ശാന്തയുടെ ഇരുകൈകൾക്കും കൈമുട്ടു വരെയേ വലുപ്പമുള്ളൂ. ഇടതു കൈയ്ക്കാകട്ടെ സ്വാധീനവുമില്ല. എല്ലാറ്റിനും പരാശ്രയം വേണ്ട ജീവിതം. പത്താം ക്ലാസ് കഴിഞ്ഞപ്പോൾ മറ്റാരും ജോലി നൽകാതായതോടെ വായ്പയെടുത്തു പശുവിനെ വാങ്ങി. ഈ കൈകൾകൊണ്ട് എങ്ങനെ പാൽ കറക്കും? സഹോദരൻ വേലാച്ചാമിയും കുടുംബവും സഹായത്തിനെത്തിയതോടെ ആ ആശങ്ക മാറി...Farmer's Day | Life Stories | Manorama Online

ശാന്തയുടെ ഇരുകൈകൾക്കും കൈമുട്ടു വരെയേ വലുപ്പമുള്ളൂ. ഇടതു കൈയ്ക്കാകട്ടെ സ്വാധീനവുമില്ല. എല്ലാറ്റിനും പരാശ്രയം വേണ്ട ജീവിതം. പത്താം ക്ലാസ് കഴിഞ്ഞപ്പോൾ മറ്റാരും ജോലി നൽകാതായതോടെ വായ്പയെടുത്തു പശുവിനെ വാങ്ങി. ഈ കൈകൾകൊണ്ട് എങ്ങനെ പാൽ കറക്കും? സഹോദരൻ വേലാച്ചാമിയും കുടുംബവും സഹായത്തിനെത്തിയതോടെ ആ ആശങ്ക മാറി...Farmer's Day | Life Stories | Manorama Online

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ശാന്തയുടെ ഇരുകൈകൾക്കും കൈമുട്ടു വരെയേ വലുപ്പമുള്ളൂ. ഇടതു കൈയ്ക്കാകട്ടെ സ്വാധീനവുമില്ല. എല്ലാറ്റിനും പരാശ്രയം വേണ്ട ജീവിതം. പത്താം ക്ലാസ് കഴിഞ്ഞപ്പോൾ മറ്റാരും ജോലി നൽകാതായതോടെ വായ്പയെടുത്തു പശുവിനെ വാങ്ങി. ഈ കൈകൾകൊണ്ട് എങ്ങനെ പാൽ കറക്കും? സഹോദരൻ വേലാച്ചാമിയും കുടുംബവും സഹായത്തിനെത്തിയതോടെ ആ ആശങ്ക മാറി...Farmer's Day | Life Stories | Manorama Online

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഇന്ന് കർഷക ദിനം. ശരീരത്തിന്റെ വെല്ലുവിളികളെയും പ്രതികൂല സാഹചര്യങ്ങളെയും ഇച്ഛാശക്തികൊണ്ട് അതിജീവിച്ച്, ജീവിതം കെട്ടിപ്പടുത്ത ഒരുകൂട്ടം ഉജ്വല കർഷകരുടെ അനുഭവ കഥകളിലൂടെ...

മനസ്സുണ്ടെങ്കിൽ കൈകളെന്തിന് ?

ADVERTISEMENT

അധ്വാനിക്കാനുള്ള മനസ്സുണ്ടെങ്കിൽ കൈകൾപോലും എന്തിന്? ശാരീരികവെല്ലുവിളികളെ കൈപ്പാടകലെ നിർത്തി പശുപരിപാലനത്തിൽ ജീവിതം കണ്ടെത്തുകയായിരുന്നു പാലക്കാട് പട്ടഞ്ചേരി വട്ടച്ചിറയിൽ ആറുവിന്റെയും പാറുവിന്റെയും മകൾ ശാന്ത.

