ചരിത്രത്തിലെവിടെയും ഇത്ര കുറച്ചുപേരോട് ഇത്രയധികംപേർ ഇത്രത്തോളം കടപ്പെട്ടിരിക്കുന്ന ഒരു സന്ദർഭമില്ല’ എന്നു പറഞ്ഞതു മുൻ ബ്രിട്ടിഷ് പ്രധാനമന്ത്രി വിൻസ്റ്റൻ ചർച്ചിലാണ്. രണ്ടാം ലോകയുദ്ധത്തിൽ റോയൽ എയർഫോഴ്സിന്റെ സേവനങ്ങൾ‌ക്കു ബ്രിട്ടിഷ് ജനതയ്ക്കുവേണ്ടി നന്ദി പറയവെയായിരുന്നു ചർച്ചിലിന്റെ പരാമർശം. ടോക്കിയോ ഒളിംപിക്സിൽ വെങ്കലം നേടിയ നമ്മുടെ പുരുഷ ഹോക്കി ടീമിനോട് ഇന്ത്യയൊന്നാകെ ഇപ്പോൾ പറയുന്നതും ഇതാണ്: ഈ ചരിത്രനേട്ടത്തിനു മുന്നിൽ‌ ഞങ്ങൾ, 138 കോടി ജനങ്ങൾ കൈ കൂപ്പുന്നു. 

ടോക്കിയോ ഒളിംപിക്സിൽ ഇന്ത്യ ഇതുവരെ നേടിയ മെഡലുകളിൽ ഏറ്റവും ചരിത്രപ്രാധാന്യവും പുരുഷ ഹോക്കിയിലെ വെങ്കലത്തിനുതന്നെ. 41 വർഷങ്ങൾക്കു ശേഷമാണ് ഒളിംപിക് ഹോക്കിയിൽ ഇന്ത്യ മെഡൽ നേടുന്നത്. 1980 മോസ്കോ ഒളിംപിക്സിലെ അവസാന സ്വർണനേട്ടത്തിനു മു‍ൻപ് 7 സ്വർണവും ഒരു വെള്ളിയും 2 വെങ്കലവും നേടിയ പകിട്ടാർന്ന ചരിത്രം നമുക്കുണ്ട്. ഫീൽഡ് ഹോക്കിയിലെ എക്കാലത്തെയും ഇതിഹാസം എന്നുറപ്പിച്ചു പറയാവുന്ന ധ്യാൻചന്ദ് ഉൾപ്പെടെയുള്ളവരുടെ പാരമ്പര്യവും നമുക്ക് അവകാശപ്പെടാനുണ്ട്. എന്നാൽ, കഴിഞ്ഞ നാലു പതിറ്റാണ്ട് ഒളിംപിക് ഹോക്കിയിൽ ഒരു മെഡൽ നേട്ടം പോലും നമുക്കുണ്ടായില്ല. ആ നിരാശയ്ക്കാണു പഞ്ചാബുകാരനായ മൻപ്രീത് സിങ്ങിന്റെ നായകത്വത്തിലുള്ള ടീം ഇപ്പോൾ അറുതിവരുത്തിയിരിക്കുന്നത്. 

രാജ്യത്തിനു വേണ്ടിയുള്ള സ്വപ്നതുല്യമായ ഈ നേട്ടത്തിൽ ടീമിന്റെ ഗോൾകീപ്പറായിരുന്നതു പി.ആർ. ശ്രീജേഷ് ആണെന്നതു നമ്മൾ മലയാളികൾക്കു സവിശേഷ അഭിമാനം പകരുന്നു. വെങ്കല മെഡൽ മത്സരത്തിൽ ജർമനിക്കെതിരെ ഉൾപ്പെടെ ഉജ്വലമായ രക്ഷപ്പെടുത്തലുകളുമായി അക്ഷരാർഥത്തിൽ ടീമിന്റെ കാവലാളായിരുന്നു ശ്രീജേഷ്. ഏഷ്യൻ ഗെയിംസിൽ ഉൾപ്പെടെ സമീപകാലത്ത് ഇന്ത്യൻ ഹോക്കി കൈവരിച്ച നേട്ടങ്ങളിലെല്ലാം നിർണായക സാന്നിധ്യമായിരുന്നു ടീമിലെ ഈ സീനിയർ താരം. ഹോക്കിക്ക് അത്ര പ്രചാരമില്ലാത്ത കേരളത്തിൽനിന്നു കളിച്ചുവളർന്ന് ഇന്ത്യൻ ടീമിൽ ഒഴിച്ചുകൂടാനാവാത്ത താരമായി മാറിയ ശ്രീജേഷിന്റെ ജീവിതം വളർന്നുവരുന്ന താരങ്ങൾക്കു തിളക്കമാർന്ന പ്രചോദനം കൂടിയാണ്. ഇതിനുമുൻപ് 1972ൽ ഇന്ത്യ ഒളിംപിക് വെങ്കലം നേടിയപ്പോഴും ഗോൾകീപ്പറായിരുന്നത് ഒരു മലയാളിയായിരുന്നു– കണ്ണൂരുകാരൻ മാനുവൽ ഫ്രെഡറിക്സ്. 1980ൽ ഇന്ത്യ സ്വർണം നേടിയപ്പോൾ ഗോൾകീപ്പറായി പാതിമലയാളി അലൻ സ്കോഫീൽഡും ടീമിലുണ്ടായിരുന്നു. 

