എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ റജിസ്റ്റർ ചെയ്തു കാത്തിരിക്കുന്ന 27.34 ലക്ഷം ഉദ്യോഗാർഥികൾക്കുനേരെ വാതിലടച്ചുള്ള പിൻവാതിൽ നിയമനങ്ങളിൽ സംവരണമടക്കമുള്ള സാമൂഹികനീതിയും അട്ടിമറിക്കപ്പെടുന്നു അഭ്യസ്തവിദ്യരായ യുവജനങ്ങൾക്ക് ആവശ്യമായ തൊഴിൽ ലഭിക്കുന്നില്ലെന്ന പ്രശ്നത്തെ ഉൾക്കൊണ്ടുകൊണ്ട് തൊഴിൽ സൃഷ്ടിക്ക്

എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ റജിസ്റ്റർ ചെയ്തു കാത്തിരിക്കുന്ന 27.34 ലക്ഷം ഉദ്യോഗാർഥികൾക്കുനേരെ വാതിലടച്ചുള്ള പിൻവാതിൽ നിയമനങ്ങളിൽ സംവരണമടക്കമുള്ള സാമൂഹികനീതിയും അട്ടിമറിക്കപ്പെടുന്നു അഭ്യസ്തവിദ്യരായ യുവജനങ്ങൾക്ക് ആവശ്യമായ തൊഴിൽ ലഭിക്കുന്നില്ലെന്ന പ്രശ്നത്തെ ഉൾക്കൊണ്ടുകൊണ്ട് തൊഴിൽ സൃഷ്ടിക്ക്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ റജിസ്റ്റർ ചെയ്തു കാത്തിരിക്കുന്ന 27.34 ലക്ഷം ഉദ്യോഗാർഥികൾക്കുനേരെ വാതിലടച്ചുള്ള പിൻവാതിൽ നിയമനങ്ങളിൽ സംവരണമടക്കമുള്ള സാമൂഹികനീതിയും അട്ടിമറിക്കപ്പെടുന്നു അഭ്യസ്തവിദ്യരായ യുവജനങ്ങൾക്ക് ആവശ്യമായ തൊഴിൽ ലഭിക്കുന്നില്ലെന്ന പ്രശ്നത്തെ ഉൾക്കൊണ്ടുകൊണ്ട് തൊഴിൽ സൃഷ്ടിക്ക്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ പേര് റജിസ്റ്റർ ചെയ്ത് കേരളത്തിൽ കാത്തിരിക്കുന്നത് 27.34 ലക്ഷം പേരെന്നാണ് കണക്ക്. പ്രഫഷനൽ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ ഒന്നര ലക്ഷത്തോളം പേരും. ഇവരെയെല്ലാം നോക്കുകുത്തിയാക്കി തദ്ദേശ സ്ഥാപനങ്ങളിലും പൊതുമേഖല സ്ഥാപനങ്ങളിലും സർക്കാരിന്റെ വിവിധ പദ്ധതികളിലും ഇഷ്ടക്കാരെയും പാർട്ടിക്കാരെയും തിരുകിക്കയറ്റൽ തകൃതിയായി നടക്കുകയാണ്. താൽക്കാലിക ജോലികൾ പോലും പാർട്ടി ബന്ധുക്കൾക്കായി സിപിഎം കവർന്നെടുക്കുമ്പോൾ മറ്റു പാർട്ടികളും തങ്ങൾക്കു സ്വാധീനമുള്ള മേഖലകളിൽ ഇടപെടലുകൾ നടത്തുന്നു. എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ റജിസ്റ്റർ ചെയ്തു കാത്തിരിക്കുന്ന 27.34 ലക്ഷം ഉദ്യോഗാർഥികൾക്കുനേരെ വാതിലടച്ചുള്ള പിൻവാതിൽ നിയമനങ്ങളിൽ സംവരണമടക്കമുള്ള സാമൂഹികനീതിയും അട്ടിമറിക്കപ്പെടുന്നു. വ്യക്തിയുടെ തൊഴിലെന്ന അവകാശത്തിൽ, അധികാരത്തിന്റെ കരുത്തിൽ നടത്തുന്ന കടന്നുകയറ്റത്തെക്കുറിച്ചുള്ള അന്വേഷണ പരമ്പര ഇന്നു മുതൽ.     

