കേരള നിയമസഭയുടെ ഒരു സമ്മേളനം വെട്ടിച്ചുരുക്കാൻവരെ ഒരു പന്തിനു സാധിക്കുക നിസ്സാരമല്ല. ലോകകപ്പ് ഫുട്ബോൾജ്വരം അത്രയ്ക്കാണു കേരളത്തെ ബാധിച്ചിരിക്കുന്നത്. എല്ലാ നിറഭേദങ്ങളും മായ്ക്കുന്ന കാൽപന്തിനെ രാഷ്ട്രീയ നേതൃത്വം നെഞ്ചോടു  ചേർത്തുപിടിച്ചിരിക്കുകയാണ്. അതിൽ കക്ഷിവ്യത്യാസമില്ല. ആ നിലയ്ക്ക് അതൊരു ശുഭസൂചനയാണ്.

ഖത്തറിലെ ലോകകപ്പ് ടിവിയിൽ കാണുമ്പോൾ ബ്രസീലിനോ അർജന്റീനയ്ക്കോ പോർച്ചുഗലിനോവേണ്ടി ആർത്തുവിളിക്കുന്ന ആരാധകരിൽ ചിലരെ പെട്ടെന്നു പരിചയം തോന്നിയേക്കാം. സൂക്ഷിച്ചു നോക്കിയാൽ അതു നിങ്ങളുടെ എംപിയോ എംഎൽഎയോ തന്നെ ആകാം. അർജന്റീനയുടെ ജഴ്സി ധരിച്ച ഷാഫി പറമ്പിലിന്റെ ചിത്രം വൈറലായി. പോർച്ചുഗൽ ആരാധകനായ അൻവർ സാദത്ത് എംഎൽഎ ആ രാജ്യത്തിന്റെ കൊടി പുതച്ചാണ് ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ കളി കണ്ടത്. ‍ഖത്തറിലുള്ള ഡീൻ കുര്യാക്കോസ് എംപി അറിയപ്പെടുന്ന ഫ്രാൻസ് ആരാധകനാണ്. അർജന്റീനയുടെ കട്ടഫാനായ എം.എം.മണിയും ബ്രസീലിനായി വാതുവയ്ക്കുന്ന മന്ത്രി വി.ശിവൻകുട്ടിയും തമ്മിലെ പോര് സമൂഹമാധ്യമങ്ങളിൽ തരംഗം സൃഷ്ടിക്കുന്നു. കളിക്കാരനെന്ന നിലയിൽ അർജന്റീനയുടെ സൂപ്പർ താരം ലയണൽ മെസ്സിയെ ഇഷ്ടപ്പെടുകയും അതിനൊപ്പം ബ്രസീലിനെ പിന്തുണയ്ക്കുകയും ചെയ്ത്  സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ  വേറിട്ടു നിൽക്കുന്നു. 

സമാനതകളുടെ കളിക്കളം 

‘ദേശാഭിമാനി’യിലെ തന്റെ രാഷ്ട്രീയ പംക്തി ഫുട്ബോൾ വിശകലനം തന്നെയാക്കിമാറ്റി എം.വി.ഗോവിന്ദൻ ഖത്തറിനുള്ള പാർട്ടിയുടെ പിന്തുണ വ്യക്തമാക്കി. അദ്ദേഹത്തിന് അതുചെയ്യാതെ പറ്റില്ല. കാരണം, 1866ലെ ലോക ട്രേഡ് യൂണിയൻ സമ്മേളനത്തിൽ ഫുട്ബോളിനോടുള്ള തൊഴിലാളിവർഗത്തിന്റെ ഐക്യദാർഢ്യം പ്രഖ്യാപിച്ചതു സാക്ഷാൽ കാൾ മാർക്സാണ്. ഫാക്ടറികളോടു ചേർന്ന സ്ഥലങ്ങളിൽ അൽപനേരം ഫുട്ബോൾ തട്ടി ആനന്ദിക്കാനാണ് അദ്ദേഹം ആഹ്വാനം ചെയ്തത്. 

