കോൺഗ്രസ് ഇങ്ങനെ ചെയ്യുമെന്നു സിപിഎമ്മും ഇടതു മുന്നണിയും സ്വപ്നത്തിൽപോലും വിചാരിച്ചതല്ല. എന്തായിരുന്നു ആ സ്പീഡ്. 

ഉപതിരഞ്ഞെടുപ്പു പ്രഖ്യാപിച്ചാൽ 24 മണിക്കൂറിനകം സ്ഥാനാർഥിയെ അവതരിപ്പിച്ചിരിക്കുമെന്നു കുമ്പക്കുടിയാശാനായ സുധാകരൻ പറഞ്ഞപ്പോൾ അതു വെറും തള്ളാണെന്നേ ഇടതിന്റെ പുത്തൻ മുന്നണി കൺവീനർ ഇ.പി.ജയരാജനും കൂട്ടരും കരുതിയുള്ളൂ. വാക്കു പാലിച്ച് സുധാകരനും കൂടെ വി.ഡി.സതീശനും തുള്ളിച്ചാടിയപ്പോഴാണ് തങ്ങൾ ഏറെ പിന്നിലാണെന്ന് ഇപിക്കും കൂട്ടർക്കും ബോധം വന്നത്. അതു കോൺഗ്രസിന്റെ ചരിത്രത്തിലെ ആദ്യത്തെ സംഭവമായിരുന്നു. മാലോകരെല്ലാം തന്നെ അന്തംവിട്ടു. ഇതെന്തു കളി. കോൺഗ്രസ് എന്താ നന്നാകാൻ പോകുകയാണോ? സാധാരണ, തിരഞ്ഞെടുപ്പുകളിൽ സംസ്ഥാനത്താകെ  ഇടതു സ്ഥാനാർഥികൾ രണ്ടുവട്ടം പര്യടനം പൂർത്തിയാക്കിയാലും കോൺഗ്രസിന്റെ പട്ടിക പാതിവഴിയിൽ കിടക്കുമായിരുന്നു. പട്ടികയിൽ കുറെ ഭാഗം ഡൽഹിയിൽ കിടക്കുകയായിരിക്കും. വാലറ്റം തിരുവനന്തപുരത്ത് ഇന്ദിരാഭവനിലും. ചില ഭാഗങ്ങൾ വിമാനത്തിൽനിന്ന് അറബിക്കടലിലേക്കു വീഴും. അതിലെങ്കിലും തന്റെ പേരുണ്ടാകുമെന്ന പ്രതീക്ഷയിൽ കുറെപ്പേർ കടലിൽ ചാടും. തൃക്കാക്കരയുടെ ചർച്ചയ്ക്കിടെയും കുത്തുവാക്കുകൾക്കു കുറവുണ്ടായില്ല. എങ്കിലും പറഞ്ഞ സമയത്തു സ്ഥാനാർഥിയെ പ്രഖ്യാപിച്ചു. 

കുമ്പക്കുടിയാശാന്റെ ആനന്ദനൃത്തം ഇപി സഖാവിന് ഒട്ടും സുഖിച്ചില്ല. കണ്ണൂരിൽ ഒപ്പത്തിനൊപ്പം പോരടിക്കുന്നവരാണ്. അപ്പോൾ തൃക്കാക്കരയിൽ ഒരിഞ്ചെങ്കിലും പിന്നിൽ പോയാൽ അയ്യേ ഷെയിം! മുഖ്യനും കോടിയേരി സഖാവും അമേരിക്കയിൽ ആയിരിക്കെ ചർച്ചകൾക്ക് ഇപി ആക്കം വർധിപ്പിച്ചു. അത് ഇടവേളകളില്ലാതെ പുരോഗമിച്ചു. പുറത്തുവന്ന സഖാക്കളിൽ പലരും മാധ്യമപ്രവർത്തകരോടു പ്രഖ്യാപിച്ചു: തൃക്കാക്കരയിൽ കെ റെയിൽ ഞങ്ങൾ ചർച്ചയ്ക്കു വയ്ക്കുന്നു. വോട്ടർമാർ തീരുമാനിക്കട്ടെ. 