അഭ്യസ്തവിദ്യരായ യുവജനങ്ങൾക്ക് ആവശ്യമായ തൊഴിൽ ലഭിക്കുന്നില്ലെന്ന പ്രശ്നത്തെ ഉൾക്കൊണ്ടുകൊണ്ട് തൊഴിൽ സൃഷ്ടിക്ക് ഊന്നൽ നൽകിക്കൊണ്ടാണ് ഈ പ്രകടനപത്രിക രൂപപ്പെടുത്തിയിട്ടുള്ളത്. മൊത്തം 40 ലക്ഷം തൊഴിലവസരങ്ങളാണു വാഗ്ദാനം ചെയ്യുന്നത്’... കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ഭരണത്തുടർച്ച ലക്ഷ്യമിട്ട് എൽഡിഎഫ് പുറത്തിറക്കിയ പ്രകടന പത്രിക, ആ 40 ലക്ഷം തൊഴിലവസരം എങ്ങനെയൊക്കെ കൊടുക്കുമെന്നും തരംതിരിച്ചു പറഞ്ഞു.

ADVERTISEMENT

പ്രകടനപത്രികയിലെ വരികൾ വായിച്ചു പ്രതീക്ഷകൾ നെയ്ത ലക്ഷക്കണക്കിനു പേരിൽ ഭൂരിഭാഗത്തിന്റെയും സ്വപ്നങ്ങൾ ഇപ്പോൾ നിറം മങ്ങിയ അവസ്ഥയിലാണ്. പിഎസ്‌സി വഴിയുള്ള സ്ഥിരംജോലി എന്ന സ്വപ്നത്തിൽ ഇരുൾ വീണവർക്ക് അൽപം ആശ്വാസം സർക്കാർ സ്ഥാപനങ്ങളിലെ താൽക്കാലിക ജോലിയായിരുന്നു. എന്നാൽ, കേരളത്തിൽ ഇപ്പോൾ ഏറ്റവും കുത്തഴിഞ്ഞു കിടക്കുന്നതും അഴിമതിയും സ്വജനപക്ഷപാതവും നടക്കുന്നതും ഈ മേഖലയിലാണ്.

ഏറ്റവും താഴെത്തട്ടിലുള്ള ദിവസവേതന ജോലികളുടെ നിയമനം പോലും പാർട്ടി നേതാക്കൾ തീരുമാനിക്കുന്ന അവസ്ഥ.  27.34 ലക്ഷം ഉദ്യോഗാർഥികൾ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ റജിസ്റ്റർ ചെയ്തു ജോലിക്കായി കാത്തിരിക്കുമ്പോഴാണ് സർക്കാർ, പൊതുമേഖലാ സ്ഥാപനങ്ങളിലെ പാർട്ടി പട്ടിക നിയമനങ്ങൾ. പിഎസ്‌സിക്കു വിടാത്ത എല്ലാ ഒഴിവുകളും എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴി നികത്തണമെന്ന ചട്ടത്തെ അധികാരത്തിന്റെ അഹങ്കാരത്തിൽ തച്ചുടയ്ക്കുമ്പോൾ സംവരണമടക്കമുള്ള സാമൂഹികനീതി കൂടിയാണ് അട്ടിമറിക്കപ്പെടുന്നത്.