ഫുട്ബോളിനും രാഷ്ട്രീയത്തിനും ഏറെ സമാനതകളുണ്ട്. രണ്ടിലും വർധിച്ച അനിശ്ചിതത്വമുണ്ട്, അട്ടിമറികളുമുണ്ട്. സ്വയം ഗോളടിക്കാനും എതിരാളി വല കുലുക്കുന്നതു തടയാനുമാണ് രണ്ടു കൂട്ടരും ശ്രമിക്കുന്നത്. സ്വന്തം ജയവും എതിരാളിയുടെ പരാജയവും ആഘോഷിക്കാനുള്ള ത്വരയുണ്ട്. മുന്നിൽ കുതിക്കുന്നവൻ അടുത്ത നിമിഷം മറ്റൊരാളുടെ ഇടങ്കാലടിയിൽ വീണ് അമരാം. പരിധിവിട്ടാൽ രണ്ടിടത്തും ചുവപ്പ് കാർഡ് ഉയരും; ആളു പുറത്താകും. ടീം ഗെയിം ആണെങ്കിലും രണ്ടിടത്തും ഒറ്റയാന്മാർക്കു ക്ഷാമമില്ല. പാസ് കൈമാറിയാൽ തന്റെ അവസരം പോകുമോയെന്നു ഭയന്ന് സ്വന്തം കാലുകൾക്കിടെ പന്തു സൂക്ഷിക്കുന്ന വിരുതർ രണ്ടിടത്തുമുണ്ട്. ഇതിഹാസങ്ങളെയും പെനൽറ്റി പാഴാക്കിയ ഭാഗ്യദോഷികളെയും രണ്ടും സൃഷ്ടിക്കുന്നു.

ഖത്തറിലെ ആവേശക്കാർ 

ഈ മാസം 15 വരെ നിശ്ചയിച്ച നിയമസഭാ സമ്മേളനം 13ന് അവസാനിപ്പിക്കാൻ തീരുമാനിച്ചത് പലർക്കും അവസാന കളികൾ കാണാനുള്ള സൗകര്യം ഒരുക്കാനായിരുന്നു. ഉദ്ഘാടനമത്സരം  കണ്ടു തിരിച്ചെത്തിയ മുസ്‌ലിം ലീഗിലെ പി.കെ.ബഷീർ രണ്ടാമതുപോയി ഫൈനൽകൂടി കണ്ട് രാഷ്ട്രീയക്കാരിലെ ഫുട്ബോൾ ഫാൻപട്ടം ചൂടാനുള്ള ഒരുക്കത്തിലാണ്. 

മുനവറലി ശിഹാബ് തങ്ങൾ, എൻ.ഷംസുദ്ദീൻ, അബ്ദുറഹ്മാൻ രണ്ടത്താണി, പി.കെ.ഫിറോസ്... ലീഗുകാർക്ക് ഗൾഫ് രണ്ടാം വീടുപോലെ.  കോൺഗ്രസിൽനിന്നു ടി.എൻ.പ്രതാപൻ, വി.കെ.ശ്രീകണ്ഠൻ,  രമ്യ ഹരിദാസ്,  എ.പി.അനിൽകുമാർ, വി.ടി.ബൽറാം.. പട്ടിക ഇനിയും നീളാം. 

ഇടതുപക്ഷത്തിന്റെ  ‘െവയ്ൻ റൂണി’ ആയ എം.എ.ബേബി ഖ ത്തറിൽ കളി കണ്ടുകൊണ്ടിരിക്കുന്നു. ബ്രസീലിന്റെ മാർസെല്ലോയെപ്പോലെ നീണ്ട മുടിയുള്ള പന്ന്യൻ രവീന്ദ്രൻ ഒരു കളിപോലും ടിവിയിൽ മുടക്കില്ലെങ്കിലും സിപിഐയുടെ ആദർശവാദം വിട്ട് വിമാനം കയറാനില്ല. ഈ സുഹൃത്തുക്കളുടെ കമ്പം കണ്ടിട്ടോ ഔദ്യോഗിക കൃത്യനിർവഹണത്തിന്റെ ഭാഗമായോ അല്ല മന്ത്രി വി.അബ്ദുറഹ്മാ‍ൻ ഖത്തറിനു തിരിക്കുന്നത്. മലബാറിൽ സെവൻസ് ഫുട്ബോളിന്റെ മുന്നണി സംഘാടകരിലൊരാളാണ് അദ്ദേഹം. 

