കോവിഡ് എന്ന മഹാവ്യാധിയിൽ രാജ്യത്ത് ഒൗദ്യോഗിക കണക്കിൽത്തന്നെ നാലു ലക്ഷത്തിലേറെപ്പേർക്കാണു ജീവൻ നഷ്ടമായത്. അവരുടെ ആശ്രിതരെ ചേർത്തുപിടിക്കേണ്ടതും...Editorial, Covid Death

കോവിഡ് എന്ന മഹാവ്യാധിയിൽ രാജ്യത്ത് ഒൗദ്യോഗിക കണക്കിൽത്തന്നെ നാലു ലക്ഷത്തിലേറെപ്പേർക്കാണു ജീവൻ നഷ്ടമായത്. അവരുടെ ആശ്രിതരെ ചേർത്തുപിടിക്കേണ്ടതും...Editorial, Covid Death

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോവിഡ് എന്ന മഹാവ്യാധിയിൽ രാജ്യത്ത് ഒൗദ്യോഗിക കണക്കിൽത്തന്നെ നാലു ലക്ഷത്തിലേറെപ്പേർക്കാണു ജീവൻ നഷ്ടമായത്. അവരുടെ ആശ്രിതരെ ചേർത്തുപിടിക്കേണ്ടതും...Editorial, Covid Death

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോവിഡ് എന്ന മഹാവ്യാധിയിൽ രാജ്യത്ത് ഒൗദ്യോഗിക കണക്കിൽത്തന്നെ നാലു ലക്ഷത്തിലേറെപ്പേർക്കാണു ജീവൻ നഷ്ടമായത്. അവരുടെ ആശ്രിതരെ ചേർത്തുപിടിക്കേണ്ടതും സാമ്പത്തികമായി അവർക്കു വന്നുഭവിക്കാവുന്ന പ്രശ്നങ്ങൾക്കു പരിഹാരം കാണേണ്ടതും പൊതുസമൂഹത്തിന്റെയും സർക്കാരിന്റെയും കടമയാണ്. ഇന്ത്യയുടെ പരമോന്നത നീതിപീഠംതന്നെ ഇക്കാര്യം ഇന്നലെ ഊന്നിപ്പറഞ്ഞതു കോവിഡ്മൂലം രാജ്യത്തു ജീവൻ നഷ്ടമായവരുടെ കുടുംബങ്ങൾക്ക് ആശ്വാസമേകുമെന്നതു തീർച്ച. അതേസമയം, കേരളത്തിലുണ്ടായ കോവിഡ് മരണങ്ങളുടെ കണക്കു കുറച്ചുകാണിച്ചിരിക്കുകയാണെന്ന പരാതി ശരിയാണെങ്കിൽ അർഹമായ ഈ സഹായം ലഭിക്കാതെ പോകുന്നത് ഒട്ടേറെ കുടുംബങ്ങൾക്കാവുമെന്ന ആശങ്ക ഗൗരവമുള്ളതാണ്.

ദേശീയദുരന്തമായി പ്രഖ്യാപിച്ചതിനാൽ കോവിഡ്മൂലം ജീവൻ നഷ്ടമായവരുടെ കുടുംബത്തിനു നഷ്ടപരിഹാരത്തിന് അർഹതയുണ്ടെന്നാണ് ഇന്നലെ സുപ്രീം കോടതി സുവ്യക്തമായി പറഞ്ഞത്. 6 ആഴ്ചയ്ക്കുള്ളിൽ ഇക്കാര്യത്തിൽ വ്യക്തമായ മാർഗരേഖ തയാറാക്കണമെന്നു നാഷനൽ ഡിസാസ്റ്റർ മാനേജ്മെന്റ് അതോറിറ്റിയോട് (എൻഡിഎംഎ) കോടതി നിർദേശിച്ചതു പ്രതീക്ഷ നൽകുന്നു. കോവിഡ് ബാധിച്ചു മരിച്ചവരുടെ കുടുംബങ്ങൾക്കു 4 ലക്ഷം രൂപ നഷ്ടപരിഹാരവും കോവിഡ്മരണ സർട്ടിഫിക്കറ്റുകൾക്ക് ഏകീകൃത രൂപരേഖയും വേണമെന്ന ഹർജികളിലാണു കോടതിയുടെ ഇടപെടൽ. ഈ രീതിയിൽ നഷ്ടപരിഹാരം നൽകുമ്പോൾ സംഭവിക്കാവുന്ന വൻ സാമ്പത്തികബാധ്യതയാണു കേന്ദ്രം കോടതിയിൽ ചൂണ്ടിക്കാട്ടിയത്. ഇക്കാര്യത്തിൽ മാനുഷികപരിഗണന മറ്റെന്തിനെക്കാളും മുകളിലാണെന്നതിനാൽ, സർക്കാർ പരിഹാരവഴികൾ തേടുമെന്നുതന്നെ പ്രത്യാശിക്കാം.

