ജനനം മുതൽ എന്റെ ജീവിതത്തിന്റെ താളം ദുഃഖമായിരുന്നെങ്കിലും ആ താളതരംഗങ്ങളിൽ പ്രതീക്ഷയുടെ രാഗം സന്നിവേശിപ്പിച്ചു ശുഭസംഗീതം സൃഷ്ടിക്കുകയായിരുന്നു ലക്ഷ്യം. അതുകൊണ്ടാണു ഫീസ് കൊടുക്കാത്തതിനാൽ ക്ലാസിൽനിന്നു പുറത്താക്കപ്പെട്ട ദിവസവും ഭാവിയിൽ സ്വന്തം സിനിമകളുടെ ടൈറ്റിൽ കാർഡിൽ സ്വന്തം പേരുവരുന്നതെങ്ങനെയെന്നു ഞാൻ എന്റെ കണക്കുനോട്ടുബുക്കിൽ എഴുതിവച്ചത്. എന്റെ വേദനകൾ ഞാൻ അനുഭവിച്ചുതീർത്തത് ഇത്തരം ദിവാസ്വപ്നങ്ങളിലൂടെയാണ്. 

∙ ശ്രീകുമാരൻ തമ്പി

എന്റെ മകൾക്കു വിവാഹാലോചനയുമായി വന്ന യുവാവിന്റെ പിതാവ് ഏതു കാറാണു നൽകുന്നതെന്ന് എന്നോടു ചോദിക്കാൻ ധൈര്യം കാട്ടി. ഇഷ്ടമുള്ള കാർ കടയിൽപോയി വാങ്ങിയാൽ മതി, പക്ഷേ പെണ്ണിനെയും ചോദിച്ച് ഇങ്ങോട്ടു വരരുതെന്നു മറുപടി നൽകി. എനിക്ക് അങ്ങനെ പറയാനുള്ള സാഹചര്യമുണ്ട്. എന്നാൽ എല്ലാ മാതാപിതാക്കളുടെയും സാഹചര്യം അതായിരിക്കില്ല.

∙ ജസ്റ്റിസ് കെമാൽ പാഷ 

നല്ല സിനിമകളിൽ എന്തിനാണു തെറിവാക്കുകൾ മനഃപൂർവം കൂട്ടിച്ചേർക്കുന്നത്?  സിനിമ നല്ലതാണെങ്കിൽ പ്രേക്ഷകർ സ്വീകരിക്കും. അല്ലാതെ തെറി ചേർത്തതുകൊണ്ടു പ്രത്യേകിച്ചു ഗുണമുള്ളതായി തോന്നുന്നില്ല.‌

∙ പ്രിയദർശൻ

ഞാൻ ജനിച്ചുവളർന്ന പ്രദേശത്ത് ആളുകൾ തെറിവാക്കുകൾ ഉപയോഗിക്കാറുണ്ട്. യാഥാർഥ്യത്തെ പ്രതിഫലിപ്പിക്കാൻ ശ്രമിക്കുമ്പോൾ നമ്മൾ കണ്ടുപരിചയിച്ച ജീവിതത്തെ അതിൽ ഉൾപ്പെടുത്താതിരിക്കാൻ ആവില്ല. നമുക്കുചുറ്റും നടക്കുന്ന കാര്യത്തെ സ്ക്രീനിൽ കാണുമ്പോൾ ഇത്രത്തോളം ഞെട്ടലുണ്ടാകുന്നത് എന്തുകൊണ്ടാണെന്നു മനസ്സിലാവുന്നില്ല.

∙ ശ്യാം പുഷ്കരൻ

കുടുംബത്തോടൊപ്പം ഒന്നിച്ചിരുന്നു കാണുമ്പോൾ അലോസരമുണ്ടാക്കുന്ന വിധത്തിലുള്ള വാക്കുകൾക്കോ ദൃശ്യങ്ങൾക്കോ എന്റെ സിനിമയിൽ ഇടംകൊടുക്കാറില്ല. മറ്റൊരു കണ്ണിൽ നോക്കുമ്പോൾ അതൊരു സംവിധായകന്റെ പരിമിതിയായി വിലയിരുത്തപ്പെടാൻ ഇടയുണ്ട്. എങ്കിൽക്കൂടിയും ഞാൻ ആ പരിമിതി ഇഷ്ടപ്പെടുന്നു.

∙ സത്യൻ അന്തിക്കാട് 

English Summary: Comments by eminent persons