നാട്ടിൽനിന്ന് ഏറെ അകലെയുള്ള ഒരു സ്ഥലത്തെ വിശ്വസിച്ച് എത്തുന്നവരാണു സഞ്ചാരികൾ. അവർക്ക് ഒരു പോറൽ പോലുമേൽക്കാതെ തിരികെ അയയ്ക്കേണ്ടത് ആ പ്രദേശത്തിന്റെ ഉത്തരവാദിത്തമാണ്...Nottam, Malayalam News , Manorama Online

നാട്ടിൽനിന്ന് ഏറെ അകലെയുള്ള ഒരു സ്ഥലത്തെ വിശ്വസിച്ച് എത്തുന്നവരാണു സഞ്ചാരികൾ. അവർക്ക് ഒരു പോറൽ പോലുമേൽക്കാതെ തിരികെ അയയ്ക്കേണ്ടത് ആ പ്രദേശത്തിന്റെ ഉത്തരവാദിത്തമാണ്...Nottam, Malayalam News , Manorama Online

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നാട്ടിൽനിന്ന് ഏറെ അകലെയുള്ള ഒരു സ്ഥലത്തെ വിശ്വസിച്ച് എത്തുന്നവരാണു സഞ്ചാരികൾ. അവർക്ക് ഒരു പോറൽ പോലുമേൽക്കാതെ തിരികെ അയയ്ക്കേണ്ടത് ആ പ്രദേശത്തിന്റെ ഉത്തരവാദിത്തമാണ്...Nottam, Malayalam News , Manorama Online

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നാട്ടിൽനിന്ന് ഏറെ അകലെയുള്ള ഒരു സ്ഥലത്തെ വിശ്വസിച്ച് എത്തുന്നവരാണു സഞ്ചാരികൾ. അവർക്ക് ഒരു പോറൽ പോലുമേൽക്കാതെ തിരികെ അയയ്ക്കേണ്ടത് ആ പ്രദേശത്തിന്റെ ഉത്തരവാദിത്തമാണ്. സഞ്ചാരികളുടെ അവകാശങ്ങൾക്കു നമ്മുടെ നാട് ഒരു വിലയും നൽകുന്നില്ലെന്നു വെളിവാക്കുന്ന ദുഃഖകരമായ സംഭവങ്ങളാണു കഴിഞ്ഞ ദിവസമുണ്ടായത്.

തേക്കടിയിൽ ബോട്ടിൽ കുഴഞ്ഞുവീണ അയർലൻഡ് സ്വദേശിക്കു ജീവൻ നഷ്ടപ്പെട്ടു. ഫോർട്ട്കൊച്ചിയിൽ സ്ലാബിൽ തട്ടി വീണ് ബ്രിട്ടിഷ് വനിതയ്ക്കു സാരമായ പരുക്കേറ്റു. നമ്മുടെ നാട്ടിലെ വിനോദസഞ്ചാര കേന്ദ്രങ്ങളിലെ അടിസ്ഥാന സൗകര്യങ്ങൾ എത്രമാത്രം മോശമാണെന്നതിന്റെ സമീപകാലത്തെ രണ്ട് ഉദാഹരണങ്ങൾ മാത്രമാണിത്. 

ADVERTISEMENT

പ്രഥമശുശ്രൂഷയ്ക്കുള്ള സംവിധാനം, ഒറ്റ വിളിയിൽ ആംബുലൻസ് എത്തുന്നതിനുള്ള സൗകര്യങ്ങൾ എന്നിവ ലോകത്തെ മികച്ച വിനോദസഞ്ചാര കേന്ദ്രങ്ങളിലെല്ലാമുണ്ട്. നാട്ടുകാരല്ല സ്ഥലം കാണാൻ എത്തുന്നത്. അതുകൊണ്ടു തന്നെ അവർക്കു സൗകര്യങ്ങൾ തേടിപ്പോകാൻ സാധിക്കില്ല.

യൂറോപ്പിലെയും അമേരിക്കയിലെയും ഏഷ്യയിലെ പല രാജ്യങ്ങളിലെയും, മനുഷ്യനു വില നൽകുന്ന വിനോദസഞ്ചാര മേഖലകളിലെല്ലാം മികച്ച സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. പ്രായമായവർ, വീൽചെയർ ഉപയോഗിക്കുന്നവർ തുടങ്ങിയവർക്കാണ് അവർ ഓരോ സ്ഥലത്തും മുൻഗണന നൽകുന്നത്. പാർക്കിങ് സ്ഥലങ്ങളിൽ വരെ ഇവർക്കു മുൻഗണന നൽകും. ഓരോ സ്ഥലത്തും പടികൾ പോലും അവർ അടയാളപ്പെടുത്തിയിരിക്കും. കർശനമായ നിയമങ്ങളും ഈ പ്രദേശങ്ങളിലുണ്ട്. 

