സിൽവർലൈൻ പദ്ധതിയിൽ ആകെക്കൂടി 10 റെയിൽവേ സ്റ്റേഷനേ ഉണ്ടാവൂ എന്നാണ് കല്ലുകൾക്കൊപ്പം കുഴിച്ചിട്ടിരിക്കുന്ന പദ്ധതിരേഖയിലുള്ളത്. നെടുമ്പാശേരി ഉൾപ്പെടെ 11 സ്റ്റേഷൻ എന്നാണ് ആദ്യം പറഞ്ഞിരുന്നതെങ്കിലും പിന്നീട് വിമാനത്താവള ന്യായത്തിൽ തട്ടി അവിടത്തെ സ്റ്റേഷൻ പദ്ധതിയിൽനിന്നു പറന്നുപോയി. 

തെക്കുനിന്നു സഞ്ചരിച്ചാൽ കോട്ടയം കഴിഞ്ഞ് കൊച്ചി സ്റ്റേഷൻ. അതു കാക്കനാട്ടാണ്. പിന്നെ തൃശൂരിലേയുള്ളൂ സ്റ്റോപ്പ്. 

ആയകാലത്ത് കോളജിൽ ടെസ്റ്റ് ട്യൂബ് കുലുക്കി രസതന്ത്രം പഠിപ്പിക്കുകയും പിന്നീട് രാഷ്ട്രീയത്തിൽ രസവും തന്ത്രവും കണ്ടെത്തുകയും ചെയ്ത കെ.വി.തോമസ് മാഷിനു പക്ഷേ, സിൽവർലൈൻ രേഖ തെളിഞ്ഞുകിട്ടിയിട്ടില്ല. 

കുമ്പളങ്ങിയുടെ പ്രഖ്യാപിത പുത്രനാണെങ്കിലും തോമസ് മാഷ് താമസിക്കുന്നതു കൊച്ചി തോപ്പുംപടിയിലാണ്. കഴിഞ്ഞ വ്യാഴാഴ്ച എൽഡിഎഫ് തിരഞ്ഞെടുപ്പു കൺവൻഷൻ നടന്ന പാലാരിവട്ടത്തേക്ക് അവിടെനിന്നു ദൂരം 16 കിലോമീറ്റർ. ഏഴു കിലോമീറ്റർകൂടി സഞ്ചരിച്ചാൽ നിയുക്ത സിൽവർലൈൻ സ്റ്റേഷനുള്ള കാക്കനാട്. 

വെറും 15 മിനിറ്റ് മാത്രം ആവശ്യമുള്ള യാത്രയ്ക്ക് ഒരു മണിക്കൂർ വേണ്ടിവന്നുവെന്നും കെ–റെയിൽ ഉണ്ടായിരുന്നെങ്കിൽ ഈ കുരുക്ക് വേണ്ടിവരില്ലായിരുന്നുവെന്നും പ്രഖ്യാപിച്ചുകൊണ്ടാണ് അദ്ദേഹം തിരഞ്ഞെടുപ്പു യോഗത്തിലേക്ക് ഇടതുകാൽവച്ചു പ്രവേശിച്ചത്. വേദിയിലുണ്ടായിരുന്ന മുഖ്യമന്ത്രി അതു ശരിവയ്ക്കുകയും ചെയ്തു. 

തോപ്പുംപടിയിലും പാലാരിവട്ടത്തുമൊക്കെ സിൽവർലൈൻ റെയിൽവേ സ്റ്റേഷനുണ്ടാകുമെന്നാണു പാവം മാഷിന്റെ വിചാരം. 

ഇല്ല മാഷേ, കോട്ടയം കഴിഞ്ഞാൽ കാക്കനാട്ടും പിന്നെ തൃശൂരിലുമാണു സ്റ്റേഷൻ. തോപ്പുംപടിയിൽനിന്നു സിൽവർലൈനിൽത്തന്നെ കയറി പാലാരിവട്ടത്ത് എത്തണമെന്നുണ്ടെങ്കിൽ കാറുപിടിച്ച് 75 കിലോമീറ്ററോളം പിറകോട്ടു സഞ്ചരിച്ചു കോട്ടയത്തെത്തി ട്രെയിനിൽ കയറി കാക്കനാട്ടിറങ്ങണം. അവിടെനിന്നു വീണ്ടുമൊരു കാർ സംഘടിപ്പിച്ചു പാലാരിവട്ടത്തെത്തണം. 

ഒന്നൊന്നര യാത്രയായിരിക്കും അത്. ശുഭയാത്ര എന്നു മുഴുവൻ പറയേണ്ടിവരില്ല; ശു മതിയാവും. എന്നെങ്കിലും സിൽവർലൈൻ തെളിഞ്ഞാൽ കുമ്പളങ്ങിയിലോ തോപ്പുംപടിയിലോ പാലാരിവട്ടത്തോ നിന്നു ട്രെയിനിനു കൈകാണിക്കരുത്. നാട്ടുകാരുടെ മുഖത്തു മാത്രമല്ല, സിൽവർലൈൻമുഖത്തും ചിരിയുടെ രജതരേഖ തെളിയും.

English Summary: Silver line criticism