കാലാപാനിയുടെ കഥയും കാര്യവും മനസ്സിലാക്കണമെങ്കിൽ നേപ്പാളിന്റെ ചരിത്രവും കുറച്ചറിഞ്ഞേ തീരൂ. 1775ൽ അന്തരിച്ച പൃഥ്വി നാരായൺ ഷാ ആണ് പരസ്പരം മല്ലടിച്ചു കഴിഞ്ഞിരുന്ന ചെറിയ മലനാടൻ രാജ്യങ്ങളെ | India-Nepal border dispute | Malayalam News | Manorama Online

കാലാപാനിയുടെ കഥയും കാര്യവും മനസ്സിലാക്കണമെങ്കിൽ നേപ്പാളിന്റെ ചരിത്രവും കുറച്ചറിഞ്ഞേ തീരൂ. 1775ൽ അന്തരിച്ച പൃഥ്വി നാരായൺ ഷാ ആണ് പരസ്പരം മല്ലടിച്ചു കഴിഞ്ഞിരുന്ന ചെറിയ മലനാടൻ രാജ്യങ്ങളെ | India-Nepal border dispute | Malayalam News | Manorama Online

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കാലാപാനിയുടെ കഥയും കാര്യവും മനസ്സിലാക്കണമെങ്കിൽ നേപ്പാളിന്റെ ചരിത്രവും കുറച്ചറിഞ്ഞേ തീരൂ. 1775ൽ അന്തരിച്ച പൃഥ്വി നാരായൺ ഷാ ആണ് പരസ്പരം മല്ലടിച്ചു കഴിഞ്ഞിരുന്ന ചെറിയ മലനാടൻ രാജ്യങ്ങളെ | India-Nepal border dispute | Malayalam News | Manorama Online

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കാലാപാനിയുടെ കഥയും കാര്യവും മനസ്സിലാക്കണമെങ്കിൽ നേപ്പാളിന്റെ ചരിത്രവും കുറച്ചറിഞ്ഞേ തീരൂ. 1775ൽ അന്തരിച്ച പൃഥ്വി നാരായൺ ഷാ ആണ് പരസ്പരം മല്ലടിച്ചു കഴിഞ്ഞിരുന്ന ചെറിയ മലനാടൻ രാജ്യങ്ങളെ യോജിപ്പിച്ച് നേപ്പാൾ എന്ന നാടിനെ ഏകീകരിച്ചത്. (വേണാട് രാജാവായിരുന്ന മാർത്താണ്ഡവർമയുമായി പലവിധത്തിലും പൃഥ്വി നാരായൺ ഷായെ താരതമ്യപ്പെടുത്താൻ കഴിയും). ഇന്നത്തെ ഭാരതത്തിന്റെ കുറച്ചുഭാഗങ്ങളും കൂടി ഉൾക്കൊള്ളുന്ന ഒരു ഗൂർഖാ സാമ്രാജ്യമായി അതു വളർന്നു. 19–ാം നൂറ്റാണ്ടിന്റെ ആദ്യ ദശാബ്ദങ്ങളിൽ ഭാരതത്തിന്റെ ഗംഗാ യമുനാ സമതലപ്രദേശങ്ങളിൽ മേൽക്കോയ്മ ഉറപ്പിക്കുകയും വിസ്താരപ്പെടുത്തുകയും ചെയ്തുകൊണ്ടിരുന്ന ഈസ്റ്റ് ഇന്ത്യ കമ്പനിയ‍ുമായി ഒരു ഏറ്റുമുട്ടലിലേക്കു കാര്യങ്ങൾ നീങ്ങി. ധീരമായി പോരാടിയ ഗൂർഖാ യോദ്ധാക്കളെ തോൽപിക്കാൻ ഏറെ ബുദ്ധിമുട്ടേണ്ടി വന്നെങ്കിലും വിജയം കമ്പനിയുടേതു തന്നെയായിരുന്നു. ആ യുദ്ധത്തിന്റെ അവസാനം കുറിച്ച 1816 ലെ സുഗൗളി ഉടമ്പടി അനുസരിച്ചാണ് നേപ്പാളും ബ്രിട്ടീഷ് ഇന്ത്യയും (പിന്നീട് വന്ന സ്വതന്ത്ര ഭാരതവും) തമ്മിലുള്ള അതിരുകൾ നിർണയിക്കപ്പെട്ടത്.

