പ്രസവം പൂർണമായും ആശുപത്രികളിലായതോടെ വയറ്റാട്ടികൾ ഇല്ലാതായി. ആശുപത്രികളിൽ ഗർഭിണികളെയും നവജാതശിശുക്കളെയും പരിചരിക്കാൻ മിഡ്‌വൈഫുമാരെത്തി. പ്രാദേശിക തലത്തിൽ ആരോഗ്യപരിരക്ഷയും അവരുടെ ചുമതലയായി. ഗ്രാമപ്രദേശങ്ങളിലെ ഈ ആരോഗ്യസംരക്ഷണ പ്രവർത്തകർക്ക് പക്ഷേ, അർഹിക്കുന്ന അംഗീകാരം ഇപ്പോഴുമകലെ 

ഗർഭിണികൾക്കും നവജാതശിശുക്കൾക്കും ആരോഗ്യകരമായ പരിചരണവും പോഷണവും ഉറപ്പാക്കാൻ സേവനം ചെയ്യുന്ന മിഡ്‌വൈഫുമാരെ ലോകമെങ്ങും ആദരിക്കുന്ന ദിനമാണിന്ന്: രാജ്യാന്തര മിഡ്‌വൈഫ് ദിനം. ഭൂമിയിലേക്കു കണ്ണു തുറക്കുന്ന കുഞ്ഞുങ്ങളുടെയും അവരുടെ അമ്മമാരുടെയും നന്ദിവാക്കുകൾ ഈ ദിവസത്തിൽ പ്രകാശം നിറയ്ക്കുന്നു.

പ്രസവം വീടുകളിൽ തന്നെ നടന്നിരുന്ന, ആശുപത്രിസൗകര്യങ്ങൾ വ്യാപകമല്ലാതിരുന്ന കാലത്ത് വയറ്റാട്ടികളായിരുന്നു നാട്ടിൻപുറത്തെ ഗൈനക്കോളജിസ്റ്റുകൾ. പ്രസവമെടുക്കൽ മാത്രമല്ല, ഗർഭിണികൾക്കുവേണ്ട മരുന്നുകൾ തയാറാക്കൽ, പ്രസവശേഷമുള്ള ശുശ്രൂഷകൾ, നവജാതശിശുവിന്റെ പരിചരണം തുടങ്ങിയ വിഷയങ്ങളിലും അവസാന വാക്ക് വയറ്റാട്ടിയുടേതായിരുന്നു. പ്രസവം പൂർണമായും ആശുപത്രികളിലേക്കു മാറിയതോടെ വയറ്റാട്ടികൾ ഇല്ലാതായി. പകരം, മിഡ്‌വൈഫ് എന്ന പേരിൽ ആശുപത്രികളിലായി സേവനം. സർക്കാർ സർവീസിൽ ഓക്സിലറി നഴ്സ് ആൻഡ് മിഡ്‌വൈഫ്(എഎൻഎം) തസ്തികയിലാണ് ഇവർ ജോലി ചെയ്യുന്നത്.

ഗ്രാമപ്രദേശങ്ങളിലെ ആരോഗ്യപരിരക്ഷയുടെ സമഗ്രമുഖമായി മാറിയിരിക്കുകയാണു മിഡ്ൈവഫുമാരുടെ സേവനം. പ്രാദേശിക തലത്തിൽ ന്യൂട്രീഷനിസ്റ്റ്, ഗൈനക്കോളജിസ്റ്റ്, കൗൺസിലർ, പാലിയേറ്റീവ് കെയർ നഴ്സ് തുടങ്ങിയ ഉത്തരവാദിത്തങ്ങളേറ്റെടുത്ത് ഗ്രാമീണ ഇന്ത്യയുടെ ആരോഗ്യസംരക്ഷണ യജ്ഞത്തിൽ പങ്കാളികളാകുന്ന പബ്ലിക് ഹെൽത്ത് നഴ്സുമാരുടെ സേവനത്തെയും ഒപ്പം, പഴയകാല വയറ്റാട്ടികളുടെ ധന്യാനുഭവങ്ങളെയും ഈ ദിനത്തിൽ അഭിവാദ്യം ചെയ്യാം. 

