ദുരിതം പെയ്തിറങ്ങിയ മണ്ണിൽനിന്നു നേട്ടങ്ങളുടെ ട്രാക്കിലൂടെ വിജയസിംഹാസനത്തിലേക്ക് ഓടിക്കയറിയ ഇന്ത്യൻ ഇതിഹാസം അനശ്വരതയിലേക്കു യാത്രയായിരിക്കുന്നു; രാജ്യം കണ്ട ഏറ്റവും മികച്ച പുരുഷ ട്രാക്ക് ആൻഡ് ഫീൽഡ് അത്‍ലീറ്റിന്റെ വേർപാട്. 91–ാം വയസ്സിൽ മിൽഖ സിങ് വിടപറയുമ്പോൾ ബാക്കിയാകുന്നതു ചരിത്രത്തെ ഓടിപ്പിന്നിലാക്കി ഇന്ത്യൻ കായികചരിത്രത്തിൽ സുവർണലിപികളാൽ പേരെഴുതിച്ചേർത്ത പോരാളിയുടെ ഓർമകളാണ്. ഉറച്ച ലക്ഷ്യബോധവും ഏതു സാഹചര്യത്തിലും പതറാത്ത ആത്മവിശ്വാസവും കഠിനാധ്വാനവുമുണ്ടെങ്കിൽ വിജയം ഒപ്പമുണ്ടാകുമെന്നു മിൽഖ പുതുമുറക്കാരായ കായികതാരങ്ങൾക്കു സ്വജീവിതത്തിലൂടെ പറഞ്ഞുകെ‍ാടുക്കുന്നു.  

ഇന്ത്യൻ കായികലോകത്തിനു നിത്യപ്രചോദനം പകരുന്നതാണു ചരിത്രം കയ്യെ‍ാപ്പിട്ട അദ്ദേഹത്തിന്റെ ജീവിതം. 1958ലെ കാ‍ഡിഫ് കോമൺവെൽത്ത് ഗെയിംസിൽ 400 മീറ്ററിൽ (അന്ന് 440 യാർഡ്) സ്വർ‌ണം. അതേവർഷം അതേയിനത്തിൽ ടോക്കിയോ ഏഷ്യൻ ഗെയിംസിലും സ്വർണം. ഈ അപൂർവ ഡബിൾ സ്വന്തമാക്കിയ ഒരേയൊരു ഇന്ത്യക്കാരനെന്ന റെക്കോ‍ർഡ് സ്വന്തമാക്കിയ മിൽഖയെ തൊട്ടടുത്ത വർഷം രാജ്യം ആദരിച്ചതു പത്മശ്രീ നൽകിയാണ്. 1960ലെ റോം ഒളിംപിക്സിൽ 400 മീറ്ററിൽ മിൽഖ മെഡൽ നേടുമെന്നായിരുന്നു സർവരുടെയും പ്രതീക്ഷ. പക്ഷേ, ഫൈനലിലെ കുതിപ്പിനിടെ ഒരു നിമിഷനേരത്തേക്കു പിന്നിലേക്കു തിരിഞ്ഞുനോക്കിയ മി‍ൽഖയ്ക്കു പിഴച്ചു; ഫോട്ടോഫിനിഷിൽ നാലാമനായി. തിരിച്ചടികൾ പുതുമയല്ലാത്ത മിൽഖ പിന്നെയും ഓടി. ഏഷ്യൻ ഗെയിംസിൽ ഉൾപ്പെടെ സ്വർണം നേടുകയും ചെയ്തു. കാരണം, മരണത്തിന്റെ ഫിനിഷിങ് പോയിന്റിൽനിന്നു ജീവിതത്തിന്റെ സ്റ്റാർട്ടിങ് പോയിന്റിലേക്കുള്ള നിർണായകദൂരം അതിനും എത്രയോ കാലം മുൻപേ മിൽഖ പിന്നിട്ടിരുന്നു.

