ത്രിപുരയിലെ മൂന്നു സീറ്റ് നേട്ടവും ബംഗാൾ, മഹാരാഷ്ട്ര, തമിഴ്നാട് ഉപതിരഞ്ഞെടുപ്പ് ജയങ്ങളും കോൺഗ്രസിന് ആശ്വാസമാണ്. എന്നാൽ, ബിജെപിയെ തോൽപിക്കാൻ ഈ മിടുക്ക് മതിയാകില്ലതാനും

ത്രിപുരയിലെ മൂന്നു സീറ്റ് നേട്ടവും ബംഗാൾ, മഹാരാഷ്ട്ര, തമിഴ്നാട് ഉപതിരഞ്ഞെടുപ്പ് ജയങ്ങളും കോൺഗ്രസിന് ആശ്വാസമാണ്. എന്നാൽ, ബിജെപിയെ തോൽപിക്കാൻ ഈ മിടുക്ക് മതിയാകില്ലതാനും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ത്രിപുരയിലെ മൂന്നു സീറ്റ് നേട്ടവും ബംഗാൾ, മഹാരാഷ്ട്ര, തമിഴ്നാട് ഉപതിരഞ്ഞെടുപ്പ് ജയങ്ങളും കോൺഗ്രസിന് ആശ്വാസമാണ്. എന്നാൽ, ബിജെപിയെ തോൽപിക്കാൻ ഈ മിടുക്ക് മതിയാകില്ലതാനും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ആകെ അഞ്ചു ലോക്സഭാ സീറ്റുകൾ മാത്രമുള്ള മൂന്നു സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പു ഫലം ദേശീയതലത്തിൽ പ്രസക്തമല്ലെന്ന് വേണമെങ്കിൽ പറയാം. ഓരോ സീറ്റും സുപ്രധാനമാണെന്ന മനോഭാവമാണ് ബിജെപിക്കുള്ളത്; കേന്ദ്രത്തിലെ ബിജെപിയെ താഴെയിറക്കാൻ വിശാലമായ നീക്കുപോക്കുകൾക്കു തയാറാണെന്നാണ് കോൺഗ്രസ് വ്യക്തമാക്കിയിട്ടുള്ളത്. അപ്പോൾ, എത്ര ചെറിയ സംസ്ഥാനവും പ്രസക്തമാണ്.

എന്നാൽ, ഇന്നലെ ഫലം വന്ന തിരഞ്ഞെടുപ്പുകളെ അത്ര ഗൗരവത്തോടെയല്ല കോൺഗ്രസ് സമീപിച്ചത്. എന്നിട്ടും, വലിയ അധ്വാനമില്ലാതെ ത്രിപുരയിൽ മൂന്നു സീറ്റും ബംഗാളിൽ‍ ഉപതിരഞ്ഞെടുപ്പിൽ ഒരു സീറ്റും ലഭിച്ചുവെന്നതു കോൺഗ്രസിനുതന്നെ ഞെട്ടലുണ്ടാക്കേണ്ടതാണ്. ജയിച്ച സീറ്റുകളിൽ‍ വോട്ടെണ്ണൽ വീണ്ടും നടത്തണമെന്നു കോൺഗ്രസ് ആവശ്യപ്പെട്ടേക്കുമെന്ന് ചിലർ ഫലിതം പറയുകയും ചെയ്തു. മഹാരാഷ്ട്രയിൽ ബിജെപിയെ ഒരു സീറ്റിൽ പരാജയപ്പെടുത്തിയതിൽ കോൺഗ്രസിന്റെ കഠിനാധ്വാനമുണ്ട്; തമിഴ്നാട്ടിൽ സീറ്റ് നിലനിർത്തുകയായിരുന്നു, ജാർഖണ്ഡിൽ നഷ്ടവുമുണ്ടായി. 

ADVERTISEMENT

ത്രിപുരയിലെ മൂന്നു സീറ്റിനും ബംഗാളിൽ തൃണമൂലിനെയും ബിജെപിയെയും പരാജയപ്പെടുത്തി നേടിയ ഒരു സീറ്റിനും കോൺഗ്രസിനെ സംബന്ധിച്ചു വലിയ മൂല്യമുണ്ട്. രണ്ടിടത്തും ഈ വിജയങ്ങളിലൂടെ നിയമസഭയിലേക്കു തിരികെവരാൻ പാർട്ടിക്കു സാധിക്കുന്നു. ബംഗാളിൽ‍ സിപിഎമ്മിനു സാന്നിധ്യമില്ലാത്ത നിയമസഭയാണ്; ത്രികോണ മത്സരത്തിലാണ് സാഗർദിഗ്ഗി മണ്ഡലത്തിൽ കോൺഗ്രസ് 47% വോട്ട് നേടിയത്. 2021ലെ തിരഞ്ഞെടുപ്പിൽ തൃണമൂൽ കോൺഗ്രസ് 50%, ബിജെപി 24%, കോൺഗ്രസ് 19% എന്നിങ്ങനെയാണ് വോട്ടു പിടിച്ചത്. തൃണമൂലിനും ബിജെപിക്കുംകൂടി ഇത്തവണ 26% വോട്ട് നഷ്ടപ്പെട്ടു. നാമമാത്രമായെങ്കിലും ഇടതു സഹായവും കോൺഗ്രസിനു ലഭിച്ചു.