ശാന്തയുടെ ഇരുകൈകൾക്കും കൈമുട്ടു വരെയേ വലുപ്പമുള്ളൂ. ഇടതു കൈയ്ക്കാകട്ടെ സ്വാധീനവുമില്ല. എല്ലാറ്റിനും പരാശ്രയം വേണ്ട ജീവിതം. പത്താം ക്ലാസ് കഴിഞ്ഞപ്പോൾ മറ്റാരും ജോലി നൽകാതായതോടെ വായ്പയെടുത്തു പശുവിനെ വാങ്ങി. ഈ കൈകൾകൊണ്ട് എങ്ങനെ പാൽ കറക്കും? സഹോദരൻ വേലാച്ചാമിയും കുടുംബവും സഹായത്തിനെത്തിയതോടെ ആ ആശങ്ക മാറി. പശുക്കളെ മേയ്ക്കലും കുളിപ്പിക്കലും തീറ്റ നൽകലുമെല്ലാം ശാന്ത തന്നെ ചെയ്യും. രാവിലെ 15 ലീറ്ററും വൈകിട്ട് 8 ലീറ്ററും പാൽ നിറച്ച പാത്രവും തൂക്കി എല്ലാ ദിവസവും ക്ഷീരസംഘത്തിലേക്കു പോകും. രണ്ടുതവണയായി പട്ടഞ്ചേരി ക്ഷീരസംഘത്തിന്റെ ഡയറക്ടറുമാണു ശാന്ത.

ക്ഷീരമേഖലയിലെ മികവിന് ഒട്ടേറെ പുരസ്കാരങ്ങളും ഈ നാൽപത്തിരണ്ടുകാരിയെ തേടിയെത്തി. പുല്ലും വൈക്കോലും അടക്കം മികച്ച തീറ്റരീതികളും പരിപാലനവും മൂലം ഗുണമേന്മയുള്ള പാൽ ഉൽപാദിപ്പിക്കുന്നതിനാൽ മികച്ച വില ലഭിക്കുന്നുണ്ട്. കോഴികളെ വളർത്തിയും വരുമാനമുണ്ടാക്കുന്നു. സഹോദരിയുടെ വിവാഹം നടത്തിക്കൊടുത്തു. തൊഴിലുറപ്പു പദ്ധതിയിലും സജീവമായി. കൂടുതൽ പശുക്കളെ വാങ്ങണമെന്നാണു ശാന്തയുടെ മോഹം.

വിപണിയറിഞ്ഞ് ഓടുന്നു, ഈ വീൽചെയർ

ADVERTISEMENT

പൊതുപ്രവർത്തകനും അഭിഭാഷകനുമായിരുന്ന പിതാവ് അബൂബക്കറിന്റെ വിയോഗം, കുടുംബത്തിന്റെ വരുമാനമാർഗമായിരുന്ന റബർ തോട്ടത്തിനു നടുവിലൂടെ 400 കെവി വൈദ്യുത ലൈൻ വലിച്ചപ്പോൾ കുറെ മരങ്ങൾ വെട്ടേണ്ടി വന്നത്...
വീൽചെയറിൽ മാത്രം സഞ്ചരിക്കാൻ കഴിയുന്ന എറണാകുളം വെങ്ങോല പിറമ്പിള്ളിക്കുടി പി.ഐ.ഉനൈസിനെ 4 വ‍ർഷം മുൻപു മത്സ്യക്കൃഷിയിലേക്ക് എത്തിച്ചതു ചില സാഹചര്യങ്ങളാണ്.

പെരുമ്പാവൂർ വെങ്ങോല പിറമ്പിള്ളിക്കുടി പി.ഐ.ഉനൈസ് മത്സ്യക്കുളത്തിനരികെ.

പേശികൾക്കു ജന്മനാ ബലക്കുറവായതിനാൽ നിൽക്കാൻപോലും കഴിയില്ല. ബിരുദപഠനം ഇടയ്ക്ക് ഉപേക്ഷിച്ചു. തുടർന്നു വീട്ടിൽ വായനയുമായി കഴിയവേയാണു സാഹചര്യങ്ങൾ മാറിമറിഞ്ഞത്. ഇതോടെ സ്ഥിരവരുമാനത്തിനു ശ്രമം തുടങ്ങി. ‘കർഷകശ്രീ ’അടക്കമുള്ള കാർഷിക പ്രസിദ്ധീകരണങ്ങളാണു മത്സ്യക്കൃഷിക്കു പ്രചോദനമായത്.