ഇന്നു പാക്കിസ്ഥാന്റെ ഭാഗമായ ഗോവിന്ദ്പുരയിൽ വിഭജനത്തിനു മുൻപു ജനിച്ച മിൽഖ ആദ്യമായി ഓടിയതു സ്കൂളിലേക്കുള്ള യാത്രയ്ക്കിടെ തീവണ്ടിയെ തോൽപിക്കാനാണ്. സ്കൂളിലേക്കും തിരിച്ചുമുള്ള യാത്രയിലെ ഓട്ടം മിൽഖയുടെ കുഞ്ഞുപാദങ്ങളെ ദൃഢമാക്കി. വിഭജനകാലത്തായിരുന്നു ജീവിതത്തെ പൊള്ളിച്ച കടുത്ത പരീക്ഷണം. കുടുംബമൊന്നാകെ വാളിനിരയാകുന്നതു കണ്ടു മിൽഖ നിർത്താതെ ഓടി. ജീവൻ കയ്യിലെടുത്തുള്ള ഓട്ടം അവസാനിച്ചതു ഡൽഹിയിലാണ്. ലഹരിക്കടിപ്പെട്ട ജീവിതം തിരിച്ചുപിടിക്കാൻ കഴിഞ്ഞതു സൈന്യത്തിൽ ജോലി കിട്ടിയതോടെയും. ഓട്ടമത്സരത്തിൽ ജയിച്ചാൽ ഒരു ഗ്ലാസ് പാൽ അധികം കിട്ടുമെന്നും അടുക്കള ജോലിയിൽനിന്ന് ഒഴിവാകുമെന്നും മനസ്സിലാക്കിയ മിൽഖ സൈനിക ക്യാംപിൽ ഒരൊറ്റയോട്ടമായിരുന്നു. ഉറച്ച പാദങ്ങളെക്കാളും ദൃഢമായ പേശികളെക്കാളും മനക്കട്ടിയായിരുന്നു എക്കാലവും മിൽഖയുടെ കരുത്ത്.

പ്രതീക്ഷയോടെ ഇറങ്ങിയ 1956ലെ മെൽബൺ ഒളിംപിക്സിൽ തോറ്റു കയറേണ്ടി വന്നെങ്കിലും മിൽഖ തളർന്നില്ല. അതിലും വലിയ പ്രതിസന്ധികളെ ഓടിത്തോൽപിച്ച മിൽഖ പിന്നീടാണു കോമൺവെൽത്തിലും ഏഷ്യൻ ഗെയിംസുകളിലും ട്രാക്ക് കീഴടക്കിയത്. പോരാട്ടത്തിന്റെ പാഠപുസ്തകമാണു മിൽഖയുടെ ജീവിതം. നെഞ്ചു വിരിച്ചുപിടിച്ചും തല താഴ്ത്താതെയും എന്തിനെയും അഭിമുഖീകരിക്കാൻ മിൽഖയെ പരുവപ്പെടുത്തിയതു സ്വന്തം ജീവിതസാഹചര്യങ്ങളാണ്. 

തന്നെ ബാധിച്ച കോവിഡിനെ ധൈര്യത്തോടെ നേരിട്ടുവരികയായിരുന്നു അദ്ദേഹം. എന്നാൽ, പ്രിയപത്നി നിർമൽ കൗറിന്റെ വേർപാട് അദ്ദേഹത്തെ കാര്യമായി ഉലച്ചു. ഭാര്യ വിടപറഞ്ഞ് അഞ്ചാം ദിവസം മിൽഖയും പിൻവാങ്ങി. പോരാളി ട്രാക്കൊഴിഞ്ഞെങ്കിലും പ്രതിസന്ധികളുടെ തീച്ചൂളയിൽ എരിഞ്ഞടങ്ങാതെ മിൽഖ പതിപ്പിച്ച പാദമുദ്രകൾ ആ ഓട്ടവഴികളിൽ സൂര്യശോഭയോടെ തെളിഞ്ഞുനിൽക്കുന്നു. 

അവിസ്മരണീയവും ആവേശോജ്വലവുമായ ചരിത്രനാൾവഴികൾ ശേഷിപ്പിച്ച്, ട്രാക്കിന്റെ അനന്തതയിലേക്കു യാത്രയായ പ്രിയപ്പെട്ട മിൽഖ, വിട. ഇന്ത്യൻ കായികരംഗത്തിന്റെ കുതിപ്പുകൾക്ക്  അങ്ങയുടെ ഓർമകൾ എക്കാലവും ഊർജം പകരുമെന്നു തീർച്ച.