എഴുത്തുമേശയിൽ കാലത്തെ അഭിമുഖീകരിച്ച് എഴുതുമ്പോൾ കവിത്വം അനശ്വരമാകുന്നു. വരുംനൂറ്റാണ്ടുകളെക്കൂടി വായനയ്ക്കായി ക്ഷണിക്കുന്ന ‘ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസം’ എഴുതിയ വിരലുകളാണ് ഇന്നലെ നിശ്ചലമായത്. അനശ്വരതയുടെ | Editorial | Malayalam News | Manorama Online

എഴുത്തുമേശയിൽ കാലത്തെ അഭിമുഖീകരിച്ച് എഴുതുമ്പോൾ കവിത്വം അനശ്വരമാകുന്നു. വരുംനൂറ്റാണ്ടുകളെക്കൂടി വായനയ്ക്കായി ക്ഷണിക്കുന്ന ‘ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസം’ എഴുതിയ വിരലുകളാണ് ഇന്നലെ നിശ്ചലമായത്. അനശ്വരതയുടെ | Editorial | Malayalam News | Manorama Online

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

എഴുത്തുമേശയിൽ കാലത്തെ അഭിമുഖീകരിച്ച് എഴുതുമ്പോൾ കവിത്വം അനശ്വരമാകുന്നു. വരുംനൂറ്റാണ്ടുകളെക്കൂടി വായനയ്ക്കായി ക്ഷണിക്കുന്ന ‘ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസം’ എഴുതിയ വിരലുകളാണ് ഇന്നലെ നിശ്ചലമായത്. അനശ്വരതയുടെ | Editorial | Malayalam News | Manorama Online

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

എഴുത്തുമേശയിൽ കാലത്തെ അഭിമുഖീകരിച്ച് എഴുതുമ്പോൾ കവിത്വം അനശ്വരമാകുന്നു. വരുംനൂറ്റാണ്ടുകളെക്കൂടി വായനയ്ക്കായി ക്ഷണിക്കുന്ന ‘ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസം’ എഴുതിയ വിരലുകളാണ് ഇന്നലെ നിശ്ചലമായത്. അനശ്വരതയുടെ മുദ്രകൾ ശേഷിപ്പിച്ചും കാവ്യജന്മത്തിന്റെ പൂർണശോഭയറിയിച്ചും മലയാളത്തെ മഹിതമാക്കിയാണു മഹാകവി അക്കിത്തത്തിന്റെ മടക്കം.

അലയൊതുക്കിയ ശാന്തസമുദ്രമായിരുന്നു അക്കിത്തത്തിന്റെ കവിത. ലളിതമെങ്കിലും അതിന് അത്രമേൽ ആഴമേറി. നിരാർഭാടമെങ്കിലും ശബ്ദഘോഷങ്ങളില്ലെങ്കിലും ഭാഷ സർവചൈതന്യത്തോടെ അതിൽ പ്രകാശിച്ചു. ജീവിതത്തിന്റെ, മരണത്തിന്റെ, സ്നേഹത്തിന്റെ, കരുതലിന്റെ, മാനവികതയുടെ, കരച്ചിലിന്റെ, ഏകാന്തതയുടെയൊക്കെ അപാരമായ ആ കാവ്യദർശനം അക്കിത്തത്തെ അമരനാക്കുന്നു. ‘വെളിച്ചം ദുഃഖമാണുണ്ണീ, തമസ്സല്ലോ സുഖപ്രദം’ എന്ന രണ്ടു വരിയിൽ മലയാള കവിത ഇതുവരെ നേടിയ കാവ്യപ്രഭയുടെ വെളിച്ചം കാണിക്കാൻ അതുകൊണ്ടുതന്നെയാണ് അദ്ദേഹത്തിനു സാധിച്ചതും.

ADVERTISEMENT

ഏഴര വയസ്സിൽ, അമ്പലച്ചുമരിൽ ജീവിതത്തിലാദ്യത്തെ നാലുവരിക്കവിത കോറിയിട്ടുതുടങ്ങിയ കാവ്യജീവിതത്തിനാണ് ഇന്നലെ, തൊണ്ണൂറ്റിനാലാം വയസ്സിൽ, ഒരു മഹാകവിത എഴുതിത്തീരുംപോലെ അവസാനമായത്. കുട്ടിക്കാലത്തു കൈവിരലിൽതൊട്ട കവിത ഏറെ ഉയരങ്ങളിലേക്കും അംഗീകാരങ്ങളിലേക്കും അദ്ദേഹത്തെ കൊണ്ടുപോകുകയും ചെയ്തു. വൈകിയെന്ന കുറവുതീർത്ത്, രാജ്യത്തെ പരമോന്നത സാഹിത്യ പുരസ്കാരമായ ജ്ഞാനപീഠം അക്കിത്തത്തെ തേടി കുമരനല്ലൂരിലെ ‘ദേവായന’ത്തിന്റെ പൂമുഖത്തെത്തി ആഴ്ചകൾക്കുള്ളിലാണ് ഈ അന്ത്യയാത്ര. അനന്യമായ ആഴവും പരപ്പും കാലദേശാതിവർത്തിയായ മാനവികതയും സൗമ്യദീപ്തമായ ലാളിത്യവുമാണ് അക്കിത്തക്കവിതകളെ ഭാഷയുടെ നിധിശേഖരത്തിൽ എന്നും കാത്തുവയ്ക്കാൻ മൂല്യവത്താക്കുന്നത്.