ADVERTISEMENT

കേരളത്തിലെ കോവിഡ് മരണക്കണക്കു കുറച്ചുകാട്ടുകയാണെന്ന പരാതിക്ക് ഉത്തരമുണ്ടാവണം. സംസ്ഥാനത്തു കോവിഡ് മരണത്തിന്റെ കണക്കിൽപെടാത്ത ആയിരക്കണക്കിനു മരണങ്ങളുണ്ടായിട്ടുണ്ടെന്ന സാഹചര്യത്തിൽ അവരുടെ ആശ്രിതർക്കു സഹായധനം ലഭിക്കാൻ സർക്കാർ ഈ മരണങ്ങളിൽ പുനഃപരിശോധന നടത്തണമെന്നുള്ള ആവശ്യം ഗൗരവമുള്ളതുതന്നെ. മരണക്കണക്കിലെ പൊരുത്തക്കേടുകൾ പരിഹരിക്കണമെന്നു ജൂൺ ആദ്യവാരത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർദേശിച്ചതിനു പിന്നാലെ, കോവിഡ് മരണക്കണക്കിൽ ജില്ലകൾ തമ്മിൽ വലിയ വ്യത്യാസം വന്നതിനു മന്ത്രി വീണാ ജോർജ് ബന്ധപ്പെട്ടവരോടു കാരണം തേടുകയുണ്ടായി. കോവിഡ്മരണങ്ങളുടെ യഥാർഥകണക്കു മറച്ചു‌വയ്ക്കുന്നുവെന്ന പരാതികൾ വ്യാപകമായതോടെയാണു നടപടി. കഴിഞ്ഞ നിയമസഭാസമ്മേളനത്തിൽ പ്രതിപക്ഷവും തിരുത്തൽ ആവശ്യപ്പെട്ടിരുന്നു.

ജില്ലകളിൽനിന്നു റിപ്പോർട്ട് ചെയ്യുന്ന മരണങ്ങൾ സംസ്ഥാനതലത്തിൽ പുനഃപരിശോധിച്ചു പലതും ഒഴിവാക്കിയാണ് ജൂൺ 15 വരെ പ്രസിദ്ധീകരിച്ചിരുന്നത്. ജില്ലകളിൽനിന്നു നൽകിയ മരണ റിപ്പോർട്ടുകളും ആരോഗ്യവകുപ്പ് അംഗീകരിച്ച കണക്കും തമ്മിൽ വലിയ വ്യത്യാസമുണ്ട്. എല്ലായിടത്തും വ്യാപിച്ച കോവിഡിൽ ജില്ലകളിലെ കണക്കുകൾ തമ്മി‍ൽ കാര്യമായ വ്യത്യാസമുണ്ടായത് റിപ്പോർട്ട് ചെയ്തതിലെയും സ്ഥിരീകരിച്ചതിലെയും പിഴവാണെന്നു വിദഗ്ധർ പറയുന്നു. ജില്ലകളിലെയും സംസ്ഥാന ശരാശരിയിലെയും രോഗ–മരണ നിരക്കിലുള്ള പൊരുത്തക്കേട് അതീവഗൗരവമുള്ളതാണ്.

ADVERTISEMENT

കേരളത്തിൽ കോവിഡ് ബാധിച്ച് 25,000 പേരിലധികം മരിച്ചിട്ടുണ്ടാവാമെന്നാണു യുഎസിലെ യൂണിവേഴ്സിറ്റി ഓഫ് വാഷിങ്ടണിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത് മെട്രിക്സ് ആൻഡ് ഇവാല്യുവേഷന്റെ (ഐഎച്ച്എംഇ) റിപ്പോർട്ട്. കേരളത്തിൽ കോവിഡ് രണ്ടാം തരംഗം രൂക്ഷമായ മേയ് അവസാനവാരം പ്രതിദിനം നാനൂറിലേറെ മരണങ്ങൾവരെ നടന്നിരിക്കാം. എന്നാൽ, ഔദ്യോഗികമായി സ്ഥിരീകരിച്ചത് ഇതിന്റെ പകുതിയോളം മാത്രമെന്നു റിപ്പോർട്ട് പറയുന്നു. കോവിഡ് മരണക്കണക്കുകൾ ഒളിപ്പിക്കരുതെന്നു സർക്കാർ നിയോഗിച്ച വിദഗ്ധസമിതി കഴിഞ്ഞ ഓഗസ്റ്റിൽ തന്നെ മുന്നറിയിപ്പു നൽകിയിരുന്നു. പക്ഷേ, മരണങ്ങൾ സംസ്ഥാനതലത്തിൽ പരിശോധിച്ച് ഒഴിവാക്കുന്ന രീതി സർക്കാർ തുടരുകയായിരുന്നു. കോവിഡ് നെഗറ്റീവായ ശേഷമുള്ള പലരുടെയും മരണം കോവിഡ്മരണ പട്ടികയിൽ ഉൾപ്പെടുന്നില്ലെന്നും പരാതിയുണ്ട്.

കോവിഡ് മരണങ്ങൾ കൃത്യമായി റിപ്പോർട്ട് ചെയ്യ‍ാത്തതിനാൽ കുടുംബങ്ങൾക്കു നഷ്ടപരിഹാരം ലഭിക്കാതെ പോകുമെന്ന ആശങ്കയ്ക്കു പരിഹാരമുണ്ടായേ തീരൂ. സമാന ആരോപണം ഉണ്ടായതിനെത്തുടർന്നു പല സംസ്ഥാനങ്ങളും പുനഃപരിശോധന നടത്തിയപ്പോൾ മരണക്കണക്ക് ഉയർന്നുവെന്നതു കേരളത്തിനു മുന്നിലുണ്ടാവുകയും വേണം.

ADVERTISEMENT

English Summary: Editorial on Covid Deaths