പുരയിടത്തിൽ വീൽചെയറിൽ സഞ്ചരിച്ചെത്താവുന്ന 10 സെന്റിൽ മണ്ണുമാന്തി ഉപയോഗിച്ച് 7 അടി ആഴത്തിൽ കുളം നിർമിച്ചു. 400 ജിഎസ്എം പിവിസി നൈലോൺ ഷീറ്റും വിരിച്ചു. 2000 ഗിഫ്റ്റ് തിലാപ്പിയ മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിച്ചായിരുന്നു ആദ്യ കൃഷി. പിന്നീട് തിലാപ്പിയയും വാളയുമെല്ലാം കൃഷി ചെയ്തു. ഇപ്പോൾ അലങ്കാര മത്സ്യക്കൃഷിയിലാണു ശ്രദ്ധ. അഴകും വർണപ്പൊലിമയുമുള്ള കോയികാർപ് ഇനമാണു കൂടുതലുള്ളത്.

കുഞ്ഞുങ്ങളെ വാങ്ങി 3 മാസം പരിപാലിച്ചു വിൽക്കും. 5 മുതൽ 15 രൂപ വരെ വില കിട്ടും. ഈ രീതിയിൽ വർഷത്തിൽ നാലുതവണ കൃഷി ചെയ്യാം. വിൽപനയ്ക്കു ശേഷം ബാക്കിവരുന്നവയെ ചെറുകുളങ്ങളിലേക്കു മാറ്റും. ഇവയെ വളർത്തി വിൽക്കും. കുളത്തിലെ പോഷകമൂല്യമുള്ള വെള്ളം ഉപയോഗിച്ചു വാഴയും ഫലവൃക്ഷത്തൈകളും കൃഷി ചെയ്യുന്നു. ഭാര്യയും ഉമ്മയും 2 കുട്ടികളും അടങ്ങുന്നതാണ് ഉനൈസിന്റെ കുടുംബം.

ADVERTISEMENT

കൈകൾ പോയെങ്കിലും ജീവിതം കൈവിട്ടുകളയാതെ...

മൺവെട്ടിപ്പിടിയിൽ വിരലുകൾ മുറുകെപ്പിടിച്ചു മണ്ണിൽ ആഞ്ഞുവെട്ടാൻ ശ്രീധരനു കൈകളില്ല. ഇരുകൈകളും കൈത്തണ്ട ഭാഗത്തുവച്ച് അറ്റു പോയെങ്കിലും സ്വന്തമായി രൂപകൽ‍പന ചെയ്ത പണിയായുധങ്ങളിലൂടെ വിധിക്കു വരമ്പു തീർക്കുകയാണ് തിരുവനന്തപുരം കാട്ടാക്കട കോട്ടൂർ അഗസ്ത്യവനം കൊമ്പിടി സെറ്റിൽമെന്റിലെ ശ്രീധരൻ കാണി (42).

ശ്രീധരൻ കാണി

പിക്കാസിന്റെയും മൺവെട്ടിയുടെയും പിടിയിൽ കമ്പി കൊണ്ടുണ്ടാക്കിയ ചെറിയ വളയങ്ങൾ തുളച്ചിട്ടശേഷം, ഈ വളയത്തിലേക്കു കൈകൾ ഇറക്കിയാണു ശ്രീധരൻ കൃഷിയിടങ്ങളിൽ എത്തുക. കൈ വേദനിക്കാതിരിക്കാൻ വളയങ്ങളിൽ തുണി‍ക്കഷ്ണങ്ങൾ പൊതിയും. നീളമുള്ള പൈപ്പിൽ ഘടിപ്പിച്ച ടാപ്പിങ് കത്തിയിൽ കൈക്കുഴ കയറ്റി പട്ട തെളിക്കും, അതിരാവിലെ റബർ ടാപ്പ് ചെയ്യും, ഇടവേളയിൽ കമുകിൽ കയറും, കിണറ്റിൽനിന്നു വെള്ളവും കോരും. ‘കൈവിട്ടു കളയാനുള്ളതല്ല നമ്മുടെ ജീവിതം... പ്രതിബന്ധങ്ങളെ തട്ടിമാറ്റാൻ കൈകൾ വേണമെന്നില്ല, ഉറച്ച മനസ്സു മാത്രം മതി...’ എന്നതാണു ശ്രീധരന്റെ മന്ത്രം.