സിപിഎമ്മിനുവേണ്ടി മുഴുവൻ സമയം പ്രവർത്തനരംഗത്തുള്ളവർ അവരുടെ വീട്ടിലെ ഒരാൾക്കെങ്കിലും സർക്കാർ– സഹകരണ സ്ഥാപനങ്ങളിൽ ജോലി കൊടുക്കുകയെന്നതു ഭരണത്തുടർച്ചയിൽ പാർട്ടി ‘അംഗീകൃത നയ’ മായി സ്വീകരിച്ചിട്ടുണ്ട്. അതിന് ഏതു മാനദണ്ഡം വേണമെങ്കിലും തിരുത്തിയെഴുതും, ആരുടെ കണ്ണീരും വീഴ്ത്തും. 

ചെന്താരകങ്ങൾ ഈ ആശുപത്രികൾ 

ADVERTISEMENT

താൽക്കാലിക നിയമനങ്ങളിലെ പാർട്ടി ഇടപെടൽ ഗൗരവമായ പ്രശ്നമാണോ, നേതാവിന്റെ ബന്ധുവായിപ്പോയത് തെറ്റാണോ എന്നീ ന്യായീകരണ ക്യാപ്സൂളുകൾ വെള്ളം തൊടാതെ വിഴുങ്ങുന്നവർ സംസ്ഥാനത്തെ മെഡിക്കൽ കോളജുകളിൽ മാത്രം നടക്കുന്ന കരാർ നിയമനങ്ങൾ ഒന്നു ശ്രദ്ധിക്കണം. മെഡിക്കൽ കോളജുകളിൽ ആശുപത്രി വികസന സമിതികളും സൂപ്രണ്ടുമാരും ചേർന്നു നടത്തിയ കരാർ നിയമനങ്ങളിൽ നിലവിൽ ജോലി ചെയ്യുന്നത് 2,335 പേരാണ്.

വിവരാവകാശ നിയമപ്രകാരമുള്ള ചോദ്യത്തിനു സർക്കാർതന്നെ നൽകിയ മറുപടിയാണിത്. 542 പേരുമായി തൃശൂർ‌ മെഡിക്കൽ കോളജും 362 പേരുമായി ആലപ്പുഴ മെഡിക്കൽ കോളജുമാണ് പട്ടികയിൽ മുന്നിൽ. തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ കുടുംബശ്രീയെ മറയാക്കി പാർട്ടി പ്രവർത്തകരും അനുഭാവികളുമായ മുന്നൂറോളം പേർക്കാണ് കരാർ നിയമനം നൽകിയത്. ഭൂരിഭാഗം പേരും മതിയായ യോഗ്യതയും മുൻപരിചയവും ഇല്ലാത്തവരാണ്.

ലോക്കൽ കമ്മിറ്റികൾ ശുപാർശ ചെയ്യുന്നവരിൽനിന്നു സിപിഎം ജില്ലാ കമ്മിറ്റി പട്ടിക തയാറാക്കി ആശുപത്രി വികസനസമിതിയിലെ പ്രതിനിധികൾക്കു നൽകും. ഇവരും ആശുപത്രി സൂപ്രണ്ടും ചേർന്നാണു നിയമനം നടത്തുന്നത്. മെഡിക്കൽ കോളജിനു സമീപത്തെ എസ്എടി ആശുപത്രിയിലാകട്ടെ, ലേ സെക്രട്ടറി മൃദുലകുമാരിയും സിപിഎം നേതാക്കളും ചേർന്നു നടത്തിയത് നൂറോളം അനധികൃത നിയമനങ്ങൾ.

സിപിഎം നേതാക്കൾ നൽകിയ ലിസ്റ്റിനൊപ്പം ലേ സെക്രട്ടറി തന്റെ ബന്ധുക്കളെയും സുഹൃത്തുക്കളെയും തിരുകിക്കയറ്റി. ഇവരിൽ പലർക്കും അടിസ്ഥാന യോഗ്യത പോലുമില്ലായിരുന്നു. തിരുവനന്തപുരം കോർപറേഷനിലെ നിയമനവിവാദം പുറത്തുവരുന്നതുവരെ ഈ തിരുകിക്കയറ്റൽ സുഗമമായി നടന്നു. സംഭവം മാധ്യമങ്ങളിൽ എത്തിയതോടെയാണ് മൃദുലകുമാരി സസ്പെൻഷനിലായത്. 

