സംസ്ഥാന ചരിത്രത്തിലാദ്യമായി കൊച്ചി മരടിൽ 4 ഫ്ലാറ്റ് സമുച്ചയങ്ങൾ സ്ഫോടനത്തിലൂടെ തകർക്കുമ്പോൾ മുഴങ്ങുന്നത് ഉത്തരമില്ലാത്ത കുറെ ചോദ്യങ്ങൾ കൂടിയാണ്. | Maradu Flat | Manorama News

സംസ്ഥാന ചരിത്രത്തിലാദ്യമായി കൊച്ചി മരടിൽ 4 ഫ്ലാറ്റ് സമുച്ചയങ്ങൾ സ്ഫോടനത്തിലൂടെ തകർക്കുമ്പോൾ മുഴങ്ങുന്നത് ഉത്തരമില്ലാത്ത കുറെ ചോദ്യങ്ങൾ കൂടിയാണ്. | Maradu Flat | Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സംസ്ഥാന ചരിത്രത്തിലാദ്യമായി കൊച്ചി മരടിൽ 4 ഫ്ലാറ്റ് സമുച്ചയങ്ങൾ സ്ഫോടനത്തിലൂടെ തകർക്കുമ്പോൾ മുഴങ്ങുന്നത് ഉത്തരമില്ലാത്ത കുറെ ചോദ്യങ്ങൾ കൂടിയാണ്. | Maradu Flat | Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സംസ്ഥാന ചരിത്രത്തിലാദ്യമായി കൊച്ചി മരടിൽ 4 ഫ്ലാറ്റ് സമുച്ചയങ്ങൾ സ്ഫോടനത്തിലൂടെ തകർക്കുമ്പോൾ മുഴങ്ങുന്നത് ഉത്തരമില്ലാത്ത കുറെ ചോദ്യങ്ങൾ കൂടിയാണ്. ജീവിതം മുഴുവൻ സമ്പാദിച്ച പണം കൊണ്ടും ചേർത്തുവച്ച സ്വപ്നം കൊണ്ടും വാങ്ങിയ ഫ്ലാറ്റ് പൊളിക്കുന്നതു കാണാൻ വിധിക്കപ്പെട്ടവർ ഏറെയാണ്. നഷ്ടപരിഹാരത്തിന് അപ്പുറത്താണ് അവർ അനുഭവിക്കുന്ന മനഃക്ലേശവും നിരാശയും. അവരുടെ ഹൃദയസങ്കടങ്ങൾക്കു പരിഹാരമെന്താണ്?

ഫ്ലാറ്റ് സമുച്ചയങ്ങളുടെ പരിസരവാസികൾക്കുള്ള ആശങ്കകൾ  പൂർണമായും പരിഹരിക്കാനോ അവരുടെ സംശയങ്ങൾക്കെല്ലാം ഉത്തരം നൽകാനോ ആരും ഇതുവരെയും തയാറായിട്ടില്ല. മന്ത്രിതല സമിതികൾ യോഗങ്ങൾ ചേർന്നു പ്രഖ്യാപിച്ച തീരുമാനങ്ങളിൽ പലതും പതിരായിപ്പോകുമ്പോൾ പതറുന്നത് ഒരു തെറ്റും ചെയ്യാത്ത പ്രദേശവാസികളാണെന്നതാണു സത്യം. തങ്ങളുടെ വീടുകളുടെ സുരക്ഷയെപ്പറ്റിയുള്ള ആശങ്കകളിൽ മുങ്ങിത്താഴുകയാണവർ.

ADVERTISEMENT

സ്ഫോടനത്തിലൂടെ ഫ്ലാറ്റുകൾ തകർക്കുന്നത് അതീവ സുരക്ഷിതത്വത്തോടെയാണെന്ന് അധികൃതർ നൂറ്റൊന്നാവർത്തിക്കുമ്പോഴും ജനം വേവലാതിയിലാണ്. രാജ്യാന്തര നിലവാരത്തിൽ എല്ലാ സുരക്ഷാസംവിധാനങ്ങളും ഒരുക്കിയിട്ടുണ്ടെന്നും സ്ഫോടന ഒരുക്കങ്ങളിൽ പൂർണ തൃപ്തിയുണ്ടെന്നും അധികൃതർ പറയുന്നു. എന്നാൽ, പൊളിക്കലുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ നടന്ന സമയത്തുതന്നെ വീടുകളുടെ ഭിത്തിയിൽ രൂപപ്പെട്ട വിള്ളലുകൾ നാട്ടുകാരെ ഭയപ്പെടുത്തുന്നുണ്ട്. പൊളിക്കുന്ന 4 ഫ്ലാറ്റ് സമുച്ചയങ്ങളിലുമായുള്ള 5 ടവറുകളുടെ പരിസരത്തെ വീടുകളിൽ പലതിന്റെയും ഭിത്തികൾ വിണ്ടുകീറിയിട്ടുണ്ട്. ഇത് എന്തുകൊണ്ടെന്നു വിശദീകരിക്കാൻ ആരും തയാറായില്ലെന്നു മാത്രമല്ല, ഇൗ ചോദ്യം അവഗണിക്കുകയും ചെയ്തു. ഇൻഷുറൻസ് ഏർപ്പെടുത്തി, പരിസരവാസികൾക്കുണ്ടാകുന്ന നഷ്ടങ്ങൾക്കു പരിഹാരം കാണാമെന്ന സർക്കാർ വാഗ്ദാനം ഇതുവരെ എങ്ങുമെത്തിയിട്ടുമില്ല.