ഇതുകേട്ടതും പാർട്ടി അനുഭാവികളാകെ ഊഹം ആരംഭിച്ചു. കെ റെയിലിന്റെ ചർച്ചയ്ക്ക് ചാനലുകളിൽ സ്ഥിരം പങ്കെടുക്കുന്ന അരുൺ തന്നെ പോരാളി. ശ്രീനിജൻ എംഎൽഎ സമൂഹമാധ്യമത്തിൽ നെഞ്ചിൽ അരിവാൾ ചുറ്റികയും വച്ചു സ്ഥാനാർഥിയായി അരുണിനെ അവതരിപ്പിച്ചു. ഉറപ്പിക്കാൻ ഇനിയെന്തു വേണം? സഖാക്കൾ തെരുവോരങ്ങളിൽ ചുവരെഴുത്തും തുടങ്ങി. ബുക്ക് ചെയ്തിട്ടിരുന്ന ചുമരുകൾ സഖാക്കളും ആർട്ടിസ്റ്റുകളും എഴുതിനിറച്ചു. മുൻപേ ചുവരിൽ നിറഞ്ഞ സഖാവല്ല സ്ഥാനാർഥി എന്നായി അപ്പോൾ കലിപ്പോടെ ഇപി. പിന്നെ ആര്? ഇപി പറഞ്ഞു: ഇതാ ഞങ്ങളുടെ മുത്തുപോലൊരു സ്ഥാനാർഥി. പാർട്ടിയെ ഹൃദയത്തിൽ പതിപ്പിച്ചയാൾ. അപ്പോൾ ചുമരിൽ നിറഞ്ഞ സഖാവിന്റെ ഹൃദയത്തിൽ പാർട്ടി ഇല്ലായിരുന്നോ സഖാവേ? സ്ഥാനാർഥിയെ പ്രഖ്യാപിച്ച വേദിയിൽ ഇപി ആ പഴിയെല്ലാം മാധ്യമപ്രവർത്തകരുടെ ചുമലിൽ കെട്ടിവച്ചു. അതാണല്ലോ അതിന്റെ ശരി. 

നാട്ടിലെ എല്ലാ കുഴപ്പങ്ങൾക്കും കാരണം പത്രക്കാരാണല്ലോ. കടക്കുപുറത്ത് എന്നു പറയാൻ അവരല്ലേയുള്ളൂ. തൃക്കാക്കരയിലെ വോട്ടർമാരോട് പറയാനാവില്ലല്ലോ. അതിനിടെ ഒരു മുൻമന്ത്രി പുതിയ സ്ഥാനാർഥിയായ മുത്തെന്നു തെറ്റിദ്ധരിച്ച് അതേ പേരുകാരനായ ഒരു മുൻ ഡോക്ടർ സ്ഥാനാർഥിയെ സമൂഹ മാധ്യമത്തിൽ പോസ്റ്റി. ഇപ്പോൾ സഖാക്കൾ വിരണ്ടിരിക്കുകയാണ്. ആ സെയിം പേരുകാരനും ഇനി സ്ഥാനാർഥിയായി വന്നാലോ? 

ശുദ്ധഫലിതം നിറഞ്ഞ ശുപാർശകൾ

മന്ത്രിയാണെങ്കിലും അറിയാത്ത കാര്യങ്ങൾ സജി സഖാവ് തുറന്നങ്ങു സമ്മതിക്കും. തനിക്ക് എല്ലാം അറിയാമെന്ന മട്ടും ഭാവവുമൊന്നുമില്ല. സിനിമാ മന്ത്രികൂടിയാണല്ലോ. പക്ഷേ, സിനിമയെക്കുറിച്ച് അധികം കാര്യങ്ങൾ അറിയില്ല. അറിയാത്തതിന്റെ അഹങ്കാരവുമില്ല. എങ്കിലും, സിനിമക്കാരില്ലാത്ത നേരത്തു ചില സിനിമക്കാര്യങ്ങൾ പറയും. അപ്പോൾ ആക്‌ഷനും കട്ടും പറയാൻ ആരുമില്ലല്ലോ. ക്യാമറ എവിടെ വയ്ക്കണമെന്നു ചോദിച്ചാൽ നടിക്കൊപ്പം ക്യാമറയും വെള്ളത്തിൽ ചാടട്ടെ എന്ന മട്ടിൽ അറിവു പകരും.ഹേമ കമ്മിറ്റി റിപ്പോർട്ട് ചർച്ച ചെയ്യാൻ മന്ത്രി സിനിമക്കാരുടെ യോഗം വിളിച്ചു. താരങ്ങൾക്കൊപ്പം സെൽഫി എടുത്തില്ല. പ്രശ്നങ്ങൾ ഉടൻ പരിഹരിക്കാമെന്ന വാഗ്ദാനവുമില്ല. ‘അതൊക്കെ വേണ്ടേ, അതല്ലേ അതിന്റെയൊരു ഗും?’, ആരാണ്ടോ ചോദിച്ചു. അപ്പോൾ അടുത്തുനിന്ന വേറെ ആരാണ്ടോ കനത്തിൽ മറുപടി പറഞ്ഞു, ‘അതൊക്കെ ചെയ്യാൻ ഈ സർക്കാരിനൊരു മുഖ്യമന്ത്രി ഉണ്ട്.’ 

