ടി.എൻ.കൗൾ വിദേശകാര്യ സെക്രട്ടറിയായിരുന്ന കാലത്ത് നയതന്ത്രം എന്നാൽ 50% പ്രോട്ടോക്കോളും 40% ആൽക്കഹോളും 10% ടി. എൻ.കൗളും ആണെന്നു പറയാറുണ്ടായിരുന്നു. എങ്കിലും നയതന്ത്രരംഗത്തെ പ്രോട്ടോക്കോളിന്റെ പ്രാധാന്യം മനസ്സിലാക്കാൻ ജനങ്ങൾ താൽപര്യം കാട്ടിയിട്ടില്ല. പക്ഷേ, കേരളത്തിൽ നടന്ന സ്വർണ | Diplomatic Baggage | Swapna Suresh | Gold Smuggling | Manorama Online

ടി.എൻ.കൗൾ വിദേശകാര്യ സെക്രട്ടറിയായിരുന്ന കാലത്ത് നയതന്ത്രം എന്നാൽ 50% പ്രോട്ടോക്കോളും 40% ആൽക്കഹോളും 10% ടി. എൻ.കൗളും ആണെന്നു പറയാറുണ്ടായിരുന്നു. എങ്കിലും നയതന്ത്രരംഗത്തെ പ്രോട്ടോക്കോളിന്റെ പ്രാധാന്യം മനസ്സിലാക്കാൻ ജനങ്ങൾ താൽപര്യം കാട്ടിയിട്ടില്ല. പക്ഷേ, കേരളത്തിൽ നടന്ന സ്വർണ | Diplomatic Baggage | Swapna Suresh | Gold Smuggling | Manorama Online

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ടി.എൻ.കൗൾ വിദേശകാര്യ സെക്രട്ടറിയായിരുന്ന കാലത്ത് നയതന്ത്രം എന്നാൽ 50% പ്രോട്ടോക്കോളും 40% ആൽക്കഹോളും 10% ടി. എൻ.കൗളും ആണെന്നു പറയാറുണ്ടായിരുന്നു. എങ്കിലും നയതന്ത്രരംഗത്തെ പ്രോട്ടോക്കോളിന്റെ പ്രാധാന്യം മനസ്സിലാക്കാൻ ജനങ്ങൾ താൽപര്യം കാട്ടിയിട്ടില്ല. പക്ഷേ, കേരളത്തിൽ നടന്ന സ്വർണ | Diplomatic Baggage | Swapna Suresh | Gold Smuggling | Manorama Online

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ടി.എൻ.കൗൾ വിദേശകാര്യ സെക്രട്ടറിയായിരുന്ന കാലത്ത് നയതന്ത്രം എന്നാൽ 50% പ്രോട്ടോക്കോളും 40% ആൽക്കഹോളും 10% ടി. എൻ.കൗളും ആണെന്നു പറയാറുണ്ടായിരുന്നു. എങ്കിലും നയതന്ത്രരംഗത്തെ പ്രോട്ടോക്കോളിന്റെ പ്രാധാന്യം മനസ്സിലാക്കാൻ ജനങ്ങൾ താൽപര്യം കാട്ടിയിട്ടില്ല. പക്ഷേ, കേരളത്തിൽ നടന്ന സ്വർണക്കടത്തിനു ശേഷം ചർച്ചകളെല്ലാം പ്രോട്ടോക്കോളിനെപ്പറ്റിയാണ്. യുഎഇ കോൺസുലേറ്റിലെ ഒരു ഉദ്യോഗസ്ഥൻ പ്രോട്ടോക്കോളിന്റെ തണലിൽ കുറച്ചുകാലമായി സ്വർണക്കടത്തു നടത്തുകയായിരുന്നു എന്നാണ് ആരോപണം. എന്തൊക്കെയാണ് അദ്ദേഹത്തെ പരിരക്ഷിച്ചത് എന്നറിയാൻ ജനത്തിനു വലിയ താൽപര്യമുണ്ട്.

