മൃഗങ്ങളുടെ കാടിറക്കം എന്ന പ്രശ്നത്തെ നേരിടേണ്ടത് സുശക്തമായ ജനജാഗ്രതാ സമിതികൾ വഴി ആകണമെന്ന നിർദേശവുമായി മലയാള മനോരമ വെബിനാർ. മൃഗങ്ങളുമായി സംഘർഷമല്ല സഹവർത്തിത്വമാണു വേണ്ടതെന്ന ആശയത്തിനു മുറിവേൽക്കാതെ, കർഷകരുടെ ആശങ്കകൾക്കും പരിഹാരം തേ | Manorma Webinar | Malayalam News | Manorama Online

മൃഗങ്ങളുടെ കാടിറക്കം എന്ന പ്രശ്നത്തെ നേരിടേണ്ടത് സുശക്തമായ ജനജാഗ്രതാ സമിതികൾ വഴി ആകണമെന്ന നിർദേശവുമായി മലയാള മനോരമ വെബിനാർ. മൃഗങ്ങളുമായി സംഘർഷമല്ല സഹവർത്തിത്വമാണു വേണ്ടതെന്ന ആശയത്തിനു മുറിവേൽക്കാതെ, കർഷകരുടെ ആശങ്കകൾക്കും പരിഹാരം തേ | Manorma Webinar | Malayalam News | Manorama Online

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മൃഗങ്ങളുടെ കാടിറക്കം എന്ന പ്രശ്നത്തെ നേരിടേണ്ടത് സുശക്തമായ ജനജാഗ്രതാ സമിതികൾ വഴി ആകണമെന്ന നിർദേശവുമായി മലയാള മനോരമ വെബിനാർ. മൃഗങ്ങളുമായി സംഘർഷമല്ല സഹവർത്തിത്വമാണു വേണ്ടതെന്ന ആശയത്തിനു മുറിവേൽക്കാതെ, കർഷകരുടെ ആശങ്കകൾക്കും പരിഹാരം തേ | Manorma Webinar | Malayalam News | Manorama Online

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മൃഗങ്ങളുടെ കാടിറക്കം പ്രതിരോധിക്കാൻ  ഫലപ്രദവും പ്രായോഗികവുമായ മാർഗങ്ങൾ സ്വരുക്കൂട്ടി മനോരമ വെബിനാർ...

മൃഗങ്ങളുടെ കാടിറക്കം എന്ന പ്രശ്നത്തെ നേരിടേണ്ടത്  സുശക്തമായ ജനജാഗ്രതാ സമിതികൾ വഴി ആകണമെന്ന നിർദേശവുമായി മലയാള മനോരമ വെബിനാർ. മൃഗങ്ങളുമായി സംഘർഷമല്ല  സഹവർത്തിത്വമാണു വേണ്ടതെന്ന ആശയത്തിനു മുറിവേൽക്കാതെ, കർഷകരുടെ ആശങ്കകൾക്കും പരിഹാരം തേടണമെന്നായിരുന്നു ചർച്ചയിലെ പൊതു ധാരണ. നിലവിലുള്ള 204 ജനജാഗ്രതാ സമിതികളെ സാമ്പത്തികമായും അധികാരപരമായും ശാക്തീകരിക്കുമെന്നും കൂടുതൽ ചുമതലകൾ ഏൽപിക്കുമെന്നും വനം മന്ത്രി കെ.രാജു  ഉറപ്പുനൽകിയത് പ്രതീക്ഷയേകുന്നു. 

ADVERTISEMENT

∙ കർഷകരും വനംവകുപ്പും തമ്മിലുള്ള ബന്ധം  സൗഹാർദപരമാകണം. ജനമൈത്രി പൊലീസ് പോലെ, ജനസൗഹൃദ വനപാലക സംവിധാനമാകാം.

∙ മൃഗങ്ങളുടെ കാടിറക്കം തടയാനുള്ള മാർഗങ്ങൾ വനംവകുപ്പ് കരാർ നൽകി ചെയ്യിക്കുന്നതാണു നിലവിലെ രീതി. ഈ ചുമതല ജാഗ്രതാസമിതികളെ ഏൽപിക്കണം. പ്രതിരോധ സംവിധാനങ്ങളുടെ പരിപാലനത്തിനുള്ള സാമ്പത്തിക സഹായവും നൽകണം. 