പൊന്നാനിക്കളരിയുടെ അടയാളംതന്നെയായ മനുഷ്യസങ്കീർത്തനം നിള പോലെ അദ്ദേഹത്തിന്റെ കവിതകളിലൂടെ ഒഴുകുന്നു. കണ്ണീരിന്റെ ഇതിഹാസകാരനായിരുന്നു അദ്ദേഹം. അതുകൊണ്ടുതന്നെ, മനുഷ്യജീവിതത്തിൽ എവിടെക്കുഴിച്ചാലാണു കണ്ണീരു കിട്ടുകയെന്നു പഠിപ്പിച്ച ഇടശ്ശേരിയെ അദ്ദേഹം എപ്പോഴും ഓർമിച്ചു. മനുഷ്യഹൃദയത്തിലേക്കു നേ‍ാക്കാത്ത കവിത വെറും പടപ്പാട്ടാണെന്ന് അക്കിത്തം പറയാറുണ്ട്. ദുഃഖിതരോട് ഐക്യപ്പെടുന്ന അക്ഷരങ്ങളാണ് അദ്ദേഹമെഴുതിയത്.

ADVERTISEMENT

‘ഒരു കണ്ണീർക്കണം മറ്റു-

ള്ളവർക്കായ് ഞാൻ പൊഴിക്കവെ

ADVERTISEMENT

ഉദിക്കയാണെന്നാത്മാവി-

ലായിരം സൗരമണ്ഡലം’.

‘ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസ’ത്തിൽ അദ്ദേഹം ഇങ്ങനെ എഴുതിയതിലുള്ളതോളം ദർശനദീപ്തമായ വരികൾ നമ്മുടെ ഭാഷയിൽത്തന്നെ അധികമുണ്ടായിട്ടില്ല; കണ്ണീർക്കണത്തിന്റെ അമൂല്യത ഒരു കാവ്യവും ഇങ്ങനെ അറിയിച്ചിട്ടുമില്ല.

‘ഈ യുഗത്തിന്റെ പൊട്ടിക്കരച്ചിലെൻ വായിൽനിന്നു നീ കേട്ടുവെന്നോ സഖീ’ എന്നെഴുതാൻ കാലാതീതമായ വിലാപം കേൾക്കാനായൊരു കവിക്കു മാത്രമേ സാധിക്കൂ. ഒരിക്കൽ വിശപ്പാണ് തന്നെക്കൊണ്ടു കവിതയെഴുതിച്ചതെന്ന് അക്കിത്തം പറഞ്ഞിട്ടുണ്ട്. യാതനകൾ നിഴലായി കൂടെയുണ്ടായിരുന്ന ‌ആ കാലത്തും ഒപ്പമുണ്ടായി, കവിത. ഏകാന്തതയിൽ വളർന്ന തനിക്ക് അപകർഷബേ‍ാധമാണ് കൂട്ടുണ്ടായിരുന്നതെന്നും അന്നേരങ്ങളിൽ പലപ്പോഴും തേങ്ങിക്കരഞ്ഞിട്ടുണ്ടെന്നും ആ അനുഭവങ്ങളാണ് തന്റെ കവിതയുടെ ഉറവയെന്നും അദ്ദേഹം ഓർമിച്ചു.

വിനയവും ലാളിത്യവും സൗമ്യവുമായിരുന്നു അക്കിത്തത്തിന്റെ വ്യക്തിത്വം. ഋഷിതുല്യമായൊരു നിർമമത അദ്ദേഹത്തോടൊപ്പം എന്നുമുണ്ടായി. ‘ഇദം ന മമ’ (ഇത് എന്റെയല്ല) എന്ന വേദമന്ത്രം പോലെ, ഇതൊന്നും എന്റേതല്ല എന്നു പറയുന്നൊരു മനസ്സ് അക്കിത്തം കാത്തുസൂക്ഷിക്കുകയും ചെയ്തു. അതുകൊണ്ടുതന്നെയാണ്, ‘എന്റെയല്ലെന്റെയല്ലിക്കൊമ്പനാനകൾ, എന്റെയല്ലീ മഹാക്ഷേത്രവും, മക്കളേ’ എന്ന് എഴുതാനായതും. ആരവങ്ങൾക്കും ആർഭാടങ്ങൾക്കുമിടയിൽ, വേറിട്ടുനിന്നൊരു കാവ്യസംസ്കാരത്തിന്റെ പേരുകൂടിയാണല്ലോ അക്കിത്തം.

മലയാളത്തിൽ മഹാകവികളെന്നു വിശേഷിപ്പിക്കപ്പെട്ടവരുടെ പരമ്പരയിൽ ഒടുവിലത്തെയാളാണു യാത്രയായിരിക്കുന്നത്. എന്നും മലയാള മനോരമയുടെ ഹൃദയബന്ധുവായിരുന്ന അക്കിത്തത്തിന് ഞങ്ങളുടെ ആദരാഞ്ജലി.