പ്രത്യക്ഷമായും പ്രത്യയശാസ്ത്രപരമായും എതിർക്കുന്നവരെ വെട്ടിക്കൊല്ലുകയും വിമർശിക്കുന്നവരെ വെട്ടുക്കിളികളെ തുറന്നുവിട്ടു സമൂഹമാധ്യമങ്ങളിൽ പൊങ്കാലയിടുകയും ചെയ്യുന്ന പാർട്ടിയാണു സിപിഎം എന്ന തെറ്റിദ്ധാരണ | aazhchakurippukal | Editorial | Malayala Manorama

പ്രത്യക്ഷമായും പ്രത്യയശാസ്ത്രപരമായും എതിർക്കുന്നവരെ വെട്ടിക്കൊല്ലുകയും വിമർശിക്കുന്നവരെ വെട്ടുക്കിളികളെ തുറന്നുവിട്ടു സമൂഹമാധ്യമങ്ങളിൽ പൊങ്കാലയിടുകയും ചെയ്യുന്ന പാർട്ടിയാണു സിപിഎം എന്ന തെറ്റിദ്ധാരണ | aazhchakurippukal | Editorial | Malayala Manorama

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പ്രത്യക്ഷമായും പ്രത്യയശാസ്ത്രപരമായും എതിർക്കുന്നവരെ വെട്ടിക്കൊല്ലുകയും വിമർശിക്കുന്നവരെ വെട്ടുക്കിളികളെ തുറന്നുവിട്ടു സമൂഹമാധ്യമങ്ങളിൽ പൊങ്കാലയിടുകയും ചെയ്യുന്ന പാർട്ടിയാണു സിപിഎം എന്ന തെറ്റിദ്ധാരണ | aazhchakurippukal | Editorial | Malayala Manorama

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പ്രത്യക്ഷമായും പ്രത്യയശാസ്ത്രപരമായും എതിർക്കുന്നവരെ വെട്ടിക്കൊല്ലുകയും വിമർശിക്കുന്നവരെ വെട്ടുക്കിളികളെ തുറന്നുവിട്ടു സമൂഹമാധ്യമങ്ങളിൽ പൊങ്കാലയിടുകയും ചെയ്യുന്ന പാർട്ടിയാണു സിപിഎം എന്ന തെറ്റിദ്ധാരണ ആർക്കെങ്കിലുമുണ്ടെങ്കിൽ അതു മാറേണ്ട കാലം പണ്ടേ കഴിഞ്ഞു. ടി.പി.ചന്ദ്രശേഖരൻ വടകരയിൽനിന്നു വള്ളിക്കാട്ടേക്കു ബൈക്കിൽ അമിതവേഗത്തിൽ പോകുമ്പോൾ ലോറിയിടിച്ചു മരിച്ചതാണെന്നും അരിയിൽ ഷുക്കൂർ ഉരുൾപൊട്ടലിൽ‌ കൊല്ലപ്പെട്ടതാണെന്നും പെരിയയിലെ ശരത്‌ലാലും കൃപേഷും പാമ്പുകടിയേറ്റാണു ജീവൻ വെടിഞ്ഞതെന്നും അറിയാത്ത ആരാണുള്ളത്? 

കുട്ടികളെ പഠിപ്പിക്കുമ്പോൾ സ്കൂളിന്റെ മേൽക്കൂര തകർന്നായിരുന്നില്ലേ ജയകൃഷ്ണൻ മാഷിന്റെ ദാരുണാന്ത്യം! ദരിദ്രപെൺകുട്ടികൾക്കു സമൂഹവിവാഹത്തിലൂടെ ജീവിതം നൽകാനായിരുന്നില്ലേ കരിപ്പൂർ വിമാനത്താവളം വഴി കണ്ണൂരിലേക്കു സഖാക്കൾ സ്വർണവുമായി യാത്ര ചെയ്തത്?. ആ കല്യാണത്തിനു പൂ വാങ്ങാനും പുടവ വാങ്ങാനും ഒപ്പം പോയ കൊടി സുനിയും ഷാഫിയും സഖാക്കളുടെ സ്വർണക്കടത്തിനു സംരക്ഷണം ഒരുക്കിയെന്നൊക്കെ പറയാമോ? ക്വട്ടേഷൻ സംഘത്തെ ഇറക്കി അവരെ ആക്രമിക്കാനുള്ള ശ്രമമല്ലേ ശരിക്കും നടന്നത്?. എന്നിട്ടും വർഗശത്രുക്കൾ നട്ടാൽ കുരുക്കാത്ത എന്തൊക്കെ നുണകളാണു പാർട്ടിക്കെതിരെ അടിച്ചുവിടുന്നത് !. 