ഈ ഉടമ്പടി അനുസരിച്ച് മഹാകാളി നദിയുടെ കിഴക്കുവശത്തെ പ്രദേശങ്ങൾ നേപ്പാളിന്റെ അധികാരപരിധിയിലും പടിഞ്ഞാറുവശം ഇന്ത്യയുടെ വരുതിയിലുമാണ്. നിർവചനം വളരെ വ്യക്തമാണെങ്കിലും കാളീനദി എവിടെ ഉത്ഭവിക്കുന്നു എന്നതിനെക്കുറിച്ചാണു തർക്കം. ഹിമാലയൻ പർവത നിരകളിൽ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ലിംപിയാധുര എന്ന സ്ഥലത്തു നിന്നാണ് നദിയുടെ ഉത്ഭവം എന്നാണ് നേപ്പാളീസ് പക്ഷം. പക്ഷേ, കാലാപാനി എന്ന പ്രദേശത്തുനിന്ന് ആയതിനാലാണ് നദിക്കു കാളീനദി എന്ന പേരു ലഭിക്കുന്നതെന്ന് ഇന്ത്യ ചൂണ്ടിക്കാണിക്കുന്നു. കൈലാസ മാനസസരോവരത്തിലേക്കു പോകുന്ന തീർഥയാത്രാ പാതയിലെ ചൈനീസ് അതിർത്തിയിലെ ലിപുലേഖ് ചുരം ഈ തർക്ക പ്രദേശത്തു നിലനിൽക്കുന്നു എന്നത‌ു പ്രശ്നം സങ്കീർണമാക്കുന്നു. ഈ പാത ടിബറ്റിലേക്കുള്ള ഔദ്യോഗിക കവാടമായി 1954 ൽ ഇന്ത്യയും ചൈനയും പ്രഖ്യാപിച്ചു. അന്ന് നേപ്പാൾ ഒന്നും പറഞ്ഞില്ല. 1962 ലെ ചൈനയുമായുള്ള യുദ്ധത്തിനു ശേഷം ഇന്ത്യ ചുരം അടച്ചു.

ADVERTISEMENT

പിന്നീട് 1997 ൽ ആണ് മാനസ സരോവരത്തിലേക്കുള്ള തീർഥയാത്രയ്ക്കു വേണ്ടി ചുരം തുറന്നു കൊടുക്കാൻ ഇന്ത്യയും ചൈനയും പരസ്പരം സമ്മതം നൽകിയത്. ഇത്തവണ നേപ്പാൾ പ്രതിഷേധിച്ചു. 2015 ൽ ഈ വഴിയിലൂടെ കച്ചവടം പുനരാരംഭിക്കാനും ചൈനയും ഇന്ത്യയും ഉടമ്പടിയുണ്ടാക്കി. അപ്പോഴും നേപ്പാൾ ശക്തമായി പ്രതിഷേധിച്ചു.
നേപ്പാളിലെ വിജ്ഞാനികൾ പറയുന്നതെന്തെന്നാൽ, 1950 കളിൽ ചൈനയെ ഭയന്ന് നേപ്പാളിലെ മഹേന്ദ്ര രാജാവിന്റെ സമ്മതത്തോടെ നേപ്പാളിന്റെ വടക്കൻ അതിർത്തിയിൽ 18 മിലിട്ടറി പോസ്റ്റുകൾ ഇന്ത്യ സ്ഥാപിച്ചു. 1969 ൽ അവയെല്ലാം അടയ്ക്കാൻ‍ ഇന്ത്യ സമ്മതിച്ചു. എന്നാൽ, കാലാപാനിയിലേത‍ു മാത്രം നിലനിർത്തി. വാസ്തവത്തിൽ, ഇൻഡോ– ടിബറ്റൻ ബോർഡർ പൊലീസ് സ്ഥിരമായി പട്രോളിങ് നടത്തുന്ന സ്ഥലമാണ് കാലാപാനി. ഇപ്പോൾ അതുവഴി 22 കിലോമീറ്റർ നീളമുള്ള ഒരു റോഡ് കൈലാസ മാനസസരോവർ തീർഥ‍ാടകർക്കു വേണ്ടി ഭാരതസർക്കാർ പണിതീർത്ത് രാജ്യരക്ഷാമന്ത്രി രാജ്നാഥ് സിങ് ഔപചാരികമായി ഉദ്ഘാടനം നടത്തുകയും ചെയ്തിരിക്കുന്നു.