∙ വനാതിർത്തിയോടു ചേർന്നുള്ള കൃഷിമേഖലകളിൽ വിളകളുടെ ഇൻഷുറൻസ് സാധ്യത പരിഗണിക്കണം. 

∙ മനുഷ്യ–വന്യജീവി സംഘർഷം കുറയ്ക്കാൻ ഓരോ മേഖലയുടെയും പ്രത്യേകതകളും സാമൂഹിക ചുറ്റുപാടുകളും പരിഗണിച്ചു പ്രാദേശികമായി പദ്ധതികൾ തയാറാക്കണം. 

ADVERTISEMENT

∙ വനത്തിനുള്ളിൽ പ്ലാവും മാവും പോലുള്ള ഫലവൃക്ഷങ്ങൾ കുറെയെങ്കിലും നട്ടു പിടിപ്പിക്കുന്നതു പരിഗണിക്കണം. വന്യജീവികൾക്കു വനത്തിനുള്ളിൽ ഭക്ഷണവും വെള്ളവും ആവാസ സുരക്ഷിതത്വവും ഉണ്ടാക്കുന്നതിന്റെ ഭാഗമായി ഇതിനെ കാണണം. 

∙ വന്യജീവികളുടെ കൃത്യമായ കണക്കെടുപ്പു വേണം.

കണ്ണൂർ ആറളം ഫാമിൽ കാട്ടാന നശിപ്പിച്ച കൃഷി.

∙ വനംവകുപ്പിന്റെ റാപ്പിഡ് റെസ്പോൺസ് ടീമിനെ ശക്തിപ്പെടുത്തണം. ഇവർക്കു മികവുറ്റ ഉപകരണങ്ങൾ ലഭ്യമാക്കണം. 

∙ ഭൂമിയിലെ വിഭവങ്ങൾ മനുഷ്യർക്കും മൃഗങ്ങൾക്കും ഒരുപോലെ അവകാശപ്പെട്ടതാണ്.  ഇതുകൂടി ഉൾക്കൊണ്ടു വേണം നടപടികൾ. 

ADVERTISEMENT

∙ ഒരാൾക്കെതിരെ യുഎപിഎ കേസ് എടുത്താൽ വിദഗ്ധസമിതി അതു പരിശോധിക്കുന്നതു പോലെ, വനംവകുപ്പ് കർഷകർക്കു മേൽ ചുമത്തുന്ന കേസുകളും കോടതിക്കു മുന്നിലെത്തും മുൻപ് വിദഗ്ധസമിതി പരിശോധിക്കണം. 

∙ജീവഹാനി അടക്കം, കർഷകർക്കു വന്യജീവികളിൽ നിന്നുണ്ടാകുന്ന നഷ്ടങ്ങൾക്ക് മറ്റു മേഖലകളിൽ നൽകുന്ന നഷ്ടപരിഹാരങ്ങളുമായി സമാനത വേണം. വന്യജീവി ആക്രമണങ്ങളിൽ പെടുന്നവർക്ക് നഷ്ടപരിഹാരം നൽകാനുള്ള ചട്ടത്തിൽ ഭേദഗതി വന്നപ്പോഴൊക്കെ, നഷ്ടപരിഹാരത്തുക കുറച്ചുകൊണ്ടുവന്നതാണ് കേരളത്തിലെ അവസ്ഥ. 

എന്താണ് ഫലപ്രദം

40 കിലോമീറ്റർ ദൂരത്തിൽ കാട്ടാനപ്രതിരോധ മതിൽ തീർത്തതിന് കിലോമീറ്ററിന് 1.5 കോടി രൂപ വീതമാണു ചെലവായത്.  പ്രതിരോധമതിലും റെയിൽ ഫെൻസും ഉരുക്കുവടം കൊണ്ടുള്ള വേലിയും കിടങ്ങുകളും നിർമിച്ചെങ്കിലും ഇവയെല്ലാം ആനകൾ  തകർക്കുന്നതാണു കാഴ്ച. ചെലവും ഏറും.  