കാട്ടുപന്നികളെ തുരത്താൻ കെണിയൊരുക്കുന്നതിനിടെ 12 വർഷം മുൻപാണു ശ്രീധരന്റെ കൈപ്പത്തികൾ നഷ്ടമായത്. തുന്നിച്ചേർക്കാൻ ശ്രമിച്ചെങ്കിലും വിഫലമായി. സ്വന്തമായി പണിയായുധങ്ങൾ വികസിപ്പിച്ചെടുക്കാനുള്ള പരീക്ഷണശാലയിലായിരുന്നു രണ്ടു വർഷം. സ്വന്തം ‘സാങ്കേതിക വിദ്യയിലൂടെ ’ വികസിപ്പിച്ച ഉപകരണങ്ങളുമായി ശ്രീധരൻ കാടിനുള്ളിലെ 3 ഏക്കറിലേക്കിറങ്ങിയതു കുടുംബത്തി‍ന്റെ ഉറച്ച പിന്തുണയോടെയായിരുന്നു.

തിരുവനന്തപുരം കാട്ടാക്കട കോട്ടൂർ അഗസ്ത്യവനം കൊമ്പിടി സെറ്റിൽമെന്റിലെ ശ്രീധരൻ കാണി കൃഷിപ്പണിക്കിടെ.

പണിയായുധങ്ങളിലെ ഇരുമ്പു വളയങ്ങളിൽ ഓട്ടോറിക്ഷയുടെ ഗിയർ കേബിൾകൊണ്ടു ചുറ്റി ബലപ്പെടുത്തും. തുണികൊണ്ട് പൊതിഞ്ഞ വളയങ്ങളിൽ കൈത്തണ്ടകൾ ഇറക്കി, കെട്ടിയ ശേഷമാണു കൃഷി തുടങ്ങുക. ‘ആദ്യമൊക്കെ ചോര പൊടിഞ്ഞു, കടുത്ത വേദന. പിന്നെ ശീലമായി...’പച്ചക്കറികൾ, കുരുമുളക്, കിഴങ്ങു വർഗങ്ങൾ, റബർ, വാഴ, വെറ്റില എന്നിവയാണു പ്രധാനമായും കൃഷി ചെയ്യുന്നത്. റബർ ടാപ്പിങ്ങിനും പോകാറുണ്ട്. മീൻകുളവും കോഴി വളർത്തലുമുണ്ട്. ഭാര്യ സിന്ധു, മക്കളായ ശ്രീരാജ്, സീതാലക്ഷ്മി എന്നിവർ സഹായവുമായി ഒപ്പമുണ്ട്.

മനസ്സിൽ കാഴ്ചയുടെ ഉറവ തുറന്ന്

രണ്ടു കണ്ണിനും കാഴ്ചയില്ലെങ്കിലും കൃഷിയിടത്തിൽ എത്തിയാൽ ജലീലിനു വഴിതെറ്റില്ല. മണ്ണിന്റെ നനവു കാലിൽ തട്ടുമ്പോൾ കാഴ്ചയുടെ ഉറവ തുറക്കുന്നതു ജലീലിന്റെ മനസ്സിൽ നിന്നാണ്. പെട്ടിക്കട നടത്തി കുടുംബം നോക്കിയിരുന്ന കൊല്ലം കാരാളികോണം കാരയ്ക്കൽ അനസ് മൻസിലിൽ ജലീലിന് (50) കോവിഡും ലോക്ഡൗണുമാണു കൃഷിയിലേക്കു വഴിതുറന്നത്. വരുമാനം നിലച്ചതോടെ കട പൂട്ടേണ്ടി വന്നു.

സഹായം അഭ്യർഥിച്ചു കാരാളികോണം കാരയ്ക്കൽ മുസ്‌ലിം ജമാഅത്തിനെ സമീപിച്ചതോടെ കൃഷി ചെയ്യാൻ 38 സെന്റ് നിലം പാട്ടത്തിനു നൽകി. അനുഭവസമ്പത്തിന്റെ ധൈര്യത്തിൽ ജലീൽ വീണ്ടും കർഷകനായി. രാവിലെ ഭാര്യ നിസയോ മകൻ അനസോ ജലീലിനെ കൃഷിയിടത്തിൽ എത്തിക്കും. പിന്നെ വൈകിട്ടാണു മടക്കം. വളർത്തുനായ ടിപ്പുവും ഒപ്പമുണ്ടാവും.

