അടുത്തകാലത്തു നടന്ന രണ്ടു വിരുന്നുകൾക്ക് എത്ര രാഷ്ട്രീയപ്രാധാന്യം ഉണ്ടെന്ന് ഇപ്പോൾ പറയാൻ പ്രയാസമാണ്. പെഗസസ് പ്രശ്നം ചർച്ച ചെയ്യാൻ രാഹുൽ ഗാന്ധി കഴിഞ്ഞ 3നു നടത്തിയ  പ്രാതൽവിരുന്നിൽ കോൺഗ്രസ് എംപിമാരും തൃണമൂൽ കോൺഗ്രസ്, എൻസിപി, സിപിഎം, ജെഎംഎം തുടങ്ങിയ വിവിധ പ്രതിപക്ഷപാർട്ടികളും പങ്കെടുത്തു. ബിഎസ്പിയും എഎപിയും വിട്ടുനിന്നു. എന്നാൽ 9നു കോൺഗ്രസ് എംപി കപിൽ സിബലിന്റെ പിറന്നാൾ ആഘോഷത്തിനു നടത്തിയ വിരുന്നിൽ പ്രതിപക്ഷപാർട്ടികൾ മാത്രമല്ല, പ്രതിപക്ഷത്തിന്റെ ഭാഗമല്ലാത്ത ബിജെഡിയും ടിഡിപിയും വൈഎസ്ആർസി‌പിയും ശിരോമണി അകാലിദളും പങ്കെടുത്തു; ബിഎസ്‌പി ഒഴികെ എൻഡിഎയിൽ അംഗമല്ലാത്ത എല്ലാ പാർട്ടികളും അവിടെയുണ്ടായിരുന്നു. പ്രധാനമായി ചർച്ച ചെയ്യപ്പെട്ടത് 2024ലെ പൊതുതിരഞ്ഞെടുപ്പിൽ ബിജെപിയെ എങ്ങനെ നേരിടും എന്നായിരുന്നു.

ഈ വിരുന്നിന്റെ പ്രാധാന്യം പ്രതിപക്ഷത്തിന്റെ ഭാഗമല്ലാത്ത ബിജെഡി തുടങ്ങിയ പാർട്ടികളുടെ സാന്നിധ്യമാണ്. പ്രതിപക്ഷ ഐക്യത്തിന്റെ പിച്ചവയ്പ് എന്നൊന്നും ഈ വിരുന്നിനെ വിശേഷിപ്പിക്കാൻ സാധിക്കില്ല. കാരണം, വൈരുധ്യങ്ങൾ ധാരാളമുണ്ടായിരുന്നു. കോൺഗ്രസിലെ വിമത ഗ്രൂപ്പായ ജി 23ന്റെ നേതൃത്വത്തിലാണു വിരുന്നു നടന്നത്. ഗാന്ധികുടുംബത്തിൽ നിന്ന് ആരും അതിൽ പങ്കെടുത്തില്ല. പഞ്ചാബിൽ നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ ശിരോമണി അകാലിദളും കോൺഗ്രസും പ്രതിയോഗികളാണ്. എന്നിരുന്നാലും, തുടർച്ചയായി നടക്കുന്ന കൂടിക്കാഴ്ചകളിലെ പ്രമേയം ഒന്നാണ്: അജയ്യരായി തുടരുന്ന ബിജെപിക്ക് എങ്ങനെ തടയിടാം?

അടുത്തതായി ബിജെപിക്കു ദേശീയതലത്തിൽ ശക്തിതെളിയിക്കേണ്ടത് ഒരു കൊല്ലത്തിനകം, 2022 ജൂലൈയിൽ നടക്കാനിരിക്കുന്ന രാഷ്ട്രപതി തിരഞ്ഞെടുപ്പിലാണ്. ലോക്സഭയിലെയും രാജ്യസഭയിലെയും എംപിമാർ, സംസ്ഥാനങ്ങളിലെയും നിയമസഭയുള്ള കേന്ദ്രഭരണ പ്രദേശങ്ങളിലെയും എംഎൽഎമാർ എന്നിവരടങ്ങുന്ന ഇലക്ടറൽ കോളജാണു രാഷ്ട്രപതിയെ തിരഞ്ഞെടുക്കുക. 1971ലെ ജനസംഖ്യയുടെ അടിസ്ഥാനത്തിൽ ആ തിരഞ്ഞെടുപ്പിലെ ഒരോ വോട്ടിനും മൂല്യം കൽപിച്ചിട്ടുണ്ട്.