ത്രിപുരയിലെ സിപിഎം – കോൺഗ്രസ് കൂട്ടുകെട്ട് വിജയിച്ചോ എന്ന ചോദ്യത്തിന് ഉദ്ദേശിച്ചത്ര വിജയിച്ചില്ല എന്നതാവും ന്യായമായ ഉത്തരം. ത്രിപുര തിരഞ്ഞെടുപ്പിനെ കോൺഗ്രസ് ദേശീയ നേതൃത്വം വേണ്ടത്ര ഗൗരവത്തിലെടുത്തില്ലെന്നതു വസ്തുതയാണ്. മല്ലികാർജുൻ ഖർഗെയും രാഹുൽ ഗാന്ധിയുമുൾപ്പെടെ കോൺഗ്രസിന്റെ പ്രധാന ദേശീയ നേതാക്കളാരും ത്രിപുരയിൽ പ്രചാരണത്തിന് ഇറങ്ങിയില്ല; സിപിഎം നേതാക്കൾ സംസ്ഥാനത്തു സജീവവുമായിരുന്നു. ഒരുമിച്ച് റോഡ്ഷോ നടത്താമെന്ന സീതാറാം യച്ചൂരിയുടെ അഭ്യർഥന രാഹുൽ നിരസിക്കുകയായിരുന്നു. എന്നാൽ, രാഹുൽ മേഘാലയയിലും ഖർഗെ നാഗാലാൻഡിലും പ്രചാരണം നടത്തുകയും ചെയ്തു. 

ബിജെപിയുടെ അടിച്ചമർത്തലിൽ തങ്ങളുടെ പാർട്ടി തീർത്തും തകർന്നടിഞ്ഞെന്നായിരുന്നു ഏതാനും മാസം മുൻപുവരെ സിപിഎം വിലയിരുത്തിയത്. എംഎൽഎമാർക്കു മണ്ഡലം സന്ദർശിക്കാൻപോലും സാധിക്കാത്ത സ്ഥിതിയുണ്ടായിരുന്നു. എന്നാൽ, തിരഞ്ഞെടുപ്പു പ്രചാരണം തുടങ്ങിയതോടെ പാർട്ടിക്കാർക്കു സജീവമായി രംഗത്തിറങ്ങാൻ സാഹചര്യമായി. എങ്കിലും കാര്യമായ നേട്ടം പാർട്ടി പ്രതീക്ഷിച്ചില്ല. കോൺഗ്രസിന്റെ സഹായത്താൽ ബിജെപി വോട്ടുകൾ കുറയ്ക്കുക എന്ന തന്ത്രമാണ് കൂട്ടുകെട്ടിലൂടെ സിപിഎം പ്രയോഗിച്ചത്. അതിന്റെ യുക്തി ലളിതമായിരുന്നു: നഗരങ്ങളിലുൾ‍പ്പെടെ, തങ്ങളെ കഴിഞ്ഞതവണ ബിജെപി പരാജയപ്പെടുത്തിയതു കോൺഗ്രസിന്റെ വോട്ടുകൾ പിടിച്ചെടുത്താണ്. ആ വോട്ടുകൾ കോൺഗ്രസിനെ പിന്തുണച്ചു പിടിച്ചെടുക്കണം. കഴിഞ്ഞ തവണ 1.79% മാത്രം വോട്ടു ലഭിച്ച കോൺഗ്രസിന് ഇത്തവണ 8.56% വോട്ട് ലഭിച്ചു. 

കോൺഗ്രസിന്റെ വോട്ടിലുണ്ടായ വർധന സിപിഎം തന്ത്രം പരിമിതമായി വിജയിച്ചെന്ന വിലയിരുത്തലിനു സഹായിക്കും. ഭൂരിപക്ഷം മണ്ഡലങ്ങളിലും കോൺഗ്രസിനും സിപിഎമ്മിനും ലഭിച്ച വോട്ടുകൾ പരിഗണിച്ചാൽ, കോൺഗ്രസുകാർ സിപിഎമ്മിനു കാര്യമായി വോട്ടു ചെയ്തില്ലെന്ന വിലയിരുത്തലും പ്രസക്തമാകും. 