വിത്തുവിതയ്ക്കൽ‍, പരിപാലനം, വിളവെടുപ്പ് തുടങ്ങി എല്ലാ ജോലികളും ജലീൽ ഒറ്റയ്ക്കാണു ചെയ്യുന്നത്. ചേമ്പ്, ചേന, വാഴ, മരച്ചീനി, മഞ്ഞൾ, വെണ്ട, ചീര എന്നിവയെല്ലാം കൃഷിയിടത്തിൽ സമൃദ്ധമായി വിളയുന്നു. നാലംഗ കുടുംബത്തിന്റെ പ്രധാന വരുമാന മാർഗവും കൃഷിയാണ്. കാട് തെളിക്കുമ്പോഴും മറ്റും കാൽ ഉപയോഗിച്ചു സ്ഥലം തിട്ടപ്പെടുത്തിയ ശേഷമാണു ജോലി ചെയ്യുന്നത്. കാഴ്ചയുള്ളവരെക്കാൾ മിടുക്കോടെയാണു ജലീൽ ജോലി ചെയ്യുന്നതെന്നു നാട്ടുകാർ പറയുന്നു. ‍അന്നം തരുന്ന കൃഷിയിടം തന്റെ സ്വർഗമാണെന്നാണു ജലീലിന്റെ അഭിപ്രായം. വർഷങ്ങൾക്കു മുൻപു ക്വാറിയിൽനിന്നു പാറയുടെ ചീള് കണ്ണിൽ തറച്ചാണു കാഴ്ച നഷ്ടമായത്.

കൃഷിയാണ് ഊർജം; വേദനസംഹാരിയും

കനത്തപ്രതിസന്ധികളെയും വെല്ലുവിളികളെയും നേരിടാൻ കൃഷി ഊർജമാക്കിയ, മരുന്നാക്കിയ ഒരു വീട്ടമ്മയുണ്ട്, വയനാട്ടിൽ. വെള്ളമുണ്ട മംഗലശ്ശേരി കരുവണശേരി കുംഭാമ്മ. എഴുപതുവയസ്സ് പിന്നിട്ട അവർ, ശാരീരിക അസ്വസ്ഥതകളെ അതിജീവിച്ച് കൃഷിയിൽ ഇപ്പോഴും സജീവം. മൂന്നാം വയസ്സിൽ പിടിപെട്ട രോഗം ഇരുകാലുകളെയും തളർത്തി. പിന്നെ മുട്ടിലിഴഞ്ഞു ജീവിതം. പതിനഞ്ചാം വയസ്സിൽ അച്ഛനൊപ്പം കൃഷിയിടത്തിലേക്ക്. അച്ഛന്റെ മരണശേഷം കൃഷിയിൽ കൂടുതൽ സജീവമായി. പിന്നീട് ഭർത്താവും മരിച്ചു. പതറാതെ മുട്ടിലിഴഞ്ഞ് മുന്നോട്ടുനീങ്ങിയ കുംഭാമ്മയെ തോൽപിക്കാൻ പിന്നീട് കാൻസറും ശ്രമിച്ചു. അവിടെയും ജയം കുംഭാമ്മയ്ക്കായിരുന്നു. പ്രയാസങ്ങളിലെല്ലാം തനിക്കു തുണയായതു കൃഷി തന്നെയെന്നു കുംഭാമ്മ പറയുന്നു.

