ആത്മബന്ധമുള്ളയാൾ പെട്ടെന്നു വിടപറയുമ്പോഴുള്ള ശൂന്യതയാണു തോന്നുന്നത്. വല്ലാത്ത ഹൃദയഭാരത്തോടെ മാത്രമേ ഷെയ്ഖ് ഖലീഫയെക്കുറിച്ച് ഓർക്കാൻ കഴിയുന്നുള്ളൂ. സ്നേഹത്തിന്റെ നൂലിഴകൾകൊണ്ട് കോർത്തെടുത്തതായിരുന്നു അദ്ദേഹവുമായുള്ള ഓരോ കൂടിക്കാഴ്ചയും. 

ഇന്ത്യയോടും ഇന്ത്യക്കാരോടും, പ്രത്യേകിച്ച് മലയാളികളോടുമുള്ള അദ്ദേഹത്തിന്റെ സ്നേഹം അടുത്തുനിന്നു കാണാനും അനുഭവിക്കാനും സാധിച്ചിട്ടുണ്ട്. രണ്ടാഴ്ച കൂടുമ്പോൾ കൊട്ടാരത്തിൽ അദ്ദേഹത്തിനൊപ്പം മജ് ലിസിൽ (പൊതുസഭ) പങ്കെടുക്കുമായിരുന്നു. മന്ത്രിമാരും ഉന്നത ഉദ്യോഗസ്ഥരും വിവിധ തുറകളിൽ ഉള്ള പ്രഗല്ഭരും എത്തും. കാര്യങ്ങൾ തുറന്നുസംസാരിക്കാനും ചർച്ച ചെയ്യാനും അദ്ദേഹം എല്ലാവരെയും പ്രോത്സാഹിപ്പിക്കും. എല്ലാം കേൾക്കാനും ഗ്രഹിക്കാനും അദ്ദേഹം പ്രത്യേകം ശ്രദ്ധിച്ചു. എല്ലാവരെയും ഒന്നിപ്പിച്ചു കൊണ്ടുപോകാനുള്ള വൈഭവം വിശിഷ്ടമായിരുന്നു.

എം.എ.യൂസഫലി

2008ൽ ജനീവയിലെ ഏവിയനിൽ അദ്ദേഹത്തിന്റെ കൊട്ടാരത്തിൽ വച്ചും ആ സ്നേഹം ആസ്വദിക്കാൻ സാധിച്ചു. മരുമകൻ അദീബ് അഹമ്മദ്, ഫസൽ റഹ്മാൻ എന്നിവർക്കൊപ്പം ജനീവയിലെത്തിയ ഞാൻ രാവിലെ തടാകക്കരയിലൂടെ നടക്കുമ്പോൾ അപ്രതീക്ഷിതമായി ഷെയ്ഖ് ഖലീഫയുടെ സെക്രട്ടറിയെ കണ്ടു. പിറ്റേന്ന്് ഉച്ചവിരുന്നിനുള്ള ക്ഷണമാണ് പിന്നീടെത്തിയത്. കൊട്ടാരത്തിൽ ചെന്നപ്പോഴാകട്ടെ മറ്റൊരു അതിശയം. യൂസഫലിക്ക് പ്രത്യേകം നൽകാനെന്നു പറഞ്ഞ് അദ്ദേഹം രണ്ടു മൂന്നു പച്ചമുളക് തീൻമേശയിൽ വച്ചിരിക്കുന്നു. കറികൾക്കും മറ്റും എരിവു കുറവായാൽ ഉപയോഗിക്കാനായിരുന്നു അത്. അന്നത്തെ സ്വാദിഷ്ട വിഭവങ്ങളെക്കാൾ  സ്നേഹംകൊണ്ട് മനസ്സ് നിറഞ്ഞാണു മടങ്ങിയത്. 

അദ്ദേഹം കൂടുതൽ സംസാരിച്ചിരുന്നതു വികസനം, വിദ്യാഭ്യാസം എന്നിവയെക്കുറിച്ചായിരുന്നു. പ്രത്യേകിച്ച്, പെൺകുട്ടികളെ പഠിപ്പിക്കണമെന്നതിൽ വ്യക്തമായ കാഴ്ചപ്പാടുണ്ടായിരുന്നു.

1990 -കളിൽ രാഷ്ട്രപിതാവ് ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ അൽ നഹ്യാന്റെ മജ് ലിസിൽ പങ്കെടുക്കുന്ന കാലംതൊട്ട് കണ്ടു തുടങ്ങിയതാണു ഷെയ്ഖ് ഖലീഫയെ. മികച്ച ഭരണാധികാരിയുടെ എല്ലാ കഴിവുകളും അന്നേ അദ്ദേഹം പ്രകടിപ്പിച്ചിരുന്നു. ഈദിനും മറ്റും ആശംസകൾ അർപ്പിക്കാൻ കൊട്ടാരത്തിൽ പോകുമ്പോൾ എപ്പോഴും പ്രത്യേക ശ്രദ്ധയും കരുതലും കാണിച്ചിട്ടുണ്ട്. 

പത്തനംതിട്ട സ്വദേശി ഡോ.ജോർജ് മാത്യു അടക്കമുള്ള മലയാളികളായിരുന്നു അദ്ദേഹത്തിന്റെ കൊട്ടാരത്തിലും ഓഫിസുകളിലും ഏറെയും. മലയാളികളോടു പ്രത്യേക സ്നേഹം ഉണ്ടായിരുന്നു. 

എല്ലാവരെയും ഉൾക്കൊള്ളാനും കേൾക്കാനും ഷെയ്ഖ് ഖലീഫ കാണിച്ച മനസ്സിന്റെ തുടർച്ചയായിരുന്നു യുഎഇയിൽ സഹിഷ്ണുതാ മന്ത്രാലയവും ലോകത്ത് ആദ്യമായി സന്തോഷത്തിനു പ്രത്യേക മന്ത്രാലയവും ഏർപ്പെടുത്തിയത്. ഹൈന്ദവ ക്ഷേത്രനിർമാണത്തിന് അനുമതി നൽകിയതും ഫ്രാൻസിസ് മാർപാപ്പയെ യുഎഇയിലേക്കു ക്ഷണിച്ചതും െതളിയിച്ചത് അദ്ദേഹത്തിന്റെ ഹൃദയവിശാലതയാണ്. അതുകൊണ്ടാണ് യുഎഇയിൽ ഇരുനൂറിലേറെ രാജ്യങ്ങളിലെ പൗരന്മാർ സ്നേഹത്തിലും സമാധാനത്തിലും കഴിയുന്നത്.

അദ്ദേഹം ചികിത്സ കഴിഞ്ഞ് മടങ്ങിയെത്തിയപ്പോഴും കണ്ടിരുന്നു. എനിക്കു ഹെലികോപ്റ്റർ അപകടം സംഭവിച്ചപ്പോൾ അതെക്കുറിച്ചു പ്രത്യേകം അന്വേഷിച്ചതായി ഷെയ്ഖ് ഖലീഫയുടെ സെക്രട്ടറി പറഞ്ഞപ്പോൾ ഹൃദയം നിറഞ്ഞു. മനുഷ്യരെ എല്ലാവരെയും ഒരേപോലെ കണ്ട ഷെയ്ഖ് ഖലീഫയ്ക്ക് എന്റെ കണ്ണീർ പ്രണാമം.

English Summary: MA Yusuff Ali tributes to Sheikh Khalifa