കടിഞ്ഞൂൽക്കഥകളുമായി 104 വയസ്സുകാരി

നേശമ്മ

വീട്ടിലെ പഴയ സാധനങ്ങൾ ആക്രിക്കാരന് എടുത്തുകൊടുത്ത കൂട്ടത്തിൽ ആ അലുമിനിയം പെട്ടിയുമുണ്ടായിരുന്നു. 104 വയസ്സു പിന്നിട്ട നേശമ്മയ്ക്ക്, നെയ്യാറ്റിൻകര താലൂക്കിലെ വിവിധ ഭാഗങ്ങളിലായി മൂവായിരത്തിലേറെ പ്രസവമെടുത്തിട്ടുള്ള വയറ്റാട്ടിക്ക്, അതു വെറും പെട്ടിയായിരുന്നില്ലെന്ന് വീട്ടുകാർ അന്നേരം ഓർമിച്ചിരിക്കില്ല. 

കത്തിയും കത്രികയും സൂചിയുമുൾപ്പടെയുള്ള നേശമ്മയുടെ പണിയായുധങ്ങൾ സൂക്ഷിച്ചിരുന്ന ആ പെട്ടി ഏഴു പതിറ്റാണ്ടു മുൻപു നൽകിയത് ആനപ്പാറ സർക്കാർ ആശുപത്രിയിലെ പേരോർമയില്ലാത്തൊരു ഡോക്ടറായിരുന്നു. ഒപ്പം ഒരുപദേശവും. ‘‘രണ്ടു ജീവൻവച്ചുള്ള കളിയാണ്. കൈവിട്ടുപോകരുത്...’’ ആ ഉപദേശവും മനക്കരുത്തും മാത്രം കൈമുതലാക്കി വയറ്റാട്ടിപ്പണിക്ക് ഇറങ്ങിത്തിരിച്ചതാണു ശങ്കിലി വടക്കേക്കര പുത്തൻവീട്ടിൽ നേശമ്മ. അരനൂറ്റാണ്ടിലേറെക്കാലം വയറ്റാട്ടിയായി ഗ്രാമങ്ങളിലെ സാധാരണക്കാരെ സേവിച്ചു. 8 മക്കളും 18 ചെറുമക്കളും അവരുടെ മക്കളും ഉൾപ്പെടുന്ന 4 തലമുറയോടൊപ്പമാണ് നേശമ്മ ഇന്നു ജീവിക്കുന്നത്. 

ഊഞ്ചാംപാറയുടെ സ്വന്തം ‘ലേഡി ഡോക്ടർ’

ലിജി സോബിൻ

ഇടുക്കി മറയൂർ ഊഞ്ചാംപാറ ഗോത്രവർഗ കോളനിയിലെ സ്റ്റെതസ്കോപ്പില്ലാത്ത ഗൈനക്കോളജിസ്റ്റാണു ലിജി സോബിൻ. ആദിവാസി വിഭാഗക്കാർക്കിടയിൽ പ്രസവത്തിന് ആശുപത്രിയിൽ പോകുന്നതൊക്കെ ഇന്നും ആർഭാടമാണ്. പത്തുതികഞ്ഞ ഗർഭിണിയെ പേറ്റുനോവും വാവിന്റെ കണക്കുമൊക്കെ നോക്കി  വാലായ്മപ്പുരയിൽ കയറ്റി വാതിലടയ്ക്കും. പിന്നീട് അവിടെ വയറ്റാട്ടിയും ഗർഭിണിയും മാത്രം. എത്ര അനുഭവത്തഴക്കമുണ്ടെങ്കിലും വയറ്റാട്ടിക്കും കൈപിഴയ്ക്കുന്ന സംഭവങ്ങൾ ഇടയ്ക്കുണ്ടാകാറുണ്ട്. പ്രസവം അടുത്തുള്ള സാമൂഹികാരോഗ്യ കേന്ദ്രത്തിലേക്കു മാറ്റണമെന്നു ഹെൽത്ത് വർക്കർമാർ പറഞ്ഞാലും ചിലർ ചെവികൊടുക്കില്ല. 