പരിപാലിക്കാൻ കൃത്യമായ സംവിധാനം ഒരുക്കിയാൽ, വന്യജീവികളെ തടയാൻ  നിലവിൽ ഫലപ്രദമായ മാർഗം സൗരോർജവേലി തന്നെയാണ്. ആനയ്ക്കു നശിപ്പിക്കാൻ പറ്റാത്ത തരത്തിലുള്ള തൂക്കുവേലികൾ ഇപ്പോൾ കർണാടക ഒരുക്കിക്കഴിഞ്ഞു. കേരളത്തിൽ വയനാട്ടിൽ അതിനു തുടക്കമിട്ടിട്ടുണ്ട്. പഠനത്തിന്റെ അടിസ്ഥാനത്തിൽ, മൃഗങ്ങളുടെ സഞ്ചാരപാതയെ ഏറ്റവും കുറച്ചുമാത്രം ബാധിക്കുന്ന തരത്തിൽ  വേണം വേലി ഉണ്ടാക്കാൻ; വനംവകുപ്പിന്റെ മേൽനോട്ടത്തിൽ. പരിപാലനത്തിന് നിശ്ചിത വേതനത്തോടെ ജനജാഗ്രതാ സമിതികൾ വഴി ആളെ നിയോഗിക്കണം.  ഇവർക്കുള്ള ശമ്പളം പഞ്ചായത്ത് വഴി നൽകാൻ ജനജാഗ്രതാ സമിതികൾക്കു ഫണ്ട് അനുവദിക്കണം. പുതിയ തൊഴിലവസരങ്ങളും ഇതിലൂടെ സൃഷ്ടിക്കാം.  സർക്കാരിന്റെ ബജറ്റ് വിഹിതം ജനജാഗ്രതാ സമിതികൾക്കു കൈമാറണം. 

കാട്ടാന എവിടെയാണുള്ളതെന്നു മുൻകൂട്ടി നാട്ടുകാരെ അറിയിക്കാൻ എസ്എംഎസ് അലർട്ട് (ഏർലി വാണിങ് സിസ്റ്റം) സംസ്ഥാനത്തെ 68 സ്ഥലങ്ങളിൽ നടപ്പാക്കിയിട്ടുണ്ട്. ഇത് ഫലപ്രദവുമാണ്. വ്യാപിപ്പിക്കണം.

മാലിന്യം തള്ളൽ ഭീഷണി

വിളനാശത്തിനു വഴിയൊരുക്കുംവിധം കാട്ടുപന്നികളുടെയും കുരങ്ങുകളുടെയും എണ്ണം വർധിക്കാനുള്ള പ്രധാന കാരണങ്ങളിലൊന്ന് വനസാമീപ്യ മേഖലകളിലെ ഭക്ഷണമാലിന്യം തള്ളലാണ്. 

ലോക്ഡൗണിൽ മാലിന്യം തള്ളൽ കുറഞ്ഞു. ഇതോടെ പന്നിയും കുരങ്ങുകളും കാട്ടിലേക്കു കയറി. കാടിനുള്ളിലെ മാലിന്യനിർമാർജനത്തിൽ ഫലപ്രദമായ ഇടപെടൽ നടത്തിയതായി മന്ത്രി അറിയിച്ചു. കാടിനോടു ചേർന്നുള്ള നാട്ടുപ്രദേശങ്ങളിലും മാലിന്യ നിർമാർജനം ഫലപ്രദമാക്കണമെന്നു വെബിനാറിൽ പങ്കെടുത്തവർ നിർദേശിച്ചു. 

ന്യായമായൊരു നഷ്ടപരിഹാരം

കുറെ വർഷം മുൻപ് കാട്ടുമൃഗങ്ങൾ നശിപ്പിച്ച തന്റെ കൃഷിക്കു നഷ്ടപരിഹാരം തേടി ഒരു സാധാരണ കർഷകൻ ഹൈക്കോടതിയെ സമീപിച്ചതും താൻ അതിൽ നൽകിയ വിധിയും ജസ്റ്റിസ് ബി. കെമാൽ പാഷ അനുസ്മരിച്ചു.

വയനാട്ടിലെ പുല്‍പള്ളി കൊളവള്ളിയില്‍ സ്ഥാപിച്ച തൂക്കുവേലി.

