അഞ്ചു വർഷം മുൻപ് യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പു ഗോദയിൽ ഡോണൾഡ് ട്രംപ് രംഗപ്രവേശം ചെയ്യുമ്പോൾ ഒരു കോമാളിവേഷം എന്നാണു പലരും കരുതിയത്. ഒടുവിൽ ആ ‘ബിഗ് ബജറ്റ് ത്രില്ലർ സിനിമ’യുടെ നായകനായ | Donald Trump | Malayalam News | Manorama Online

അഞ്ചു വർഷം മുൻപ് യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പു ഗോദയിൽ ഡോണൾഡ് ട്രംപ് രംഗപ്രവേശം ചെയ്യുമ്പോൾ ഒരു കോമാളിവേഷം എന്നാണു പലരും കരുതിയത്. ഒടുവിൽ ആ ‘ബിഗ് ബജറ്റ് ത്രില്ലർ സിനിമ’യുടെ നായകനായ | Donald Trump | Malayalam News | Manorama Online

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അഞ്ചു വർഷം മുൻപ് യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പു ഗോദയിൽ ഡോണൾഡ് ട്രംപ് രംഗപ്രവേശം ചെയ്യുമ്പോൾ ഒരു കോമാളിവേഷം എന്നാണു പലരും കരുതിയത്. ഒടുവിൽ ആ ‘ബിഗ് ബജറ്റ് ത്രില്ലർ സിനിമ’യുടെ നായകനായ | Donald Trump | Malayalam News | Manorama Online

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അഞ്ചു വർഷം മുൻപ് യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പു ഗോദയിൽ ഡോണൾഡ് ട്രംപ് രംഗപ്രവേശം ചെയ്യുമ്പോൾ ഒരു കോമാളിവേഷം എന്നാണു പലരും കരുതിയത്. ഒടുവിൽ ആ ‘ബിഗ് ബജറ്റ് ത്രില്ലർ സിനിമ’യുടെ നായകനായ ട്രംപ്, അസാധ്യമെന്നു കരുതിയ വിജയം സ്വന്തമാക്കി. ഉത്തര കൊറിയൻ ഏകാധിപതി കിം ജോങ് ഉന്നുമായുള്ള ഉച്ചകോടികൾ മുതൽ ഇസ്രയേലും ഗൾഫ് രാജ്യങ്ങളുമായുള്ള സമാധാനക്കരാർ വരെ, പലതും ട്രംപ് പിന്നീടു യാഥാർഥ്യമാക്കി.

യുഎസിന്റെ മധ്യസ്ഥതയിൽ ഇസ്രയേലുമായി നയതന്ത്രബന്ധം സ്ഥാപിക്കാൻ യുഎഇക്കു പിന്നാലെ ബഹ്റൈനും തീരുമാനിച്ചു. ഒരു ഗൾഫ് രാജ്യവുമായുള്ള നയതന്ത്രബന്ധത്തിനായി ഇസ്രയേൽ കാത്തിരിക്കേണ്ടിവന്നത് 72 വർഷമാണ്. എന്നാൽ, രണ്ടാമത്തെ ഗൾഫ് രാജ്യം ഇതേ വഴി തിരഞ്ഞെടുക്കാൻ ഒരു മാസം വേണ്ടിവന്നില്ല. യുഎഇ – ഇസ്രയേൽ കരാർ പ്രഖ്യാപിച്ചപ്പോഴുള്ള അതേ പ്രതികരണം തന്നെയാണ് ബഹ്റൈൻ കരാറിനോടും പലസ്തീൻ നടത്തിയത് – ‘പലസ്തീൻ ജനതയെ പിന്നിൽനിന്നു കുത്തി’. ഇറാൻ, തുർക്കി എന്നീ രാജ്യങ്ങളും കരാറിനെ എതിർക്കുന്നു.

