എന്താണു സത്യം എന്ന ചോദ്യത്തിന് ഇതുവരെ സത്യസന്ധമായ മറുപടി കിട്ടിയിട്ടില്ലാത്തതുപോലെതന്നെയാണ് സന്തോഷത്തിന്റെ കാര്യവും. അതിന്റെ വരവും പോക്കും നിഗൂഢമാകുന്നു. എന്നാലും, ലോകരാജ്യങ്ങളിലെ സന്തോഷം അളക്കുന്ന ഒരു പരിപാടി ഐക്യരാഷ്ട്ര സംഘടനയ്ക്കുണ്ട്. കഴിഞ്ഞ അഞ്ചു വർഷമായി സന്തോഷത്തിൽ ഒന്നാം സ്ഥാനം ഫിൻലൻഡിനാണ്. 2022 മാർച്ചിലെ റിപ്പോർട്ട് പ്രകാരം 149 രാജ്യങ്ങളിലെ സന്തോഷം അളന്നപ്പോൾ ഇന്ത്യയുടെ സ്ഥാനം 136.

തലേവർഷം ഇന്ത്യയുടെ സ്ഥാനം 139 ആയിരുന്നു. കോവിഡിൽ മുഖം മൂടിവച്ചു നടന്നപ്പോൾ നമ്മൾ സന്തോഷത്തിൽ മൂന്നു പോയിന്റ് മുകളിലേക്കു കയറി.  ഇന്ത്യയിൽ ആദ്യമായി സന്തോഷത്തിനൊരു വകുപ്പു തുടങ്ങിയതു മധ്യപ്രദേശിലാണ്; 2016ൽ. രണ്ടാമത് ആന്ധ്രപ്രദേശിൽ. 

മധ്യപ്രദേശിൽ ബിജെപിയുടെ മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാൻ തന്നെയാണ് ആദ്യം സന്തോഷം കൈകാര്യം ചെയ്തത്. പിന്നീട് ആ വകുപ്പ് ഏറ്റെടുത്ത ലാൽ സിങ് ആര്യ വൈകാതെ ഒരു കൊലക്കേസിൽ പ്രതിയായി. 

2018ൽ കോൺഗ്രസ് അധികാരത്തിൽ വന്നപ്പോൾ അത്ര സന്തോഷം വേണ്ടെന്നു തീരുമാനിക്കുകയും ആ വകുപ്പ് ആധ്യാത്മിക വകുപ്പിൽ ലയിപ്പിക്കുകയും ചെയ്തു. പരമമായ സന്തോഷം ആധ്യാത്മികമാണല്ലോ. 

ഭൂട്ടാനിൽനിന്നു പ്രചോദനം ഉൾക്കൊണ്ടാണു മധ്യപ്രദേശ് സന്തോഷവകുപ്പു തുടങ്ങിയത്. ഭൂട്ടാനിൽ പക്ഷേ, വകുപ്പില്ല. പകരം മൊത്ത സന്തോഷസൂചികയാണുള്ളത്; മൊത്തം ദേശീയോൽപാദനവും ദേശീയ വരുമാനവുമൊക്കെ അളക്കുന്നതിനു പകരം ദേശീയ സന്തോഷം അളക്കുക എന്നതാണു ഭൂട്ടാന്റെ നിലപാട്. 

ലോകത്താദ്യമായി സന്തോഷത്തിനൊരു വകുപ്പുണ്ടാക്കിയ രാജ്യം യുഎഇ ആണ്; 2016ൽ.

കേരളത്തിൽ സന്തോഷത്തിനു വകുപ്പൊന്നുമില്ലെങ്കിലും പിണറായി സർക്കാർ ജനത്തിനു സമ്മാനിച്ചുകൊണ്ടിരുന്ന കിറ്റിൽ ഒരു കഴഞ്ച് സന്തോഷവും ചേർത്തിരുന്നുവെന്നാണ് അപ്പുക്കുട്ടൻ മനസ്സിലാക്കുന്നത്. 

ഈ പശ്ചാത്തലത്തിലാണ് പാലക്കാട്ടെ എക്സൈസ് ഉദ്യോഗസ്ഥരുടെ സംഭാവന ശ്രദ്ധേയമാകുന്നത്. ചെത്തുന്ന കള്ള് ഷാപ്പുകളിലേക്കു കൊണ്ടുപോകാനുള്ള പെർമിറ്റ് പുതുക്കാൻ വാങ്ങുന്ന കൈക്കൂലിക്ക് അവർ സന്തോഷകരമായ പേരിട്ടു: സന്തോഷപ്പണം. കള്ളിന്റെ അളവനുസരിച്ചു സന്തോഷം കൂടാം; കുറയാം. 

പരമ്പരാഗതമായി സന്തോഷത്തിന്റെ നിറം വെളുപ്പും സങ്കടത്തിന്റെ നിറം കറുപ്പുമായതിനാൽ സന്തോഷപ്പണത്തിന്റെ തുടക്കം വെളുവെളുത്ത കള്ളിലായതിനു ചരിത്രപരമായും സൗന്ദര്യശാസ്ത്രപരമായും പ്രാധാന്യമുണ്ട്. 

സർക്കാർ പ്രത്യേക വകുപ്പൊന്നും തുടങ്ങാതെതന്നെ കൈക്കൂലിയിൽ സന്തോഷം ചേർക്കാൻ എല്ലാ വകുപ്പിലും കൊണ്ടുപിടിച്ചു ശ്രമം നടക്കുന്നുണ്ട്. ഉദ്യോഗസ്ഥരുടെ സന്തോഷവും രാഷ്ട്രീയക്കാരുടെ സന്തോഷവും വേർതിരിച്ചു കാണേണ്ടതുണ്ടോ എന്ന് ഉന്നതതലത്തിൽ ആലോചിച്ചു തീരുമാനിക്കേണ്ടതാണ്.

ചെറിയ ചെറിയ സന്തോഷങ്ങൾ ചേർത്തുവയ്ക്കുമ്പോഴാണല്ലോ വലിയ സന്തോഷമാകുന്നത്.   കള്ളിൽ തുടങ്ങിയാൽ ആഗോള സന്തോഷത്തിൽ 136–ാം സ്ഥാനത്തുനിന്നു മുകളിലേക്കു പിടിച്ചുകയറാൻ എളുപ്പം കഴിഞ്ഞേക്കും. കള്ളിൽ തെന്നിവീഴാതെ നോക്കണമെന്നുമാത്രം. എഴുന്നേറ്റു വരുമ്പോൾ വല്ലാതെ നാറും.

English summary: Ministry for happiness