പിണറായി മന്ത്രിസഭയിൽതന്നെ ഒന്നാന്തരം കളിക്കാരുണ്ട്. മന്ത്രിമാരായ ആന്റണി രാജുവും വി.ശിവൻകുട്ടിയും ഭേദപ്പെട്ട ഗോളികളായിരുന്നു. എം.ബി.രാജേഷും പി.എ.മുഹമ്മദ് റിയാസും ജി.ആർ.അനിലും ഫുട്ബോൾ തട്ടിയിട്ടുണ്ട്. അമേരിക്കയും കളിക്കാനുണ്ടെങ്കിലും ഇടതുപക്ഷത്തിന് സാമ്രാജ്യത്വത്തിനെതിരെയുള്ള മാനവ സൗഹൃദത്തിന്റെ കൈകോർക്കലാണ് ഫുട്ബോൾ. ആർത്തലയ്ക്കുന്ന ജനക്കൂട്ടം വീരനായകന്മാരെ സൃഷ്ടിക്കുന്നതിൽ കോ‍ൺഗ്രസ് പ്രചോദനം ഉൾക്കൊള്ളുന്നു. 

ഒരൽപം വിവാദം 

ഖത്തറിൽ പോയവർക്കും പോയി വന്നവർക്കും ലോകകപ്പിന്റെ നടത്തിപ്പിനെയും ആവേശത്തെയുംപറ്റി നൂറുനാവാണ്. കളി ഒഴിച്ചുള്ള  എല്ലാ മേഖലകളിലും ഇന്ത്യക്കാരുടെയും മലയാളികളുടെയും പങ്ക് എല്ലാവരും എടുത്തു പറയുന്നു. ഖത്തർ വേദിയായതുകൊണ്ടുമാത്രം ഒരു ലോകകപ്പ് മത്സരം കാണുക എന്ന സ്വപ്നം യാഥാർഥ്യമായതിന്റെ ആഹ്ലാദം പങ്കിടുന്നു. 

കേരളമാകെ ഫുട്ബോളിനുവേണ്ടി കയ്യടിക്കുമ്പോഴും അതൊന്നു കാണാൻ പോയതിന്റെ പേരിൽ രാഷ്ട്രീയക്കാരെ ക്രൂശിക്കുന്ന ഇരട്ടത്താപ്പും ഇതിനിടെ കണ്ടു. സർക്കാരിനെ വെട്ടിലാക്കുന്ന വിവാദങ്ങളിൽനിന്നു ശ്രദ്ധ തിരിക്കാനാണ് മന്ത്രിമാർ കുറിക്കുകൊള്ളുന്ന ഫുട്ബോൾ ഡയലോഗുകൾ ഫെയ്സ്ബുക്കിൽ അടിച്ചുവിടുന്നതെന്നു കണ്ടെത്തുന്നവരും ഇല്ലാതില്ല. മെസ്സിയെ ‘മേഴ്സി’ ആക്കിയതിന്റെ പേരിൽ ട്രോളുകൾ ഏറ്റുവാങ്ങിയ ഇ.പി.ജയരാജൻ ഒരൽപം ദയ തന്നുകൂടെ എന്നു ചോദിച്ച് കളികണ്ടു കണ്ണൂരിൽ വിശ്രമിക്കുകയാണ്.  

ഈ ഫുട്ബോൾ പ്രേമികൾക്ക് അപവാദമായി ഒരു പ്രതികരണവും ഇതിനിടെ ഉണ്ടായി. സമസ്തയുടെ യുവനേതാവ് നാസർ ഫൈസി കൂടത്തായി ഫുട്ബോൾ ജ്വരത്തിനെതിരെ നടത്തിയ പ്രസ്താവനയെ പക്ഷംപിടിക്കാതെ എല്ലാവരും കൂട്ടത്തോടെ തള്ളി. കാൽപനികത ഇല്ലാത്തവരാണ് രാഷ്ട്രീയക്കാരെന്ന് ഇനി ആരും ആരോപിക്കരുത് എന്നു കൂടിയാണ് ‘ഖത്തർ’ വിളിച്ചോതുന്നത്.

English Summary: Kerala politics and football