ഇതുതന്നെയാണ് ഇവരുടെ ഏക ജീവിതമാർഗവും. വാഴ, ചേമ്പ്, ചേന, ഇഞ്ചി, മഞ്ഞൾ, വിവിധ പച്ചക്കറികൾ എന്നിവയെല്ലാം കൃഷി ചെയ്യുന്നുണ്ട്. 55 വർഷത്തെ കൃഷി ജീവിതത്തിൽ കാൻസർമൂലം 3 വർഷം മാത്രമാണു വിട്ടുനിന്നത്. കോഴി, ആട്, പശു എന്നിവയെയും മുൻപു വളർത്തിയിരുന്നു. പ്രായത്തിന്റെ അവശതമൂലം അവയെല്ലാം അവസാനിപ്പിച്ചു. മണ്ണിൽ നിരങ്ങി നീങ്ങി എന്നും കുംഭാമ്മ കൃഷിയിടത്തിൽ എത്തും. ശരീരം ക്ഷീണിക്കുവോളം പണിയെടുക്കും. സഹായത്തിനു മകൻ രാജു കൂടെയുണ്ട്. കൃഷി മേഖലയിലെ ‌ഒട്ടേറെ പുരസ്കാരങ്ങൾ കുംഭാമ്മയെ തേടിയെത്തിയിട്ടുണ്ട്.

പരിമിതിയോട് പോരാടാൻ പലവഴികൾ

ജീവിതത്തിലെ പരിമിതികളോടു പലവിധ കൃഷികളിലൂടെ പൊരുതാനാണ് പത്തനംതിട്ട വെച്ചൂച്ചിറ അരീപ്പറമ്പിൽ മനു തോമസ് തീരുമാനിച്ചത്. അതു വിജയിച്ചതിന്റെ സന്തോഷം മനുവിന്റെ ചിരിയിലുണ്ട്. ആറാം വയസ്സിൽ അരയ്ക്കു താഴേക്കു ചലനശേഷി നഷ്ടപ്പെട്ടു. മുതിർന്നപ്പോൾ ആദ്യം കച്ചവടത്തിലേക്കു തിരിഞ്ഞു. എന്നാൽ, 10 വർഷത്തിലേറെയായി കൃഷിയിടമാണു മനുവിന്റെ ലോകം; സംയോജിത കൃഷിരീതി വിജയമന്ത്രവും.

പത്തനംതിട്ട വെച്ചൂച്ചിറ അരീപ്പറമ്പിൽ മനു തോമസും മകനും ഫാമിലെ കോഴികൾക്ക് ഒപ്പം.

ആറേക്കറിലേറെയുള്ള തോട്ടത്തിൽ കുരുമുളക്, കാപ്പി, ജാതി എന്നിവയാണു മുഖ്യവിളകൾ. കൊക്കോ, വാഴ, തെങ്ങ്, വിവിധതരം മാവുകൾ, മാങ്കോസ്റ്റിൻ, വിവിധതരം പ്ലാവുകൾ, റംബുട്ടാൻ, ഏലം, റബർ, പച്ചക്കറികൾ തുടങ്ങിയവയും കൃഷി ചെയ്യുന്നുണ്ട്. എന്നാൽ, വലിയ വരുമാനമാർഗം കോഴിവളർത്തലാണ്. 5000ൽ അധികം ബ്രോയ്‌ലർ കോഴികളെയാണു കഴിഞ്ഞ ദിവസങ്ങളിലായി മനുവിന്റെ ഫാമിൽ നിന്ന് വിറ്റത്. മുട്ടക്കോഴിക്കുഞ്ഞുങ്ങളെ വളർത്തുന്ന നഴ്സറിയും ഫാമിലുണ്ട്.

പശു, ആട്, തേനീച്ച എന്നിവയെ വളർത്തിയും മനു വിജയം കൈവരിച്ചിട്ടുണ്ട്. മാതാപിതാക്കളുടെയും ഭാര്യയുടെയും കുട്ടികളുടെയും പൂർണപിന്തുണയുള്ളതിനാൽ കൃഷിയിടത്തിലേക്കിറങ്ങാൻ ശാരീരിക പരിമിതികൾ തടസ്സമല്ല. സംസ്ഥാന ജൈവവൈവിധ്യ ബോർഡിന്റെയടക്കം ഒട്ടേറെ പുരസ്കാരങ്ങൾ മനുവിനു ലഭിച്ചിട്ടുണ്ട്.