ഉദാഹരണത്തിനു രാജ്യസഭയിലെയും ലോക്സഭയിലെയും ഒരു എംപിയുടെ വോട്ടിന്റെ മൂല്യം 708 ആണ്. സംസ്ഥാനങ്ങളിൽ എത്തുമ്പോൾ എംഎൽഎമാരുടെ വോട്ടിന്റെ മൂല്യം അതതു സംസ്ഥാനങ്ങളിലെ ജനസംഖ്യ അനുസരിച്ചു മാറും. യുപിയിൽ അത് 208 ആണെങ്കിൽ സിക്കിമിൽ വെറും ഏഴാണ്. ഇപ്പോഴത്തെ കക്ഷിനില അനുസരിച്ചു ബിജെപിക്കു തനിച്ചു ലോക്സഭയിൽ നിന്നു വളരെ മികച്ച വോട്ടുമൂല്യം സംഭരിക്കാനാകും. രാജ്യസഭയിൽ ബിജെപിക്കു തനിച്ചു ഭൂരിപക്ഷമില്ല. കപിൽ സിബലിന്റെ വിരുന്നിൽ പങ്കെടുത്ത ബിജെഡി തുടങ്ങിയ എൻഡിഎയിലും പ്രതിപക്ഷത്തും ഇല്ലാത്ത പാർട്ടികൾ ഒരു പൊതു പ്രതിപക്ഷ സ്ഥാനാർഥിയുടെ കൂടെ നിന്നാൽ ബിജെപിസ്ഥാനാർഥി സമ്മർദത്തിലാകാം.

രാഷ്ട്രപതി തിരഞ്ഞെടുപ്പിലെ മൊത്തം വോട്ടുമൂല്യത്തിന്റെ നാലിലൊന്ന് യുപി, മഹാരാഷ്ട്ര, ബംഗാൾ, തമിഴ്നാട്, ബിഹാർ എന്നീ സംസ്ഥാനങ്ങളിൽ നിന്നാണ്. രാഷ്ട്രപതി തിരഞ്ഞെടുപ്പിൽ കേവല ഭൂരിപക്ഷമല്ല, ആകെ വോട്ടിന്റെ 50 ശതമാനത്തിൽ കൂടുതൽ വേണമെന്നതു വോട്ടുമൂല്യം കൂടുതലുള്ള സംസ്ഥാനങ്ങളുടെ പ്രാധാന്യം വർധിപ്പിക്കുന്നു.

ഇലക്ടറൽ കോളജിലെ ആകെ വോട്ടുമൂല്യത്തിന്റെ ഏകദേശം 15%, 403 തിരഞ്ഞെടുത്ത അംഗങ്ങളുള്ള യുപി നിയമസഭയുടെ സംഭാവനയാണ്. അതിൽ 315 പേരും എൻഡിഎയുടെ കൂടെയാണ്. രാഷ്ട്രപതി തിരഞ്ഞെടുപ്പ് വലിയ പ്രശ്നങ്ങളില്ലാതെ തരണം ചെയ്യാൻ ബിജെപിയെ ഈ സംഖ്യ സഹായിക്കേണ്ടതാണ്. എന്നാൽ 2022 മാർച്ചിനകം നടക്കേണ്ട യുപി തിരഞ്ഞെടുപ്പ് അവിടത്തെ നിയമസഭയിലെ പാർട്ടിസ്ഥിതിതന്നെ മാറ്റിയേക്കാം.

കപിൽ സിബലിന്റെ വിരുന്നിൽ പങ്കെടുത്ത മുതിർന്ന നേതാക്കൾ, പ്രതിപക്ഷ ഐക്യം മാറ്റുരയ്ക്കേണ്ടതു യുപിയിലാണെന്ന് ആവർത്തിച്ചു പറയാൻ കാരണം രാഷ്ട്രപതി തിരഞ്ഞെടുപ്പിന്റെ സാംപിൾ വെടിക്കെട്ട് യുപിയിൽ നടക്കും എന്നതുകൊണ്ടാണ്.

ജനകീയമാക്കാം സ്പോർട്സ്; പിന്നാലെ വരും മെഡലുകൾ

ജനസംഖ്യയിൽ ലോകത്തു രണ്ടാമതുള്ള ഇന്ത്യ ഒരു സ്വർണമടക്കം 7 മെഡലുകളോടെയാണു ടോക്കിയോ ഒളിംപിക്സിൽനിന്നു തിരിച്ചുവന്നത്. വെറും മുപ്പതിനായിരം ആളുകളുള്ള സാൻ മാരിനോയ്ക്ക് ഒരു വെള്ളിയും രണ്ടു വെങ്കലവും കിട്ടി. നാലു ലക്ഷം ജനസംഖ്യയുള്ള ബഹാമസിനു 2 സ്വർണമെഡൽ കിട്ടി. 50 ലക്ഷം ജനസംഖ്യയുള്ള ന്യൂസിലൻഡിന് 7 സ്വർണം അടക്കം 20 മെഡലുകൾ കിട്ടി. ദാരിദ്ര്യമാണ് ഇന്ത്യയെ പിന്നോട്ടടിച്ചത് എന്നു പറയുകയാണെങ്കിൽ, ഇന്ത്യയെക്കാൾ ആളോഹരി വരുമാനം കുറഞ്ഞ കെനിയ, ഉഗാണ്ട, ഉസ്ബക്കിസ്ഥാൻ തുടങ്ങിയ രാജ്യങ്ങൾക്ക് ഒന്നിലധികം സ്വർണം ലഭിച്ചിട്ടുണ്ട് എന്നതും പരിഗണിക്കണം.  