ഇപ്പോഴത്തെ പ്രശ്നങ്ങളുടെ തുടക്കം 2019 ൽ ജമ്മു കശ്മീരിന്റെ ഭരണഘടനയിൽ മാറ്റം വരുത്തിയതോടു കൂടിയാണ്. തുടർന്ന് ഭാരതത്തിന്റെ ഔദ്യോഗിക ഭൂപടം മാറ്റി പ്രസിദ്ധീകരിച്ചപ്പോൾ കാലാപാനി ഉത്തരാഖണ്ഡിലെ പിത്തോരഗഡ് ജില്ലയുടെ ഭാഗമായി കാണിച്ചു എന്നതിനാൽ നേപ്പാൾ സർക്കാർ മുഷിഞ്ഞു. പുതിയ റോഡ് പണിയും ഉദ്ഘാടനവും കൂടിയായപ്പോൾ നേപ്പാൾ സർക്കാരും ജനതയും ഇപ്പോൾ സംഘർഷത്തിന്റെ പാതയിലാണ്. ലിംപിയാധുരയും ലിപുലേഖും കാലാപാനിയും ഉൾക്കൊള്ളുന്ന പ്രദേശം നേപ്പാളിന്റെ ഔദ്യോഗിക ഭൂപടത്തിൽ ഉൾക്കൊള്ളിക്കാനുള്ള ഭരണഘടനാ ഭേദഗതി നേപ്പാൾ പാർലമെന്റിന്റെ പരിഗണനയിലാണ്.

ADVERTISEMENT

ഭാരതവും നേപ്പാളും തമ്മിൽ അഭേദ്യമായ ഒരു ബന്ധം ഉണ്ടെന്നുള്ളത് ചരിത്രപരമായ, നിഷേധിക്കാനാവാത്ത വസ്തുതയാണ്. മറുവശത്തെ അയൽ രാജ്യമായ ചൈനയുമായി നേപ്പാൾ കൂടുതൽ അടുക്കുന്നുവോ എന്നുള്ള ഭയം, സംശയം നമുക്ക് എല്ലാക്കാലവും ഉണ്ടായിരുന്നു. ഇപ്പോൾ മുൻപ് എന്നത്തെക്കാളും ആ സംശയം വർധിച്ചിട്ടുണ്ടെന്നു വേണം അനുമാനിക്കാൻ. എന്നാൽ, രാഷ്ട്രീയ നേതാക്കൾ തമ്മിലുള്ള വ്യക്തിബന്ധങ്ങളും ‘റോട്ടീ ബേട്ടീ കാ റിഷ്ത’ എന്നു ഹിന്ദിയിൽ പറയുന്ന കുടുംബ, സാമൂഹിക, സാമ്പത്തിക കൊടുക്കലും വാങ്ങലുമെല്ലാം ഒരിക്കൽക്കൂടി എല്ലാം ശരിയാക്കും എന്ന വിശ്വാസമാണ് നമ്മുടെ ഹിമാലയൻ അയൽവാസിയെ നന്നായി അറിയാവുന്നവരിൽ ഉള്ളത്. പക്ഷേ, ഒരുകാര്യം നമ്മുടെ നേതാക്കൾ മറക്കരുത്. അടുത്തുള്ള ചെറിയ രാജ്യങ്ങളുടെ ആകാംക്ഷകളെ കൂടി കണക്കിലെടുത്തുവേണം തെറ്റിദ്ധരിക്കപ്പെടാവുന്ന തീരുമാനങ്ങൾ എടുക്കാൻ.

(മുൻ ഡിജിപിയും ദേശീയ രഹസ്യാന്വേഷണ ഏജൻസി ‘റോ’യുടെ മുൻ ഡയറക്‌ടറുമാണ് ലേഖകൻ)