ADVERTISEMENT

പക്ഷേ, ആ ശത്രുക്കളുടെ കൂട്ടത്തിൽ കൂടി സിപിഐ ഇങ്ങനെയൊക്കെ പറയാമോ? പറഞ്ഞതാകട്ടെ സിപിഐയുടെ കണ്ണൂർ ജില്ലാ സെക്രട്ടറിയും. കള്ളക്കടത്ത്, ക്വട്ടേഷൻ സംഘങ്ങളുമായി ബന്ധമുള്ളവർ ഇടതു രാഷ്ട്രീയപ്രസ്ഥാനങ്ങളുമായി ബന്ധപ്പെട്ടു പ്രവർത്തിച്ചിരുന്നെന്നും മറ്റുമൊക്കെയാണു വിളിച്ചു പറഞ്ഞിരിക്കുന്നത്. കണ്ണൂരിൽ നടക്കുന്നതാണെന്ന മട്ടിൽ ഒരു കണ്ണൂരുകാരൻ  പറഞ്ഞാൽ ജനം വിശ്വസിക്കുകയും ചെയ്യില്ലേ?. എന്തെങ്കിലും പറയാനുണ്ടെങ്കിൽ ജില്ലാ സെക്രട്ടറി സന്തോഷിന് അവ എൽഡിഎഫിൽ സന്തോഷമായി പറയാമായിരുന്നല്ലോ. അതല്ലേ ഹീറോയിസം.! 

സിപിഐ തെളിവുനിരത്തി ഇങ്ങനെയൊക്കെ പറയുമ്പോൾ മറുപടി പറയാൻ കണ്ണൂരിലെ മൂന്നു ജയരാജൻമാർ നിരന്നുനിന്നാലും പോരാതെ വരുമായിരുന്നു. അതുകൊണ്ടാണു വിജയരാഘവൻ സഖാവിനെത്തന്നെ  കളത്തിലിറക്കിയത്. എന്നിട്ട് ഒരുപദേശവും കൊടുത്തു. മിണ്ടണ്ട. എഴുതി വായിക്കുന്ന പതിവും വേണ്ട. എഴുതിയാൽ മാത്രം മതി. നാട്ടുകാർ വായിച്ചോളും. സഖാവ് എഴുതി. എല്ലാ ദുഷ്പ്രവണതകൾക്കുമെതിരെ വലിയ ഉൾപ്പാർട്ടി സമരം നടത്തുന്ന പാർട്ടിയാണു സിപിഎമ്മെന്നും ക്രിമിനൽ പ്രവർത്തനം നടത്തുന്ന ആർക്കും പാർട്ടിയുടെ സംരക്ഷണമോ സഹായമോ ലഭിക്കില്ലെന്നും പാർട്ടി പത്രത്തിൽ കുറിച്ചതോടെ തർക്കം തീർന്നു. എന്നാൽ, പെരിയ കേസിൽ പിന്നെന്തുകൊണ്ടാണ് സിബിഐ അന്വേഷണത്തെ എതിർക്കാൻ ഖജനാവിലെ കോടികൾ മുടക്കി സർക്കാർ സുപ്രീം കോടതി വരെ പോയതെന്നു ചോദിക്കരുത്. ചോദിച്ചാലും ഉത്തരമുണ്ട്; ‘സിബിഐയെ ഞങ്ങൾക്ക് ഇഷ്ടമല്ല. അതു തന്നെ’