അവർക്കിടയിലേക്കാണു ലിജി സോബിൻ ചെല്ലുന്നത്. ആശാവർക്കറുടെയും ട്രൈബൽ പ്രമോട്ടറുടെയും സഹായത്തോടെ വാലായ്മപ്പുരയിലേക്കു കടന്നുചെന്നു പ്രസവമെടുത്താണ് ലിജി ഊഞ്ചാംപാറയുടെ സ്വന്തം ‘ലേഡി ഡോക്ടറാ’യി മാറിയത്. പ്രസവശേഷവും അമ്മയുടെയും കുഞ്ഞിന്റെയും ആരോഗ്യസ്ഥിതി അന്വേഷിച്ച് ഉറപ്പുവരുത്തുന്ന ഉത്തരവാദിത്തം കൂടി ലിജിയും സംഘവും ഏറ്റെടുക്കാറുണ്ട്. 

16 ദിവസം കാത്തിരുന്നു;  രണ്ടാമത്തെയാളിന്റെ വരവിന്

ഏലിയാമ്മ

പതിനാറു ദിവസത്തെ ഇടവേളയിൽ ജനിച്ച അപൂർവ ഇരട്ടകളുടെ പ്രസവമെടുത്ത അനുഭവമാണ് ഐച്ചേരി നെടുങ്ങോം ആക്കൽഹൗസിൽ ഏലിയാമ്മയ്ക്ക് ഓർത്തെടുക്കാനുള്ളത്. 1981ൽ കണ്ണൂർ ഇരിക്കൂരിലെ പ്രാഥമികാരോഗ്യ കേന്ദ്രത്തിലായിരുന്നു സംഭവം. അന്ന് ഏലിയാമ്മ അവിടെ ഒരു സാധാരണ നഴ്‌സായിരുന്നു.  

നാട്ടിലെ പ്രസവങ്ങൾ മിക്കതും നടന്നിരുന്നതും അവിടെത്തന്നെ. നഴ്സുമാർ തന്നെയാണു പ്രസവമെടുക്കാറുള്ളത്. ഒരുദിവസം പ്രസവവേദനയുമായി വന്നൊരു യുവതി മാസം തികയാത്ത, തൂക്കം കുറവുള്ള ആൺകുട്ടിയെ പ്രസവിച്ചു. 

ഏലിയാമ്മയാണു പ്രസവമെടുത്തത്. മറുപിള്ള പുറത്തുവന്ന ശേഷവും വയറിന്റെ വലുപ്പം കുറയാത്തതുകണ്ടു പരിശോധിച്ചപ്പോഴാണ് ഒരു കുഞ്ഞുകൂടി ഉള്ളിലുണ്ടെന്നു മനസ്സിലായത്. രണ്ടാമത്തെ കുഞ്ഞിന്റെ വരവിനായി എല്ലാവരും കാത്തിരുന്നു. ആ കാത്തിരിപ്പു പക്ഷേ ദിവസങ്ങൾ നീണ്ടു. 

ഒടുവിൽ ആദ്യ പ്രസവം നടന്നതിന്റെ പതിനാറാം ദിവസം യുവതി രണ്ടാമതൊരു പെൺകുഞ്ഞിനു ജന്മം നൽകി.  

പിന്നീട് നഴ്സിങ്ങിൽ ഉപരിപഠനം നടത്തി വിദേശരാജ്യത്തുൾപ്പെടെ സേവനം ചെയ്തശേഷം കോട്ടയം മെഡിക്കൽ കോളജിലെ കോളജ് ഓഫ് നഴ്‌സിങ്ങിൽ അസിസ്‌റ്റന്റ് പ്രഫസറായ ഏലിയാമ്മ 30 വർഷങ്ങൾക്കു ശേഷം ആ ഇരട്ടക്കുഞ്ഞുങ്ങളെ തേടിപ്പിടിച്ചു കണ്ടെത്തിയതു  വാർത്തയായിരുന്നു.