ADVERTISEMENT

മൃദുലകുമാരി നിയമിച്ച വേണ്ടപ്പെട്ടവർ

∙ സഹോദരിയുടെ മകൻ (മെഡിസെപ്  ജീവനക്കാരൻ. ശമ്പളം 28,500 രൂപ)

∙ സഹോദരിയുടെ മകന്റെ ഭാര്യ   (കെഎസ്പി കൗണ്ടർ സ്റ്റാഫ്. ശമ്പളം 28,500)

∙ സഹോദരിയുടെ മകൾ (ഫാർമസിസ്റ്റ്.  ശമ്പളം 20,000 രൂപ)

∙ സഹോദരിയുടെ മകന്റെ സുഹൃത്ത്  (മെഡിസെപ് ജീവനക്കാരൻ. ശമ്പളം 28,500)

∙ മകന്റെ സുഹൃത്ത് (കെഎഎസ്പി  കൗണ്ടർ സ്റ്റാഫ്. ശമ്പളം 28,500 രൂപ)

∙ മൃദുലകുമാരിയുടെ മകന് ആശുപത്രിയിലെ എച്ച്എൽഎൽ ഹിന്ദ്‌ലാബിലും അവിടെനിന്ന് ആശുപത്രി എജ്യുക്കേഷൻ സൊസൈറ്റിയിലും ജോലി നൽകി. കഴിഞ്ഞ മാസം ജോലി വിട്ടു.

∙ ഐഎച്ച്ഡിബി, സുരക്ഷാവിഭാഗം, അഡ്മിഷൻ കൗണ്ടർ, കോഫി കൗണ്ടർ, എസ്എടിഎച്ച്എച്ച്‌ഇഎസ് എന്നിവിടങ്ങളിലായി പത്തു പേരെ സിപിഎമ്മിന്റെ മുൻ വനിതാ കൗൺസിലർ നിയമിച്ചു. ഇതിൽ ആറുപേരും ഇവരുടെ ബന്ധുക്കളാണ്.  

ഇതാണ് ഞങ്ങൾ പറഞ്ഞ ചില യോഗ്യതകൾ 

പിഎസ്‌സി പരീക്ഷയ്ക്കായി ഒരിക്കലെങ്കിലും പഠിച്ചിട്ടുള്ളവർക്ക് അറിയാം അതിനു പിന്നിലെ അധ്വാനവും കഷ്ടപ്പാടും.  കഷ്ടപ്പെട്ടു പഠിച്ച് എങ്ങനെയെങ്കിലും റാങ്ക് പട്ടികയിൽ കയറിയാലും  വർഷങ്ങളുടെ കാത്തിരിപ്പ്. എന്നാൽ, സിപിഎം അക്കൗണ്ടിൽ ജോലി കിട്ടണമെങ്കിൽ ഈ ബുദ്ധിമുട്ടുകളില്ല. അതിനു വേണ്ടത് മറ്റു ചില യോഗ്യതകൾ.   

യോഗ്യത 1: കൊലക്കേസ് പ്രതിയുടെ ബന്ധു 

ഒന്നര വർഷം മുൻപു സാമൂഹികനീതി വകുപ്പുമായി ചേർന്ന് കണ്ണൂർ ജില്ലാ പഞ്ചായത്ത്, സ്കൂളുകളിൽ സ്റ്റുഡന്റ് കൗൺസലർമാരെ താൽക്കാലികമായി നിയമിച്ചിരുന്നു. ഉന്നത ഉദ്യോഗസ്ഥരാണ് 200 പേരുടെ അഭിമുഖം നടത്തിയത്. പക്ഷേ, നിയമനം നടന്നത് അവർ നൽകിയ പട്ടികയിലല്ല. ഇന്റർവ്യൂവിനു മികച്ച സ്കോർ നേടിയവർ പുറത്തായപ്പോൾ പൂജ്യം മാർക്ക് ലഭിച്ചവർ അകത്തായി. നിയമനം ലഭിച്ച 27 പേരും പാർട്ടി നൽകിയ പട്ടികയിലുണ്ടായിരുന്നവർ.

