∙ സക്കറിയ: ഡിജിറ്റൽ മാധ്യമങ്ങളുടെ മേൽക്കൈ സൃഷ്ടിക്കുന്നതു മാരക വിപത്തുകളാണ്. ആസൂത്രിതമായി വർഗീയവിഷം നിറച്ച പ്രചാരണങ്ങളും പ്രതികരണങ്ങളും അതിൽ നിറയുന്നു. മലയാളികളുടെ ഈ കൊച്ചുദ്വീപിനെ എന്നന്നേക്കുമായി തകർക്കാൻ വർഗീയ വിഷജീവികൾ സോഷ്യൽ മീഡിയയിൽ നിരന്തര പരിശ്രമം നടത്തുകയാണ്. അതിനിരയാകാൻ തയാറായി നിൽക്കുന്ന മൂഢരായ വ്യക്തികളും ധാരാളം. 

∙ കെ.എൻ.പണിക്കർ: ജെഎൻയു ഒരു മാർക്സിസ്റ്റ് സർവകലാശാല ആണെന്നും അവിടത്തെ അധ്യാപകരും വിദ്യാർഥികളുമെല്ലാം മാർക്സിസ്റ്റുകാരാണെന്നുമാണു പൊതുവേ കരുതപ്പെട്ടിരുന്നത്. പക്ഷേ, സത്യം അതിൽ നിന്നു വളരെ അകലെയായിരുന്നു. ബഹുഭൂരിപക്ഷം അധ്യാപകരും വിദ്യാർഥികളും ഉദാര–ഇടതുപക്ഷ വീക്ഷണമുള്ളവരായിരുന്നു. അവരിൽ വളരെ കുറച്ചുപേർ മാത്രമാണു രാഷ്ട്രീയമായും പ്രത്യയശാസ്ത്രപരമായും മാർക്സിസ്റ്റുകളായിരുന്നത്.

∙ ടി. പത്മനാഭൻ: ഇന്നു ജീവിച്ചിരിക്കുന്ന, പ്രായമേറിയ ചുരുക്കം ചില കോൺഗ്രസുകാരിൽ ഒരാളാണു ഞാൻ. കോൺഗ്രസ് നേതാവ് താരിഖ് അൻവർ കേരളത്തിൽ വന്നപ്പോൾ സന്ദർശിച്ച ഏക സാഹിത്യകാരൻ ഞാനായിരുന്നു. പക്ഷേ, കോൺഗ്രസിൽ മെംബർഷിപ്പൊന്നുമില്ല. ഗാന്ധിജിക്കും മെംബർഷിപ്പുണ്ടായിരുന്നില്ലല്ലോ. 

∙ എം. മുകുന്ദൻ: വളരെ ഭ്രമകൽപനകളുള്ള ഭാഷ എനിക്കുണ്ടായതു ഡൽഹിയിൽ ഞാൻ കണ്ടിട്ടുള്ള കാഴ്ചകളിലൂടെയാണ്. ഒരു എഴുത്തുകാരൻ കാണുന്ന കാഴ്ചകൾ, കേൾക്കുന്ന കാര്യങ്ങൾ ഇവയിൽ നിന്നാണു ഭാഷ രൂപപ്പെടുന്നത്. എഴുത്തുകാരനെ ഒരു മുറിയിൽ അടച്ചിടുകയാണെങ്കിൽ അയാൾക്ക് എഴുതാൻ പറ്റില്ല.

∙ സത്യൻ അന്തിക്കാട്: മലയാളത്തിലിറങ്ങുന്ന മികച്ച കഥകളും നോവലുകളും സത്യൻ സ്ഥിരമായി വായിക്കാറുണ്ടായിരുന്നു എന്നു ശങ്കരാടി പറയുമായിരുന്നു. സത്യൻ അഭിനയിച്ച പല സിനിമകളുടെയും കഥകൾ നിർദേശിച്ചത് അദ്ദേഹം തന്നെയായിരുന്നത്രേ.

∙ ബെന്യാമിൻ: ജീവിതം ഏറ്റവും മനോഹരമായി നിലനിർത്തുന്നതിനും സന്തോഷകരമായി കൊണ്ടുപോകുന്നതിനും ഫിക്​ഷന്റെ ലോകത്തുള്ള ജീവിതം വളരെ പ്രയോജനപ്രദമായി തോന്നിയതുകൊണ്ടാണ് എഴുത്തിലേക്കു പോകുന്നത്. അല്ലാതെ നാളെ ഒരാളെക്കൊണ്ടു വായിപ്പിക്കാമെന്നു വിചാരിച്ചിട്ടോ പുരസ്കാരം ലഭിക്കും എന്നു വിചാരിച്ചിട്ടോ ഒന്നുമല്ല.

∙ സി.എസ്.വെങ്കിടേശ്വരൻ: പുതിയ സിനിമയിലെ നായകന്മാരെ നോക്കൂ, അവരിൽ മിക്കവാറുമെല്ലാവരും ഭീരുക്കളാണ്, രോഗികളാണ്, ഷണ്ഡന്മാരാണ്, കടക്കാരാണ്, ബലഹീനരാണ്. മിക്ക സിനിമകളിലും അതിശക്തരും പ്രതാപികളുമായ പിതൃസ്വരൂപങ്ങളുണ്ട് എന്നതാണു മറ്റൊരു വസ്തുത. അതുവരെ ലോകത്തെയും ആഖ്യാനത്തെയും അടക്കിഭരിച്ചിരുന്ന സൂപ്പർതാരങ്ങളുടെ പ്രതിരൂപങ്ങൾതന്നെയാണ് ഈ സിനിമകളിലെ പിതാക്കന്മാർ.

Content Highlight: Vachakamela