ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ജർമൻ ചാൻസലർ ഒലാഫ് ഷോൾസും ഇക്കഴിഞ്ഞ ദിവസം ബർലിനിൽ കൂടിക്കാഴ്ച നടത്തിയതിന്റെ വാർത്തയും ചിത്രങ്ങളുമൊക്കെ നമ്മൾ പത്രങ്ങളിലും ടിവിയിലുമൊക്കെ കണ്ടതാണ്. എന്നാൽ, ആ കൂടിക്കാഴ്ചയുടെ ഏറ്റവുമധികം പ്രചരിച്ച ചിത്രം വന്നത് സോഷ്യൽ മീഡിയയിലാണ്: ഇരുനേതാക്കളും അടുത്തടുത്ത കസേരകളിലിരുന്നു സംസാരിക്കുന്ന ചിത്രം. പിന്നിലെ ചുമരിൽ നമുക്കു ചിരപരിചിതമായ ഒരു മുഖം – ജവാഹർലാൽ നെഹ്റു! ഇന്ത്യയിൽ വ്യാപകമായി ഈ ചിത്രം ഷെയർ ചെയ്യപ്പെട്ടു. വൈറലായി.

ഒരുപക്ഷേ, ജർമൻ നേതാവ് നെഹ്റു ആരാധകനായതുകൊണ്ട് അദ്ദേഹത്തിന്റെ ഓഫിസിൽ ചിത്രം വച്ചതായിരിക്കാം എന്നാണു നമ്മൾ കരുതുക. എന്നാൽ, ഇതേ കൂടിക്കാഴ്ചയുടെ ചിത്രങ്ങൾ പ്രധാനമന്ത്രിയുടെ ഓഫിസ് അടക്കമുള്ള ഔദ്യോഗിക സമൂഹമാധ്യമ അക്കൗണ്ടുകൾ ഷെയർ ചെയ്തതു പരിശോധിച്ചപ്പോൾ പിന്നിൽ നെഹ്റുവില്ല! വലിയ മറിമായമൊന്നുമല്ല, സംഗതി സിംപിളാണ് – ഫോട്ടോഷോപ്! ചർച്ചനടക്കുന്ന മുറിയുടെ ചുമരിൽ നെഹ്റുവിന്റെ പടമുള്ള ഒരു ഫ്രെയിം കംപ്യൂട്ടറിലൂടെ സ്ഥാപിച്ചു. അത്രമാത്രം.

ലോകത്തെ നടുക്കിയ ‘9/11 ടൂറിസ്റ്റ്

കംപ്യൂട്ടർ ഉപയോഗിച്ചുള്ള ഡിസൈനിങ്ങിൽ വിപ്ലവം സൃഷ്ടിച്ച കണ്ടുപിടിത്തമാണ് ഫോട്ടോഷോപ് എന്ന സങ്കേതം. 1988ൽ തോമസ് നോൾ, ജോൺ നോൾ എന്നീ സഹോദരങ്ങളാണ് ഈ സോഫ്റ്റ്‍വെയർ വികസിപ്പിച്ചത്. പിന്നീട് അഡോബി എന്ന വൻകിട കംപ്യൂട്ടർ സോഫ്റ്റ്‍വെയർ കമ്പനി ഏറ്റെടുത്തതോടെയാണ് നമ്മുടെയൊക്കെ കംപ്യൂട്ടറുകളിലടക്കം ലോകമാകെ ഇതു വ്യാപിച്ചത്.

പടങ്ങൾ എഡിറ്റ് ചെയ്യാനും മാറ്റം വരുത്താനും ഭംഗി കൂട്ടാനുമൊക്കെ ഫോട്ടോഷോപ് ഉപയോഗിക്കാം. ഡിജിറ്റൽ ആർട്, ഗ്രാഫിക്സ് എഡിറ്റിങ്, ഡിസൈനിങ്, അച്ചടി തുടങ്ങി ചിത്രങ്ങൾ ഉപയോഗിക്കുന്ന ഡിജിറ്റൽ ഇടപാടുകളിൽ ഒഴിച്ചുകൂടാനാകാത്ത സംവിധാനമായി മാറി ഫോട്ടോഷോപ്. ഫൊട്ടോഗ്രാഫുകളിൽ കംപ്യൂട്ടർ ഉപയോഗിച്ചു വരുത്തുന്ന എല്ലാ മാറ്റങ്ങൾക്കും ‘ഫോട്ടോഷോപ് ചെയ്യുക’ എന്നു നമ്മൾ പറയാൻ തുടങ്ങിയതോടെ ആ വാക്ക് ഒരു ക്രിയാപദമായും മാറി. എളുപ്പത്തിൽ മാറ്റങ്ങൾ സാധ്യമാണെന്നു വന്നതോടെ വ്യാജ വിവരങ്ങളുടെ സ്രഷ്ടാക്കൾക്കു വലിയ അനുഗ്രഹമായി ഈ സങ്കേതമെന്നു പ്രത്യേകം പറയേണ്ടതില്ലല്ലോ.  

