∙മോഹൻലാൽ: ഗായകനു ശബ്ദം എന്നതുപോലെ ഒരു നടന്റെ ഏറ്റവും വലിയ സ്വത്ത് സ്വന്തം ശരീരമാണ്. അതിനെ കാത്തുസൂക്ഷിക്കുക എന്നതാണ് ഏറ്റവും വലിയ ധർമം. ചിട്ടയോടെ ഇക്കാര്യം വർഷങ്ങളായി പാലിക്കുന്ന ഒരേയൊരാളെ മാത്രമേ ഞാൻ കണ്ടിട്ടുള്ളൂ. അതു മമ്മൂട്ടിയാണ്. ഇക്കാര്യത്തിലാണ് എനിക്കു മമ്മൂട്ടിയോട് ഏറ്റവുമധികം അസൂയയുള്ളതും. 

∙എം. മുകുന്ദൻ: ഗൂഗിൾ ആണു പുതിയകാലത്തെ ദൈവം. ആ ദൈവത്തിന്റെ സഹായത്തോടെ ആരെല്ലാമോ നമ്മെ നിയന്ത്രിക്കുന്നു. ഭരിക്കുന്നു. ഭീതിദമായ ഒരവസ്ഥയിലേക്കാണു സൈബർലോകം നമ്മെ കൊണ്ടുപോകുന്നത്. വൈകാതെ ആത്മാവ് ചോർന്നുപോയ വെറും യന്ത്രമനുഷ്യരായ അടിമകളായി മാറും നമ്മൾ.

∙ റോജിൻ തോമസ്: തിരക്കിനിടയിൽ നമ്മുടെ മാതാപിതാക്കൾക്കായി അഞ്ചുമിനിറ്റ് നമ്മൾ ചെലവഴിക്കുമ്പോൾ അവർക്കുണ്ടാകുന്ന സന്തോഷമുണ്ടല്ലോ, ആ സന്തോഷമായിരുന്നു എന്റെ സിനിമയുടെ (ഹോം) പ്രചോദനം. നമ്മുടെ സമൂഹത്തിൽ ഡിജിറ്റൽ വിപ്ലവം പെട്ടെന്നായപ്പോൾ അതുമായി പൊരുത്തപ്പെടാൻ ബുദ്ധിമുട്ടുന്ന ഒരുപാടുപേരുണ്ട്. നമ്മളെ ക്ഷമയോടെ അക്ഷരം പഠിപ്പിച്ച് ഇത്രത്തോളം ആക്കിയ അച്ഛനമ്മമാർക്കുവേണ്ടി അൽപസമയം ചെലവഴിക്കാൻ ഞാൻ ഉൾപ്പെടുന്ന പുതിയ തലമുറയ്ക്കു ക്ഷമയില്ല.  

∙ ഇന്ദ്രൻസ്: ഓരോ സിനിമയിലും എന്നെ ഓരോ പടികൾ കയറ്റിക്കയറ്റി ഇതുവരെ എത്തിച്ചതു പ്രേക്ഷകരാണ്. പിന്നെ, എന്റെ ഗുരുനാഥന്മാരുടെ അനുഗ്രഹവും. ഞാൻ താഴോട്ടു പോകാതെ എന്നെ നിലനിർത്തുന്നത് ഇതൊക്കെയാണ്. അവരെയൊക്കെ ഓർത്തുകൊണ്ടാണു ഞാൻ ഓരോ രംഗവും അഭിനയിക്കുന്നത്. ഓരോ സിനിമയും തന്നു സഹായിച്ചവരോട് അതു മോശമില്ലാതെ ചെയ്തുതീർത്താണു സ്നേഹം അറിയിക്കുന്നത്. 

∙ ഡോ. സി.ജെ. ജോൺ: യുട്യൂബ് ചാനൽ പ്രളയമാണിപ്പോൾ. ഉത്തരവാദിത്തത്തോടെ ചെയ്യുന്നവരുണ്ട്. എന്നാൽ നൈതികത പാലിക്കാതെ എന്തും കാട്ടിക്കൂട്ടുന്നവരുമുണ്ട്. അർധസത്യങ്ങളോ വങ്കത്തരങ്ങളോ ഏഷണികളോ ഇഷ്ടപ്പെടുന്ന ഒരു വിഭാഗം ഇതൊക്ക ലൈക്ക് ചെയ്യും. ഷെയർ ചെയ്യും. ഇതിനായി എന്തും ചെയ്യുന്ന ഒരു മനോവൈകല്യം വ്യാപിക്കുന്നുണ്ട്. ‘ലൈക്കോഹോളിസ’മെന്ന ലഹരിക്ക് അടിമപ്പെട്ടാൽ ഇങ്ങനെ നിലമറന്നുപോകും.

∙ എം.ജി.ശ്രീകുമാർ: ഞാനെന്റെ നാലാം വയസ്സിൽ പാടിത്തുടങ്ങിയതാണ്. ഇപ്പോൾ മൂന്നരവർഷമായി കുട്ടികളുടെ സംഗീതപരിപാടിയുമായി അവരോടൊപ്പമാണ്. ജീവിതത്തിൽ ഏറ്റവും അധികം ആനന്ദം അനുഭവിക്കുന്നത് ഇപ്പോഴാണ്. നിഷ്കളങ്കരായ ആ മക്കൾ പാടുമ്പോൾ അതിശയത്തോടെയാണു ഞാൻ നോക്കിനിൽക്കുന്നത്.

∙ സന്തോഷ് ജോർജ് കുളങ്ങര: തെലങ്കാന വിമാനം അയച്ചു കിറ്റെക്സ് ആൾക്കാരെ കൊണ്ടുപോയതുപോലെ തെലങ്കാനയിൽ ഏതെങ്കിലും വ്യവസായ ഗ്രൂപ്പ് പ്രശ്നം നേരിട്ടിട്ട് മറ്റൊരു നാട്ടിലേക്കു പോകാൻ താൽപര്യപ്പെട്ടാൽ നമ്മൾ വിമാനം അയയ്ക്കുമോ? നമ്മൾ മൈൻഡ് ചെയ്യില്ല. ആ സ്ഥിതിയൊക്കെ മാറി ‘ടോട്ടൽ ചെയ്ഞ്ച്’ വന്നാലേ കേരളത്തിനു ഭാവിയുള്ളൂ.

English Summary: Famous quotes in Malayalam