∙ അൻപത്തൊന്നിലേക്കുള്ള വെട്ടും കുത്തും

പ്രസിഡന്റ് ഒരെണ്ണം, വർക്കിങ് പ്രസിഡന്റുമാർ മൂന്ന്, വൈസ് പ്രസിഡന്റുമാർ 11, ജനറൽ സെക്രട്ടറിമാർ 42, സെക്രട്ടറിമാർ‌ 95. അങ്ങനെ 152 പേർ. ഇതിൽ നിന്ന് 101 പേരെ കുറച്ചാൽ എത്ര? 51 പേർ. കെപിസിസി ഭാരവാഹിപ്പട്ടികയെടുത്ത് ആ കുറയ്ക്കൽ പണിയിലേക്കു കടന്നിരിക്കുകയാണ് പ്രസിഡന്റ് സുധാകർജി. 51 എന്ന സംഖ്യയിൽ എങ്ങനെയെത്തി എന്നു ചോദിക്കുന്നവരുണ്ട്. അറിയില്ലെങ്കിൽ സിപിഎമ്മിനോടു ചോദിക്കൂ, അവർ പറഞ്ഞു തരുമെന്നു പ്രസിഡന്റ് പറയും. സംഖ്യാശാസ്ത്രമനുസരിച്ച് 51 എന്നു കേൾക്കുന്നതു തന്നെ സിപിഎമ്മിന് അലർജിയാണത്രെ. വല്ലാത്ത ഓർമകൾ മനസ്സിൽ വന്നു നിറയും, കുറ്റബോധം കൊണ്ടു ഹൃദയം വിങ്ങും,കൈകാലിട്ടടിക്കും. അതു സുധാകരനറിയാം. അതുകൊണ്ട് 51 വിട്ടൊരു കളിയില്ല. 

ADVERTISEMENT

ഇതിനിടെ സുധാകരൻ എവിടെനിന്നു പേരു വെട്ടിത്തുടങ്ങുമെന്നു കാത്തിരിക്കുകയാണു പാർട്ടിയിലെ വിവിധ ഫാൻസ് അസോസിയേഷനുകൾ. 42 ജനറൽ സെക്രട്ടറിമാരിൽ 24 പേർ ഗ്രൂപ്പ് നോമിനികളാണത്രെ. അതിൽ കൈവച്ചാൽ കണ്ടറിയണം, സുധാകരന് എന്താണു സംഭവിക്കാൻ പോകുന്നതെന്ന്.

സംഘടനാതിരഞ്ഞെടുപ്പാണു മറ്റൊരു സുധാകരസ്വപ്നം. അതു ചില്ലറക്കാര്യമല്ല. ആദ്യം തിരഞ്ഞെടുപ്പ് എന്താണെന്ന് അണികൾക്കു ക്ലാസെടുത്തിട്ടു വേണം അതു നടത്താൻ. കാരണം 29 വർഷം മുൻപാണു തിരഞ്ഞെടുപ്പെന്ന ഏർപ്പാട് കോൺഗ്രസിൽ നടന്നത്. തൊഴുത്തുമാറ്റിക്കെട്ടലാണ് അതു കഴിഞ്ഞുള്ള ചടങ്ങ്. പട്ടിക 51 ആക്കുമ്പോൾ പുറത്തേക്കു തള്ളപ്പെടുന്നവരെ എവിടെയെങ്കിലും ഉൾക്കൊള്ളിച്ചില്ലെങ്കിൽ അവർ ആജീവനാന്തം പാർട്ടിക്കും നേതാക്കൾക്കും പാരപണിയാൻ തുടങ്ങും. അതുമതി പാർട്ടിയെ ഒരു വഴിക്കാക്കാൻ.

∙ ഭൂതകാലമുറിവിൽ ഒടുവിലേറ്റ കുത്ത്

അനുഭവിക്കുന്നവരുടെ ദുഃഖത്തിനനുസരിച്ചു വേദനയുടെ കാഠിന്യം മാറിക്കൊണ്ടിരിക്കും. പ്രസവവേദന മുതൽ പല്ലുവേദനവരെയുണ്ട് ഇക്കൂട്ടത്തിൽ. രാഷ്ട്രീയത്തിലുമുണ്ടു വേദനാവ്യത്യാസങ്ങൾ. മുട്ടിൽ മരം വീണ വേദനയിൽ കാനം രാജേന്ദ്രനും സ്വർണ,പീഡനാദി വേദനകളിൽ വിജയരാഘവനും പുളയുന്ന കാലമാണിത്. 