ADVERTISEMENT

യുഎഇ, ഈജിപ്ത്, ജോർദാൻ എന്നീ രാജ്യങ്ങൾ സ്വാഭാവികമായും സ്വാഗതം ചെയ്തു. ഗൾഫ് മേഖലയിൽനിന്ന് ഒമാൻ കൂടി സ്വാഗതം ചെയ്തത് അടുത്ത രാജ്യം ഏതെന്ന ചൂണ്ടുപലകയാകാം. യെമനിൽ ഭീകരരുടെ തടവിലായിരുന്ന മലയാളി വൈദികൻ ഫാ. ടോം ഉഴുന്നാലിലിനെ മോചിപ്പിച്ചതുൾപ്പെടെ പല സമാധാന ദൗത്യങ്ങളിലും നിർണായക മധ്യസ്ഥത വഹിച്ച രാജ്യമാണ് ഒമാൻ. 2018ൽ ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു ഒമാൻ സന്ദർശിക്കുകയും ചെയ്തിരുന്നു. 1994ൽ ഒമാൻ, ഖത്തർ എന്നീ രാജ്യങ്ങളുമായി ഇസ്രയേൽ അനൗദ്യോഗിക തലത്തിൽ വ്യാപാരബന്ധം സ്ഥാപിച്ചിരുന്നു. മസ്കത്തിലും ദോഹയിലും ആശയവിനിമയത്തിനുള്ള ഓഫിസുകളും സ്ഥാപിച്ചു. ഇവ അധികകാലം നീണ്ടുനിന്നില്ല. യിത്‌സാക് റബിൻ പ്രസിഡന്റായിരിക്കെ ഷിമോൺ പെരസ് ആയിരുന്നു ഇതിന്റെ ശിൽപി. അടുത്ത വർഷം റബിൻ കൊല്ലപ്പെട്ടു. ഇതേസമയം, സ്വതന്ത്രരാജ്യം എന്ന പലസ്തീൻ ജനതയുടെ അഭിലാഷം പൂവണിയും‌ വരെ ഇസ്രയേലുമായി കരാറിനില്ലെന്നാണ് ഒമാനും ഖത്തറും ഔദ്യോഗികമായി പ്രഖ്യാപിച്ചിരിക്കുന്നത്.

ജാറെദ് കഷ്നറും ഇവാൻക ട്രംപും.

ഇസ്രയേലുമായി നയതന്ത്രബന്ധം സ്ഥാപിച്ച ആദ്യ അറബ് രാജ്യം ഈജിപ്താണ് – 1979ൽ. 1994ൽ ജോർദാനും ഈ വഴി പിന്തുടർന്നു. അറബ് ലീഗിൽ അംഗമായ മൗറിത്താനിയ 1999ൽ ഇസ്രയേലുമായി നയതന്ത്രബന്ധം സ്ഥാപിച്ചിരുന്നെങ്കിലും 2010ൽ വിച്ഛേദിച്ചു. സൗദി അറേബ്യയുടെ ഭരണാധികാരിയായിരുന്ന അബ്ദുല്ല രാജാവ് കിരീടാവകാശിയായിരിക്കെ 2002ൽ ഒരു സമാധാനപദ്ധതി കൊണ്ടുവന്നിരുന്നെങ്കിലും വിജയിച്ചില്ല. 1967ലെ ആറുദിന യുദ്ധത്തിൽ പിടിച്ചെടുത്ത പ്രദേശങ്ങൾ അതതു രാജ്യങ്ങൾക്ക് ഇസ്രയേൽ വിട്ടുകൊടുക്കുക, പകരം ഇസ്രയേലിനെ അറബ് രാജ്യങ്ങൾ അംഗീകരിക്കുകയും നയതന്ത്രബന്ധം സ്ഥാപിക്കുകയും ചെയ്യുക എന്നതായിരുന്നു ‘അബ്ദുല്ല സമാധാന പദ്ധതി’.

ഇസ്രയേൽ – യുഎഇ സമാധാനക്കരാർ ഇന്നു വൈറ്റ് ഹൗസിൽ ഒപ്പിടുകയാണ്. ബഹ്റൈൻ കരാറും വൈകാതെ ഒപ്പിടും. ഇനി ഒമാൻ, ഖത്തർ തുടങ്ങിയ അഭ്യൂഹങ്ങളുണ്ടെങ്കിലും സുഡാൻ ആയിരിക്കാം മുന്നോട്ടുവരിക. ഈ നീക്കങ്ങൾക്കെല്ലാം പിന്നിലുള്ള മൗനസമ്മതം സൗദി അറേബ്യയുടേതാണ്. ഒരുപക്ഷേ, കരാറിൽ ഏറ്റവും അവസാനം ഒപ്പിടുന്നതും സൗദി ആയിരിക്കാം.

