ചോരപ്പുഴ ബ്രാഞ്ച് കമ്മിറ്റിയിൽ കഴിഞ്ഞയാഴ്ച നടന്ന ചൂടൻചർച്ച നാട്ടാരറിയാൻ വഴിയില്ല. തുടർഭരണത്തിന്റെ ആണിക്കല്ലായ കോവിഡും പാർട്ടിയുടെ നയ വ്യതിയാനവുമായിരുന്നു വിഷയങ്ങൾ. 

പലവിധ പിരിവുകളുടെ കണക്കുകൾ അവതരിപ്പിച്ച ബ്രാഞ്ച് സെക്രട്ടറി മീശ തടവി ചുറ്റും നോക്കി. അധികം മിണ്ടാത്ത ഒരു സഖാവിന്റെ ചോദ്യം. ‘കോവിഡ് അനന്തര രോഗങ്ങൾക്കു സർക്കാർ ആശുപത്രിയിൽ ചികിത്സ വേണമെങ്കിൽ പണം നൽകണമെന്ന നമ്മുടെ സർക്കാരിന്റെ തീരുമാനം ശരിയാണോ? കോവിഡ് ബാധിച്ച എല്ലാവരെയും സൗജന്യമായി ചികിത്സിക്കുന്ന ഇന്ത്യയിലെ ഏക സർക്കാരെന്നു പറഞ്ഞു വോട്ടു പിടിച്ചവരല്ലേ നമ്മൾ. എന്നിട്ടിപ്പോ ഒരുമാതിരി....’

കേട്ടിരുന്ന സഖാക്കൾക്കാകെ അമ്പരപ്പ്. സെക്രട്ടറിയുടെ മുഖം ഇരുണ്ടു, പിന്നെ മുരണ്ടു. ‘എപിഎലുകാരാണു പണം നൽകേണ്ടത്. നമ്മൾ ബിപിഎലുകാരുടെ പാർട്ടിയല്ലേ?’ 

ചോദിച്ച സഖാവുവക ഉപചോദ്യങ്ങൾ, ‘അല്ല സെക്രട്ടറീ, ആരാണിപ്പോൾ ബിപിഎലും എപിഎലും? ഭക്ഷ്യക്കിറ്റ് എപിഎലുകാർക്കു കൊടുത്തതോ? എല്ലാവരും ദുരിതത്തിലാണെന്നല്ലേ മുഖ്യമന്ത്രി പറഞ്ഞത്? സർക്കാർ ജീവനക്കാരും പെൻഷൻകാരും കൂടി 11 ലക്ഷമുണ്ട്. അവരൊഴികെ 40 ലക്ഷം എപിഎലുകാരിൽ എത്ര ശതമാനത്തിനു ശേഷിയുണ്ട് ചികിത്സയ്ക്കു പണം കൊടുക്കാൻ?’

അടുത്ത സെക്രട്ടറിയാകാൻ ഉടുപ്പും തയ്ച്ചിരിക്കണ സഖാവിന് അതത്ര പിടിച്ചില്ല. ‘ന്താ സഖാവേ എപിഎലുകാർ പണം കൊടുത്താൽ?’ ചോദ്യങ്ങൾ ഉന്നയിച്ച സഖാവിനു മറുപടിയും ഉണ്ടായിരുന്നു, ‘നമ്മുടെ പാർട്ടിക്കുവേണ്ടി മരിക്കാനും തയാറാകുന്ന ആളല്ലേ മണിയൻപിള്ളച്ചേട്ടൻ. അങ്ങേര് എപിഎലാണ്. ഗൾഫീന്നു വന്നശേഷം ഫാൻസി സ്റ്റോറും ഫർണിച്ചർ കടയും തുടങ്ങി. മാസങ്ങളായി കച്ചോടമില്ല. ശരിക്കും മണിയൻപിള്ളച്ചേട്ടൻ ഇപ്പോൾ ബിപിഎൽ അല്ലേ? റേഷൻ കാർഡിൽ എപിഎലാണെങ്കിലും കോവിഡോടെ ജീവിതത്തിൽ ബിപിഎലായി മാറിയ ലക്ഷക്കണക്കിനു കുടുംബങ്ങളില്ലേ കേരളത്തിൽ? ‘ഒരു ദിവസം ജനറൽ വാർഡിന് 750 രൂപ. ഓപ്പറേഷനാണെങ്കിൽ 28,000 രൂപ വരെ!’ സംഗതി ശരിതന്നെ. സഖാക്കളെല്ലാം ഒരുമിച്ചു സമ്മതിച്ചു. പക്ഷേ, ആരോടു പറയാൻ? ആരു കേൾക്കാൻ? 