ADVERTISEMENT

അത്യപൂർവമായ മറ്റൊരു വേദന ഈയിടെ പാലായിൽ കണ്ടെത്തി. ഭൂതകാലമുറിവിൽ വർത്തമാനക്കുത്ത് എന്നാണു വിളിപ്പേര്. ജോസ് കെ.മാണിയാണ് ഇര. തിരഞ്ഞെടുപ്പുകാലത്തു പാലാ മുനിസിപ്പാലിറ്റിയിൽ സ്വന്തം കേരള കോൺഗ്രസുകാരും സിപിഎമ്മുകാരും തമ്മിലടിച്ച ഉച്ചനേരത്തു മനസ്സിൽ വേദന തുടിച്ചു. പാലാ മണ്ഡലം ഇലത്തുമ്പിൽ നിന്നു നഷ്ടമായതോടെ വേദന വർധിച്ചു. ഒടുവിൽ സ്വന്തം സർക്കാർ കോടതി വഴി സമ്മാനിച്ച പണിയിൽ കലശലായ വേദന തിന്നുകയാണു ജോമോൻ. ഉറക്കത്തിനും ഊണിനും തടസ്സമില്ല. പക്ഷേ, ഉറങ്ങാൻ നേരം ഉണ്ണാൻ തോന്നും; ഉണ്ണാൻ നേരം ഉറങ്ങാൻ തോന്നും. കുളിച്ചശേഷം തലമറന്ന് എണ്ണ തേയ്ക്കാറുമുണ്ടത്രെ! 

കെ.എം.മാണിയുടെ ബജറ്റ്ദിവസം നിയമസഭയിലെ കയ്യാങ്കളിയെക്കുറിച്ച് ഓർക്കുമ്പോൾ ജോമോൻ തളരാറുണ്ട്. എങ്കിലും പാർട്ടിയുടെ അഭിമാനം സംരക്ഷിക്കാൻ എല്ലാം മറന്നു. മാണിയെ സ്തുതിച്ചും സ്മാരകം അനുവദിച്ചും ജോമോന്റെ ഭൂതകാലമുറിവുകൾ ഉണക്കാൻ പിണറായി ശ്രമിച്ചു. ചികിത്സ പുരോഗമിക്കവേ സുപ്രീംകോടതിയിൽ നിന്നു കിട്ടിയ കുത്താണ് ഒട്ടും സഹിക്കാനാവാത്തത്. അതും ചേട്ടച്ഛനായ സിപിഎമ്മിനുവേണ്ടി വാദിച്ച വക്കീലിന്റെ വാക്കുകൾ. 

കയ്യാങ്കളിയുടെ കാരണഭൂതൻ അഴിമതിക്കാരനായ മുൻ ധനമന്ത്രിയെന്നു വക്കീൽ വിളിച്ചുപറഞ്ഞു. നീതിയുടെ തുലാസിൽ ഒരു തട്ടിൽ മാണിയും മറുതട്ടിൽ സിപിഎം നേതാക്കളും ഇരിക്കുമ്പോൾ വക്കീലിനു വേറെ മാർഗമില്ലല്ലോ? പാർട്ടി സ്റ്റിയറിങ് കമ്മിറ്റിയുടെ തലേന്നുവന്ന ആഘാതത്തിൽ ജോസ് കുഴഞ്ഞു വീണില്ലെന്നേയുള്ളൂ. തൊണ്ടയിൽ കുടുങ്ങിയതു കീഴോട്ടുപോകാൻ കേരളത്തിലെ ജലമാകെ ഒഴിച്ചാലും ഫലമില്ലെന്നു മന്ത്രി റോഷി അഗസ്റ്റിൻ കണ്ടു. അല്ലെങ്കിൽ അണക്കെട്ടുകൾ തന്നെ നീക്കിവച്ചേനെ ജോമോനെ രക്ഷിക്കാൻ. ഒറ്റ ആശ്വാസമേയുള്ളൂ, നീതിത്തുലാസിന്റെ സൂചിമുന പാർട്ടിയുടെ ടയറിൽ കയറിയില്ല. അല്ലെങ്കിൽ സ്റ്റിയറിങ്ങിൽനിന്നു തന്നെ കൈവിട്ടേനെ! ആ കമ്മിറ്റിയിൽ തന്നെ മറ്റൊരു തീരുമാനവും എടുത്തു. പാലാ തോൽവിയെക്കുറിച്ചു പഠിക്കുന്നതൊക്കെ കേരള കോൺഗ്രസ് അവസാനിപ്പിച്ചു. വോട്ടിൽ തോറ്റാലും കണക്കിൽ ജയിച്ചെന്നു വരുത്തിത്തീർക്കുന്നതിൽ വൈദഗ്ധ്യമുള്ള ചേട്ടച്ഛനുതന്നെ പാട്ടത്തിനു കൊടുത്തു ആ പണിയും. 