ട്രംപിന്റെ വെള്ളിത്തലമുടിയിൽ ഒരു പൊൻതൂവലും ഒന്നര മാസത്തിനപ്പുറം നടക്കുന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പിന് വലിയ ഊർജവുമാണ് ഈ സമാധാനക്കരാറുകൾ. എന്നാൽ, ഈ നീക്കത്തിലൂടെ രാജ്യാന്തര നയതന്ത്രരംഗത്തു മുദ്ര പതിപ്പിച്ചത് ട്രംപല്ല; മരുമകൻ ജാറെദ് കഷ്നർ ആണ്. ട്രംപിന്റെ മകൾ ഇവാൻകയുടെ ഭർത്താവ് എന്ന യോഗ്യതയിലാണ് മൂന്നര വർഷം മുൻപു പ്രസിഡന്റിന്റെ മുഖ്യ ഉപദേഷ്ടാവായി കഷ്നർ വൈറ്റ് ഹൗസിന്റെ പടികയറിയത്. ഇന്നു പക്ഷേ, പാടിപ്പുകഴ്ത്തപ്പെട്ട പലർക്കും സാധിക്കാത്ത വിജയം നേടിയ നയതന്ത്രവിദഗ്ധനാണ് കഷ്നർ എന്ന മുപ്പത്തൊൻപതുകാരൻ. 

ADVERTISEMENT

ജൂതവംശജൻ, സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരന്റെ ബിസിനസ് പങ്കാളി എന്നിവ അദ്ദേഹത്തിന്റെ നീക്കങ്ങൾ എളുപ്പമാക്കിയിരിക്കാം. നയതന്ത്രത്തിനു ബിസിനസ് എന്ന പുതിയ അർഥവും പലരും വായിച്ചെടുക്കുന്നുണ്ടാകാം. എന്നാൽ, ഈ കരാറുകളിലൂടെ യുഎസ് രാഷ്ട്രീയത്തിൽ തന്റെ ഇടം കൂടിയാണ് കഷ്നർ സ്വന്തമാക്കിയത്. ഈ വർഷം ട്രംപ് വീണ്ടും തിരഞ്ഞെടുക്കപ്പെട്ടാൽ വിദേശകാര്യ സെക്രട്ടറി പദത്തിൽ കഷ്നറെ കണ്ടേക്കാം.

കച്ചവടക്കണ്ണും അശാന്തിയും

വ്യാപാരതാൽപര്യങ്ങൾ നയതന്ത്രവിജയത്തിനുള്ള വഴിയാകുന്നതാണ് മധ്യപൂർവദേശത്തെ ഒരുവശത്തു കണ്ടതെങ്കിൽ മറുവശത്ത് ഇതു പുതിയ സംഘർഷങ്ങൾക്കു വഴിയൊരുക്കുന്ന കാഴ്ചയാണ്. മെഡിറ്ററേനിയൻ കടലിന്റെ കിഴക്കുഭാഗത്തു നടത്തുന്ന എണ്ണ, പ്രകൃതിവാതക പര്യവേക്ഷണങ്ങളുടെ പേരിൽ തുർക്കിയുമായി ഗ്രീസും സൈപ്രസും ഇടഞ്ഞിരിക്കുകയാണ്. മെഡിറ്ററേനിയൻ തീരത്തെ അയൽരാജ്യങ്ങളാണ് തുർക്കിയും ഗ്രീസും. മെഡിറ്ററേനിയൻ കടലിലെ ദ്വീപുരാജ്യമാണ് സൈപ്രസ്. കടലിൽ എണ്ണ, പ്രകൃതിവാതക നിക്ഷേപമുണ്ടെന്നു കരുതുന്ന മേഖലയ്ക്കുമേൽ മൂന്നു രാജ്യങ്ങളും അവകാശവാദം ഉന്നയിക്കുന്നുണ്ട്. യൂറോപ്യൻ യൂണിയൻ അംഗങ്ങളാണ് മൂന്നു രാജ്യങ്ങളും; ഗ്രീസും തുർക്കിയും പടിഞ്ഞാറൻ സൈനികസഖ്യമായ ‘നാറ്റോ’യിലും അംഗങ്ങളുമാണ്.