ADVERTISEMENT

സിപിഎമ്മിന്റെ വോട്ട് 42 ശതമാനത്തിൽനിന്ന് ഇത്തവണ 24.62 ശതമാനമായി കുറഞ്ഞത് പാർട്ടിയുടെ തകർച്ച തുടരുന്നു എന്നതിന്റെ സൂചനയാണെന്ന വ്യാഖ്യാനത്തിനു പ്രേരിപ്പിക്കാം. മുൻ മുഖ്യമന്ത്രിയും പ്രധാന നേതാവുമായ മണിക് സർക്കാരിനെ ഏറെ നിർബന്ധിച്ചാണ് സിപിഎം ഇത്തവണ മാറ്റിനിർത്തിയത്; ആദിവാസി നേതാവായ സംസ്ഥാന സെക്രട്ടറി ജിതേന്ദ്ര ചൗധരിയെ പാർട്ടിയുടെ മുഖ്യമുഖമാക്കുകയും ചെയ്തു.

മേഘാലയയിലെ ടൂറയിൽ എൻപിപി പ്രവർത്തകരുടെ ആഹ്ലാദം.

ബിജെപി– ഐപിഎഫ്ടി സഖ്യത്തിനു കഴിഞ്ഞ തവണത്തേതിനെക്കാൾ 10% വോട്ട് കുറവാണ് ഇത്തവണ ലഭിച്ചത്. അതുകൊണ്ടുതന്നെ നഷ്ടത്തോടെ ഭരണം നിലനിർത്തുകയാണ് ഈ സഖ്യം എന്നു വ്യക്തം. ഇവിടെയാണ് തിപ്ര മോത്തയുടെ കടന്നുവരവ് ശ്രദ്ധേയമാകുന്നത്. 12 സീറ്റിലെങ്കിലും ത്രിപയ്ക്കു ലഭിച്ച വോട്ട് സിപിഎം – കോൺഗ്രസ് സഖ്യത്തെ പരാജയപ്പെടുത്തിയ ബിജെപിക്കു ലഭിച്ച ഭൂരിപക്ഷത്തെക്കാൾ കൂടുതലാണ്. 

ആദിവാസി ശക്തിയായ തിപ്ര, 20 സീറ്റ് നേടുമെന്നായിരുന്നു വിലയിരുത്തൽ. 13 സീറ്റിൽ‍ വിജയിച്ചെങ്കിൽ, 40 മണ്ഡലങ്ങളിലെങ്കിലും ശക്തമായ ത്രികോണ മത്സരത്തിന് അവർ വഴിയൊരുക്കി. തിപ്രയുമായി സഹകരിക്കാൻ സിപിഎം–കോൺഗ്രസ് കൂട്ടുകെട്ട് തയാറായിരുന്നു. അതിനു തിപ്ര സമ്മതിച്ചിരുന്നെങ്കിൽ ത്രിപുരയിലെ ജനവിധി മറ്റൊന്നാകുമായിരുന്നു. തിരഞ്ഞെടുപ്പിനു മുൻപ് അമിത് ഷായുമായുൾപ്പെടെ തിപ്ര നേതാവ് പ്രദ്യോത് മാണിക്യ ദേബ് ബർമൻ നടത്തിയ ചർച്ചകൾ പാർട്ടിയുടെ സമീപനത്തെ സ്വാധീനിച്ചെന്നു കരുതാൻ‍ പ്രയാസമില്ല. 

നാഗാലാൻഡ് പാഠം; മേഘാലയ ആശ്വാസം

ADVERTISEMENT

കോൺഗ്രസിനോടുള്ള അവഗണന നാഗാലാൻഡ് ഇത്തവണയും തുടർന്നു. അവിടെ കഴിഞ്ഞ തവണ മത്സരിച്ച ആറു സീറ്റിൽ‍ അഞ്ചിലും കെട്ടിവച്ച പണം നഷ്ടപ്പെട്ട എൻസിപി ഇത്തവണ 7 സീറ്റ് നേടിയതും ജെഡിയു മുൻപുണ്ടായിരുന്ന ഒരു സീറ്റ് നിലനിർത്തിയതും കോൺഗ്രസിനെ ചിന്തിപ്പിക്കേണ്ടതാണ്. എന്തിനേറെ, ബിജെപിയുടെ കേന്ദ്രത്തിലെ സഖ്യകക്ഷിയായ റിപ്പബ്ലിക്കൻ പാർട്ടിയും (അഠാവ്​ലെ) നേടി രണ്ടു സീറ്റ്. 