50 സെന്റിൽ റബർക്കൃഷി നടത്തിയിരുന്ന  കർഷകനാണ് കേസ് ഫയൽ ചെയ്തത്. അദ്ദേഹം അഞ്ചര വർഷം ആറ്റുനോറ്റു വളർത്തിയ റബർതൈകളാണു  നശിപ്പിച്ചു കളഞ്ഞത്.  അദ്ദേഹത്തിന്റെ ജീവിതമാർഗം തന്നെ അടഞ്ഞുപോയി. തുച്ഛമായ നഷ്ടപരിഹാരമാണ് വനംവകുപ്പു മാനദണ്ഡമനുസരിച്ചു ലഭിക്കുക. അതിനെതിരെ അദ്ദേഹം നൽകിയ കേസിൽ പൂർണബാധ്യതകൾ തീർത്തുകൊടുക്കാനുള്ള ചട്ടമനുസരിച്ച് (ഡോക്ട്രിൻ  ഓഫ് സ്ട്രിക്ട് ലയബിലിറ്റി – വന്യജീവികളുടെ ഉടമസ്ഥത വനംവകുപ്പിനായതിനാൽ മൃഗങ്ങളെ കാട്ടിനുള്ളിലാക്കി പരിപാലിക്കാൻ ശ്രദ്ധിക്കേണ്ടതു വകുപ്പാണെന്നും കാടിനു പുറത്ത് അവ ഉണ്ടാക്കുന്ന നഷ്ടങ്ങൾക്ക് ഉത്തരവാദിത്തം വകുപ്പിനുണ്ടെന്നും വിധിയിൽ പറഞ്ഞിട്ടുണ്ട്). ശരിയായ നഷ്ടപരിഹാരം കൊടുക്കാനാണ് അന്തിമവിധിയിൽ ഉത്തരവിട്ടത്. 

കൃഷി നശിച്ചുപോകുന്ന കർഷകനു ന്യായമായ നഷ്ടപരിഹാരം കൊടുക്കേണ്ടതു സർക്കാരിന്റെ ചുമതലയാണ്. വന്യമൃഗങ്ങൾ കൊല്ലപ്പെടുന്നതു ദുഃഖകരമാണെങ്കിലും പാവപ്പെട്ട കർഷകരുടെ അവസ്ഥയും നാം ചിന്തിക്കണം. വന്യജീവി കൊല്ലപ്പെടുന്നതിനെക്കാൾ വേദന മനുഷ്യൻ കൊല്ലപ്പെടുമ്പോൾ ഉണ്ടാകണം. നിയമമനുസരിച്ച് വന്യജീവികളുടെ പ ട്ടികയിൽപെടാത്തതായി നമ്മുടെ നാട്ടിൽ കാണുന്ന 4 ജീവികൾ മാത്രമേ ഉള്ളൂ. ഉറുമ്പു പോലും വന്യജീവികളുടെ പട്ടികയിലാണ്.

ഡോ. പി. എസ്. ഈസ

ലോകമാകെ നേരിടുന്ന സംഘർഷത്തിന്റെ ഭാഗമാണ് ഇവിടെയുമുള്ളത്. മികച്ചൊരു പരിഹാരം കേരളത്തിനു നിർദേശിക്കാനായാൽ നന്ന്.  വനംവകുപ്പ് ഉദ്യോഗസ്ഥരും കർഷകരും തദ്ദേശഭരണ സ്ഥാപനങ്ങളിലെ പ്രതിനിധികളും എല്ലാം കൈകോർക്കണം. വയനാട്ടിലതു കുറെ നടപ്പായിട്ടുണ്ട്. 

കെ.ജെ. വർഗീസ്

വന്യമൃഗങ്ങൾ ഉയർത്തുന്ന പ്രശ്നങ്ങൾക്ക് 100% പരിഹാരം കാണാൻ കഴിയില്ല.  സംസ്ഥാനത്ത് 22 ഇനം വന്യജീവികൾ, 45 ഇനം കൃഷിവിളകൾ നശിപ്പിക്കുന്നു എന്നാണു കണക്ക്. സഹവർത്തിത്വത്തിനുള്ള വഴികളാണ് ആലോചിക്കേണ്ടത്. വന്യജീവി ആക്രമണത്തിൽ നശിക്കുന്ന വിളകൾക്കായി ഇൻഷുറൻസ് പദ്ധതിയും ആരംഭിക്കണം.  

