ഒരു പകലും രാത്രിയും നീണ്ട തിരച്ചിലിനും കാത്തിരിപ്പിനും പ്രാർഥനയ്ക്കും ഫലമുണ്ടായില്ല. ഇടനെഞ്ചു പൊട്ടിയാണ് ഇന്നലെ ആ കൺമണിക്കു നാം അന്ത്യയാത്രാമൊഴി ചൊല്ലിയത്. കാണാതായി, ജീവനില്ലാതെ തിരിച്ചുകിട്ടിയ ദേവനന്ദ എന്ന ഏഴു വയസ്സുകാരി കേരളത്തിന്റെയാകെ ഹൃദയവിലാപമാണിപ്പോൾ. ഒറ്റ നാൾകൊണ്ടു വാത്സല്യഭാജനമായിത്തീർന്ന

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഒരു പകലും രാത്രിയും നീണ്ട തിരച്ചിലിനും കാത്തിരിപ്പിനും പ്രാർഥനയ്ക്കും ഫലമുണ്ടായില്ല. ഇടനെഞ്ചു പൊട്ടിയാണ് ഇന്നലെ ആ കൺമണിക്കു നാം അന്ത്യയാത്രാമൊഴി ചൊല്ലിയത്. കാണാതായി, ജീവനില്ലാതെ തിരിച്ചുകിട്ടിയ ദേവനന്ദ എന്ന ഏഴു വയസ്സുകാരി കേരളത്തിന്റെയാകെ ഹൃദയവിലാപമാണിപ്പോൾ. ഒറ്റ നാൾകൊണ്ടു വാത്സല്യഭാജനമായിത്തീർന്ന പ്രിയപ്പെട്ടൊരാളെ നഷ്ടപ്പെട്ട വിങ്ങലുമായി ഈ കുഞ്ഞിന്റെ ഓർമയിൽ ഓരോ കുടുംബവും തേങ്ങുന്നു.

നമ്മുടെ കുഞ്ഞുങ്ങൾക്കു നൽകേണ്ട സുരക്ഷയെക്കുറിച്ചുള്ള ഓർമപ്പെടുത്തൽകൂടി ഇതോടൊപ്പമുണ്ട്; കാണാതാകുന്ന കുട്ടികളെക്കുറിച്ചു കേരളത്തിന്റെ നെഞ്ചിലുള്ള ആശങ്ക വീണ്ടും തെളിയുന്നുമുണ്ട്. നഷ്ടപ്പെടുന്ന കൺമണികൾ എത്രയോ വീടുകളുടെ സന്തോഷം കളഞ്ഞിരിക്കുകയാണ്. ഉറ്റവരുടെ ഹൃദയത്തിൽ അണയാത്ത കനൽ കോരിയിട്ടാണ് ഓരോ കുട്ടിയും അപ്രത്യക്ഷമാവുന്നത്. സ്നേഹിച്ചും ലാളിച്ചും വളർത്തിയ കുഞ്ഞുങ്ങൾ, വേദന മാത്രം സമ്മാനിച്ച് അകലേക്കു മായുന്നതിലും വലിയ ദുർവിധി എന്താണ്?

ADVERTISEMENT

കുട്ടികളെ തട്ടിക്കൊണ്ടു പോകാനുള്ള ശ്രമങ്ങളെപ്പറ്റിയുള്ള വാർത്തകൾ നിരന്തരമായി നാം കേട്ടുപോരുന്നു. ഇത്തരം ശ്രമങ്ങൾ തൊടുപുഴ, കടുത്തുരുത്തി, ചേരാനല്ലൂർ എന്നിവിടങ്ങളിലുണ്ടായത് ഒടുവിലായി നാം കേട്ടു. കുട്ടികളെ കാണാതാകുന്നത് ഒറ്റപ്പെട്ട സംഭവങ്ങളായോ, നിസ്സാര ഒളിച്ചോട്ടങ്ങളായോ എഴുതിത്തള്ളിക്കൊണ്ടു പൊലീസ് ചിലപ്പോഴെങ്കിലും നിസ്സംഗതയിൽ ഒളിക്കുമ്പോഴും ഒട്ടേറെ കേസുകളാണ് ഓരോ വർഷവും റിപ്പോർട്ട് ചെയ്യപ്പെടുന്നത്. കേന്ദ്ര വനിതാ ശിശുക്ഷേമ മന്ത്രാലയം പ്രസിദ്ധീകരിച്ചതു പ്രകാരം, കേരളത്തിൽ കഴിഞ്ഞ ഒരു വർഷത്തിനകം കാണാതായ കുട്ടികൾ 430 പേരാണ്. ഈ കണക്കിലെ ശരിതെറ്റുകൾ എന്തായാലും അതു നൽകുന്ന സൂചനകൾ കാണാതിരുന്നുകൂടാ. കുറെപ്പേർ ഒളിച്ചോടിയിട്ടുണ്ടാകാം. പിണങ്ങിപ്പോകുന്ന കുട്ടികളിൽ പലരും മടങ്ങിവന്നിട്ടുമുണ്ടാവണം. പലരെയും അന്വേഷണത്തിലൂടെ ഇതിനകം കണ്ടെത്തിക്കഴിഞ്ഞിട്ടുമുണ്ടാവും.