2001 സെപ്റ്റംബർ 11ന് ന്യൂയോർക്കിലെ വേൾഡ് ട്രേഡ് സെന്ററിനു നേരെയുണ്ടായ ഭീകരാക്രമണവുമായി ബന്ധപ്പെട്ട നൂറു കണക്കിനു ചിത്രങ്ങൾ പുറത്തുവന്നിരുന്നു. അക്കാലത്ത് അതിൽ ഏറ്റവുമധികം പ്രചരിച്ച ഒരു ചിത്രമുണ്ട്. വേൾഡ് ട്രേഡ് സെന്ററിന്റെ മുകളിൽനിൽക്കുന്ന ഒരാളാണു ഫോട്ടോയിൽ. അയാളുടെ തൊട്ടുപിന്നിൽ ഭീകരർ തട്ടിയെടുത്ത വിമാനങ്ങളിലൊന്നു കെട്ടിടത്തിൽ ഇടിക്കാനായി പാഞ്ഞുവരുന്നു. പിന്നിൽ വിമാനം വരുന്നതറിയാതെ ആ വ്യക്തി ഫോട്ടോയ്ക്കു പോസ് ചെയ്യുകയാണ്. 9/11 ഭീകരാക്രമണം നടക്കുന്നതിനു സെക്കൻഡുകൾക്കു മുൻപ് അങ്ങേയറ്റം യാദൃച്ഛികമായി എടുക്കപ്പെട്ട, കാണുമ്പോൾ നമുക്കു ശ്വാസംമുട്ടുന്നത്രയും സംഭ്രമജനകമായ ചിത്രം. ‘9/11 ടൂറിസ്റ്റ്’ എന്ന പേരിൽ ഇന്റർനെറ്റിൽ ഈ ചിത്രം വൻ തരംഗമുണർത്തി.

പക്ഷേ, വളരെപ്പെട്ടെന്നുതന്നെ ഈ ചിത്രത്തിലെ കള്ളത്തരവും വെളിവായി. ഭീകരാക്രമണം നടന്ന സെപ്റ്റംബർ 11ന് ന്യൂയോർക്കിൽ തെളിഞ്ഞ കാലാവസ്ഥയായിരുന്നു. പക്ഷേ, വ്യക്തി അണിഞ്ഞിരിക്കുന്നതു ശൈത്യകാല വസ്ത്രങ്ങൾ. അതിവേഗത്തിൽ പാഞ്ഞടുക്കുന്ന വിമാനങ്ങൾ സാധാരണക്യാമറയിലൊന്നും ഇത്തരത്തിൽ ചിത്രങ്ങളിൽ പതിയില്ല. ഭീകരാക്രമണത്തിന് ഉപയോഗിച്ച വിമാനം ബോയിങ് 767 ആയിരുന്നു. പക്ഷേ, ചിത്രത്തിലേത് കാഴ്ചയിൽ ബോയിങ് 757 ആണ്. ഇതടക്കം ഒട്ടേറെ കാരണങ്ങളാൽ ചിത്രം കൃത്രിമമാണെന്ന് അന്വേഷകർ സ്ഥിരീകരിച്ചു.

ഇതോടെ, ചിത്രത്തിലുള്ളതു താനാണെന്നും തന്റെ ചില സുഹൃത്തുക്കൾ കൃത്രിമമായി തയാറാക്കി പ്രചരിപ്പിച്ചതാണു ചിത്രമെന്നും അവകാശപ്പെട്ടു ബ്രസീലിൽനിന്നുള്ള ജോസ് റോബർട്ടോ പെന്റിയാഡോ എന്നയാൾ രംഗത്തെത്തി. ബ്രസീൽ ടിവിയിലും പത്രങ്ങളിലുമൊക്കെ അയാൾ നിറഞ്ഞു. പക്ഷേ, വ്യാജനിൽ വ്യാജനായിരുന്നു കക്ഷിയെന്നു പിന്നാലെ വെളിപ്പെട്ടു. ചിത്രത്തിലെ വ്യക്തിക്കു ജോസ് റോബർട്ടോയുമായി സാമ്യമില്ലായിരുന്നു.