ബലൂണിലെ നായകൻ, പൊട്ടിത്തെറിച്ച എംഎൽഎ

കാമുകിയെ പിന്നിൽ നിന്നു ‘ശൂ... ശൂ...’ വിളിച്ചുകൊണ്ടു നായകനായി അരങ്ങേറ്റം കുറിച്ച ഒരു പ്രതിഭയേയുള്ളൂ. കൊല്ലത്തുകാരുടെ എമ്മുകേഷ് എംഎൽഎ. നായിക തിരിഞ്ഞു നിന്നു ചോദിച്ചു, ‘എന്തിനാ വിളിച്ചേ?’ നായകനുണ്ടോ സമ്മതിക്കാൻ, ‘ഞാൻ ആരെയും വിളിച്ചില്ലല്ലോ. തോന്നിയതാകും.’ ആദ്യ സിനിമയായ ബലൂണിലാണു മുകേഷിന്റെ ശൂശൂ വരവ്. പക്ഷേ, സ്വന്തം ഭരണഘടന അനുസരിച്ചു മുകേഷിന് ആരെയും വിളിക്കാം, മുകേഷിനെ ആരും വിളിക്കരുത്. 

പാതിരാത്രി വിളിച്ച ആരാധകൻ കേട്ടതു മറക്കുന്നതെങ്ങനെ? പ്രായം ചെന്ന മനുഷ്യനെയാണോ ഈ നേരത്തു വിളിക്കുന്നത്? അങ്ങനെ ചോദിച്ചതിലെ ബുദ്ധിശൂന്യതയിൽ മാത്രമേ മുകേഷിന് ഇപ്പോഴും കുറ്റബോധമുള്ളൂ. ‘അന്തസ്സ് വേണമെടാ, അന്തസ്സ്....’ ഈ ഡയലോഗിന്റെ ഒളിമങ്ങില്ല ഒരുകാലത്തും.  ഈയിടെ ഒറ്റപ്പാലത്തുനിന്ന് 6 വിളികൾ. അതും ഒരേ കുട്ടിയിൽനിന്ന്. നടൻ എംഎൽഎയ്ക്കു സഹികെട്ടു. മൊബൈലിന്റെ ചാർജ് തീർക്കാൻ ഇറങ്ങിയിരിക്കുന്ന വികൃതികൾ. എംഎൽഎ സ്വയം പൊട്ടിത്തെറിക്കുന്നതിന്റെ ശബ്ദശകലങ്ങൾ പുറത്തുവന്നു.  

രക്ഷാദൗത്യമേറ്റെടുത്ത സൈബറടിമകൾ ആഞ്ഞുതള്ളി. വിളിക്കുപിന്നിൽ കോൺഗ്രസിന്റെ ഗൂഢാലോചനയാണ്!. മണിക്കൂറുകൾക്കകം പക്ഷേ, സിപിഎം പ്രവർത്തകന്റെ മകൻ രംഗത്ത്. സഹപാഠിക്കു ഫോൺ സമ്മാനിക്കാൻ വിളിച്ചതാണു പ്രിയ എംഎൽഎയെ. ബലൂൺ കിട്ടാതെ കരയുന്ന കുട്ടിയോടു ചേട്ടൻ ബലൂൺ വാങ്ങിത്തരാമെന്ന് അലിവോടെ പറയുന്ന നായകനെ മുകേഷ് മറക്കരുതെന്ന് എതിർവാദികൾ ഓർമിപ്പിക്കുന്നു. പത്തനംതിട്ടയിലെ യൂത്ത് കോൺഗ്രസുകാർ അയച്ച പവർ ബാങ്ക് കിട്ടിക്കഴിഞ്ഞു. അതിന്റെ ബലത്തിൽ ഒന്നുകൂടി ബലൂൺ കാണട്ടെ. എത്ര മാറിയെന്നു സ്വയം ചിന്ത ഉണ്ടായാലോ? 

സ്റ്റോപ് പ്രസ്

സിപിഎം സംസ്ഥാന കമ്മിറ്റി യോഗത്തിൽ നിന്നു ജി.സുധാകരൻ വിട്ടുനിന്നു. ലോക്ഡൗൺ വിജയിക്കണമെന്ന് ആഗ്രഹിക്കുന്നതു തെറ്റല്ല.

Content Highlight: Aazhchakurippukal