ആവലാതികളും ആശങ്കകളും സജി മന്ത്രി കുറച്ചുനേരം കേട്ടിരുന്നു. അപ്പോഴാണു മനസ്സിലായത് അരങ്ങിൽ കാണുന്നതുപോലെയല്ല അണിയറയിലെ പ്രശ്നങ്ങൾ. തിരശീലയിലെ മുണ്ടു പറിച്ചു മുഖത്തു കെട്ടിയുള്ള ഇടിയും പിന്നിൽ നിന്നുള്ള വെടിയുമൊക്കെ എത്രയോ ഭേദം! അൽപനേരമേ ഇരുന്നുള്ളൂ. അപ്പോഴേക്കും എന്തോപോലെ. സജി മന്ത്രി പ്രഖ്യാപിച്ചു: രാഷ്ട്രീയക്കാരനായ ഞാൻ ഇവിടെ ഇരുന്നിട്ടു കാര്യമില്ല. എത്രസമയം വേണേലും ചർച്ച നടക്കട്ടെ. ഒടുവിൽ എല്ലാം കൂടി എഴുതിയൊപ്പിച്ചു കുത്തിക്കെട്ടി അങ്ങ് ആപ്പീസിലോട്ടു തന്നാൽ മതി. 

രാജീവ് മന്ത്രിയും സജി മന്ത്രിയും മുഷ്ടിബന്ധനം നടത്തി പ്രഖ്യാപിച്ചിട്ടുണ്ട്, ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിടുന്ന പ്രശ്നമില്ല. പലരും പലർക്കെതിരെയും കൊടുത്ത മൊഴികളുണ്ടത്രേ റിപ്പോർട്ടി‍ൽ. സിനിമയിലെ പാവം വനിതകൾ പറയുന്നു: മൊഴികൾ നിങ്ങൾ വച്ചോളൂ; പഴികൾ നിങ്ങൾ സഹിച്ചോളൂ. സിനിമയിലെ സ്ത്രീ സംരക്ഷണത്തിന് ഉതകുന്ന ശുപാർശകൾ പുറത്തുവിട്ടുകൂടേ? 

ബഹളങ്ങൾക്കൊടുവിൽ കമ്മിറ്റിയുടെ കുറെ ശുപാർശകൾ സർക്കാർ വകയായി പുറത്തു വന്നു. വായിച്ചാൽ കൺഫ്യൂഷനടിച്ചു മരിക്കും. ക്രിമിനൽ പശ്ചാത്തലമുള്ളവരെ ഡ്രൈവർമാരായി നിയമിക്കരുതെന്നാണു പ്രധാന നിർദേശങ്ങളിൽ ഒന്ന്. ഇതുവരെയുള്ള സർവ അതിക്രമങ്ങൾക്കും കാരണം ഡ്രൈവർമാരാണെന്നു മനസ്സിലായില്ലേ? നിർമാതാക്കളും അഭിനേതാക്കളുമൊക്കെ എത്രയോ ശുദ്ധമനസ്കർ. എള്ളോളമില്ല ദുഷ്ടചിന്തകൾ. എല്ലാവർക്കും തുല്യശമ്പളം നൽകണമെന്നാണു മറ്റൊരു വ്യവസ്ഥ. ഭീമനെ ഓടക്കുഴലിൽ കയറ്റാൻ പറഞ്ഞിട്ടുണ്ട്. സംശയം രണ്ടേയുള്ളൂ: ഭീമൻ ഓടക്കുഴലിനോളം ചെറുതാകണോ? അതോ, ഓടക്കുഴൽ ഭീമനോളം വലുതാകണോ? 

സിനിമയിലെ ഏതെങ്കിലും കോമഡി രംഗങ്ങൾ കാര്യമായി ഏശുന്നില്ലെന്നു തോന്നിയാൽ പരിഹരിക്കാനൊരു മാർഗമുണ്ട്. സർക്കാർ പുറത്തുവിട്ട ശുപാർശകളിൽ ചിലതു സ്ക്രീനിന്റെ ചുവടെ എഴുതിക്കാണിക്കുക. ചിരിച്ചു ചിരിച്ചു പ്രേക്ഷകർ കസേര വലിച്ചുകീറും!

വേലിയിൽനിന്ന് തോളത്ത് കയറിയാൽ...