2001 നവംബറിലാണ് യഥാർഥ വ്യക്തി പുറത്തുവരുന്നത്. ഹംഗറിയിലെ ബുഡാപെസ്റ്റിൽനിന്നുള്ള പീറ്റർ ഗസ്‍ലി എന്ന ഇരുപത്തഞ്ചുകാരനായിരുന്നു ‘പ്രശസ്തനായ’ ആ 9/11 ടൂറിസ്റ്റ്. 1997ൽ വേൾഡ് ട്രേഡ് സെന്റർ സന്ദർശിച്ചപ്പോൾ എടുത്ത ചിത്രത്തിൽ വിമാനം ഫോട്ടോഷോപ് ചെയ്തു കയറ്റി ഗസ്‍ലി കാട്ടിയ വികൃതിയായിരുന്നു വൈറലായ ആ ചിത്രം! കൂട്ടുകാരെ കബളിപ്പിക്കാൻ വേണ്ടി ചെയ്ത തമാശയായിരുന്നുവെന്നും അവരിലൊരാൾ അതു പുറത്തുവിട്ടതോടെ കൈവിട്ടു പോവുകയായിരുന്നുവെന്നും ഗസ്‍ലി ക്ഷമാപണവും നടത്തി.

ഫോട്ടോഷോപ് വ്യാജചിത്രങ്ങളുടെ ചരിത്രത്തിലെ ‘ക്ലാസിക്’ ആയാണ് ‘9/11 ടൂറിസ്റ്റ്’ ചിത്രം കണക്കാക്കപ്പെടുന്നത്.

ഫോട്ടോഷോപ്പും ഇന്ത്യൻ രാഷ്ട്രീയവും

ഇന്ത്യൻ രാഷ്ട്രീയത്തിൽ ഫോട്ടോഷോപ്പിന്റെ ഇടപെടലിന് ഇപ്പോൾ ഒരു പതിറ്റാണ്ടോളം പ്രായമാകുന്നു. എതിർപക്ഷത്തെ താറടിച്ചു കാട്ടാനും വോട്ടർമാരെ തെറ്റിദ്ധരിപ്പിക്കാനും വ്യാജപ്രചാരണങ്ങൾക്കുമൊക്കെ ഈ സങ്കേതം ഉപയോഗിക്കുന്നു. 2010ൽ ഇന്ത്യയിൽ വാട്സാപ് വന്നതിനു ശേഷം ഇത്തരം പ്രചാരണങ്ങൾക്കുണ്ടായ വേഗം അപാരമാണ്. രാഷ്ട്രീയ പാർട്ടികൾക്കു താഴേത്തട്ടിലേക്കു വരെ ഞൊടിനേരം കൊണ്ടു വിവരങ്ങളെത്തിക്കാനുള്ള മാർഗമാണ് അതിലൂടെ തുറന്നുകിട്ടിയത്. 2014ൽ ലോക്സഭാ തിരഞ്ഞെടുപ്പിൽ രാഷ്ട്രീയ പാർട്ടികൾ സമൂഹമാധ്യമങ്ങളെ ഉപയോഗിച്ചു തുടങ്ങി. 2019ൽ എത്തിയപ്പോൾ അതു മൂർധന്യത്തിലെത്തി. 2019ലേത് ഇന്ത്യയിലെ ആദ്യത്തെ ‘സമ്പൂർണ സോഷ്യൽ മീഡിയ തിരഞ്ഞെടുപ്പ്’ ആണെന്നു വിലയിരുത്താറുണ്ട്. അത്രമേൽ വ്യാജ വിവരങ്ങളും വിദ്വേഷസന്ദേശങ്ങളും അതിവേഗത്തിൽ പ്രചരിപ്പിക്കപ്പെട്ട വോട്ടെടുപ്പുകാലമായിരുന്നു അത്.

ഫോട്ടോഷോപ് ചെയ്ത ലക്ഷക്കണക്കിനു ചിത്രങ്ങളാണ് ഇന്നു പ്രചാരത്തിലുള്ളത്. എല്ലാ പാർട്ടികളും രാഷ്ട്രീയ ആയുധമായി അവ പ്രയോജനപ്പെടുത്തുന്നു. ഗാന്ധിജിയും നെഹ്റുവും മുതലുള്ളവർ നിർഭാഗ്യവശാൽ അതിൽ കഥാപാത്രങ്ങളാകുന്നു.

9/11 ടൂറിസ്റ്റിന്റേതു വെറുമൊരു കുസൃതിയായിരുന്നുവെങ്കിൽ, ഇന്നിപ്പോൾ സമൂഹത്തെ ഭിന്നിപ്പുകളിലേക്കു നയിക്കാൻ പോന്ന പ്രഹരശേഷിയോടെയാണ് വ്യാജൻ നിർമിക്കപ്പെടുന്നത്.

Content Highlights: Viral fake photos