കമ്മിറ്റിക്കുശേഷം വീട്ടിലേക്കു പോകാൻനേരം സെക്രട്ടറിയുടെ സ്കൂട്ടറിന്റെ സ്റ്റാർട്ടർ സ്വിച്ച് പ്രവർത്തിക്കുന്നില്ല. കിക്കർ അടിക്കണം. ചോദ്യങ്ങൾ ഉന്നയിച്ച സഖാവിനോടു സഹായം അഭ്യർഥിച്ചു. ‘കിക്കർ അടിക്കാൻ വയ്യേ സഖാവേ?’ സെക്രട്ടറിയുടെ മറുപടി ഇങ്ങനെ: ‘പണ്ടു കരുണാകരൻ മുഖ്യമന്ത്രിയായിരുന്നപ്പം സർക്കാർ ആശുപത്രികളിൽ ഒപി ടിക്കറ്റിന് ഒരു രൂപ നിശ്ചയിച്ചു. അതിനെതിരെ സമരം ചെയ്യാൻ പോയപ്പോ പൊലീസിന്റെ ബാരിക്കേഡ് ചാടിക്കടക്കാൻ നോക്കീതാ. കാലിന്റെ കുഴയ്ക്ക് ഇപ്പോഴും ഇടയ്ക്കിടെ വേദനയുണ്ടു സഖാവേ!’

ചെഞ്ചോരപ്പൊൻ കതിർ വല്ലാതങ്ങു വളർന്നാൽ...

സഹോദരന് അസ്ഥാനത്ത് അടി; സഹോദരിക്ക് അപ്രതീക്ഷിത സ്ഥാനക്കയറ്റം. പി.ജയരാജനെ ചെവിക്കുപിടിച്ചു മൂലയ്ക്ക് ഇരുത്തിയപ്പോൾ സഹോദരി പി.സതീദേവിക്കു വനിതാ കമ്മിഷൻ അധ്യക്ഷയുടെ കസേര. രണ്ടും നടന്നതു സിപിഎമ്മിന്റെ ഒരേ സംസ്ഥാന കമ്മിറ്റി യോഗത്തിൽ. സ്വർണക്കടത്തുകാർ പാർട്ടി ഓഫിസിന്റെ തിണ്ണനിരങ്ങുന്നതു കെ.പി.സഹദേവനു സഹിച്ചില്ല. കണ്ണൂർ ജില്ലാ കമ്മിറ്റിയിൽ സഹദേവൻ തുറന്നടിച്ചു. ജയരാജൻ അടിച്ചിരുത്താൻ ശ്രമിച്ചു. വെല്ലുവിളി കൂടിയപ്പോൾ ബെല്ലടിച്ചു യോഗം പിരിഞ്ഞു. സംസ്ഥാന കമ്മിറ്റിയിൽ കണക്കിനുകൊടുത്തു രണ്ടുപേർക്കും. തല്ലിയ വടി ഒന്നാണെങ്കിലും വേദന കൂടുതൽ ജയരാജനായിരുന്നു. 

അല്ലെങ്കിലും സ:പിയെ വേട്ടയാടുന്നതിലാണല്ലോ നേതാക്കൾക്കു സുഖം. സ്വന്തമായി ആർമിയുള്ള ആശാനാണു ജയരാജൻ. പി.ജെ.ആർമിയെന്നു കേട്ടാൽ സമൂഹ മാധ്യമങ്ങളിലെ വിമർശകർ വിറയ്ക്കും. ആളു പുലിയാണെന്നു പറഞ്ഞിട്ടെന്തു കാര്യം? പാർട്ടിക്കുള്ളിൽ 4 പടി കയറുമ്പോൾ 3 പടി താഴേക്കു വീഴാനാണു വിധി. 

കണ്ണൂർ ജില്ലാ സെക്രട്ടറിയായിരിക്കെ പുറച്ചേരി വായനശാലക്കാർ ഇറക്കിയ ഒരു ഗാനമാണു ജയരാജ ഗതികേടുകൾക്കു തറക്കല്ലിട്ടത്. ‘ചെഞ്ചോരപ്പൊൻ കതിരല്ലോ, നാടിൻ നെടുനായകനല്ലോ പി.ജയരാജൻ ധീരസഖാവ്....’ പിണറായിക്കും കോടിയേരിക്കുമൊക്കെ വല്ലാതെ ചൊറിഞ്ഞുതടിച്ച വരികൾ? സിബിഐ എന്നു കേട്ടാൽ ഐസിയുവിലേക്ക് ഓടിക്കയറുന്നയാളെ ധീരനെന്നു വിളിക്കാമോയെന്നു മറ്റൊരു കൂട്ടർ. 