രാഷ്ട്രീയ കൊലപാതകക്കേസുകളിലും അക്രമക്കേസുകളിലുംപെട്ട് ജയിലിൽ കഴിയുന്ന സിപിഎമ്മുകാരായ പ്രതികളുടെ അടുത്ത ബന്ധുക്കളോ സിപിഎം നേതാക്കളുടെ ബന്ധുക്കളോ ആയിരുന്നു ഈ 27 പേർ. മറ്റൊരു പ്രധാന ഔദാര്യം കൂടി ഈ നിയമനത്തിൽ സിപിഎം കാണിച്ചു. കണ്ണൂർ ജില്ലാ പഞ്ചായത്താണു കൗൺസലർമാർക്കു ശമ്പളം നൽകിയതെങ്കിലും കോഴിക്കോട് ജില്ലയിൽ നിന്നുള്ള പാർട്ടി ബന്ധുക്കൾക്കും ജോലി നൽകി.!

കാസർകോട് പെരിയയിലെ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ കൊലപ്പെടുത്തിയ കേസിലെ പ്രതികളുടെ ഭാര്യമാർക്കും  താൽക്കാലിക ജോലി ലഭിച്ചിരുന്നു. ഒന്നാം പ്രതിയും ‌സിപിഎം ലോക്കൽ കമ്മിറ്റി അംഗവുമായിരുന്ന എ.പീതാംബര‍ന്റെ ഭാര്യ, രണ്ടാം പ്രതി സി.ജെ.സജിയുടെ ഭാര്യ, മൂന്നാം പ്രതി കെ.എം.സുരേഷിന്റെ ഭാര്യ എന്നിവർക്കാണ് കാഞ്ഞങ്ങാട്ടെ ജില്ലാ ആശുപത്രിയിൽ പാർട്ട് ടൈം സ്വീപ്പർ തസ്തികയിൽ ജോലി നൽകിയത്. വിവാദമായതോടെ ഇവർ ഇവിടെ ജോലി തുടരാൻ വിസമ്മതിച്ചു. പിന്നീട് ഇവരെ സഹകരണ സ്ഥാപനത്തിലേക്കു മാറ്റി.

യോഗ്യത 2: ഡിവൈഎഫ്ഐ

ആറു മാസം മുൻപാണ്. പുരാരേഖ വകുപ്പിന്റെ കോഴിക്കോട് കുന്നമംഗലം സബ് സെന്ററിൽ ലാസ്കർ തസ്തികയിൽ എം.പി.മുഹമ്മദ് അസ്‌ലം എന്ന യുവാവിനെ താൽക്കാലികമായി നിയമിച്ചു. അപേക്ഷ ക്ഷണിച്ചില്ല; അഭിമുഖവും നടത്തിയില്ല. വിവിധ ഓഫിസുകളിൽ സൂക്ഷിച്ചിട്ടുള്ള ഫയലുകളും റവന്യു രേഖകളും സൂക്ഷിക്കുന്നതിനാണ് 2022 മാർച്ചിൽ സബ് സെന്റർ ആരംഭിച്ചത്. ഏപ്രിലിൽ നിയമനവും നടന്നു. നിയമനം നടത്തിയതു തിരുവനന്തപുരത്തെ പുരാരേഖ ഡയറക്ടറേറ്റിൽ നിന്നാണെന്നായിരുന്നു കോഴിക്കോട് റീജനൽ ഓഫിസിൽ നിന്നുള്ള മറുപടി. വിവരമറിയാൻ പുരാരേഖ ഡയറക്ടറെതന്നെ വിളിച്ചു.