ഡോ. ഇ.കെ. ഇൗശ്വരൻ

മനുഷ്യരുടെയും മൃഗങ്ങളുടെയും പക്ഷത്തു നിന്നുള്ള ചർച്ചയാണു വേണ്ടത്.  മനുഷ്യരും വന്യമൃഗങ്ങളും തമ്മിലുള്ള വിഷയം വൈകാരികമായി കൈകാര്യം ചെയ്യേണ്ട ഒന്നല്ല.  ഇരുകൂട്ടരും ഒരുമിച്ച് ജീവിക്കാനുള്ള സാഹചര്യമാണ് ഉണ്ടാകേണ്ടത്.

എം.എൻ.ജയചന്ദ്രൻ

വന്യജീവികൾ കാടിറങ്ങുകയല്ല, അവയുടെ പഴയ ആവാസവ്യവസ്ഥയിലേക്കു വരികയാണു ചെയ്യുന്നത് എന്നു നമ്മൾ മനസ്സിലാക്കണം.  രാഷ്ട്രീയ നേട്ടത്തിനായുള്ള അശാസ്ത്രീയ പട്ടയം കൊടുപ്പ് അവസാനിപ്പിക്കണം. ഇക്കോ ടൂറിസത്തിന്റെ പേരിൽ കാടു കയറി നിർമാണം നടത്തുന്നതും നിർത്തണം.

അഡ്വ എം.എസ്.സജി

മലനാട്ടിലെ കർഷകർ ഇപ്പോൾ സ്വന്തം ഭൂമിയിൽ നിന്നു പലായനം ചെയ്യുകയാണ്.  യഥാർഥത്തിൽ കർഷകരും ആദിവാസികളും മാത്രമാണ് ചുറ്റുമുള്ള ആവാസവ്യവസ്ഥ സംരക്ഷിക്കുന്നവർ. അവരെ അവിടെനിന്നു തന്ത്രപരമായി ഇറക്കിവിടുകയാണിപ്പോൾ.  

പി.എം.മാത്യു ടോർച്ചുമായി.

കർഷകന് പുതിയ ‘ചൂണ്ടുമർമ’വുമായി പി.എം.മാത്യു

കൃഷിയിടത്തിൽ ഇറങ്ങുന്ന ആനയെ തടഞ്ഞുനിർത്താൻ വെബിനാറിൽ പുതിയൊരു ‘ചൂണ്ടുമർമം’ അവതരിപ്പിച്ചു, പാലക്കാട് അഗളിയിൽ നിന്നുള്ള കർഷകൻ പി.എം.മാത്യു.  

സിംഗപ്പൂരിൽ നിന്നു കൊണ്ടുവന്ന ശക്തിയേറിയ വെളിച്ചമുള്ള ടോർച്ചാണ് ആയുധം. ആക്രമിക്കാൻ വരുന്ന ആനയുടെ കണ്ണിലേക്ക് ടോർച്ചിന്റെ വെളിച്ചമടിച്ചാൽ പിന്നെ ആന ഒരടി അനങ്ങില്ലെന്ന് മാത്യു സ്വന്തം അനുഭവത്തിൽ നിന്നു വിവരിച്ചു. 43,000 രൂപയോളം വിലയുള്ള ഇത്തരം ടോർച്ചുകൾ വാങ്ങി, പഞ്ചായത്തു തലത്തിൽ രൂപീകരിക്കുന്ന ജനജാഗ്രതാ സമിതികൾക്കു നൽകണമെന്നാണ് മാത്യുവിന്റെ അഭ്യർഥന. 

വൈദ്യുതിവേലിയും കിടങ്ങും മറികടക്കാ‍ൻ ആനയ്ക്ക് വിദ്യകളുണ്ട്. ആന ഇറങ്ങിയാൽ പ്രദേശത്തെ ജനങ്ങൾക്ക് ജാഗ്രതാ നിർദേശം കിട്ടുന്ന എസ്എംഎസ് സംവിധാനം ഫലപ്രദമാണ്. 