ഇന്നു രാവിലെ മുതൽ സ്ഫോടനം പൂർത്തിയായി ഏതാനും മണിക്കൂറുകൾവരെ മരട് പ്രദേശത്തു നിരോധനാജ്ഞ നിലവിലുണ്ടാകും. നാട്ടുകാർ അതിനു മുൻപു വീടൊഴിഞ്ഞ് അഭയകേന്ദ്രങ്ങളിലേക്കു മാറണമെന്നാണു നിർദേശം. എന്നാൽ, വീടുകളിലെ മിണ്ടാപ്രാണികളെ സുരക്ഷിത സ്ഥാനങ്ങളിലേക്കു നീക്കാൻ ഒരു നടപടിയുമുണ്ടായിട്ടില്ല. സ്ഫോടനത്തോടനുബന്ധിച്ചുള്ള ജോലികൾ തുടങ്ങിയതു മുതൽ മരടുകാർ നേരിടുന്ന മറ്റൊരു വലിയ പ്രശ്നമാണു പൊടിശല്യം. കെട്ടിടഭാഗങ്ങൾ പൊട്ടിച്ചിടുകയും അവശിഷ്ടങ്ങൾ വലിയ വാഹനങ്ങളിൽ നീക്കം ചെയ്യുകയും ചെയ്തപ്പോൾ കനത്ത പൊടിപടലമാണുയർന്നത്. ഫ്ലാറ്റ് തകർക്കുമ്പോൾ ഇപ്പോഴുള്ളതിന്റെ പതിന്മടങ്ങു പൊടിയുണ്ടാകും. ഇതു തടയാൻ തുണി വലിച്ചുകെട്ടിയും പ്ലാസ്റ്റിക്കും കടലാസും ഉപയോഗിച്ചു ജനലും വാതിലും മൂടിയുമൊക്കെ പ്രതിരോധമൊരുക്കുന്നുണ്ടെങ്കിലും പൂർണ പ്രയോജനം ലഭിക്കുന്നില്ല. ഇത്തരം മുൻകരുതലുകൾക്കൊന്നും സർക്കാരിന്റെ ഭാഗത്തുനിന്ന് ഒരു സഹായവും ആർക്കും ലഭിച്ചിട്ടുമില്ല.

ADVERTISEMENT

മരട് കേരളത്തിന് ഒരു പാഠമാകണം; ആവർത്തിക്കില്ല എന്ന് ഉറപ്പാക്കേണ്ട പാഠം. സർക്കാർ സംവിധാനങ്ങൾക്കും സമൂഹത്തിനും ഇതിൽനിന്നു കണ്ടറിയാനും പഠിക്കാനും തിരുത്താനും പലതുണ്ട്. നിയമത്തെയും പ്രകൃതിയെയും കണക്കിലെടുക്കാതെ ഉയരുന്ന കോൺക്രീറ്റ് കെട്ടിടങ്ങൾ ഒരു തെറ്റും ചെയ്യാത്തവരെപ്പോലും പ്രതിസന്ധിയിലാക്കുന്നുവെന്ന ക്രൂരപാഠമാണ് ആദ്യത്തേത്. വേണ്ട സമയത്തു വേണ്ടതു ചെയ്യാനും ചൂണ്ടിക്കാട്ടാനും ചുമതലയുള്ള അധികാരികളുടെ അനാസ്ഥയും അഴിമതിയുമാണ് ഈ അവസ്ഥയിലെത്തിച്ചതെന്നതു മറ്റൊരു പാഠം.

സ്വാർഥതാൽപര്യങ്ങളുടെ മറവിൽ നിയമവിരുദ്ധമായ നിർമാണങ്ങൾ ഉയരുന്നതു തുടക്കത്തിലേ നിയന്ത്രിക്കാൻ, സംസ്ഥാനത്തു നിലവിൽവന്ന റിയൽ എസ്റ്റേറ്റ് റഗുലേറ്ററി അതോറിറ്റിക്കു കഴിയണം. സർക്കാർ ഉദ്യോഗസ്ഥർ നടപടിക്രമങ്ങളിൽ വരുത്തിയ വീഴ്ചകൾക്കും ഫ്ലാറ്റുകൾ കെട്ടിപ്പൊക്കിയ ബിൽഡർമാർ നടത്തിയ നിയമലംഘനങ്ങൾക്കും ഫ്ലാറ്റ് വാങ്ങുന്നവർ പീഡനം ഏറ്റുവാങ്ങേണ്ടിവരുന്ന അവസ്ഥ ഇനിയെങ്കിലും ഉണ്ടായിക്കൂടാ.