മേഘാലയയിൽ കഴിഞ്ഞ തവണ ജയിച്ച എംഎൽഎമാരെയെല്ലാം മറ്റുള്ളവർ തട്ടിയെടുത്തിട്ടും 5 സീറ്റിൽ ജയിക്കാനായതിൽ കോൺഗ്രസിന് ആശ്വസിക്കാം. തൃണമൂലിന് 5 സീറ്റേ ലഭിച്ചുള്ളുവെന്നതും കോൺഗ്രസിനു സന്തോഷം നൽകുന്ന സംഗതിയാണ്. 

മൂന്നിടത്തും ഭരണമെന്നതു വലിയ നേട്ടമായി ബിജെപി വിശേഷിപ്പിക്കും. വടക്കു കിഴക്കൻ സംസ്ഥാനങ്ങളോടു പ്രധാനമന്ത്രി നരേന്ദ്ര മോദി കാണിക്കുന്ന പ്രത്യേക പരിഗണനയും വികസന പദ്ധതികളുമാണ് അതിന്റെ മുഖ്യകാരണമായി പാർട്ടി പറയുന്നത്. പ്രധാനമന്ത്രി 51 തവണ വടക്കു കിഴക്കൻ സംസ്ഥാനങ്ങൾ സന്ദർശിച്ചതും അമിത് ഷായുമായി ചേർന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ നടത്തുന്ന പലവിധ പരിശ്രമങ്ങളും വിജയം ആവർത്തിക്കാൻ തങ്ങളെ സഹായിക്കുന്നുണ്ടെന്ന് ബിജെപി അവകാശപ്പെടുന്നു. ക്രൈസ്തവ മുൻതൂക്കമുള്ള നാഗാലാൻ‍ഡിലും മേഘാലയയിലും ഭരണം നിലനിർത്താനാവുന്നത് പാർട്ടി ന്യൂനപക്ഷ വിരുദ്ധമാണെന്ന പ്രചാരണം തെറ്റെന്നു തെളിയിക്കുന്നുവെന്നും പാർട്ടി ചൂണ്ടിക്കാട്ടുന്നു.

ഇന്നലെ സിപിഎം – കോൺഗ്രസ് കൂട്ടുകെട്ടിനെ വിമർശിച്ച പ്രധാനമന്ത്രി, കേരളത്തിലും ബിജെപി സർക്കാരുണ്ടാക്കുമെന്നു പ്രഖ്യാപിച്ചതിനെ ഇതുമായി ചേർത്തുവയ്ക്കാം. ത്രിപുരയിൽ തിപ്രയുടെ വരവു മാത്രമല്ല, പാർട്ടിയുടെ നേതൃനിരയിലെ തർക്കങ്ങളും ബിജെപിയുടെ വിജയത്തിന്റെ ശോഭ കുറച്ചിട്ടുണ്ട്. രാഷ്ട്രപതി തിരഞ്ഞെടുപ്പിലുൾപ്പെടെ സ്വീകരിച്ച സമീപനംകൊണ്ടും ത്രിപുരയിലെ ആദിവാസികളെ സ്വാധീനിക്കാൻ സാധിച്ചില്ലെന്നു പാർട്ടി നേതാക്കൾ സമ്മതിക്കുന്നുണ്ട്. ബംഗാളി ഹിന്ദുക്കളുടെ പാർട്ടിയായാണ് ത്രിപുരയിലെ ആദിവാസികൾ ബിജെപിയെ കാണുന്നത്. പൗരത്വ നിയമ ഭേദഗതിയിലൂടെ ത്രിപുരയിലെ ബംഗാളി ഹിന്ദുക്കൾ‍ക്കു മെച്ചമുണ്ടാകുമെന്ന വിലയിരുത്തലും ആദിവാസികൾക്കുണ്ട്. തിപ്രയുടെ പ്രദ്യോത് മാണിക്യ ദേബ് ബർമനാണ് പൗരത്വ നിയമത്തിനെതിരെ സുപ്രീം കോടതിയിലെ ഹർജിക്കാരിലൊരാളെന്നത് ഈ സമീപനത്തിന്റെ തെളിവാണ്. എന്നിട്ടും അദ്ദേഹം വേണ്ടിവന്നാൽ ബിജെപിയുമായി സഹകരിക്കാൻ തയാറാകുമായിരുന്നോ എന്നു ചോദിച്ചാൽ, അതാണു ബിജെപിയുടെ മിടുക്ക് എന്നാണുത്തരം.

English Summary : Tripura assembly election 2023 result analysis