പാർട്ടിക്കുള്ളിൽ വ്യക്തിപൂജ അനുവദിക്കുന്നതെങ്ങനെ? നേതാക്കൾ പാട്ടിനു പൂട്ടിട്ടു. വല്ലാതങ്ങു വളരുന്ന ജയരാജനെ വെട്ടിയൊതുക്കാനും തീരുമാനിച്ചു. വടകരയിൽ സ്ഥാനാർഥിയാക്കിയെന്നു മാത്രമല്ല മൂന്നാം മണിക്കൂറിൽ എം.വി.ജയരാജനെ ജില്ലാ സെക്രട്ടറിയുമാക്കി. അതേ തിരഞ്ഞെടുപ്പിൽ കോട്ടയത്തു വി.എൻ.വാസവൻ മത്സരിച്ചെങ്കിലും ജില്ലാ സെക്രട്ടറി സ്ഥാനത്തു പകരക്കാരൻ വന്നില്ല. മനസ്സിലായില്ലേ ചെന്താരകത്തിനോടുള്ള കരുതൽ?

നിയമസഭയിൽ മത്സരിക്കാൻ മോഹിച്ചു. അപ്പോഴാണു പി.ജെ.ആർമിയുടെ തലപൊക്കൽ. സേനാ നായകനെ ചവിട്ടിക്കൂട്ടുകതന്നെ. അതിനുള്ള കളി കരുതിക്കൂട്ടിയായിരുന്നു. ലോക്സഭാ തിരഞ്ഞെടുപ്പി‍ൽ മത്സരിച്ചവരെ നിയമസഭയിൽ മത്സരിപ്പിക്കേണ്ടെന്നു സംസ്ഥാന സമിതി നേരത്തേ തീരുമാനിക്കുന്നു. അതിനാൽ ജില്ലാ കമ്മിറ്റിയുടെ പട്ടികയിൽ ജയരാജനെ ഉൾപ്പെടുത്തിയില്ല. അപ്പോൾ ലോക്സഭയിൽ തോറ്റ വി.എൻ.വാസവൻ, പി.രാജീവ്, കെ.എൻ.ബാലഗോപാൽ, എം.ബി.രാജേഷ് എന്നിവർക്കു സീറ്റ് കൊടുത്തതോ? സ്വന്തം ജില്ലാ കമ്മിറ്റിയുടെ പട്ടികയിൽ അവർ ഉണ്ടായിരുന്നതിനാൽ സീറ്റ് കൊടുത്തതാണത്രെ! നാൽവരും ജയിച്ചെന്നു മാത്രമല്ല, പദവികളും ലഭിച്ചു. 1999 ഓഗസ്റ്റ് 25ലെ തിരുവോണദിനം മറക്കരുതു സഖാക്കളേ. സദ്യയുണ്ടു വിശ്രമിച്ച ജയരാജന്റെ വലംകൈ വെട്ടിയരിഞ്ഞ ദിനം. ഇപ്പോൾ പാർട്ടിയിലെ വലംകൈകളും കയ്യൊഴിഞ്ഞിരിക്കുന്നു ധീരസഖാവിനെ. സഹോദരി കമ്മിഷൻ അധ്യക്ഷയായതിനാൽ കണ്ണൂരിലെ പീഡനവീരന്മാരെ കൈകാര്യം ചെയ്യാനാകുമെന്ന പ്രതീക്ഷ മാത്രമേയുള്ളൂ ഉള്ളിൽ.

സോളർ വെളിച്ചം കണ്ടെത്താൻ ചൂട്ടുപിടിച്ച്...