വി.എസ്.ഷീല റാണി

അനാഥ അമ്മമാരുടെ കൂട്ടിരിപ്പുകാരി

ആരും സഹായമില്ലാതെ ഗർഭാവസ്ഥയിൽ ഒറ്റപ്പെട്ടുപോയവരുടെ കൂട്ടിരിപ്പുകാരിയായ കഥ പറയാനുണ്ട് കോട്ടയം കിടങ്ങൂർ പഞ്ചായത്തിനു കീഴിലെ കൂടല്ലൂർ സാമൂഹികാരോഗ്യ കേന്ദ്രത്തിലെ ഓക്സിലറി മിഡ്‌വൈഫ് നഴ്സ് ആയ വി.എസ്.ഷീല റാണിക്ക്. കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ ഈ വർഷത്തെ ദേശീയ ഫ്ലോറൻസ് നൈറ്റിങ്ഗേൽ പുരസ്കാര ജേതാവു കൂടിയാണു ഷീല റാണി. ഭർത്താവും കുടുംബവും ഉപേക്ഷിച്ച നിലയിലാണു ഷീലയും സംഘവും ആ പെൺകുട്ടിയെ കണ്ടത്. വൈദ്യപരിശോധനയിൽ ഗർഭിണിയാണെന്നും കണ്ടെത്തി. മരുന്നു നൽകി അവളെ വീണ്ടും ഭർതൃവീട്ടിലേക്കു പറഞ്ഞയയ്ക്കാനുള്ള ധൈര്യമുണ്ടായിരുന്നില്ല ഹെൽത്ത് സെന്ററിലെ ജീവനക്കാർക്ക്. സാമൂഹികാരോഗ്യ കേന്ദ്രത്തിൽതന്നെ താമസമൊരുക്കി. ഒടുക്കം അവൾ ആരോഗ്യമുള്ള കുഞ്ഞിനെ പ്രസവിച്ചു. കുഞ്ഞിനെയും കൊണ്ട് സ്വന്തം കാലിൽ നിൽക്കാനുള്ള പ്രാപ്തിയാക്കിയ ശേഷമാണ് ആ പെൺകുട്ടിയെ അവർ വീട്ടിലേക്കു തിരികെ അയച്ചത്. 

കോവിഡ് രോഗിയുടെ പ്രസവമെടുത്ത് ഖദീജ

ഖദീജ

കോവിഡ്കാലത്ത് ആശുപത്രിക്കാർ കൈവിട്ട ഗർഭിണിയുടെ പ്രസവമെടുത്ത അനുഭവമാണു തൃശൂർ തിരുവില്വാമല സാമൂഹികാരോഗ്യ കേന്ദ്രത്തിലെ മിഡ്‌വൈഫായ ഖദീജയ്ക്കു പറയാനുള്ളത്. നാട്ടിലെ ഉൾപ്രദേശത്തു താമസിക്കുന്ന യുവതിക്കു പ്രസവവേദന തുടങ്ങിയ കാര്യം പാതിരാത്രിയാണു ഖദീജയെ ബന്ധുക്കൾ വന്നറിയിക്കുന്നത്. തലേദിവസം ആശുപത്രിയിൽ പോയിരുന്നെങ്കിലും യുവതിക്കു കോവിഡ് ലക്ഷണങ്ങളുള്ളതിനാൽ അഡ്മിറ്റ് ചെയ്യാൻ സാധിക്കില്ലെന്നു പറഞ്ഞ് തിരികെ അയയ്ക്കുകയായിരുന്നു. 

സിസ്റ്റർ ഒന്നു വന്നുനോക്കണം; ഞങ്ങൾക്കു വേറെ വഴിയില്ലെന്നു യുവതിയുടെ വീട്ടുകാർ പറഞ്ഞപ്പോൾ ഖദീജ മടിച്ചില്ല. കോവിഡ് ലക്ഷണങ്ങളുള്ള ഗർഭിണിയുടെ അടുത്തേക്ക് പിപിഇ കിറ്റോ മാസ്ക്കോ ഇല്ലാതെയാണു ഖദീജ ചെന്നത്. ‘‘ആ അമ്മയുടെയും കുഞ്ഞിന്റെയും ജീവൻ രക്ഷിക്കുക എന്നതു മാത്രമായിരുന്നു അപ്പോഴത്തെ ലക്ഷ്യം. ഓടിപ്പിടിച്ചു ചെല്ലുമ്പോൾ കുഞ്ഞിന്റെ തല പുറത്തേക്കിറങ്ങിത്തുടങ്ങിയ നിലയിലായിരുന്നു. കുഞ്ഞിനെ പുറത്തെടുത്ത് അമ്മയുടെ കയ്യിൽ ഏൽപിക്കുന്നതുവരെ ഞാൻ കോവിഡിനെക്കുറിച്ചു ചിന്തിച്ചതേയില്ല.’’– ഖദീജ പറയുന്നു. പ്രസവശേഷം നടത്തിയ കോവിഡ് പരിശോധനയിൽ യുവതി പോസിറ്റീവെന്നു തെളിയുകയും ചെയ്തു. 