‘‘കുന്നമംഗലത്തു പുതിയ ഓഫിസ് തുടങ്ങിയപ്പോൾ പെട്ടെന്ന് ഒരാളെ ആവശ്യമുണ്ടായിരുന്നു. കോഴിക്കോട് സ്വദേശിയായ ഒരാൾ അപേക്ഷ അയച്ചിരുന്നു. അതിനാൽ അയാൾക്ക് 6 മാസത്തേക്കു നിയമനം നൽകി’’–എന്നായിരുന്നു ഡയറക്ടറുടെ മറുപടി. ഒഴിവുണ്ടെന്ന് അറിയിപ്പ് നൽകിയിരുന്നോ എന്ന ചോദ്യത്തിന് ഇല്ലെന്നു മറുപടി. അറിയിപ്പു നൽകാതെ ആ ഓഫിസിൽ ഒഴിവുണ്ടെന്ന് അപേക്ഷകൻ എങ്ങനെ അറിഞ്ഞു എന്ന ചോദ്യത്തിനു ഡയറക്ടർക്കും മറുപടിയില്ല. നിയമനം കിട്ടിയ മുഹമ്മദ് അസ്‌ലമിനെ വിളിച്ചു.

എങ്ങനെ ജോലി കിട്ടിയെന്നു ചോദിച്ചു. തിരക്കിലാണ് പിന്നെ വിളിക്കാം എന്നു മറുപടി. രണ്ടു മണിക്കൂർ കഴിഞ്ഞപ്പോൾ വീണ്ടും വിളിച്ചു. ‘അപേക്ഷ അയച്ചിരുന്നെന്നും തിരുവനന്തപുരത്തുവച്ച് അഭിമുഖവും കഴിഞ്ഞാണു നിയമനം ലഭിച്ചതെന്നും വിശദീകരണം. ജോലി ഒഴിവുണ്ടെന്ന് അറിയിപ്പൊന്നും കാണാതെ എങ്ങനെ അപേക്ഷ അയച്ചു? കുന്നമംഗലത്ത് പുതിയ ഓഫിസ് തുറക്കുന്ന വാർത്ത പത്രങ്ങളിൽ കണ്ട് അപേക്ഷ അയച്ചതാണെന്നായിരുന്നു മറുപടി.

അങ്ങനെ അപേക്ഷിക്കുന്നവർക്കെല്ലാം ജോലി നൽകുന്ന മഹാപ്രസ്ഥാനമാണോ പുരാരേഖ വകുപ്പ്? അസ്‌ലമിനെക്കുറിച്ചു നാട്ടിൽ അന്വേഷിച്ചതോടെ എല്ലാ ചോദ്യങ്ങൾക്കും ഉത്തരമായി. ഡിവൈഎഫ്ഐയുടെ അരക്കിണർ മേഖലാ ട്രഷററാണ് എം.പി.മുഹമ്മദ് അസ്‌ലം. അപ്പോൾ പിന്നെ അറിയിപ്പു കാണാതെതന്നെ ഒഴിവുകൾ അറിയും. അഭിമുഖം നടത്താതെ നിയമനവും ലഭിക്കും. തൊഴിലില്ലായ്മയ്ക്കെതിരെ നാടെങ്ങും സമരം നടത്തുന്ന യുവജന സംഘടനയുടെ പ്രവർത്തകനായി പാർട്ടി അത്രയെങ്കിലും ചെയ്യണ്ടേ. 

