ദേശീയോദ്ഗ്രഥനവും റേഷൻ കടകളും, കാട്ടിലെ തടിയും തേവരുടെ ആനയും, മദ്യനിരോധനം ഇന്നലെ, ഇന്ന്, നാളെ തുടങ്ങിയ വിഷയങ്ങളെപ്പറ്റി സ്കൂളിലും കോളജിലുമൊക്കെ പ്രസംഗിക്കുകയോ ഉപന്യാസമെഴുതുകയോ ചെയ്യുന്നവരാണു പിൽക്കാലത്ത് രാഷ്ട്രപുനർനിർമാണം കരാറെടുത്തു നടപ്പാക്കുന്നതെന്നു നമുക്കറിയാം. 

ഉപന്യാസ മത്സരങ്ങളിൽ പങ്കെടുത്തു സമ്മാനം വാങ്ങുന്നത് അത്ര ചെറിയ കാര്യമല്ലെന്ന് ഈ രാജ്യത്ത് അഴിമതി തുടച്ചുനീക്കുന്ന അത്യുന്നത സംവിധാനമായ കേന്ദ്ര വിജിലൻസ് കമ്മിഷനുപോലും ഇപ്പോൾ ബോധ്യമുണ്ട്.

നിലവിലുള്ള സിവിസി അഥവാ സെൻട്രൽ വിജിലൻസ് കമ്മിഷണർ, അഴിമതി തുടച്ചുനീക്കി ക്ഷീണിച്ച് ഈ മാസം പടിയിറങ്ങുകയാണ്. സ്വാഭാവികമായും തുടർജോലികൾ‍ക്കു നേതൃത്വം വഹിക്കാൻ പുതിയൊരു സിവിസിയെ നിയമിക്കും. അതിനായി കേന്ദ്ര സർക്കാർ അപേക്ഷ ക്ഷണിച്ചിരിക്കുകയാണ്. വെറുതെ ഒരാളുടെ മുഖലക്ഷണം നോക്കി, കൊള്ളാം, മുഖത്തൊരു അഴിമതിവിരുദ്ധ ലക്ഷണമുണ്ട് എന്നു തീരുമാനിച്ച് ഒരാളെ നിയമിക്കുകയല്ല സർക്കാർ ചെയ്യുന്നത്. സിവിസി തസ്തികയിലേക്കു പരിഗണിക്കപ്പെടാൻ ആഗ്രഹിക്കുന്നവർ ഒരു ഉപന്യാസമെഴുതി അയയ്ക്കണം. ‘ഞാൻ സിവിസി ആയാൽ’ എന്നതാണ് ഉപന്യാസ വിഷയം; എന്നെ എന്തുകൊണ്ട് സിവിസിയാക്കണം എന്ന മട്ടിലാണ് എഴുതേണ്ടത്. രാജ്യസ്നേഹത്തെപ്പറ്റിയുള്ള ഉപന്യാസങ്ങളിൽ പതിവായി കാണാറുള്ള ഒരു വാക്യം, എന്റെ രാജ്യത്തിനുവേണ്ടി ജീവത്യാഗം ചെയ്യാൻ ഞാൻ ഒരുക്കമാണ് എന്നാണ്. അഴിമതിക്കെതിരായ പോരാട്ടത്തിൽ ജീവത്യാഗം ചെയ്യാൻ പോലും തയാർ എന്നതു സിവിസി ഉപന്യാസത്തിനു പറ്റിയ ഒരു തുടക്കമാണ്; അതു വേണ്ടിവരില്ല എന്നതിനാൽ വിശേഷിച്ചും. 

സ്കൂളിലും കോളജിലുമൊക്കെ പഠിക്കുമ്പോൾ ഉപന്യാസ മത്സരങ്ങൾക്കു സമ്മാനം നേടിയതിന്റെ സർട്ടിഫിക്കറ്റുകൾ ഒപ്പം വയ്ക്കാൻ നിർദേശിച്ചിട്ടില്ലെങ്കിലും വയ്ക്കുന്നതു നല്ലതാണ്. ഉപന്യാസരചന ഇന്നോ ഇന്നലെയോ തുടങ്ങിയതല്ലെന്നു സർക്കാർ അറിയട്ടെ. ഉപന്യാസങ്ങളെല്ലാം വായിച്ചതിനുശേഷം, അഥവാ ചവറ്റുകൊട്ടയിലിട്ടശേഷം, സർക്കാരിന് ഇഷ്ടമുള്ളയാളെ സിവിസിയായി നിയമിക്കാൻ ഒരു തടസ്സവുമില്ല. അതിനുള്ള ന്യായങ്ങൾ ഒരിക്കലും ഉപന്യാസമായി എഴുതേണ്ടിവരികയുമില്ല.