ഇതിന്റെ അർഥം ഇന്ത്യക്കാർ കായികവിനോദങ്ങളിൽ വിമുഖരാണെന്നല്ല. സത്യത്തിൽ നമ്മൾ കളിഭ്രാന്തരാണ്; ആ കളി ക്രിക്കറ്റാണെന്നു മാത്രം. എന്നാൽ അതൊരു ഒളിംപിക് ഇനമല്ല. മറ്റു ടീം സ്പോർട്സുകളിൽ ഇന്ത്യ തിളങ്ങുന്നതു ഹോക്കിയിൽ മാത്രം. അതിൽ പരമാവധി ലഭിക്കാവുന്നതു 2 മെഡലുകൾ. മെഡലുകളുടെ കൂമ്പാരം കിടക്കുന്നത് അത്‌ലറ്റിക്സ്, നീന്തൽ, ഡൈവിങ്, ജിംനാസ്റ്റിക്സ്, കുതിരസവാരി, ഫെൻസിങ്, ഷൂട്ടിങ്, അമ്പെയ്ത്ത് തുടങ്ങിയ ഇനങ്ങളിലാണ്. അമ്പെയ്ത്തിലും ഷൂട്ടിങ്ങിലും ലോകനിലവാരത്തിലുള്ള കളിക്കാരെയാണു നമ്മൾ ടോക്കിയോയിലേക്ക് അയച്ചത്. നിർഭാഗ്യവശാൽ അവർ തിളങ്ങിയില്ല. അത്‌ലറ്റിക്‌സിൽ ഫൈനലിൽ എത്തിയ അപൂർവം ഇന്ത്യക്കാരിൽ ഒരാളായ നീരജ് ചോപ്രയ്ക്കു സ്വർണം ലഭിച്ചുവെന്നതു സന്തോഷകരം.

ഒരുപക്ഷേ, നമ്മൾ ചെലവു കുറഞ്ഞ, മെഡലുകൾ ധാരാളമുള്ള ഇനങ്ങളിൽ കൂടുതൽ ശ്രദ്ധിക്കേണ്ടിയിരിക്കുന്നു. ദീർഘദൂരനടത്തം ജീവിതത്തിന്റെ ഭാഗമായ കെനിയക്കാരും ഇത്യോപ്യക്കാരും ഒളിംപിക്സിലെ ദീർഘദൂര ഇനങ്ങളിൽ മെഡലുകൾ നേടുന്നതു ശീലമാക്കിയിരിക്കുന്നു. ചെലവുകൂടിയ പരിശീലനം ആവശ്യപ്പെടുന്ന ഇനങ്ങൾ ഇപ്പോഴത്തെപോലെ സ്വകാര്യ സ്പോൺസർമാർ നടത്തട്ടെ. 

സ്പോർട്സ് ജനകീയമാക്കുന്നതിൽ സർക്കാർ ശ്രദ്ധിച്ചാൽ മെഡലുകൾ താനെ പോരും. മൊത്തത്തിൽ ടോക്കിയോ ഇന്ത്യയ്ക്ക് ആഹ്ലാദകരമാണ്. ലോകരാജ്യങ്ങളുടെ മെഡൽ പട്ടികയിൽ 48ാം സ്ഥാനത്ത് ഇന്ത്യയെത്തി. ഇതിനു മുൻപു നമുക്കു കിട്ടിയ ഏറ്റവും  ഉയർന്ന സ്ഥാനം 1980 ലെ 23 ആയിരുന്നു. 

സ്കോർപ്പിയൺ കിക്ക്

പരസ്യമായി അസഭ്യം പറയുന്നതു കുട്ടികളായാലും കർശന നടപടിയെടുക്കുമെന്ന് ഇ ബുൾജെറ്റ് വിവാദത്തെക്കുറിച്ചു സംസാരിക്കുന്നതിനിടെ കണ്ണൂർ സിറ്റി പൊലീസ് കമ്മിഷണർ ആർ. ഇളങ്കോ.

പരസ്യമായി പൊലീസുകാർ അസഭ്യം പറഞ്ഞാലോ?