സലിംകുമാർ

അമ്മതന്നെ വയറ്റാട്ടി: സലിംകുമാർ

അമ്മ തന്നെ സ്വയം വയറ്റാട്ടിയായതാണു നടൻ സലിംകുമാറിന്റെ അനുഭവം. അമ്മയുടെ ആദ്യത്തെ ഒൻപതു പ്രസവങ്ങളും എടുത്തതു സ്വദേശമായ ചിറ്റാറ്റുകരയിലെ പ്രധാന വയറ്റാട്ടിയായ പാറു വല്യമ്മയായിരുന്നു. പത്താമത്തെ കുട്ടിയാണു സലിംകുമാർ. 1969 കന്നി മാസത്തിലെ ആയില്യം നാൾ. സമയം പകൽ 11.05. കയർ പിരിക്കലായിരുന്നു അമ്മയുടെ തൊഴിൽ. മറ്റു കുഞ്ഞുവയറുകളെ പോറ്റാൻ നിറവയറുമായി അമ്മ കയർ പിരിച്ചുകൊണ്ടിരിക്കുകയായിരുന്നു അന്നും. അതിനിടെയാണു പ്രസവവേദന തുടങ്ങിയത്. പാറു വല്യമ്മയെ തിരക്കി ആളെ വിടാനും കഴിഞ്ഞില്ല. ‘‘വേദന വന്നുമുറുകിയപ്പോൾ അമ്മ രണ്ടുംകൽപിച്ചു വീടിന്റെ കിഴക്കേ ചായ്പിൽ കയറി. മറ്റാരുടെയും സഹായവുമില്ലാതെയാണ് അമ്മ എന്നെ പ്രസവിച്ചത്. എന്നെ പ്രസവിച്ചതോടെ അമ്മ ആ കാര്യത്തിൽ സ്വയംപര്യാപ്തത തെളിയിച്ചു.’’ ഇന്നോർക്കുമ്പോൾ സാഹസികമെന്നു തോന്നുമെങ്കിലും പ്രസവത്തെ വളരെ കൂളായി നേരിട്ട ഒരു തലമുറ ഇവിടെ ഉണ്ടായിരുന്നു എന്ന ഓർമപ്പെടുത്തലാണ് ഇത്തരം സംഭവങ്ങൾ.

അവഗണനയുടെ നോവ്

എല്ലാവരും ബിഎസ്‌സി നഴ്സിങ്ങിന്റെ പിന്നാലെ പോകുന്ന ഇക്കാലത്ത് ഓക്സിലറി നഴ്സിങ് ആൻഡ് മി‍ഡ്‌വൈഫറി (എഎൻഎം) കോഴ്സിന്റെ ഗ്ലാമർ കുറഞ്ഞിട്ടുണ്ട്. എങ്കിലും, എഎൻഎം കോഴ്സ് കഴിഞ്ഞ ഒട്ടേറെ സ്ത്രീകൾ സർക്കാർ കുടുംബാരോഗ്യ കേന്ദ്രങ്ങളിലും പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലുമൊക്കെയായി  ജോലി ചെയ്യുന്നു. പഞ്ചായത്ത് കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നവർക്ക് സർക്കാരിൽനിന്ന് ഒരു ആനുകൂല്യവും ലഭിക്കുന്നില്ല.  

സമാന കാറ്റഗറികളിലുള്ള ലാബ് ടെക്നീഷ്യനും ഫാർമസിസ്റ്റിനും ശമ്പളപരിഷ്കരണത്തിൽ ലഭിച്ച  പരിഗണന പബ്ലിക് ഹെൽത്ത് നഴ്സുമാർക്കു പക്ഷേ ലഭിച്ചില്ല.