ഈ ലൈറ്റ് കർഷകർക്കു കൂടുതലായി നൽകാനുള്ള പദ്ധതിയെക്കുറിച്ച് ആലോചിക്കേണ്ടതാണെന്ന് മോഡറേറ്റർ ഡോ. ഈസയും അഭിപ്രായപ്പെട്ടു.

വേണം, കാലത്തിനൊത്ത മാറ്റം

സമൂഹത്തിന്റെ സമീപനങ്ങളിൽ സാഹചര്യങ്ങൾക്കൊത്തു മാറ്റം വരണം.  1972ൽ നിലവിൽ വന്ന വന്യജീവി സംരക്ഷണ നിയമത്തെ അടിസ്ഥാനമാക്കി  2020 കാലയളവിൽ  കാര്യങ്ങൾ ചർച്ച ചെയ്യുന്നതു പോരാ.  ആദിവാസികൾ പണ്ടൊക്കെ കൃഷി ചെയ്യുമ്പോൾ, ഒരു കണ്ടം മൃഗങ്ങൾക്കായി എന്നു മാറ്റിവച്ചിരുന്നു.  അതിലെ സന്ദേശം തിരിച്ചറിയണം. 

കിലോമീറ്ററുകളോളം നടന്നും മേഞ്ഞും യാത്ര ചെയ്യുന്ന കാട്ടാനകളുടെ യാത്രയ്ക്ക് കമ്പിവേലികളിലൂടെയും മറ്റും മനുഷ്യർ തടയിടുമ്പോൾ അവയുടെ സ്വഭാവത്തിൽ മാറ്റം വരും. മനുഷ്യർ കൃഷി ചെയ്യുന്ന വിളകളിൽ വന്ന മാറ്റം, വന്യമൃഗങ്ങളുടെ അനാരോഗ്യം ഇവയും വന്യമൃഗങ്ങൾ കാടിറങ്ങുന്നതിനുള്ള കാരണങ്ങളാണ്. 

സംഘർഷത്തിനു കാലാവസ്ഥാ വ്യതിയാനവും കാരണമാവുന്നു.  ജലദൗർലഭ്യം, ചൂട് കൂടുന്നത്, കാറ്റ് എന്നിവയും മൃഗങ്ങൾ കാടിറങ്ങുന്നതിനു  കാരണമാണ്. അപ്പോൾ കാടിനോടു ചേർന്നുള്ള മനുഷ്യരുടെ മാത്രം പ്രശ്നമല്ല ഇപ്പോഴുള്ളത്. അവർ അവിടെ ആയത് അവരുടെ മാത്രം കുറ്റവുമല്ല. 

പന്നിയെ വെടിവയ്ക്കാം, 6 മാസം: മന്ത്രി 

കർഷകരുടെ സംരക്ഷണം ഉറപ്പാക്കാനാണ് കാട്ടുപന്നിയെ,  ലൈസൻസുള്ള തോക്കുപയോഗിച്ച് വെടിവച്ചു കൊല്ലാൻ അനുവാദം നൽകി  ഉത്തരവിറക്കിയത്.   1000 രൂപ ചെലവിനത്തിലും നൽകും.  കാട്ടുപന്നിയെ വെടിവച്ചു കൊല്ലാനുള്ള ഉത്തരവിന് 6 മാസം പ്രാബല്യം മാത്രമേ നൽകിയിട്ടുള്ളൂ. കാര്യങ്ങൾ വിലയിരുത്താനാണിത്. ഇതിനു ശേഷം ഉത്തരവു നീട്ടുന്നതു സംബന്ധിച്ച് ആലോചിക്കും. കാട്ടുപന്നിയെ ശല്യക്കാരായ വന്യമൃഗങ്ങളുടെ (വെർമിൻ) പട്ടികയിൽപെടുത്താൻ നടപടികൾ നടന്നു വരികയാണ്.

സംസ്ഥാനത്തെ 204 പഞ്ചായത്തുകളിൽ ജാഗ്രതാ സമിതികൾ രൂപീകരിച്ചു കഴിഞ്ഞു. പഞ്ചായത്ത് പ്രസിഡന്റാണു സമിതിയുടെ അധ്യക്ഷൻ.  