തുർക്കിയുടെ ഏറ്റവും വലിയ പ്രകൃതിവാതക ശേഖരം (32,000 കോടി ക്യുബിക് മീറ്റർ പ്രകൃതിവാതകം) കരിങ്കടലിൽ കണ്ടെത്തിയതായി കഴിഞ്ഞ മാസം പ്രസിഡന്റ് റസപ് തയ്യിബ് എർദൊഗാൻ പ്രഖ്യാപിച്ചിരുന്നു. ഇതിനൊപ്പം മെഡിറ്ററേനിയനിലും തുർക്കി പര്യവേക്ഷണം സജീവമാക്കിയതാണ് അയൽരാജ്യങ്ങളെ പ്രകോപിപ്പിച്ചത്. ഉപരോധം, ഏറ്റുമുട്ടൽ തുടങ്ങിയ സാധ്യതകളും സജീവചർച്ചയായി. മേഖലയിലേക്കു തുർക്കിയും ഗ്രീസും യുദ്ധക്കപ്പലുകൾ അയച്ചു. ഇതിനിടെ, 18 റഫാൽ യുദ്ധവിമാനങ്ങളും 4 യുദ്ധക്കപ്പലുകളും 4 ഹെലികോപ്റ്ററുകളും വാങ്ങാനുള്ള കരാർ ഫ്രാൻസുമായി ഗ്രീസ് ഒപ്പിട്ടു. ഒപ്പം, സൈന്യത്തിലേക്കു 15,000 പേരെ പുതുതായി റിക്രൂട്ട് ചെയ്യാനും തീരുമാനിച്ചു.

ADVERTISEMENT

അയൽക്കാരെങ്കിലും ശത്രുതയുടെ നൂറ്റാണ്ടുകൾ നീണ്ട ചരിത്രമാണ് ഗ്രീസിനും തുർക്കിക്കും ഉള്ളത്. ഒട്ടോമൻ സാമ്രാജ്യത്തിന്റെ ഭാഗമായിരുന്ന ഇരുരാജ്യങ്ങളും പലതവണ ഏറ്റുമുട്ടിയിട്ടുണ്ട്. ഇരു രാജ്യങ്ങൾക്കുമിടയിൽ കിഴക്കൻ മെഡിറ്ററേനിയൻ കടലിലുള്ള ദ്വീപുരാജ്യമായ സൈപ്രസ് 1960ൽ ബ്രിട്ടനിൽനിന്നു സ്വതന്ത്രമായപ്പോൾ അവിടെയും തുർക്കി – ഗ്രീസ് സംഘർഷം ഉടലെടുത്തു. ഇരുരാജ്യങ്ങളിലെ വംശജരും സൈപ്രസിലുണ്ടായിരുന്നു; അവർ പരസ്പരം വൈരത്തിലുമായിരുന്നു. സൈപ്രസിന്റെ വലിയൊരു ഭാഗം 1983ൽ തുർക്കി പിടിച്ചെടുക്കുകയും ചെയ്തു. ഇസ്തംബുളിലെ ചരിത്രപ്രധാനമായ ഹാഗിയ സോഫിയ മുസ്‌ലിം പള്ളിയാക്കാനുള്ള തുർക്കിയുടെ തീരുമാനവും ഇരുരാജ്യങ്ങളെയും വീണ്ടും അകറ്റി. ഏതായാലും, മെഡിറ്ററേനിയൻ കടലിൽ പര്യവേക്ഷണം നടത്തിക്കൊണ്ടിരുന്ന തുർക്കി കപ്പൽ ഇന്നലെ മടങ്ങിയത് സംഘർഷം ലഘൂകരിച്ചിട്ടുണ്ട്.

ആബെ ഷിൻസോ, യോഷിഹിദെ സുഗ

‘ആബെനോമിക്സി’ൽനിന്നു സ്ട്രോബറിയിലേക്ക്

കർഷകന്റെ മകനായി ജനിച്ച, കോളജ് പഠനകാലത്തു പണം കണ്ടെത്താൻ കാർഡ്ബോർഡ് ഫാക്ടറിയിൽ ജോലി ചെയ്ത, സമൂഹത്തിന്റെ താഴെത്തട്ടിൽ നിന്നുള്ള ഒരാൾ ജപ്പാന്റെ പ്രധാനമന്ത്രിക്കസേരയിൽ എത്തുമ്പോൾ...