നയതന്ത്ര പ്രതിനിധികൾക്കു പരിരക്ഷണം നൽകുന്നത് അവർക്കു വിദേശരാജ്യങ്ങളിൽ ഭയമില്ലാതെ ജീവിക്കാനും ജോലി ചെയ്യാനുമുള്ള അവസരം ലഭിക്കാനാണ്. അല്ലാതെ, മറ്റു രാജ്യങ്ങളിലെ നിയമങ്ങൾ ധ്വംസിക്കാനല്ല. കുറ്റം ചെയ്യുന്നവർക്കു സംരക്ഷണമുണ്ടെങ്കിലും അതുപയോഗിച്ച് മനഃപൂർവം കുറ്റം ചെയ്യുന്നത് അനുവദനീയമല്ല.

ADVERTISEMENT

രണ്ടു പ്രധാന കരാറുകളാണ് നയതന്ത്ര പ്രതിനിധികളെ സംരക്ഷിക്കാനായി ലോകരാജ്യങ്ങൾ അംഗീകരിച്ചിട്ടുള്ളത്. ഒന്ന് ഡിപ്ലോമാറ്റിക് സ്റ്റാഫിനും മറ്റൊന്ന് കോൺസുലാർ സ്റ്റാഫിനും ബാധകമാണ്. എങ്കിലും അവ തമ്മിൽ വലിയ വ്യത്യാസമില്ല. ഏറ്റവും പ്രധാന വ്യത്യാസം – ഡിപ്ലോമാറ്റിക് സ്റ്റാഫിന് എല്ലാ കുറ്റങ്ങൾക്കും പരിരക്ഷ ലഭിക്കും; കോൺസുലാർ സ്റ്റാഫിന് കൃത്യനിർവഹണത്തിനിടെ സംഭവിക്കുന്ന കുറ്റങ്ങൾക്കു മാത്രമേ പരിരക്ഷ ലഭിക്കുകയുള്ളൂ. ഈ പരിരക്ഷയ്ക്കുള്ള അർഹത നിശ്ചയിക്കുന്നത് ആതിഥേയ രാജ്യം മാത്രമാണ്.

തിരുവനന്തപുരം സ്വർണക്കടത്തിന്റെ ഉത്തരവാദിയായി ആരോപിക്കപ്പെട്ടിരിക്കുന്നത് യുഎഇ കോൺസുലേറ്റിലെ ഷാർഷ് ദ് അഫയ്ർ ആണ്. അതിനു കാരണം, സ്വർണം വന്നത് അദ്ദേഹത്തിന്റെ പേരിലാണ് എന്നതാണ്. അദ്ദേഹത്തിന് ഇക്കാര്യത്തിൽ പരിരക്ഷ ഉണ്ടെന്നാണ് ഇന്ത്യയുടെ അഭിപ്രായം. അതിനാൽ അദ്ദേഹത്തെ ചോദ്യം ചെയ്യാനോ അറസ്റ്റ് ചെയ്യാനോ ശ്രമമുണ്ടായില്ല. എന്നാൽ, അദ്ദേഹത്തെക്കുറിച്ചുള്ള സംശയങ്ങൾ യുഎഇ അധികൃതരെ അറിയിച്ചതോടെയാണ് അദ്ദേഹത്തെ അവർ പിൻവലിച്ചത്. സാധാരണയായി എല്ലാ രാജ്യങ്ങളും ഇതുപോലുള്ള അവസരങ്ങളിൽ ഇങ്ങനെയാണു ചെയ്യുക. 

