ആശ്രമവാസിയായ യുവാവ് മഠാധിപനോടു പറഞ്ഞു: എന്റെ മുറിയിൽ താമസിക്കുന്നയാളെ ആശ്രമത്തിൽ നിന്നു പുറത്താക്കണം. അയാൾ രാത്രി ആരും കാണാതെ പുകവലിക്കുന്നുണ്ട്. മുറിയിലാകെ പുകയുടെ ദുർഗന്ധമാണ്. മഠാധിപൻ പറഞ്ഞു: ഞാൻ അയാളെ മാറ്റിത്തരാം; നിങ്ങൾക്കുവേണ്ടിയല്ല, അയാൾക്കുവേണ്ടി. പുകവലിയുടെ ദൂഷ്യം എനിക്കറിയാം. അതിനെക്കാൾ വലിയ മലിനീകരണമാണ് നിങ്ങൾ നടത്തുന്നത്. ഒരാഴ്ചയ്ക്കിടെ അഞ്ചാമത്തെയാളുടെ കുറ്റവുമായാണു നിങ്ങൾ എന്റെയടുത്തു വരുന്നത്. നിങ്ങൾ ആശ്രമം വിടുന്നതിൽ എനിക്കൊരു പരാതിയുമില്ല. 

സംസാരവിഷയം പരദൂഷണമല്ലെങ്കിൽ നിശ്ശബ്ദരാകുന്ന ആളുകളുണ്ട്. വേറൊന്നും അവർക്കു വിഷയമല്ല, മറ്റൊന്നിനെക്കുറിച്ചും അവർക്കറിയില്ല. പൊതുവിജ്ഞാനം എന്നത് ഒരു പ്രദേശത്തെ മുഴുവൻ ആളുകളെക്കുറിച്ചുമുള്ള അപവാദശേഖരണമാണ് എന്നാണ് ഇക്കൂട്ടരുടെ ധാരണ. അന്തരീക്ഷ മലിനീകരണത്തെക്കാൾ ഗുരുതരമാണു മനസ്സിന്റെ മലിനത. മലീമസമായ മനസ്സാണു പരിസരം മലിനമാകുന്നതിന്റെ പോലും അടിസ്ഥാനകാരണം.

ഒരാളെക്കുറിച്ചും ഒരു നന്മപോലും കണ്ടെത്താൻ കഴിയാതെ വരുന്നതും എല്ലാവരെക്കുറിച്ചുമുള്ള അശുഭകരമായ വാർത്തകൾ മാത്രം ശ്രദ്ധയിൽപ്പെടുന്നതും കണ്ണിന്റെ പ്രശ്നമല്ല; മനസ്സിന്റെ വൈകൃതമാണ്. ഗുണങ്ങൾ കണ്ടെത്തി പരസ്യമായി വാഴ്ത്തുന്നതും പോരായ്മകൾ കണ്ടെത്തി രഹസ്യമായി തിരുത്തുന്നതുമാണു സഹജീവിധർമം. കാഴ്ചയും കേൾവിയും പൂർണമോ നിഷ്പക്ഷമോ അല്ല. സ്വകാര്യ വീക്ഷണകോണുകളുടെ അരിപ്പയിലൂടെ കടന്നാണ് ഓരോ സംഭവവും പ്രചരിക്കുന്നത്. അതുകൊണ്ടാണ് ഒരു പ്രശ്നത്തിന്റെ അനേകായിരം അപവാദ പതിപ്പുകൾ ഇറങ്ങുന്നത്. ആർക്കാണു കുറവുകളില്ലാത്തത്. വേറൊരാൾക്കു സ്വഭാവ സർട്ടിഫിക്കറ്റ് നൽകാൻമാത്രം വ്യക്തിവൈശിഷ്ട്യം എത്രപേർക്കുണ്ടാകും. 

അപരന്റെ കുറ്റങ്ങളുമായി ആളുകൾ എന്റെയടുത്തു വരുന്നുണ്ടെങ്കിൽ അത് അവരുടെ മാത്രം പ്രശ്നമല്ല; എന്റെ ബലഹീനത കൂടിയാണ്. എനിക്ക് അപവാദങ്ങൾ കേൾക്കാൻ ഇഷ്ടമാണ്, എന്റേതായ രീതിയിൽ ഞാനും ചിലതു കൂട്ടിച്ചേർക്കും, എന്നിലൂടെ അത് അടുത്തയാളിലേക്കും കൈമാറ്റം ചെയ്യപ്പെടും. അതുകൊണ്ടാണ് ഒരു കിംവദന്തിയും വഴിതെറ്റാതെ എന്നിൽത്തന്നെ എത്തിച്ചേരുന്നത്. പരദൂഷണം പറയാനൊരുങ്ങുന്നവരോട് എനിക്കതു കേൾക്കാൻ താൽപര്യമില്ല എന്നു പ്രതികരിക്കാൻ ശേഷിയുണ്ടെങ്കിൽ ആരും ദുഷ്പ്രചാരകരുടെ അഭയകേന്ദ്രങ്ങളാകില്ല.

അപവാദനിർമാതാക്കളും മൊത്തവിതരണക്കാരും കൂടി ഒരു സദ്ഗുണപ്രചാരണ ശൃംഖല തുടങ്ങിയിരുന്നെങ്കിൽ ആളുകളുടെ ആയുസ്സ് വർധിച്ചേനേ. ചെയ്ത തെറ്റുകൾ തിരുത്തുന്നതിനെക്കാൾ ബുദ്ധിമുട്ടാണ് പ്രചരിക്കപ്പെട്ട തെറ്റുകൾ തിരുത്താൻ. ആരിലെത്തുമ്പോഴാണോ ഒരപവാദം അവസാനിക്കുന്നത് അയാളെ മഹാത്മാവ് എന്നു വിളിക്കാം. 

Content Highlight: Subhadinam