പബ്ലിക് ഹെൽത്ത് നഴ്സിങ് വിഭാഗത്തിന് അർഹതപ്പെട്ട പ്രമോഷൻ കൂടി നഷ്ടപ്പെടുന്ന അവസ്ഥയാണിപ്പോൾ. പ്രമോഷൻ തസ്തികയായ പബ്ലിക് ഹെൽത്ത് നഴ്സിങ് ട്യൂട്ടർ തസ്തിക കൈക്കലാക്കാൻ ഇതര നഴ്സിങ് വിഭാഗങ്ങൾ ശ്രമിക്കുന്നതായി എഎൻഎം നഴ്സുമാർ അടുത്തിടെ പരാതി ഉയർത്തിയിരുന്നു. 

മിഡ്‌വൈഫുമാർ സർക്കാർ രേഖയിൽ ‘ഫീൽഡ്’ വിഭാഗം ജീവനക്കാരാണ്. കോവിഡ് പ്രതിസന്ധിക്കാലത്ത് വാക്സിനേഷൻ പ്രവർത്തനങ്ങൾക്കും ഇവരുണ്ടായിരുന്നു. സസ്പെൻഡറുകളിലെ (മിഡ്‌വൈഫുമാർക്കു താമസിക്കുന്നതിനും ക്ലിനിക്കുകൾ നടത്തുന്നതിനുമുള്ള കെട്ടിടം) അടിസ്ഥാന സൗകര്യമില്ലായ്മയാണു മിഡ്‌വൈഫുമാർ നേരിടുന്ന മറ്റൊരു വെല്ലുവിളി. പ്രമേഹം, രക്തസമ്മർദം എന്നിവ പരിശോധിക്കുന്നതിനുള്ള എൻസിഡി (നോൺ കമ്യൂണിക്കബിൾ ഡിസീസ്) ക്ലിനിക്, ഗർഭിണികൾക്കാവശ്യമായ പരിശോധനകളും നിർദേശങ്ങളും നൽകുന്ന മറ്റേണിറ്റി ക്ലിനിക്, കൗമാരക്കാർക്കു കൗൺസലിങ് അടക്കമുള്ള സഹായങ്ങൾ നൽകുന്ന അഡോളസന്റ് ക്ലിനിക്, വയോധികരുടെ ആരോഗ്യപ്രശ്നങ്ങൾക്കു പരിഹാരം കണ്ടെത്താൻ ജെറിയാട്രിക് ക്ലിനിക്, കൊച്ചുകുട്ടികളുടെ പോഷകക്കുറവ് ഉൾപ്പെടെയുള്ള പ്രശ്നങ്ങൾ പരിഹരിക്കാൻ ചൈൽഡ് ക്ലിനിക് തുടങ്ങിയവയാണു സസ്പെൻഡറുകളിലുള്ളത്. 

വിദേശരാജ്യങ്ങളിൽ ബിഎസ്‌സി നഴ്സിങ് നിർബന്ധമാക്കിയതോടെ എഎൻഎംകാർക്ക് അവിടെ ജോലിക്കുള്ള സാധ്യത അടഞ്ഞു. എഎൻഎം കോഴ്സ് പഠിപ്പിക്കുന്ന സ്ഥാപനങ്ങളുടെ എണ്ണവും വർഷംതോറും കുറഞ്ഞുവരികയാണ്. 

എഎൻഎംകാർക്കു പൊതുജനാരോഗ്യമേഖലയിൽ കൂടുതൽ സ്വീകാര്യതയും അംഗീകാരവും നൽകണമെന്നാണ് ഈ മേഖലയിലുള്ളവരുടെ ആവശ്യം. മാന്യമായ വേതനവും സ്ഥിരതയും ആനുകൂല്യങ്ങളും ഉറപ്പാക്കണം. എഎൻഎം കഴിഞ്ഞവരും നഴ്സുമാരാണെന്നും പ്രസവശുശ്രൂഷ ആധികാരികമായി പഠിച്ചിറങ്ങിയവരാണെന്നുമുള്ള ബോധ്യം അധികാരികൾക്കും വേണമെന്ന് അവർ പറയുന്നു.

English Summary: International Day of the Midwife