യോഗ്യത 3: പാർട്ടി കുടുംബം 

കണ്ണൂർ പരിയാരം ഗവ. മെഡിക്കൽ കോളജിനു സമീപത്തുള്ള കടന്നപ്പള്ളി എന്ന പാർട്ടി ഗ്രാമത്തിനൊരു പ്രത്യേകതയുണ്ട്. സർക്കാർ ഏറ്റെടുത്ത പരിയാരം സഹകരണ മെഡിക്കൽ കോളജിലും ആശുപത്രിയിലുമായി ഈ ചെറിയ പ്രദേശത്തുനിന്നു നൂറോളം ജീവനക്കാരുണ്ട്. ആശുപത്രി സഹകരണ സംഘത്തിന്റെ ഭരണം സിപിഎം പിടിച്ചെടുത്തശേഷം ജോലിക്കു ചേർന്നവരാണ് ഭൂരിഭാഗവും. സർക്കാർ ഏറ്റെടുത്തതോടെ, അധികം വൈകാതെ ഇവരെല്ലാം സർക്കാർ ജീവനക്കാരാകുകയും ചെയ്യും.

ഏരിയ കമ്മിറ്റി അംഗവും സഹകരണ ബാങ്കിൽ ക്ലാർക്കുമായ നേതാവിന്റെ ഭാര്യയ്ക്കും സഹോദരിയുടെ മകൾക്കും ഇവിടെ ജോലി നൽകിയിട്ടുണ്ട്. പരിയാരത്തുതന്നെ ജോലി ചെയ്യുന്ന എൻജിഒ യൂണിയൻ ഭാരവാഹിയുടെ അമ്മയും സഹോദരിയും ഭാര്യയും ജോലി നേടി. പരാതി ഉയർന്നതും പ്രായം കൂടിയതും പരിഗണിച്ച് അമ്മ ജോലി രാജിവച്ചെങ്കിലും ഭാര്യയും സഹോദരിയും തുടരുന്നു.

പാർട്ടിയുടെ നിയന്ത്രണത്തിലുള്ള ബാങ്കിന്റെ പ്രസിഡന്റ് ഏരിയ സെക്രട്ടറിയായിരുന്ന കാലത്ത് ഒരു മകന്റെ ഭാര്യയ്ക്കു പരിയാരം മെഡിക്കൽ കോളജിലെയും മകളുടെ മകനു പരിയാരം ആയുർവേദ മെഡിക്കൽ കോളജിലെയും ജീവനക്കാരുടെ സഹകരണ സംഘങ്ങളിൽ ജോലി വാങ്ങിക്കൊടുത്തു; രണ്ടാമത്തെ മകന്റെ ഭാര്യയ്ക്കു മെഡിക്കൽ കോളജിലും. ഒരു മകനും മെഡിക്കൽ കോളജിൽ കുറച്ചുകാലം ജോലി ചെയ്തിരുന്നു. വിവാദങ്ങളെത്തുടർന്ന് ജോലിയിൽ നിന്ന് ഒഴിവായി.

സുരക്ഷിത കുടുംബം സംതൃപ്ത കുടുംബം 

കുടുംബത്തിലൊരു തൊഴിൽ എന്ന പാർട്ടി നയം കൃത്യമായി പാലിക്കുന്നവരാണ് മിക്ക സിപിഎം നേതാക്കളും. ചിലരാകട്ടെ കുടുംബത്തിൽ എല്ലാവർക്കും തൊഴിൽ നൽകി നയം പൂർണമായി നടപ്പാക്കും. കൊല്ലം ജില്ലയിലെ ഉന്നത നേതാവിന്റേത് ഇങ്ങനെ പൂർണതയുള്ള കുടുംബമാണ്. നിയമ ബിരുദധാരിയായ മകനെ ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് ആദ്യം കോടതിയിൽ പ്രോസിക്യൂട്ടറാക്കി. കാലാവധി തീരും മുൻപേ തലസ്ഥാനത്തു സർക്കാർ നിയന്ത്രണത്തിലുള്ള ബോർഡിൽ ലോ ഓഫിസറുടെ സ്ഥിരം തസ്തികയിൽ നിയമിച്ചു.

