ചെറുതും വലുതുമായ നമ്മുടെ പട്ടണങ്ങളുടെയൊക്കെ നിത്യശാപമായി ഗതാഗതക്കുരുക്ക് മാറിയപ്പോൾ, തിരുവനന്തപുരം നഗരത്തിലെ ഗതാഗത പ്രശ്നങ്ങൾക്കു ശാസ്ത്രീയമായി പരിഹാരം കാണാൻ പൊലീസ് മുന്നിട്ടിറങ്ങുന്നതിലുള്ള പ്രതീക്ഷ ചെറുതല്ല. നഗരത്തിന് ഉൾക്കൊള്ളാവുന്നതിലുമപ്പുറമുള്ള വാഹനപ്പെരുപ്പവും ഭരണസിരാകേന്ദ്രം എന്ന നിലയ്ക്കുള്ള തിരക്കും ഭാവിയിൽ കുരുക്കു മുറുക്കുമെന്ന യാഥാർഥ്യം | Editorial | Malayalam News | Manorama Online

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചെറുതും വലുതുമായ നമ്മുടെ പട്ടണങ്ങളുടെയൊക്കെ നിത്യശാപമായി ഗതാഗതക്കുരുക്ക് മാറിയപ്പോൾ, തിരുവനന്തപുരം നഗരത്തിലെ ഗതാഗത പ്രശ്നങ്ങൾക്കു ശാസ്ത്രീയമായി പരിഹാരം കാണാൻ പൊലീസ് മുന്നിട്ടിറങ്ങുന്നതിലുള്ള പ്രതീക്ഷ ചെറുതല്ല. നഗരത്തിന് ഉൾക്കൊള്ളാവുന്നതിലുമപ്പുറമുള്ള വാഹനപ്പെരുപ്പവും ഭരണസിരാകേന്ദ്രം എന്ന നിലയ്ക്കുള്ള തിരക്കും ഭാവിയിൽ കുരുക്കു മുറുക്കുമെന്ന യാഥാർഥ്യം ഉൾക്കൊണ്ടാണ് ദുബായ് മാതൃകയിലുള്ള ഇന്റഗ്രേറ്റഡ് ട്രാഫിക് മാനേജ്മെന്റ് സിസ്റ്റം (ഐടിഎംഎസ്) നടപ്പാക്കാൻ പൊലീസ് ഒരുങ്ങുന്നത്. പരിഷ്കാരങ്ങൾ നടപ്പാക്കുന്നതിനു മുൻപായി ജനങ്ങളുടെ നിർദേശങ്ങളും പരാതികളും കേൾക്കാൻ കൂടി പൊലീസ് അവസരമൊരുക്കിയതും അഭിനന്ദനീയം തന്നെ.

കേരളത്തിൽ ഏറ്റവും കൂടുതൽ വാഹനത്തിരക്കും കുരുക്കും അനുഭവപ്പെടുന്ന നഗരങ്ങളിലൊന്നാണ് ഇപ്പോൾ തിരുവനന്തപുരം. വാഹനപ്പെരുപ്പത്തിൽ കൊച്ചിക്കു പിന്നിൽ രണ്ടാമത്. ഒൻപതു ലക്ഷം വാഹനങ്ങളാണ് നഗരത്തിൽ മാത്രം നിരത്തിലിറങ്ങുന്നതെന്നാണ് പൊലീസിന്റെ കണക്ക്. 10 വർഷത്തിനിടെ വാഹനങ്ങളുടെ എണ്ണം ഇരട്ടിയായി. എന്നാൽ, ഇതിന് ആനുപാതികമായി റോഡുകൾ വികസിച്ചില്ല. ഇതിനൊപ്പം, ദിവസേനയെന്നോണം നടക്കുന്ന അഞ്ചും ആറും സമരങ്ങൾ കൂടിയാകുന്നതോടെ നഗരം പലപ്പോഴും സ്തംഭിക്കുന്നു. ഗതാഗതം നിയന്ത്രിക്കാനുള്ള പൊലീസുകാരുടെ എണ്ണവും അനുബന്ധസൗകര്യങ്ങളും വർധിപ്പിച്ചിട്ടുമില്ല. തിരക്കേറിയ സെക്രട്ടേറിയറ്റിനു മുന്നിൽനിന്നു സമരകേന്ദ്രം മാറ്റണമെന്ന കോടതി വിധികൾ ഇതുവരെ നടപ്പായിട്ടില്ല.

