ഫാക്ട് എന്നൊരു വിജയഗാഥ
തകർച്ചയിൽനിന്നു നേട്ടങ്ങളിലേക്കു വളരുകയാണ് പൊതുമേഖലയിൽ രാജ്യത്തെ വൻകിട രാസവളം നിർമാണശാലകളിലൊന്നായ ഫെർട്ടിലൈസേഴ്സ് ആൻഡ് കെമിക്കൽസ് ട്രാവൻകൂർ എന്ന ഫാക്ട്. ദീർഘകാലമായി പിന്തുടരുന്ന സാമ്പത്തിക പ്രതിസന്ധികൾ അതിജീവിച്ച്, സഹസ്രകോടികളുടെ FACT, CMD, Manorama News
തകർച്ചയിൽനിന്നു നേട്ടങ്ങളിലേക്കു വളരുകയാണ് പൊതുമേഖലയിൽ രാജ്യത്തെ വൻകിട രാസവളം നിർമാണശാലകളിലൊന്നായ ഫെർട്ടിലൈസേഴ്സ് ആൻഡ് കെമിക്കൽസ് ട്രാവൻകൂർ എന്ന ഫാക്ട്. ദീർഘകാലമായി പിന്തുടരുന്ന സാമ്പത്തിക പ്രതിസന്ധികൾ അതിജീവിച്ച്, സഹസ്രകോടികളുടെ FACT, CMD, Manorama News
തകർച്ചയിൽനിന്നു നേട്ടങ്ങളിലേക്കു വളരുകയാണ് പൊതുമേഖലയിൽ രാജ്യത്തെ വൻകിട രാസവളം നിർമാണശാലകളിലൊന്നായ ഫെർട്ടിലൈസേഴ്സ് ആൻഡ് കെമിക്കൽസ് ട്രാവൻകൂർ എന്ന ഫാക്ട്. ദീർഘകാലമായി പിന്തുടരുന്ന സാമ്പത്തിക പ്രതിസന്ധികൾ അതിജീവിച്ച്, സഹസ്രകോടികളുടെ FACT, CMD, Manorama News
തകർച്ചയിൽനിന്നു നേട്ടങ്ങളിലേക്കു വളരുകയാണ് പൊതുമേഖലയിൽ രാജ്യത്തെ വൻകിട രാസവളം നിർമാണശാലകളിലൊന്നായ ഫെർട്ടിലൈസേഴ്സ് ആൻഡ് കെമിക്കൽസ് ട്രാവൻകൂർ എന്ന ഫാക്ട്. ദീർഘകാലമായി പിന്തുടരുന്ന സാമ്പത്തിക പ്രതിസന്ധികൾ അതിജീവിച്ച്, സഹസ്രകോടികളുടെ വിറ്റുവരവിലേക്കുള്ള ഫാക്ടിന്റെ പുരോഗതിയിൽ പൊതുമേഖലയ്ക്കാകെയുള്ള പ്രചോദനപാഠങ്ങളുണ്ട്.
കേരളത്തിന്റെ ഈ അഭിമാനസ്ഥാപനത്തെ ഏറെക്കാലം വേട്ടയാടിയതു കോടികളുടെ കടബാധ്യതകളായിരുന്നു. പല കാലങ്ങളിൽ കേന്ദ്ര സർക്കാരിൽ നിന്നുൾപ്പെടെ ലഭിച്ച വായ്പകളുടെ തിരിച്ചടവും ബാങ്ക് ബാധ്യതകളുമെല്ലാം വലച്ച ആ കഠിനകാലം ആശ്വാസത്തോടെ പിന്നിടുകയാണു ഫാക്ട്. മൂന്നു വർഷം മുൻപു വെറും 1,800 കോടി രൂപയായിരുന്നു ഫാക്ടിന്റെ വാർഷിക വിറ്റുവരവ്. ഈ സാമ്പത്തിക വർഷം അതു 4,000 കോടി കവിയും. രണ്ടോ മൂന്നോ വർഷത്തിനുള്ളിൽ 7,000 കോടിയിലെത്തുമെന്ന ശുഭപ്രതീക്ഷയിലാണു ഫാക്ട്.
ഇടക്കാലത്തു ഫാക്ടിനെ നയിക്കാൻ സ്ഥിരമായി ചെയർമാൻ ആൻഡ് മാനേജിങ് ഡയറക്ടർ (സിഎംഡി) പോലുമുണ്ടായിരുന്നില്ല. 2016 മുതൽ നീണ്ട നേതൃത്വ പ്രതിസന്ധി കേന്ദ്ര സർക്കാർ അവസാനിപ്പിച്ചതു 2019 ഫെബ്രുവരിയിൽ കിഷോർ രുങ്തയെ നിയമിച്ചുകൊണ്ടാണ്. ഇലക്ട്രോണിക്സ് കോർപറേഷൻ ഓഫ് ഇന്ത്യയുടെ ഡയറക്ടറായി പ്രവർത്തിച്ചുവരികയായിരുന്നു അദ്ദേഹം. ഹിന്ദുസ്ഥാൻ കേബിൾസ് ലിമിറ്റഡ് ആക്ടിങ് സിഎംഡിയായും പ്രവർത്തിച്ചു. രണ്ടിടത്തും ഫിനാൻസ് വിഭാഗത്തിനു നേതൃത്വം നൽകിയ അനുഭവസമ്പത്തുകൂടി ഉൾക്കൊണ്ടാണ് അദ്ദേഹം ഫാക്ടിന്റെ സാരഥ്യം ഏറ്റെടുത്തത്.