പ്രാഥമിക കൃത്യങ്ങൾക്കു തടസ്സം നേരിട്ടതിനാൽ നിലച്ചുപോയ ഒരു പ്രതിഷേധമേയുള്ളൂ ലോകസമര ഭൂപടത്തിൽ. അതാണു സോളർ സമരം. മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ ശ്വാസംവിടാൻ അനുവദിക്കില്ലെന്ന പ്രതിജ്ഞയുമായി വന്നവർക്ക് ഇരയുടെ മൊഴികളും പഴികളുമായിരുന്നു കൈമുതൽ. ഉമ്മൻ ചാണ്ടി ശിവരാജൻ കമ്മിഷനെ നിയോഗിച്ചെങ്കിലും അത് ആയുധമായി കിട്ടിയതു പിണറായി മുഖ്യമന്ത്രിയായപ്പോൾ. ഒസി ഉൾപ്പെടെ സകലമാന കോൺഗ്രസുകാരെയും ഒറ്റവെട്ടിൽ വീഴ്ത്താമെന്നായിരുന്നു കണക്കുകൂട്ടൽ. ലൈംഗിക സംതൃപ്തി കൈക്കൂലിയായി കണക്കാക്കാൻ സാധിക്കുമോയെന്നു പരിശോധിക്കണമെന്നായിരുന്നു കമ്മിഷന്റെ നിരീക്ഷണം! നിയമജ്ഞരിൽ പലരും അന്നു തുടങ്ങിയ ചിരി ഇന്നും നിർത്തിയിട്ടില്ല. അത്രയ്ക്കുണ്ടു നിരീക്ഷണങ്ങൾ. ശിവരാജനെന്താ കുഴപ്പം? സർക്കാർ വിലാസം നിയമനം ലഭിച്ചില്ലേ? പിന്നെന്തുവേണം ആനന്ദിക്കാൻ? 

നിയമസഭയുടെ മേശപ്പുറത്തു റിപ്പോർട്ട് വച്ച പിണറായി സ്വയം കത്തിപ്പടരുകയായിരുന്നു. ഒസിയെ മൂക്കിൽ കയറ്റുന്നതു മുതൽ എത്രയെത്ര ശിക്ഷകൾ പ്രഖ്യാപിച്ചുകളഞ്ഞു അന്നു മുഖ്യൻ. കമ്മിഷൻ റിപ്പോർട്ട് അനുസരിച്ചു ക്രൈംബ്രാഞ്ച് കേസ് റജിസ്റ്റർ ചെയ്തെങ്കിലും അന്വേഷണത്തിൽ ഒന്നും കിട്ടിയില്ല. ക്ലിഫ് ഹൗസിൽവച്ചു പീഡിപ്പിച്ചെന്നാണല്ലോ ഇരയുടെ മൊഴി. പക്ഷേ, ആ ദിവസം ഒസി ക്ലിഫ് ഹൗസിൽ ഉണ്ടായിരുന്നില്ലെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തിയതോടെ കൈവിട്ടുപോയി കാര്യങ്ങൾ. ഇരയ്ക്ക് അതു സഹിക്കാനായില്ല, പിണറായിക്കും. ജനിച്ചപ്പോഴേ സിബിഐ വിരുദ്ധനായ പിണറായി സോളർ കേസ് സിബിഐ അന്വേഷണത്തിനു വിട്ടു. ഭൗതികജീവിതത്തിലെ ഓരോരോ വൈരുധ്യങ്ങൾ. കേരളത്തിലുള്ള സിബിഐ ഉദ്യോഗസ്ഥർ ഉഴപ്പുകയാണെന്നു കണ്ടതോടെ ഇര സിബിഐ ഡയറക്ടറെ കണ്ടു. 

കോൺഗ്രസിന്റെ കേന്ദ്രനേതാക്കളും എംപിമാരുമൊക്കെ ഉള്ളതിനാൽ ബിജെപിക്കു സംഗതി ഇഷ്ടപ്പെട്ടു. കോൺഗ്രസ് മുക്ത ഭാരതമാണല്ലോ മനസ്സിൽ. സോളർ വെളിച്ചത്തിൽ കേരളത്തിൽ കോൺഗ്രസിനെ തുടച്ചു നീക്കാം. ക്രൈംബ്രാഞ്ച് അന്വേഷണ റിപ്പോർട്ടിലെ ചില ഭാഗങ്ങൾ വെട്ടിയൊട്ടിച്ച് ഒരു എഫ്ഐആർ തയാറാക്കിക്കഴിഞ്ഞു. പക്ഷേ, അവരുടെ മുന്നിലും ഒരു ചോദ്യം വട്ടമിട്ടു കറങ്ങുന്നുണ്ട്. ബിജെപി ദേശീയ വൈസ് പ്രസിഡന്റ് എ.പി.അബ്ദുല്ലക്കുട്ടിയുമുണ്ട് പീഡിപ്പിച്ചുവെന്നു പറയുന്നവരുടെ പട്ടികയിൽ!

സ്റ്റോപ് പ്രസ്

ഡിസിസി പുനഃസംഘടന: അന്തിമപട്ടിക സമൂഹമാധ്യമങ്ങളിലൂടെ പുറത്തായെന്ന പ്രചാരണം നുണയെന്ന് കെപിസിസി പ്രസിഡന്റ്

നേരായി അതുമാത്രമേയുള്ളൂ: നുണ