മകനെ ഒന്നാം റാങ്കിലെത്തിച്ച് ഒറ്റ ഒഴിവിൽ നിയമിക്കാൻ അച്ഛൻ ‘പെട്ട പാട്’ പാർട്ടിയിൽ പാട്ടാണ്. മകന്റെ ഭാര്യയെയും അസി. പബ്ലിക് പ്രോസിക്യൂട്ടറായി നിയമിച്ചു. ഇവർക്കു പിന്നീട് പിഎസ്‌സിവഴി നിയമനം ലഭിച്ചു. പാർട്ടി നിയന്ത്രണത്തിലുള്ള സഹകരണ ബാങ്കിൽ നിന്നു സെക്രട്ടറിയായി നേതാവിന്റെ ഭാര്യ വിരമിച്ചിട്ടു കുറച്ചുകാലമേ ആയിട്ടുള്ളൂ. ഇളയമകനെ പുനലൂരിലെ സഹകരണ ബാങ്കിൽ ‘കയറ്റി വിടാൻ’ നടപടി ഏതാണ്ടു പൂർത്തിയായിട്ടുണ്ട്. താഴെത്തട്ടിലുള്ളവർ കൂറു തെളിയിക്കുന്നതു താൽക്കാലിക നിയമനങ്ങളിലാണ്.

കൊല്ലം കടയ്ക്കലിലെ താലൂക്ക് ആശുപത്രി നിയമനങ്ങൾ പാർട്ടി ഘടകങ്ങൾക്ക് ഇതിനു മാതൃകയാക്കാം. ഇവിടെ താൽക്കാലിക തസ്തികകളിൽ ജോലി ചെയ്യുന്നവരിൽ ഏറെയും പാർട്ടി ഏരിയ– ലോക്കൽ നേതാക്കളുടെ ബന്ധുക്കളാണ്. അതിൽ എൻജിഒ യൂണിയൻ മുൻ സംസ്ഥാന കമ്മിറ്റിയംഗത്തിന്റെ ഭാര്യയുടെ കാര്യത്തിൽ നേതാവ് കാട്ടിയ കരുതലാണു ശ്രദ്ധേയം. ഭർത്താവ് താലൂക്ക് ആശുപത്രിയിൽ ജോലി ചെയ്യവെ ഭാര്യയെ ഡേറ്റ എൻട്രി ഓപ്പറേറ്റർ തസ്തികയിൽ താൽക്കാലികമായി നിയമിച്ചു.

അവിടെ ശമ്പളം കുറവായതിനാൽ മറ്റൊരു വഴി കണ്ടുപിടിച്ചു. ഭാര്യയെ സ്വീപ്പർ തസ്തികയിൽകൂടി നിയമിക്കുന്നതായി രേഖയുണ്ടാക്കി. അങ്ങനെ പാർട്ടിയുടെ കരുത്തിൽ ഭാര്യയ്ക്ക് 2 ശമ്പളം. താലൂക്ക് ആശുപത്രിയായി ഉയർത്തിയെങ്കിലും തസ്തിക സൃഷ്ടിക്കാത്തതിന്റെ മറവിലാണ് ബന്ധുനിയമനം കൊടി പാറിക്കുന്നത്. എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴിയെങ്കിലും നിയമനം നടത്തിയിരുന്നെങ്കിൽ പേരു റജിസ്റ്റർ െചയ്തു കാലങ്ങളായി കാത്തിരിക്കുന്ന ഏതെങ്കിലും പാവത്തിന്റെ കുടുംബത്തിന് ഒരാളുടെ ശമ്പളമെങ്കിലും ലഭിച്ചേനെ.

തയാറാക്കിയത്: ജയചന്ദ്രൻ ഇലങ്കത്ത്, കെ.ജയപ്രകാശ് ബാബു, വി.ആർ.പ്രതാപ്, നഹാസ് മുഹമ്മദ്, ജിതിൻ ജോസ് സങ്കലനം: നിധീഷ് ചന്ദ്രൻ

English Summary: backdoor appointment story