ADVERTISEMENT

അദ്ദേഹം പോയത് സ്വന്തം തീരുമാനത്തിലാണെന്നും അതിൽ ഇന്ത്യയ്ക്കു കാര്യമില്ലെന്നുമാണ് സങ്കൽപമെങ്കിലും നാട്ടിലെത്തുമ്പോൾ ആ രാജ്യത്തെ നിയമമനുസരിച്ചു വിസ്തരിക്കുമെന്നും ശിക്ഷിക്കുമെന്നുമാണ് പൊതുവായ പ്രതീക്ഷ. ആ സമയത്ത് ഇന്ത്യയെ ബാധിക്കുന്ന എന്തെങ്കിലും തെളിവുകൾ ലഭിച്ചാൽ അത് ഇന്ത്യയ്ക്കു കൈമാറുകയും ചെയ്യും. ഷാർഷ് ദ് അഫയ്റിനെ തിരിച്ചു പോകാൻ സമ്മതിച്ചതിനെപ്പറ്റിയുള്ള വിമർശനം ന്യായീകരിക്കാനാവില്ല. സുഹൃദ് രാജ്യങ്ങൾ തമ്മിൽ സാധാരണ പെരുമാറുന്ന രീതിയിലാണ് ഇക്കാര്യം കൈകാര്യം ചെയ്യപ്പെട്ടത്.

മറ്റൊരു വിവാദം ഡിപ്ലോമാറ്റിക് ബാഗിനെപ്പറ്റിയാണ്. രാജ്യാന്തര കരാറനുസരിച്ച് ഒരു ബാഗ് ഡിപ്ലോമാറ്റിക് ബാഗ് ആകുന്നത് അതിൽ അയയ്ക്കുന്ന രാജ്യത്തിന്റെ വിദേശകാര്യ മന്ത്രാലയം സീൽ വയ്ക്കുമ്പോൾ മാത്രമാണ്. യുഎഇ ഗവൺമെന്റ് ഇന്ത്യയെ അറിയിച്ചിരിക്കുന്നത് സ്വർണം കടത്തിയ ബാഗിൽ അവരുടെ സീൽ ഇല്ലായിരുന്നു എന്നാണ്. അതു നാം മുഖവിലയ്ക്കെടുക്കണം. സീൽ ഉണ്ടായിരുന്നെങ്കിൽത്തന്നെ അതു വ്യാജമാണെന്നാണ് അനുമാനിക്കേണ്ടത്. അതുകൊണ്ടാണ് സ്വർണം വന്ന ബാഗ് ഡിപ്ലോമാറ്റിക് അല്ല എന്ന് ഇന്ത്യ സമ്മതിച്ചത്. അങ്ങനെയെങ്കിൽ ബാഗ് സ്വീകരിക്കാൻ ഷാർഷ് ദ് അഫയ്ർ എത്തിയത് എന്തിനെന്ന ചോദ്യം നിലനിൽക്കുന്നു. കസ്റ്റംസ് വിളിച്ചതുകൊണ്ടാണു പോയത് എന്നായിരിക്കും അദ്ദേഹത്തിന്റെ മറുപടി. ഇവിടെയും ഇന്ത്യയുടെ നിലപാട് തികച്ചും ന്യായമായിരുന്നു.

ADVERTISEMENT

നയതന്ത്ര പ്രശ്നങ്ങൾ തൽക്കാലം പരിഹരിക്കപ്പെട്ടെങ്കിലും, സ്വർണം ഭീകരപ്രവർത്തനങ്ങൾക്ക് ഉപേയാഗിക്കാനായിരുന്നു എന്നു തെളിയിക്കപ്പെട്ടാൽ നമുക്ക് ഇക്കാര്യം ഇന്ത്യയും യുഎഇയും തമ്മിലുള്ള, ഭീകരപ്രവർത്തനത്തിനെതിരായ കരാറനുസരിച്ചു വീണ്ടും ഉന്നയിക്കാവുന്നതാണ്‌. അങ്ങനെയെങ്കിൽ 2 രാജ്യങ്ങളും സഹകരിക്കുമെന്നും കുറ്റക്കാരെ കണ്ടുപിടിക്കാനും ശിക്ഷിക്കാനുമുള്ള അവസരം ലഭിക്കുമെന്നും പ്രതീക്ഷിക്കാം.