ജപ്പാന്റെ പുതിയ പ്രധാനമന്ത്രിയാകുന്ന യോഷിഹിദെ സുഗയ്ക്ക് 71 വയസ്സായി. ഇതേ പ്രായമുള്ള മലയാളി എന്തുമാത്രം നാട്ടുമാങ്ങ കഴിച്ചാണോ വളർന്നിരിക്കുക, അതിനെക്കാളേറെ സ്ട്രോബറി കഴിച്ചിട്ടുണ്ടാകും സുഗ എന്ന കുട്ടി. ടോക്കിയോയിൽനിന്നു 480 കിലോമീറ്റർ അകലെ യുസാവയിലാണു സുഗ ജനിച്ചത്. നെൽപാടങ്ങളുടെ നാടായ ഇവിടെ തണുപ്പുകാലത്ത് രണ്ടു മീറ്ററോളം മഞ്ഞുവീഴ്ചയുണ്ടാകും. ഈ സമയത്ത് മുതിർന്നവർ ടോക്കിയോയിലേക്കു പോയാണ് ദൈനംദിന ജോലിയും പണവും കണ്ടെത്തിയിരുന്നത്. സുഗയുടെ അച്ഛൻ വസാബുറോ നാട്ടിൽ സ്ട്രോബറിക്കൃഷി സജീവമാക്കിയതോടെ ഈ ദുരിതത്തിനു വിരാമമായി. അച്ഛന്റെ ഈ സംരംഭകത്വ മികവാണ് മകനു ലഭിച്ചതെന്നു നാട്ടുകാർ പറയും. 

ഏറ്റവുമധികം കാലം ജപ്പാൻ ഭരിച്ച പ്രധാനമന്ത്രി, ഏറ്റവുമധികം തുടർച്ചയായി അധികാരത്തിലിരുന്ന പ്രധാനമന്ത്രി, രാജ്യാന്തര രാഷ്ട്രീയത്തിലും സമ്പദ്മേഖലയിലും ജപ്പാന്റെ സ്ഥാനം അരക്കിട്ടുറപ്പിച്ച നായകൻ തുടങ്ങിയ വിശേഷണങ്ങളോടെയാണ് ആബെ ഷിൻസോ (തന്റെ പേര് ഷിൻസോ ആബെ എന്നല്ല, ആബെ ഷിൻസോ എന്നാണ് എഴുതേണ്ടതെന്ന് അദ്ദേഹം വ്യക്തമാക്കിയിരുന്നതാണ്) പടിയിറങ്ങുന്നത്. ആബെയുടെ വിശ്വസ്തനും വക്താവും ചീഫ് കാബിനറ്റ് സെക്രട്ടറിയുമായ സുഗയെ ഭരണകക്ഷിയായ ലിബറൽ ഡമോക്രാറ്റിക് പാർട്ടി (എൽഡിപി) പിൻഗാമിയായി തിരഞ്ഞെടുത്തതു സ്വാഭാവികം. 

ആബെ കെട്ടിപ്പടുത്തതെല്ലാം വീണ്ടും ആവർത്തിക്കേണ്ട സ്ഥിതിയാണു സുഗയ്ക്ക്. അലസതയിലായിരുന്ന സമ്പദ്‌വ്യവസ്ഥയെ ആബെ സജീവമാക്കിയെങ്കിലും കോവിഡ് പശ്ചാത്തലത്തിൽ അതു വീണ്ടും കൂപ്പുകുത്തുകയാണ്. യുദ്ധവിരുദ്ധ തത്വത്തിലൂന്നിയുള്ള ജപ്പാൻ ഭരണഘടനയിൽ സൈന്യത്തിനു മുഖ്യസ്ഥാനം നൽകാനുള്ള ഭേദഗതിക്ക് ആബെ ശ്രമിച്ചിരുന്നെങ്കിലും ഫലപ്രാപ്തിയിലെത്തിയിരുന്നില്ല. ചൈന ഉയർത്തുന്ന സാമ്പത്തിക, സൈനിക, രാഷ്ട്രീയ വെല്ലുവിളികൾ ചെറുതൊന്നുമല്ല.   