സാമ്പത്തിക പ്രതിസന്ധികൾ പരിഹരിക്കണമെങ്കിൽ ആദ്യം വേണ്ടതു മനുഷ്യശേഷി കാര്യക്ഷമമായി ഉപയോഗിക്കുകയാണെന്ന തിരിച്ചറിവോടെയാണു താൻ പ്രവർത്തിച്ചതെന്ന് അദ്ദേഹം പറയുന്നു. ‘‘ ഞാൻ ചെറിയ ചെറിയ കാര്യങ്ങൾ മാത്രമാണു ചെയ്തത്. പക്ഷേ, വലിയ ഫലമുണ്ടായി. ജീവനക്കാരെല്ലാം കഴിവുള്ളവരാണ്. അവരെ ശരിയായ ദിശയിൽ നയിച്ചാൽ മാത്രംമതി. വേഗത്തിൽ, മികച്ച തീരുമാനമെടുക്കുകയും വേണം. യൂണിയനുകളുടെ പൂർണ സഹകരണവും ലഭിക്കുന്നുണ്ട്. ജീവനക്കാർക്ക് അർഹിക്കുന്ന ആദരം നൽകി. സ്ഥാപനം നന്നായാൽ മാത്രമേ ജീവനക്കാർക്കും നേട്ടമുണ്ടാകൂ എന്ന് അവർക്കറിയാം. ’’
കൊച്ചി അമ്പലമുകളിൽ സംസ്ഥാന സർക്കാരിനു പെട്രോകെമിക്കൽ പാർക്ക് സ്ഥാപിക്കുന്നതിനായി 481 ഏക്കർ സ്ഥലം കൈമാറിയ ഇനത്തിൽ ലഭിച്ച 971 കോടി രൂപകൂടി പിടിവള്ളിയാക്കിയാണു പുതിയ മുന്നേറ്റം. 9 വർഷം പൂട്ടിക്കിടന്ന കാപ്രോലാക്ടം പ്ലാന്റിൽ ഉൽപാദനം പുനരാരംഭിക്കുന്നതിനു മുൻ ജീവനക്കാരെ കരാർ വ്യവസ്ഥയിൽ നിയമിക്കുകയുണ്ടായി. തുടക്കക്കാർക്കു പരിശീലനം നൽകിയത് അവരാണ്. തുറന്ന് 6 മാസത്തിനകം ഈ പ്ലാന്റിൽനിന്നുള്ള വിറ്റുവരവ് 450 കോടി രൂപ കവിഞ്ഞു. അടുത്ത വർഷം 1000 കോടിയാണു പ്രതീക്ഷ. ഫൈബർ, പ്ലാസ്റ്റിക് എന്നിവയുടെ ഉൽപാദനത്തിന് ആവശ്യമായ നൈലോൺ – 6ന്റെ നിർമാണത്തിനാണു കാപ്രോലാക്ടം ഉപയോഗിക്കുന്നത്. വ്യവസായരംഗത്തു വൻതോതിൽ ആവശ്യമുള്ള രാസവസ്തുവായതിനാൽ കാപ്രോലാക്ടം ഉൽപാദനം ഫാക്ടിനും രാജ്യത്തിനും നേട്ടമാകും.
പത്തു ലക്ഷം ടൺ രാസവളം ഉൽപാദിപ്പിക്കുന്ന ഫാക്ട്, 700 കോടി രൂപ ചെലവിട്ട് 5 ലക്ഷം ടൺ കൂടി ശേഷി വർധിപ്പിക്കാൻ ഒരുങ്ങുകയാണ്. മൂന്നു കൊല്ലം മുൻപത്തെ മോശം സാഹചര്യങ്ങൾ ഓർക്കുമ്പോഴേ ഫാക്ട് ഇപ്പോൾ കൈവരിച്ച നേട്ടത്തിന്റെ തിളക്കം വ്യക്തമാകൂ. കരാർ വ്യവസ്ഥയിലുള്ളവർ ഉൾപ്പെടെയുള്ള 2467 ജീവനക്കാർക്കുകൂടി അവകാശപ്പെട്ടതാണ് ഈ അഭിമാനം.
എം.കെ.കെ.നായരെപ്പോലുള്ള പ്രഗല്ഭമതികൾ പാകിയ അടിത്തറയുടെ ബലത്തിൽ ഈ സ്ഥാപനം ഉയരങ്ങളിലേക്കു വളരുകയാണ്. തകർച്ചയിൽ തളർന്നും ആത്മവിശ്വാസം ചോർന്നും തോൽവി സമ്മതിക്കുന്ന നമ്മുടെ എത്രയോ സ്ഥാപനങ്ങൾക്കുള്ള വിജയപാഠമാണ് ഫാക്ട്. നിശ്ചയദാർഢ്യവും ലക്ഷ്യബോധവുമുള്ള സംഘശക്തിക്കുമുന്നിൽ പ്രതിസന്ധികൾ തലതാഴ്ത്തുമെന്നതാണ് ഈ പൊതുമേഖലാ സ്ഥാപനം ഉറപ്പായി നൽകുന്ന പാഠം.
Content highlights: Fertilisers and Chemicals Travancore