ആലപ്പുഴയിലെ രാഹുൽ ഇപ്പോഴും സങ്കടം പെയ്യുന്നൊരു ചോദ്യചിഹ്നമായി, പതിനഞ്ചു വർഷത്തോളമായിട്ടും കേരളത്തിനു മുന്നിലുണ്ട്. സംസ്ഥാനമാകെ വാർത്തയായതാണ് രാഹുലിന്റെ തിരോധാനം. ആലപ്പുഴ ആശ്രമം വാർഡിലെ വീടിനടുത്തുള്ള മൈതാനത്തെ ക്രിക്കറ്റ് കളിക്കിടയിലാണ് ഏഴു വയസ്സുകാരൻ രാഹുലിനെ 2005 മേയ് 18നു ദുരൂഹമായി കാണാതായത്. പൊലീസിന്റെ അന്വേഷണം ഫലം കണ്ടില്ല. സിബിഐയുടെ കൊച്ചി, തിരുവനന്തപുരം, ചെന്നൈ സംഘങ്ങൾ മാറിമാറി അന്വേഷിച്ചിട്ടും ഒരു സൂചനയും കിട്ടിയതുമില്ല. പ്രതീക്ഷ കൈവിടാതെ വഴിക്കണ്ണുമായി ഈ കുടുംബം ഇപ്പോഴും കാത്തിരിക്കുന്നു.

ADVERTISEMENT

നിസ്സാര കാര്യങ്ങൾക്കു പോലും കുട്ടികൾ വീടുവിട്ടിറങ്ങുന്ന സംഭവങ്ങൾ പതിവാണെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നു. മാതാപിതാക്കൾ വഴക്കു പറഞ്ഞതിനും ചോദിച്ച കളിപ്പാട്ടം വാങ്ങി നൽകാത്തതിനും പരീക്ഷയിൽ മാർക്ക് കുറഞ്ഞതിനും വീടുവിട്ടിറങ്ങുന്ന കുട്ടികളുണ്ട്. തട്ടിക്കൊണ്ടുപോകപ്പെടുന്ന കുട്ടികളാണു മറ്റൊരു വിഭാഗം. കുട്ടികളെ ഭിക്ഷാടനത്തിനും പീഡനത്തിനുമായി തട്ടിയെടുക്കുന്ന വൻ സംഘങ്ങൾ തന്നെ കേരളത്തിലുണ്ട്. സാക്ഷരരായ മാതാപിതാക്കൾ നിറഞ്ഞ, സാമൂഹിക - രാഷ്ട്രീയ പ്രസ്ഥാനങ്ങൾ ജനങ്ങളുടെ കാവൽക്കാരായി നിൽക്കുന്ന കേരളത്തിലും കുട്ടികൾ പൂർണമായി സുരക്ഷിതരല്ലെന്നു തന്നെയല്ലേ ഇതിനർഥം? കേരളത്തിൽ കുട്ടികളെ തട്ടിക്കൊണ്ടുപോകുന്ന സംഭവങ്ങൾ പത്തുവർഷത്തിനിടെ ഇരട്ടിയായിട്ടുണ്ടെന്നതു പൊലീസിനെ കൂടുതൽ ജാഗരൂകമാക്കുകതന്നെ വേണം.

രക്ഷിതാക്കളും സമൂഹവും പൊലീസും ചേർന്ന്, കുട്ടികളുടെ സുരക്ഷയ്ക്കു ജാഗ്രതയുടെ പുതിയ മതിൽ പണിയേണ്ടത് അനിവാര്യംതന്നെ. കാണാതായി, ജീവൻ നഷ്ടപ്പെട്ടു തിരിച്ചെത്തിയ ഒരു കുഞ്ഞ് നാടിനെയാകെ കരയിക്കുന്ന ദുർവിധി ഓർമിപ്പിക്കുന്നതും ഇതുതന്നെയാണ്. ദേവനന്ദ, സ്നേഹത്തെയും സങ്കടത്തെയും ഇനി നിന്റെ പേരിട്ടുകൂടിയാവും ഞങ്ങൾ വിളിക്കുക. മരണത്തിന്റെ ആഴത്തിലേക്കു പോയ്മറഞ്ഞ കുഞ്ഞേ, നിന്നെ കേരളം എന്നും നഷ്ടബോധത്തോടെ ഓർത്തുകൊണ്ടേയിരിക്കും.

ADVERTISEMENT

English summary: Missing children Kerala