ശരീരത്തിലെ അശുദ്ധ രക്തം കളയാൻ വർഷത്തിലൊരിക്കൽ പി.സി.ജോർജ് ചികിത്സയെടുക്കുന്നുണ്ടെന്നാണു പുറത്തു കേൾക്കുന്നത്. ഒപ്പം, വിഷം അപ്പാടെ പോകാതിരിക്കാൻ പ്രത്യേക അരിപ്പ വച്ചിട്ടാണത്രേ രക്തമൂറ്റൽ. വാവ സുരേഷ് പോലും പിടിക്കാൻ മടിക്കുന്നത്ര വിഷമുള്ള ഇനമാണു പിസിയെന്നാണ് എതിരാളികൾ പറയുന്നത്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ പൂഞ്ഞാറുകാർ പിടിച്ചു വിഷപ്പല്ലു പറിച്ചുവിട്ടതാണ്. പക്ഷേ, മുറിച്ചാൽ മുറി കൂടുന്ന ഇനമാണ്. വിഷപ്പല്ല് പോയാലും വീണ്ടും വളരുന്ന ഇനം. 

വേലിയിലിരുന്നതിനെയെടുത്തു തോളത്തു വച്ചെന്നാണു ബിജെപിയുമായി കൂടിയ വെള്ളാപ്പള്ളിയെ പണ്ടു പിസി കളിയാക്കിയത്. ഇപ്പോൾ ജോർജിനെ ബിജെപി എടുത്തു വച്ചിട്ടുള്ളതും ഏതാണ്ട് അതുപോലെയാണ്. ഉഗ്രവിഷമുള്ള പാമ്പാണെന്നു പിസിയെക്കുറിച്ചു പറയുമെങ്കിലും മുന്നണിയിൽനിന്നു മുന്നണിയിലേക്കും പാർട്ടിയിൽനിന്നു പാർട്ടിയിലേക്കുമുള്ള ചാട്ടം കണ്ടാൽ പക്ഷേ തവളയാണെന്നേ പറയൂ. 

അഭിപ്രായം ഇരുമ്പുലക്കയല്ല, ഈർക്കിലാണു ഈ വലിയ മാന്യദേഹത്തിന്. ഒന്നൊടിച്ചു കളഞ്ഞ് അടുത്തതെടുക്കാൻ തെങ്ങോല കീറുന്ന സമയം മതി! നിർബന്ധമാണെങ്കിൽ ഞാൻ വരാമെന്ന് ഇരുമുന്നണികളോടും പിസി പറഞ്ഞതാണ്. ആർക്കു നിർബന്ധം എന്നു പത്രക്കാർ ചോദിച്ചപ്പോൾ എനിക്കു തന്നെ എന്നായിരുന്നു മറുപടി. മുത്താണീ പീസി, സ്വത്താണീ പീസി എന്ന പാട്ടുംപാടി പിസി തെണ്ടിത്തിരിയാത്ത തെരുവുകളില്ല. ‘പൂഞ്ഞാറിൽ നല്ലൊരു പുലിയെ കൊടുക്കാനുണ്ട്, വേണോ’ എന്നു ചോദിച്ചു കയറിയിറങ്ങാത്ത മുന്നണിയുമില്ല. പക്ഷേ മലയാളത്തിന് ഇത്രയും വലിയ സംഭാവന നൽകിയ ഭാഷാപണ്ഡിതനെ താങ്ങാനുള്ള കെൽപ് ഇടത്, വലത് മുന്നണികൾക്കില്ല. പിസി വരുന്നുണ്ടെന്നു കേട്ടാൽ യുഡിഎഫ് വാതിലടയ്ക്കുകയേയുള്ളൂവെങ്കിൽ എൽഡിഎഫ് പട്ടിയെക്കൂടി അഴിച്ചുവിടും. 

തൊപ്പി ചിഹ്നത്തിൽ വോട്ടു ചോദിച്ചപ്പോൾ തോറ്റു തൊപ്പിയിടുമെന്നു ഒട്ടും പ്രതീക്ഷിച്ചില്ല. ഈരാറ്റുപേട്ടയിൽ വോട്ടു ചോദിച്ചുചെന്നപ്പോൾ കൂവിയ പിള്ളേർക്കു വളർത്തുദോഷമെന്നാണു പിസി ആരോപിച്ചത്. കാർന്നോൻമാരു നന്നായാലേ മക്കൾ നന്നാകൂവെന്നായിരുന്നു ഉപദേശം. കഴിഞ്ഞ ദിവസം അനന്തപുരി സമ്മേളനത്തിലെ പിസിയുടെ പ്രസംഗം കേട്ട ചില ഈരാറ്റുപേട്ടക്കാരും ഈ ഡയലോഗ് തന്നെയാണു ഇപ്പോൾ തിരിച്ചു പറയുന്നത്.