ഒരുകാലത്ത് രാജ്യത്തിന്റെ കായിക പ്രതാപമായിരുന്ന ഹോക്കിയിൽ ഇന്ത്യയുടെ ഉജ്വല തിരിച്ചുവരവുകൂടിയാണ് ഈ ഒളിംപിക്സിൽ കണ്ടത്. പുരുഷ ടീമിനു പുറമേ, വനിതാ ഹോക്കി ടീമും ഇത്തവണ സെമിയിലെത്തി. പുരുഷ ടീമിനെപ്പോലെ വെങ്കല നേട്ടത്തിനായി ഇന്നു ബ്രിട്ടനെതിരെ കളിക്കാനിറങ്ങുകയാണു വനിതാ ടീം. രണ്ടു ടീമുകളെയും സ്പോൺസർ ചെയ്യുന്നത് ഏതെങ്കിലും വമ്പൻ കോർപറേറ്റ് കമ്പനികളല്ല, ഒഡീഷ സംസ്ഥാന സർക്കാർ ആണെന്നതാണു ശ്രദ്ധേയമായ കാര്യം. കഴി‍ഞ്ഞ കുറച്ചു വർഷങ്ങളായി ഭുവനേശ്വറിലെ കലിംഗ സ്റ്റേഡിയത്തിൽ ടീമുകൾക്കു ലോകോത്തര സൗകര്യങ്ങളും സാഹചര്യങ്ങളും ഒരുക്കിയാണു നവീൻ പട്നായിക്കിന്റെ നേതൃത്വത്തിലുള്ള ഒഡീഷ സർക്കാർ ഇന്ത്യൻ ഹോക്കിയുടെ ഈ നവോത്ഥാനത്തിനു കൈത്താങ്ങായത്. മറ്റു കായിക ഇനങ്ങളിൽ കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങൾക്കു പിന്തുടരാവുന്ന മാതൃക കൂടിയാണിത്. 

കോവിഡ് മൂലം നടക്കില്ല എന്നു കരുതിയ ടോക്കിയോ ഒളിംപിക്സിൽ ഇന്ത്യ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നു എന്ന സന്തോഷം കൂടി ഇതോടൊപ്പമുണ്ട്. ഗുസ്തിയിൽ രവികുമാർ ദഹിയയുടെയും ഭാരോദ്വഹനത്തിൽ മീരാബായ് ചാനുവിന്റെയും വെള്ളി, ബാഡ്മിന്റനിൽ പി.വി.സിന്ധുവിന്റെയും ബോക്സിങ്ങിൽ ലവ്‌ലിന ബോർഗോഹെയ്ന്റെയും വെങ്കലം എന്നിവ ഉൾപ്പെടെ ആകെ 5 മെഡലുകൾ ഇന്ത്യ ഇതിനകം നേടിക്കഴിഞ്ഞു. വനിതാ ഹോക്കിക്കു പുറമേ ഗുസ്തിയിലും ജാവലിൻ ത്രോയിലും ഉൾപ്പെടെ ഇനിയും മെഡൽ പ്രതീക്ഷയുമുണ്ട്. 2012 ലണ്ടൻ ഒളിംപിക്സിലെ 6 മെഡലുകൾ എന്ന ചരിത്രം ടോക്കിയോയിൽ ഇന്ത്യൻ സംഘം തിരുത്തുമെന്നു നമുക്കു പ്രതീക്ഷിക്കാം.