ഓണം വന്ന് ലോക്ഡൗണിൽ മുട്ടിയിട്ടും മാവേലിത്തമ്പുരാന് ഇതുവരെ ഓണക്കിറ്റ് കിട്ടിയില്ല. റേഷൻ കാർ‍ഡില്ലാത്തതുകൊണ്ടാണു കിറ്റ് കിട്ടാത്തതെന്നു തമ്പുരാൻ വിശ്വസിക്കുന്നു. രാജ്യം ഭരിച്ച മഹാരാജാവിനെന്തിനാണു റേഷൻ കാർഡ് എന്ന ചോദ്യമാണു പ്രശ്നമായതെന്നു പാതാളത്തിലൊരു സംസാരമുണ്ട്. തന്നെയുമല്ല, മാനുഷരെല്ലാരുമൊന്നുപോലെ എന്നു വിശ്വസിച്ചു രാജ്യം ഭരിച്ച തമ്പുരാനു പലനിറത്തിലുള്ള റേഷൻ കാർഡ് എന്ന തരംതിരിവിനോടു യോജിക്കാനും വയ്യ. 

എന്നാലിപ്പോൾ തൂലികാനാമങ്ങൾക്കും വിളിപ്പേരുകൾ‍ക്കും പിന്നിലെ യഥാർഥമനുഷ്യനെ തിരിച്ചറിയുന്ന ഒരു ഭക്ഷ്യമന്ത്രി മാവേലി നാട്ടിലുണ്ടായതിൽ തമ്പുരാൻ സന്തുഷ്ടനാണ്: ജി.ആർ.അനിൽ. 

റേഷൻ കാർഡ് ഉണ്ടോ, എന്താണതിന്റെ നിറം, കാർഡിൽ ഏതു പേരാണ് എഴുതിയിരിക്കുന്നത് എന്നൊന്നും നോക്കാതെ സകലമാന മാനുഷരെയും ഒന്നുപോലെ കാണാൻ ശേഷിയുള്ളയാളാണ് അനിൽമന്ത്രിയെന്നു മാവേലിക്കു ബോധ്യപ്പെട്ടിരിക്കുന്നു. 

അനിൽമന്ത്രിയുടെ മാന്ത്രികസിദ്ധി പുറത്തുകൊണ്ടുവരാൻ നിയോഗമുണ്ടായത് ഒരു ചലച്ചിത്ര നടനാണ്: മണിയൻപിള്ള രാജു.

മണിയൻപിള്ള രാജുവിന്റെ റേഷൻ കാർഡിന്റെ നിറം വെള്ള. വെള്ളക്കാർഡുകാർക്ക് ഓണക്കിറ്റ് നൽകിത്തുടങ്ങാൻ നിശ്ചയിച്ച ദിവസം ഓഗസ്റ്റ് 13. ഓഗസ്റ്റ് 3 വരെ പാവങ്ങളുടെ മഞ്ഞക്കാർഡിനു മാത്രമാണു കിറ്റ് വിതരണം പ്രഖ്യാപിച്ചിരുന്നത്.  ഇതേ ഓഗസ്റ്റ് 3ന് പക്ഷേ, മന്ത്രി അനിൽജി കിറ്റും ചുമന്നു മണിയൻപിള്ള രാജുവിന്റെ തിരുവനന്തപുരത്തെ വീട്ടിലെത്തുന്നു. റേഷൻ കാർഡ് ചോദിക്കുന്നില്ല. ചോദിച്ചാലും കാർഡിൽ മണിയൻപിള്ള രാജു എന്നൊരാളില്ല. സുധീർ കുമാർ എന്ന ഔദ്യോഗികപേരേ ഉണ്ടാവൂ. പേര് എന്താണെന്നു മന്ത്രിക്ക് അറിയേണ്ട കാര്യമില്ല. വിരലടയാളമോ മറ്റു മുദ്രകളോ വേണ്ടേ വേണ്ട. ഒപ്പം കൊണ്ടുവന്ന ഉദ്യോഗസ്ഥർ ആനന്ദക്കണ്ണീരണിഞ്ഞു നിൽക്കെ മണിയൻപിള്ള രാജുവിനു കിറ്റ് കൊടുത്തു മാവേലിഗാനം മന്ത്രി നീട്ടിപ്പാടി.

ഇതറിഞ്ഞതോടെ മാവേലിമന്നൻ ഉറപ്പിച്ചു: ഇത്തവണ കിറ്റ് കിട്ടും.  മണിയൻപിള്ള രാജുവിനെ നേരിൽകണ്ട് ഓലക്കുടക്കീഴിൽ ചേർത്തുനിർത്തി ആദരിച്ചാവും ഇക്കൊല്ലത്തെ മാവേലിപര്യടനത്തിന്റെ തുടക്കം. 

അപ്പുക്കുട്ടന്റെ കാച്ച്മെന്റ് ഏരിയയിലുള്ള ഒരു സിനിമാതാരത്തിനും കിറ്റ് വാങ്ങിയ ചരിത്രമില്ല. കിറ്റവകാശികളായി അറിയപ്പെടാൻ അവർക്ക് ആഗ്രഹവുമില്ല. റേഷൻ കാർഡുണ്ടോ, അതിന്റെ നിറം എന്ത്, അതിലുള്ളതു പൗരനാമമോ താരനാമമോ എന്നൊന്നും അവർ നോക്കിയിട്ടുമില്ല. പക്ഷേ, ഇത്തവണ അനിൽമന്ത്രി കിറ്റുമായി വീട്ടിലെത്തും. 

പ്രിയ നടീനടന്മാരേ, മന്ത്രി വളരെ കഷ്ടപ്പെട്ടു കൊണ്ടുവരുന്നതല്ലേ, വാങ്ങാതിരിക്കരുത്. വേണ്ടെന്നു പറയരുത്. കാർഡിലെ പേരും പ്രായവും ആരും നോക്കാൻ പോകുന്നില്ല. പാതാളത്തിൽനിന്നുള്ള പൊന്നുതമ്പുരാന്റെ വരവിന്റെ വിളംബര സന്ദർശനമാണെന്നു വിചാരിച്ചാൽ മതി. അടുത്ത ഘട്ടമായി അനിൽമന്ത്രി പൗരജനങ്ങളെ തേടിയിറങ്ങുന്നത് ബവ്റിജസ് കോർപറേഷൻ മുദ്രയുള്ള കുപ്പിയുമായിട്ടാവാം. കുപ്പിയിലുള്ളതു സന്തോഷം; മന്ത്രിക്കും സന്തോഷം.

എല്ലാവർക്കും ഓണവാഴ്‌വ് !

English Summary: Onam Kit; Minister GR Anil