയാത്ര നടത്തിയപ്പോൾ അതു തീവണ്ടിപ്പാതയ്ക്കു സമാന്തരമായി സംഘടിപ്പിച്ചു‌. കാരണം ലളിതം, എല്ലാ ദിവസവും യാത്രാസമരവാർത്ത പത്രം ഓഫിസുകളിൽ എത്തണം. 

തപാൽ സമ്പ്രദായം നാട്ടിൽ വ്യാപകമായപ്പോൾ ഗാന്ധി എതിർത്തു – ആളുകൾ ആവശ്യത്തിനും അനാവശ്യത്തിനും കത്തുകളെഴുതി കൂടുതൽ ആശയക്കുഴപ്പം ഉണ്ടാകുമെന്നു പറഞ്ഞു. എന്നാൽ, എന്നും രാവിലെ മൂന്നുമണി മുതൽ മറ്റ് ആശ്രമവാസികൾ ഉണരുംവരെ നൂറുകണക്കിനു പോസ്റ്റ് കാർഡുകളിൽ കത്തുകളെഴുതിയാണ് അദ്ദേഹം സ്വാതന്ത്ര്യസമരത്തെ  കൊടുങ്കാറ്റാക്കിയത്. പാവങ്ങൾ അദ്ദേഹത്തെ ദൈവമായി കണ്ടുതുടങ്ങിയപ്പോൾ അദ്ദേഹം രണ്ടു വാക്കുകൾ ചേർത്ത ഒരു കുഞ്ഞുവാചകത്തിൽ ദൈവശാസ്ത്രം തന്നെ തിരുത്തി. ദൈവം സത്യമാണ് എന്നല്ല ഗാന്ധി പറഞ്ഞത്, ‘സത്യമാണു ദൈവം’ എന്നാണ്. അളന്നുതൂക്കിയ വാഗ്‌ബലത്തിൽ ദിഗ്‌വിജയിയായ നേതാവായിരുന്നു ഗാന്ധി. 

ADVERTISEMENT

നമുക്കറിയാം, അദ്ദേഹം വലിയ പത്രാധിപരും കൂടിയായിരുന്നുവെന്ന്. ഇന്ത്യൻ ഒപ്പീനിയൻ, പാസീവ് റെസിസ്റ്റൻസ് (ദക്ഷിണാഫ്രിക്ക), നവജീവൻ, യങ് ഇന്ത്യ, ഹരിജൻ തുടങ്ങിയ ഒട്ടേറെ പത്രങ്ങളിലൂടെയാണ് പുതിയ ഇന്ത്യൻ പ്രതിരോധത്തിന്റെ വിനിമയാടിത്തറ അദ്ദേഹം പണിതത്. യങ് ഇന്ത്യയുടെ വരിക്കാരുടെ എണ്ണം 1922ൽ 40,000 ആയിരുന്നു എന്നതോർക്കുക. 

മറ്റൊരു കൗതുകകരമായ കാര്യം, ഗാന്ധി മൗനത്തെ എങ്ങനെയാണ് ഒരു വിനിമയസാധ്യത ആക്കിയത് എന്നതാണ്. മൗനവ്രതത്തിന്റെ നാളുകൾ  ‘അന്തഃകരണം’ എന്ന് അദ്ദേഹം പേരുവിളിച്ച സ്വന്തം സത്തയോടുള്ള സ്വകാര്യവിനിമയത്തിനുള്ള അവസരമായിരുന്നു. അങ്ങനെയൊരു ദിവസമാണ് ഭഗത് സിങ്ങിന്റെ തൂക്കിക്കൊല മാറ്റിവയ്ക്കാൻ ആവശ്യപ്പെട്ട് അദ്ദേഹം വൈസ്രോയിക്ക് കത്തയച്ചത്.

‘വധശിക്ഷ പിന്നീട് തിരുത്താൻ കഴിയാത്ത പ്രവൃത്തിയാണ്. ഈ ശിക്ഷയുടെ ശരിയെക്കുറിച്ച് ഒരു ചെറിയ സംശയമെങ്കിലും ഉണ്ടെങ്കിൽ അതു മാറ്റിവയ്ക്കാൻ അങ്ങയോടു ഞാൻ അഭ്യർഥിക്കുന്നു. എന്റെ ആവശ്യമുണ്ടെങ്കിൽ ഇതിനായി ഞാൻ അങ്ങയുടെ അടുത്തേക്കു വരാം. പക്ഷേ, ഞാൻ സംസാരിക്കില്ല. എങ്കിലും, കേൾക്കാമല്ലോ. എന്തെങ്കിലും പറയാനുണ്ടെങ്കിൽ എഴുതിത്തരികയും ചെയ്യാം’. ഇർവിൻ പ്രഭുവിനു മാത്രമല്ല, എല്ലാ വൈസ്രോയിമാർക്കും കുശാഗ്ര രാഷ്ട്രീയബുദ്ധിയായ ആ കിഴക്കൻ സന്യാസിയുടെ മൗനവും വാക്കും അസാധാരണമായിരുന്നു. 

മരണശേഷം അദ്ദേഹത്തിൽ ആരോപിക്കപ്പെട്ട ഒരു ബിംബമുണ്ട്, ‘സമാധാനത്തിന്റെ വെള്ളരിപ്രാവ്’ പോലെ ഒരു ക്ലീഷേ. എന്നാൽ, അതായിരുന്നില്ല ഗാന്ധി. നിരന്തര കലാപമായിരുന്നു ആ വിനിമയജനുസിന്റെ കാതൽ. ജീവിതകാലത്ത് അദ്ദേഹമെഴുതിയ കത്തുകളുടെ എണ്ണം ഉദ്ദേശം ഒരുലക്ഷത്തിയേഴായിരം ആയിരുന്നു. കുട്ടികളോട്, ദാർശനികരോട്, ടോൾസ്റ്റോയ് തുടങ്ങിയ എഴുത്തുകാരോട്, ശാസ്ത്രജ്ഞരോട്, ചാർലി ചാപ്ലിനോട്, ശ്രീനാരായണഗുരുവിനോട്, അംബേദ്കറോട്, എം. എസ്.സുബ്ബലക്ഷ്മി തുടങ്ങിയ ഗായകരോട്, അക്കാലത്തെ മുതിർന്ന ലോകനേതാക്കളോട്, ഇന്ത്യൻ ഗ്രാമങ്ങളിലെ ദരിദ്രനാരായണന്മാരോട് ഗാന്ധി ആശയവിനിമയം നടത്തി. 

1948 ജനുവരി 30ന് അദ്ദേഹം രാവിലെ 3.30ന് എഴുന്നേറ്റു. രാവിലെ പാക്കിസ്ഥാനിലെ ഇന്ത്യൻ ഹൈക്കമ്മിഷണർ പ്രഫ. എൻ.ആർ. മഖാനി കാണാൻ വന്നു. ഗുരുതരമായ സ്ഥിതികളെക്കുറിച്ചു പറഞ്ഞു. ഗാന്ധി പറഞ്ഞു: ‘ഞാൻ പറഞ്ഞതു കേട്ടിരുന്നുവെങ്കിൽ ഈ അവസ്ഥകൾ ഉണ്ടാകില്ലായിരുന്നു’. അന്നു വൈകിട്ട് ഗാന്ധി വെടിയേറ്റു മരിച്ചു.  

(എഴുത്തുകാരനും കോളമിസ്റ്റുമാണ് ലേഖകൻ)