ADVERTISEMENT

ഗതാഗതക്കുരുക്കു വർധിക്കുന്നതിനൊപ്പം നഗരത്തിലെ റോഡുകൾ സ്ഥിരം അപകടകേന്ദ്രങ്ങൾ കൂടിയായി മാറിക്കഴിഞ്ഞു. നഗരത്തിൽ ഈ വർഷം സെപ്റ്റംബർ വരെ മാത്രം വാഹനാപകടങ്ങളിൽ മരിച്ചത് 150 പേർ; പരുക്കേറ്റവർ 1353. തുടർച്ചയായി അപകടങ്ങൾ നടക്കുന്ന നഗരത്തിലെ 31 കേന്ദ്രങ്ങളെ ‘ബ്ലാക് സ്പോട്ട്’ ആയി പൊലീസ് രേഖപ്പെടുത്തിയിട്ടുമുണ്ട്. ഈ സാഹചര്യത്തിലാണ് നഗരത്തിൽ ശാസ്ത്രീയമായ ട്രാഫിക് പരിഷ്കാരം അടിയന്തര ആവശ്യമായി മാറുന്നത്.

ഗതാഗതനിയന്ത്രണത്തിന് ആധുനിക സാങ്കേതികവിദ്യ ഉപയോഗിക്കുന്ന ദുബായ് മാതൃക പഠിച്ചാണ് ഇന്റഗ്രേറ്റഡ് ട്രാഫിക് മാനേജ്മെന്റ് സിസ്റ്റത്തിനു ഡിജിപി ലോക്നാഥ് ബെഹ്റയുടെ നേതൃത്വത്തിൽ രൂപം നൽകിയിരിക്കുന്നത്. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉൾപ്പെടെയുള്ള ആധുനിക സാങ്കേതികവിദ്യയുടെ സഹായത്തോടെ നഗരത്തിലെ ഗതാഗതനിയന്ത്രണം തിരക്കിനാനുപാതികമായി ഒറ്റ യൂണിറ്റായി നിയന്ത്രിക്കാൻ കഴിയുന്ന സംവിധാനമാണ് ഐടിഎംഎസ്. ദുബായിലെ 60 ശതമാനത്തോളം റോഡുകൾ ഇപ്പോൾ ഈ സ്മാർട് ട്രാഫിക് സിസ്റ്റത്തിന്റെ കീഴിലാണ്. ഈ സംവിധാനം ആറു മാസത്തിനുള്ളിൽ നടപ്പാക്കുമെന്നാണ് പൊലീസിന്റെ ഉറപ്പ്.

ADVERTISEMENT

ജനങ്ങൾക്കു ട്രാഫിക് പ്രശ്നങ്ങൾ അറിയിക്കാൻ ടോൾ ഫ്രീ നമ്പരും ബെംഗളൂരു മാതൃകയിൽ മൊബൈൽ ആപ്ലിക്കേഷനും ഏർപ്പെടുത്താനും പൊലീസ് നടപടി തുടങ്ങിയിട്ടുണ്ട്. നഗരത്തെ ആറു മേഖലകളായി തിരിച്ച് ആറ്  എൻഫോഴ്സ്മെന്റ് വാഹനങ്ങൾക്കു ചുമതല നൽകും. ചീറ്റ എന്നറിയപ്പെടുന്ന ഈ സംഘങ്ങൾക്കായിരിക്കും നിയമപരിപാലനച്ചുമതല. ഇതിനു പുറമേ, പിഴവില്ലാത്ത ഗതാഗതനിയന്ത്രണത്തിനായി നിലവിലുള്ള 11 ട്രാഫിക് സെക്ടറുകൾ 30 ആയി വിഭജിക്കും. ഓരോ സെക്ടറിനും നോഡൽ ഓഫിസറുണ്ടാകും. അതതു മേഖലകളിലെ പ്രശ്നങ്ങൾ ജനങ്ങൾക്ക് നോഡൽ ഓഫിസർമാരെ അറിയിക്കാം.

പൊലീസ് വിളിച്ചുചേർത്ത യോഗത്തിൽ വിദഗ്ധരും സംഘടനകളും ജനങ്ങളും നൽകിയ നിർദേശങ്ങൾ പഠിച്ച് പ്രായോഗികമായവ മൂന്നു മാസത്തിനുള്ളിൽ നടപ്പാക്കാൻ ഡിസിപി ആർ. ആദിത്യയുടെ നേതൃത്വത്തിൽ സമിതിയെയും നിയോഗിച്ചിട്ടുണ്ട്. പൊലീസിന്റെ നടപടികൾക്കു കയ്യടിച്ചാൽ മാത്രം പോരാ, റോഡ് നിയമങ്ങളും മര്യാദകളും പാലിക്കാൻ വാഹനമോടിക്കുന്നവരും കാൽനടയാത്രക്കാരും തയാറാകണം. റോഡിൽ സഞ്ചരിക്കേണ്ടത് ഒരു സംസ്കാരം കൂടിയാണെന്നു നമുക്കു മറക്കാതിരിക്കാം.

ADVERTISEMENT

മറ്റു സർക്കാർ വകുപ്പുകളും ക്രിയാത്മകമായി ഇടപെട്ടാൽ മാത്രമേ മാതൃകാ ട്രാഫിക് നിയന്ത്രണ സംവിധാനമുള്ള തലസ്ഥാന നഗരം എന്ന ലക്ഷ്യം നേടാനാകൂ.