ADVERTISEMENT

വിദേശത്ത് ഒരു വിനോദസഞ്ചാര കേന്ദ്രത്തിൽ അപകടം സംഭവിച്ചാൽ വിവിധ തലത്തിലുള്ള ആളുകൾ, ഉദ്യോഗസ്ഥർ എന്നിവർ അതിനു സമാധാനം പറയണം. നമ്മുടെ നാട്ടിൽ ഇതൊക്കെ സാധാരണ സംഭവം പോലെയാണു കൈകാര്യം ചെയ്യുന്നത്. മഞ്ഞു വീഴുന്ന സ്ഥലങ്ങളിൽ സ്വന്തം വീടിനു മുന്നിലെ നടപ്പാതയിൽ മഞ്ഞു കൂടിക്കിടന്ന് ആരെങ്കിലും തെന്നിവീണാൽ വീട്ടുടമയിൽനിന്നു നഷ്ടപരിഹാരം തേടി കേസ് നൽകാൻവരെ സാധിക്കും. സ്വന്തം വീടിന്റെ മുൻവശം വൃത്തിയായും മറ്റുള്ളവർക്ക് അപകടം വരാതെയും സൂക്ഷിക്കേണ്ടത് ആ വീട്ടുടമയുടെ ഉത്തരവാദിത്തമാണ്. രാജ്യം വികസിതമാകുന്നു എന്നു പറയുന്നത് പട്ടാളത്തിന്റെ എണ്ണം വർധിപ്പിക്കുന്നതിലല്ല, ആ രാജ്യം മനുഷ്യർക്കു നൽകുന്ന പരിഗണനയാണ് യഥാർഥ മാനദണ്ഡം. 

സമൂഹമാധ്യമങ്ങൾ സജീവമായ കാലത്ത് ഓരോ വിനോദസഞ്ചാര കേന്ദ്രവും വളരെ ശ്രദ്ധയോടെ തന്നെ കാത്തു സൂക്ഷിക്കണം. സമൂഹമാധ്യമത്തിലെ ഒരു പോസ്റ്റ് മതി, ഒരു സഞ്ചാരകേന്ദ്രം ഇല്ലാതാകാൻ. വിനോദസഞ്ചാര കേന്ദ്രം എന്നു പറയുമ്പോൾ കാഴ്ചയ്ക്കു ഭംഗിയുണ്ടായാൽ മാത്രം പോരാ. അവിടെയെത്തുന്ന സഞ്ചാരികൾക്കു പ്രശ്നങ്ങളില്ലാതെ സ്ഥലം കണ്ടു മടങ്ങാനുള്ള സൗകര്യംകൂടി വേണം. 

ADVERTISEMENT

കാണാൻ മനോഹരമായ സ്ഥലങ്ങൾ നമുക്കുണ്ട്. എന്നാൽ, അതു ലോകത്തിനു മുന്നിൽ അവതരിപ്പിക്കാൻ നമുക്കിന്നും അറിയില്ല. വിനോദസഞ്ചാര കേന്ദ്രങ്ങൾക്ക് ഒരു പ്രോട്ടോക്കോൾ എവിടെങ്കിലുമുണ്ടോ? ഓരോ പ്രദേശത്തിന്റെയും പ്രത്യേകത അനുസരിച്ച് പ്രോട്ടോക്കോൾ ആവശ്യമാണ്. അതു രൂപീകരിക്കാൻ വിദേശ രാജ്യങ്ങൾ സന്ദർശിക്കേണ്ട ആവശ്യമില്ല. വിവര സാങ്കേതികവിദ്യ വളർന്ന ഈ നാട്ടിൽ ഒറ്റ ക്ലിക്കിൽ ഓരോ പ്രദേശത്തും പിന്തുടരുന്ന മാതൃകകൾ നമുക്കു ലഭിക്കും. 

സഞ്ചാരകേന്ദ്രങ്ങൾക്ക് ഒരു മാസ്റ്റർ പ്ലാൻ പോലും നമുക്കില്ല. അവിടങ്ങളിലെ ജീവനക്കാർക്കു വേണ്ടത്ര പരിശീലനമില്ല. സഞ്ചാരികൾക്ക് അപകടം സംഭവിച്ചാൽ പ്രഥമശുശ്രൂഷ നൽകാനും കൃത്യസമയത്ത് അവരെ തൊട്ടടുത്ത ആശുപത്രിയിൽ എത്തിക്കാനുമെങ്കിലും അറിയണ്ടേ? വിനോദസഞ്ചാര മേഖലയുടെ സുരക്ഷയ്ക്കായി ഒരു അതോറിറ്റി വേണം. ആ അതോറിറ്റിക്ക് അധികാരങ്ങളും വേണം. യാത്രികർക്ക് ഒരു പ്രശ്നം വരുമ്പോൾ അതേറ്റെടുത്ത് പരിഹാരം കണ്ടെത്താൻ സാധിച്ചാൽ, അതവർക്കു നൽകുന്ന ആത്മവിശ്വാസം ചെറുതായിരിക്കില്ല. വീണ്ടും വീണ്ടും ഇങ്ങോട്ടു വരാൻ അവർക്കു തോന്നും. ചിന്തിച്ചു പ്രവർത്തിക്കേണ്ടത് അധികൃതരാണ്. 

(സഞ്ചാരിയും എഴുത്തുകാരനുമാണ് ലേഖകൻ)