സർവശിക്ഷ അഭിയാനായാലും സമഗ്ര ശിക്ഷയായാലും വിദ്യാഭ്യാസത്തിൽ ശിക്ഷ ചേർന്നതിനു ശേഷമാണ് പഠനം ശിക്ഷയാണെന്നൊരു ധാരണ നാട്ടിൽ പരന്നു തുടങ്ങിയതെന്നുതോന്നുന്നു. 

ആരും ഞങ്ങളെ പഠിപ്പിക്കണ്ട, നിങ്ങളാരാ പഠിപ്പിക്കാൻ എന്നിങ്ങനെയുള്ള നിലപാടുകളുണ്ടായി വന്നത് ഈ ശിക്ഷയിൽനിന്നാവണം. 

പ്രീ പ്രൈമറി അധ്യാപികമാരുടെ വേതനം മുടങ്ങിക്കിടക്കുന്നതിനെപ്പറ്റി കഴിഞ്ഞമാസം ഒരധ്യാപിക വിദ്യാഭ്യാസ വകുപ്പിലെ ഒരുദ്യോഗസ്ഥനുമായി ഫോണിൽ സംസാരിച്ചത് കേരളമാകെ കേട്ടതാണ്. 

ആ സംഭാഷണത്തിൽ ഉദ്യോഗസ്ഥൻ ഫോൺ കട്ട് ചെയ്യുന്നതിനു മുൻപ് അവസാന വിധിയായി പറഞ്ഞത് ‘അങ്ങനെ പഠിപ്പിക്കണ്ട’ എന്നാണ്. 

ജോലി വിദ്യാഭ്യാസ വകുപ്പിലായിട്ടും പഠിക്കാൻ അദ്ദേഹത്തിനു തീരെ താൽപര്യമില്ല.

കഴിഞ്ഞയാഴ്ച തിരുവനന്തപുരത്ത് ജോലിയുടെ ഭാഗമായി ചിത്രമെടുക്കുന്നതിനിടയിൽ ഒരു മാധ്യമ പ്രവർത്തകനെ പൊലീസ് ഇൻസ്പെക്ടർ കൈകാര്യം ചെയ്തതും ഇതേ ശിക്ഷ അഭിയാൻ വിധിപ്രകാരമാണ്. 

മാധ്യമപ്രവർത്തകനോട് സിഐ ആക്രോശിച്ചത് ബൈക്ക് എടുത്തോണ്ടു പോടാ എന്നാണ്.

പൊതുജനങ്ങളോട് സഭ്യമായ ഭാഷ ഉപയോഗിക്കണമെന്നു മാധ്യമ പ്രവർത്തകൻ പറഞ്ഞത് സിഐക്ക് ഇഷ്ടപ്പെട്ടില്ല. 

അതു പറയാൻ നീയാരാ എന്നായി പൊലീസ് ചോദ്യം. പിന്നാലെ മാധ്യമപ്രവർത്തകനെ വലിച്ചിഴച്ച് ജീപ്പിൽ കയറ്റി പൊലീസ് സ്റ്റേഷനിലേക്കു പറപറന്നു.  

പൊതുജനത്തെ പോടാ എന്നല്ല വിളിക്കേണ്ടതെന്ന് ആരു പറഞ്ഞാലും പഠിക്കാൻ ആ മാന്യദേഹം ഉദ്ദേശിച്ചിട്ടില്ല. പഠിപ്പിക്കണ്ട എന്നുതന്നെ ചുരുക്കം. 

നായ്ക്കൾക്കു സാക്ഷരത വർധിച്ചതിനുശേഷം പോടാ നായേ, പോടീ പട്ടീ എന്നൊക്കെ വിളിച്ചാൽ എന്തു സംഭവിക്കുമെന്ന് നാട്ടിലിപ്പോൾ പാട്ടാണ്. പോടാ, പോടീ പദപ്രയോഗങ്ങൾക്കു ശിക്ഷയായി ഒന്നാംതരം കടി കിട്ടിയവരിൽ പലരും മിണ്ടുന്നില്ലെന്നേയുള്ളു. 

കടിച്ചൊരു കുടയലായിരുന്നുവെന്നാണ് ഒരു അനുഭവസ്ഥൻ രഹസ്യമായി അപ്പുക്കുട്ടനോടു പറഞ്ഞത്.

നായ്ക്ക് അഥവാ പട്ടിക്ക് പൊതുജനമെന്നോ പൊലീസെന്നോ തരംതിരിവില്ല. 

അതുകൊണ്ട്, പഠനം ശിക്ഷയാണെന്ന വിചാരം മാറ്റാൻ കാലമായി. 

ആരിൽ നിന്നായാലും പഠിക്കുന്നത് ഒരു മോശം കാര്യമല്ല സർ.

English Summary: Kerala police atrocities