ശ്രദ്ധിക്കാൻ 

∙പല സ്ഥലത്തും കാടുകളോടു ചേർന്ന് ഉപേക്ഷിക്കപ്പെട്ടു കിടക്കുന്ന തോട്ടങ്ങളും മറ്റും കാടുകയറിയ നിലയിലാണ്. ഇവ സർക്കാരിന്റെയോ സ്വകാര്യ വ്യക്തികളുടെയോ ഉടമസ്ഥതയിലാകാം. മനുഷ്യ സാന്നിധ്യമില്ലാത്തതിനാൽ വന്യജീവികൾ ഇവിടെ വിഹരിക്കുന്നു. ഇത്തരം സ്ഥലങ്ങൾ    വൃത്തിയാക്കുകയോ കാടായി മാറാൻ  അനുവദിക്കുകയോ ചെയ്യണം. കാട് കാടായും നാട് നാടായും പരിപാലിക്കണം.  

സ്വാഭാവിക വനം മാറ്റി യൂക്കാലിപ്റ്റസും തേക്കും മറ്റും നട്ടതു മണ്ടത്തരമായി. അവ മാറ്റി സ്വാഭാവിക വനങ്ങൾ തിരിച്ചുകൊണ്ടുവരണം. അപ്പോഴേ വനത്തിൽ വന്യജീവികൾക്കു ഭക്ഷണം കിട്ടൂ.  

∙വനമേഖലയിലേക്കുള്ള വിനോദ സഞ്ചാരവും മനുഷ്യ – വന്യജീവി സംഘർഷത്തിനു വലിയ പങ്കുവഹിക്കുന്നു. വന വിനോദസഞ്ചാരത്തിന്റെ പാരിസ്ഥിതിക – സാമൂഹിക – സാമ്പത്തിക ആഘാതത്തെക്കുറിച്ചു പഠനം നടത്തണം.  

∙  സർക്കാർ ഫാമുകളിൽ കാടുതെളിക്കലില്ലാതായി.  വനത്തിനു പുറത്തുള്ള കാടുകൾ വെട്ടിമാറ്റണം. സ്വകാര്യ ഉടമസ്ഥതയിലുള്ള ഭൂമിയിലെ കാടുകൾ കൂടി വെട്ടിയാൽ മാത്രമേ വന്യജീവി ആക്രമണം ഒഴിവാക്കാനാകൂ. വനത്തോടു ചേർന്നുള്ള സ്ഥലങ്ങളിലെ കൃഷിയിൽ മാറ്റം വരുത്താനും കഴിയണം.  

∙ മന്ത്രി കെ. രാജു പങ്കെടുത്ത ചർച്ചയിൽ ഇന്റർനാഷനൽ യൂണിയൻ ഫോർ കൺസർവേഷൻ ഓഫ് നേച്ചറിൽ ഏഷ്യൻ എലിഫന്റ് സ്പെഷലിസ്റ്റ് ഗ്രൂപ്പ് അംഗം ഡോ. പി.എസ്. ഈസ ആയിരുന്നു മോഡറേറ്റർ. ജസ്റ്റിസ് ബി. കെമാൽ പാഷ, മുൻ പ്രിൻസിപ്പൽ ചീഫ് ഫോറസ്റ്റ് കൺസർവേറ്ററും കോട്ടൂർ ആന പുനരധിവാസ കേന്ദ്രം, തൃശൂർ സുവോളജിക്കൽ പാർക്കുകളുടെ പ്രോജക്ട് സ്പെഷൽ ഓഫിസറുമായ കെ.ജെ. വർഗീസ്, റിട്ട. ചീഫ് ഫോറസ്റ്റ് വെറ്ററിനറി ഓഫിസർ ഡോ. ഇ.കെ.ഈശ്വരൻ, സംസ്ഥാന അനിമൽ വെൽഫെയർ ബോർഡ് അംഗം എം.എൻ. ജയചന്ദ്രൻ, അഡ്വ. എം.എസ്. സജി, കർഷകൻ പി.എം. മാത്യു എന്നിവർ  പങ്കെടുത്തു. ഇന്ത്യയിലെ ഏറ്റവും വലിയ ഹൈപ്പർ മാർട്ട് ആയ ഇടപ്പള്ളി ലുലു ഹൈപ്പർ മാർക്കറ്റ് ആയിരുന്നു പ്രായോജകർ.