മടിയിൽ വാർത്തയുണ്ടെന്നു പറഞ്ഞു നടന്ന കാലത്ത് പ്രസ് കോൺഫറൻസ് ജോർജെന്നായിരുന്നു പേര്. മസാല വിഷയങ്ങളൊക്കെ പോയതോടെ എടുക്കാച്ചരക്കായി. ഇപ്പോൾ മടിയിൽ കനമില്ല. ആർക്കുമൊരു മൈൻഡുമില്ല. പത്തൻപതു കൊല്ലം രാഷ്ട്രീയത്തിൽനിന്നിട്ടും സിനിമയിൽ മാത്രമേ മന്ത്രിയായിട്ടുള്ളൂ. അതിന്റെ ഇച്ഛാഭംഗം വേറെ. അപ്പോഴാണു കേരളത്തിൽ ഒരായുധമില്ലാതെ ബിജെപി തെക്കുവടക്കോടുന്നത്. വായ് പോയതാണെങ്കിലും കോടാലിയും ഒരായുധമാണല്ലോ. അങ്ങനെ ബിജെപിയുടെ സ്വത്തും മുത്തുമായി മാറി.

പാമ്പിനെ തിന്നുന്നവരുടെ കൂട്ടത്തിലെത്തിയാൽ നടുത്തുണ്ടം തന്നെ തിന്നണമല്ലോ. അതേ പിസിയും ചെയ്തുള്ളൂ. കിട്ടിയ വേദിയിൽ നാലു വർഗീയതയങ്ങു കാച്ചി. അതിനാണ് ഈരാറ്റുപേട്ടയിലെ തണുപ്പിൽ തോക്കും പുതച്ചു കിടന്നുറങ്ങിയ പിസിയെ പൊലീസ് പോയി പൊക്കിയത്. കോയമ്പത്തൂരിൽ സിഡി പിടിക്കാൻ സോളർ കമ്മിഷനും സ്വർണക്കടത്തു കേസ് പ്രതിയെ നാട്ടിലെത്തിക്കാൻ പൊലീസും നടത്തിയ റോഡ് ഷോയ്ക്കു ശേഷം ഇത്രയും ഗംഭീരമായൊരു റോഡ് ഷോ ആദ്യമാണ്. പ്രഭാതഭക്ഷണമായ മുട്ടയും ഏത്തപ്പഴവുമാണു തന്റെ ആരോഗ്യരഹസ്യമെന്നു പിസിതന്നെ വെളിപ്പെടുത്തിയിട്ടുണ്ട്. ഒരു മാസത്തേക്കുള്ള മുട്ടയുമായാണു പിസിയുടെ കാർ തിരുവനന്തപുരത്തുനിന്ന് ഈരാറ്റുപേട്ടയിലേക്കു മടങ്ങിയത്. എല്ലാം പക്ഷേ വഴിയിൽ കിട്ടിയ ചീമുട്ടയായിരുന്നെന്നു മാത്രം. 

കോളജ് കാലത്തുതന്നെ പിസിക്കു മൂന്നു തോക്കുണ്ട്. വവ്വാലുകളെ വെടിവച്ചു പിടിച്ചു തിന്നുന്നതായിരുന്നു വിനോദം. ഒരു പാർട്ടിയിൽനിന്നു മറ്റൊരു പാർട്ടിയിലേക്കു തൂങ്ങിയാടുന്ന രാഷ്ട്രീയ സർക്കസ് പഠിച്ചതും വവ്വാലിൽനിന്നാണ്. തോക്കിനു പകരം നാക്ക് സറണ്ടർ ചെയ്യാൻ പിണറായിപ്പൊലീസ് പറയാതിരുന്നാൽ മതി. തെറി കഴിഞ്ഞാൽ പിന്നെ വീക്ക്നെസ് തിയറിയാണ്. പ്രായം കൂടുംതോറും ഇളക്കം കൂടുമെന്നാണ് അതിലൊന്ന്. പണ്ടു വിഎസിനെയാണ് ഇങ്ങനെ ആക്ഷേപിച്ചത്. പിസിക്കും പ്രായം കൂടി വരികയാണ്. ഇളക്കം സ്വാഭാവികം. 

സ്റ്റോപ് പ്രസ്

തൃക്കാക്കര ഉപതിരഞ്ഞെടുപ്പ്: പെരുമാറ്റച്ചട്ട ലംഘനത്തിനെതിരെ ജാഗ്രത കെ.വി.തോമസിനെ ഉദ്ദേശിച്ചാവില്ല.

English Summary: Thrikkakkara byelection Candidate selection