മറ്റൊരു പ്രോട്ടോക്കോൾ പ്രശ്നം ഉന്നയിക്കപ്പെട്ടിരിക്കുന്നത് കോൺസുലേറ്റുകളും സംസ്ഥാനങ്ങളും തമ്മിലുള്ള ആശയവിനിമയത്തിന്റെ കാര്യത്തിലാണ്. നയതന്ത്രാലയങ്ങൾ വിദേശകാര്യ മന്ത്രാലയം വഴി മാത്രമേ, കേന്ദ്ര – സംസ്ഥാന സർക്കാരുകളുമായി ബന്ധപ്പെടാവൂ എന്നാണു നിയമം. അപ്രധാന നടപടികളെപ്പറ്റിയോ സാങ്കേതിക കാര്യങ്ങളെപ്പറ്റിയോ മാത്രമേ നേരിട്ടുള്ള ചർച്ചകൾ അനുവദിക്കുന്നുള്ളൂ. പക്ഷേ, ഈ നിർദേശം നൽകിയിരിക്കുന്നത് നയതന്ത്ര പ്രതിനിധികൾക്കാണ്. മന്ത്രിമാർക്ക് ഇക്കാര്യത്തിൽ നിർദേശങ്ങൾ നൽകിയിട്ടില്ലെങ്കിൽ അവരെ കുറ്റപ്പെടുത്താനാവില്ല. എന്നാലും, മന്ത്രിമാർ കോൺസുലേറ്റിലെ ഉദ്യോഗസ്ഥരുമായി നിരന്തരം ഇടപെടുന്നത് അനുവദനീയമല്ല. വിശേഷിച്ചും, ഇക്കാര്യങ്ങളിൽ ഏതെങ്കിലും പണമിടപാടുകൾ ഉണ്ടെങ്കിൽ കോൺസുലേറ്റ് പോകേണ്ടിയിരുന്നത് വിദേശകാര്യ മന്ത്രാലയത്തിൽ തന്നെയാണ്.

കോൺസുലേറ്റിനു സംസ്ഥാനങ്ങൾ നൽകുന്ന സൗജന്യങ്ങൾ വിദേശകാര്യ മന്ത്രാലയത്തിന്റെ അറിവോടും സമ്മതത്തോടും കൂടി മാത്രമാകണമെന്നു നിഷ്കർഷയുണ്ട്. ഈ സൗകര്യങ്ങൾ നമ്മുടെ ഓഫിസുകൾക്ക് അവരുടെ രാജ്യത്തു കിട്ടുന്ന സൗജന്യങ്ങൾക്കു തുല്യമായിരിക്കണം. ഈ നിയമം ലംഘിച്ചു കൊണ്ടാണ് കേരളം കോൺസുലേറ്റിനു പൊലീസ് സുരക്ഷ നൽകിയിരിക്കുന്നത്. യുഎഇയിൽ ഇങ്ങനെയുള്ള സൗകര്യങ്ങൾ നമ്മുടെ അംബാസഡർക്കു പോലും നൽകിയിട്ടില്ല.

ഇതുവരെ ഇന്ത്യ സ്വീകരിച്ച നിലപാടുകൾ ന്യായവും നിയമപരവുമായിരുന്നു. യുഎഇയുമായി നല്ല ബന്ധം തുടരാനും ഇവിടത്തെ കോൺസുലേറ്റ് തുടർന്നു പ്രവർത്തിക്കാനും എല്ലാവരും സഹകരിക്കണം. എന്നാൽ, കോൺസുലേറ്റ് നിയമവിരുദ്ധമായി പ്രവർത്തിക്കുകയാണെങ്കിൽ അതു ചൂണ്ടിക്കാട്ടാനും നടപടിയെടുക്കാനുമുള്ള ഉത്തരവാദിത്തം ഇന്ത്യയ്ക്കുണ്ടെന്നതും വിസ്മരിക്കരുത്.

(വിവിധ രാജ്യങ്ങളിൽ ഇന്ത്യയുടെ നയതന്ത്ര പ്രതിനിധിയായിരുന്നു ലേഖകൻ)