കൈ കുത്തി മണ്ണിലിറങ്ങി; കൃഷിയിൽ നിവർന്നുനിന്നു

തളർന്ന ശരീരം ആയുധമാക്കിയാണ് കണ്ണൂർ ഉളിക്കൽ സ്വദേശി ഷാജി മാത്യു മണ്ണിനോടു യുദ്ധം ചെയ്തത്. വീൽചെയറിലിരുന്ന് തന്റെ കാർഷിക സാമ്രാജ്യത്തെ നയിക്കുകയാണ് ഇപ്പോൾ ഈ അൻപത്താറുകാരൻ. ഒന്നാം ക്ലാസിൽ പഠിക്കുമ്പോഴാണ് പോളിയോ ബാധിച്ചു ശരീരം തളർന്നത്. 26 ദിവസം മാത്രമാണു സ്കൂളിൽ പോകാനായത്. പിന്നീട് ആശുപത്രികളിൽനിന്ന് ആശുപത്രികളിലേക്കുള്ള ഓട്ടപ്പാച്ചിൽ. 15 വർഷത്തെ ചികിത്സയ്ക്കുശേഷം നിലത്തു കൈകുത്തി നടക്കാനായി.

21–ാം വയസ്സിൽ കൈകൾ കുത്തി അദ്ദേഹം കൃഷിയിടത്തിലേക്കിറങ്ങി. മാതാപിതാക്കൾ തുടങ്ങിവച്ച കൃഷി മുന്നോട്ടുകൊണ്ടുപോകണമെന്ന ആഗ്രഹവും കൃഷിയോടുള്ള സ്നേഹവുമെല്ലാം മണ്ണിലിറങ്ങാൻ പ്രേരിപ്പിച്ചു. കോട്ടപ്പാറയിൽ ചെറിയ നഴ്സറി ആരംഭിച്ചായിരുന്നു തുടക്കം. തുടർന്ന് ഉളിക്കല്ലിനടുത്ത് കോക്കോടേക്കു നഴ്സറി മാറ്റി.

കണ്ണൂർ ഉളിക്കൽ സ്വദേശി ഷാജി മാത്യു നഴ്സറിയിൽ.

മണ്ണിൽ കൈകുത്തിയിരുന്ന് കാർഷിക വിളകൾ കൃഷി ചെയ്തു തുടങ്ങി. വിത്തുകളും തൈകളും സ്വയം വികസിപ്പിച്ചെടുത്തു. കാർഷിക വിളകൾ മാത്രമല്ല, ചെടികളും പക്ഷികളും മത്സ്യവുമൊക്കെ ഷാജിയുടെ കൃഷിയിടത്തിലുണ്ട്. ഇതിനിടെ വാഹനം വാങ്ങി, കൈകൾക്കൊണ്ട് ഓടിക്കാൻ പറ്റുന്ന തരത്തിൽ മാറ്റങ്ങൾ വരുത്തി ലൈസൻസെടുത്തു. അന്യം നിന്നുപോകുന്ന പഴയകാല വിളകളും ഫലങ്ങളും സംരക്ഷിക്കുകയും പുതിയ തലമുറയ്ക്കു കൈമാറുകയുമാണ് ഇപ്പോൾ തന്റെ മുന്നിലുള്ള ലക്ഷ്യമെന്നു ഷാജി പറയുന്നു. പല നാടൻ മാവുകളും പ്ലാവുകളും ഇപ്പോൾ കാണാനില്ലാതായി. ഇവയുടെ തൈകൾ വ്യാപകമായി കൃഷി ചെയ്യുന്നുണ്ട്. പഴയകാല നെല്ലിനങ്ങളുടെ കൃഷി ആരംഭിക്കാനും പദ്ധതിയുണ്ട്. കൈകുത്തി നടക്കാൻ ബുദ്ധിമുട്ടായതോടെ വീൽചെയറിലിരുന്നാണ് ഇപ്പോൾ കൃഷി. 1996–97 വർഷത്തെ സംസ്ഥാന സർക്കാരിന്റെ കാർഷികോത്തമ പുരസ്കാരമുൾപ്പെടെ ഒട്ടേറെ അംഗീകാരങ്ങൾ ഷാജിയെ തേടിയെത്തിയിട്ടുണ്ട്. എല്ലാറ്റിനും പിന്തുണയുമായി ഭാര്യ ഷാന്റിയും ഒപ്പമുണ്ട്. ഷെൻസിയ, ഷിബിന, ഷെൻ എന്നിവരാണു മക്കൾ.

English Summary: Life stories of a group of farmers who overcome their physical disabilities and adverse conditions with willpower