ആബെയുടെ സാമ്പത്തികനയം ‘ആബെനോമിക്സ്’ എന്നാണ് അറിയപ്പെട്ടിരുന്നത്. ഇതുതന്നെ തുടരുമെന്നാണ് സുഗ വ്യക്തമാക്കിയത്. എങ്കിലും ഇരുവരുടെയും ജീവിതപശ്ചാത്തലങ്ങളുടെയും അനുഭവങ്ങളുടെയും വ്യതിരിക്തത നയങ്ങളിലും പ്രകടമാകാം. അഭിജാതകുടുംബങ്ങളിൽനിന്നുള്ളവർ അധികാരത്തിലെത്തുക എന്ന രീതി ആബെയുടെ രാഷ്ട്രീയജീവിതത്തിലും ഉണ്ടായിരുന്നു. ആബെയുടെ മുത്തച്ഛൻ നൊബുസ്കെ കിഷിയും ജപ്പാൻ പ്രധാനമന്ത്രിയായിരുന്നു. എന്നാൽ, കർഷകന്റെ മകനായി ജനിച്ച്, ഏറ്റവും താഴെത്തട്ടിൽ ജീവിച്ച്, കോളജ് പഠനകാലത്തു പണം കണ്ടെത്താൻ കാർഡ്ബോർഡ് ഫാക്ടറിയിൽ ജോലി ചെയ്താണു സുഗ വളർന്നത്. യോകൊഹോമയിൽനിന്നുള്ള ജനപ്രതിനിധിയുടെ സെക്രട്ടറിയായി പ്രവർത്തിച്ച ശേഷം സിറ്റി അസംബ്ലിയിൽ അംഗമായി. അങ്ങനെ ഓരോ പടിയും ചവിട്ടിക്കയറിയാണു സുഗ വളർന്നത്. 

2006ൽ ആദ്യ ആബെ മന്ത്രിസഭയിൽ അംഗമായപ്പോൾ സുഗ മുന്നോട്ടുവച്ച ‘ഹോംടൗൺ’ നികുതി നിർദേശത്തിലും ഈ വ്യക്തിമുദ്രയുണ്ട്. ജനിച്ചുവളർന്ന ഗ്രാമമേഖലയിൽത്തന്നെ നികുതി അടയ്ക്കുന്നവർക്ക് ഇളവും അവശ്യവസ്തുക്കൾ വിലക്കുറവിൽ നൽകുമെന്നും വാഗ്ദാനം ചെയ്യുന്ന ഈ നിർദേശം ജപ്പാനിൽ ‘മരിച്ചുകൊണ്ടിരിക്കുന്ന’ ഗ്രാമങ്ങളെ പുനരുജ്ജീവിപ്പിക്കാനുള്ള പദ്ധതിയായി വിലയിരുത്തപ്പെടുന്നു. 

ആബെയ്ക്കു കീഴിൽ രണ്ടാമനായിരുന്നെങ്കിലും തിരശീലയ്ക്കു പിന്നിൽ നിൽക്കാനാണു സുഗ എന്നും ശ്രമിച്ചത്. കഴിഞ്ഞ വർഷം അകിഹിതോ ചക്രവർത്തി സ്ഥാനമൊഴിയുകയും മകൻ നാറുഹിതോ പുതിയ ചക്രവർത്തിയാകുകയും ചെയ്ത ചടങ്ങിലാണ് സുഗയുടെ പ്രാധാന്യം ലോകശ്രദ്ധ നേടിയത്. പുതിയ ചക്രവർത്തിയുടെ കാലഘട്ടം ‘റെയ്‌വ’ എന്നു നാമകരണം ചെയ്യുന്നതിനു തിരഞ്ഞെടുക്കപ്പെട്ടത് സുഗയായിരുന്നു. ഇതോടെ ‘റെയ്‌വ അങ്കിൾ’ എന്നു വിളിപ്പേരുവന്ന യോഷിഹിദെ സുഗ നാളെ പാർലമെന്റിന്റെ അംഗീകാരം നേടുന്നതോടെ ജപ്പാന്റെ 63–ാം പ്രധാനമന്ത്രിയാകുന്നു. നാറുഹിതോയുടെ മാത്രമല്ല, സുഗയുടെയും കാലമാണ് ‘റെയ്‌വ’.