ജനങ്ങളുടെ പ്രശ്നങ്ങൾ ചർച്ച ചെയ്യേണ്ട പാർലമെന്റ് ദിവസവും ബഹളത്തിൽ മുങ്ങുന്നു. സംവാദങ്ങൾക്കും വിയോജിപ്പുകൾക്കും സ്ഥാനമില്ലാതാകുന്നു. രാഷ്ട്രീയാധികാരികളുടെ സ്തുതിഗീതം മാത്രമുയരുന്ന ഇടങ്ങളായി നിയമനിർമാണസഭകൾ മാറിയാൽ ജനാധിപത്യം അപകടത്തിലാകും

ജനങ്ങളുടെ പ്രശ്നങ്ങൾ ചർച്ച ചെയ്യേണ്ട പാർലമെന്റ് ദിവസവും ബഹളത്തിൽ മുങ്ങുന്നു. സംവാദങ്ങൾക്കും വിയോജിപ്പുകൾക്കും സ്ഥാനമില്ലാതാകുന്നു. രാഷ്ട്രീയാധികാരികളുടെ സ്തുതിഗീതം മാത്രമുയരുന്ന ഇടങ്ങളായി നിയമനിർമാണസഭകൾ മാറിയാൽ ജനാധിപത്യം അപകടത്തിലാകും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ജനങ്ങളുടെ പ്രശ്നങ്ങൾ ചർച്ച ചെയ്യേണ്ട പാർലമെന്റ് ദിവസവും ബഹളത്തിൽ മുങ്ങുന്നു. സംവാദങ്ങൾക്കും വിയോജിപ്പുകൾക്കും സ്ഥാനമില്ലാതാകുന്നു. രാഷ്ട്രീയാധികാരികളുടെ സ്തുതിഗീതം മാത്രമുയരുന്ന ഇടങ്ങളായി നിയമനിർമാണസഭകൾ മാറിയാൽ ജനാധിപത്യം അപകടത്തിലാകും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അമേരിക്കൻ ബാലസാഹിത്യകാരനായ ജോനാ വിന്റർ എഴുതിയ ലളിതവും ഹൃദയഹാരിയുമായ ഒരു ചിത്രകഥാപുസ്തകമാണ് ‘ലിലിയൻ’സ് റൈറ്റ് ടു വോട്ട്’. നൂറു വയസ്സ് കടന്ന ലിലിയൻ എന്ന ആഫ്രിക്കൻ വംശജയായ മുത്തശ്ശി അമേരിക്കൻ തിരഞ്ഞെടുപ്പിൽ   വോട്ടുചെയ്യാൻ ചെങ്കുത്തായ ഒരു മലയുടെ കീഴിൽ ക്യൂ നിൽക്കുകയാണ്. തന്റെ പൂർവികർക്കു വോട്ടവകാശത്തിനായി സഹിക്കേണ്ടി വന്ന ത്യാഗങ്ങളുടെ ചരിത്രം വേദനയോടെയും അഭിമാനത്തോടെയും അവർ ഓർമിക്കുന്നതാണ് കഥ. വോട്ടവകാശം ഓരോ സാധാരണക്കാരനും എത്രമേൽ മൂല്യമേറിയതാണ് എന്നോർമിപ്പിക്കുന്ന ഈ കുഞ്ഞുകഥ വായിച്ചുതീരുമ്പോഴേക്കും വടിയും കുത്തിപ്പിടിച്ച് മലമുകളിലെ ബൂത്തിലേക്കു വേച്ചുവേച്ചു  കയറുന്ന ലിലിയൻ മുത്തശ്ശി ജനാധിപത്യത്തെക്കുറിച്ചും പൗരാവകാശങ്ങളെക്കുറിച്ചുമുള്ള ചേതോഹരമായ ഓർമകളിലൊന്നായി മനസ്സിൽ ശേഷിക്കും.

വോട്ടവകാശം നിഷേധിക്കപ്പെട്ട ഒരു ലിലിയൻ മുത്തശ്ശി സ്വതന്ത്രഇന്ത്യയിൽ ഉണ്ടായിരുന്നില്ല. കാരണം, ഇന്ത്യയിലെ ആദ്യത്തെ പൊതുതിരഞ്ഞെടുപ്പു സാർവത്രികവോട്ടവകാശത്തിന്റെ അടിസ്ഥാനത്തിലായിരുന്നു. പുഷ്കലമായ ജനാധിപത്യസംസ്കാരത്തെക്കുറിച്ച് ഊറ്റം കൊള്ളുന്ന പടിഞ്ഞാറൻ രാജ്യങ്ങൾ ദീർഘകാലം വോട്ടവകാശം സ്വത്തവകാശത്തിലേക്കു ചുരുക്കുകയും സ്ത്രീകൾക്കും ആഫ്രിക്കൻ വംശജർക്കും വോട്ടവകാശം നിഷേധിക്കുകയും ചെയ്ത ചരിത്രപശ്ചാത്തലത്തിലാണ് ഇന്ത്യ സാർവത്രികവോട്ടവകാശത്തിൽ അധിഷ്ഠിതമായ പൊതുതിരഞ്ഞെടുപ്പ് നടത്തിയത്. ‘കൂരിരുട്ട് നിറഞ്ഞ വഴിയിലൂടെ ജനാധിപത്യത്തിന്റെ നറുനിലാവിലേക്കു നിർഭയം നടന്നടുത്ത ഒരേയൊരു രാജ്യമായി’ അന്നു പാശ്ചാത്യ മാധ്യമങ്ങൾ ഇന്ത്യയെ വാഴ്ത്തി. 

ADVERTISEMENT

എങ്കിലും, പാർലമെന്ററി സമ്പ്രദായത്തിൽ ദീർഘപാരമ്പര്യമില്ലാത്ത ഇന്ത്യയിൽ, ജനാധിപത്യസ്ഥാപനങ്ങൾ നിലനിൽക്കുമോ എന്ന ആശങ്ക പലർക്കുമുണ്ടായിരുന്നു. സ്വതന്ത്രഇന്ത്യയുടെ ആദ്യ ലോക്സഭാ സ്പീക്കറായിരുന്ന ജി.വി. മാവ്‌ലങ്കാർ ഇത്തരം സ്വാഭാവികവേവലാതികളെ മറികടന്നത് അതീവസൂക്ഷ്മതയോടെ ഓരോ ചട്ടങ്ങളും കീഴ്‌വഴക്കങ്ങളും സൃഷ്ടിച്ചുകൊണ്ടായിരുന്നു. ഇന്ത്യൻ പാർലമെന്റ് തരിശുനിലത്തിൽ നട്ട കുഞ്ഞുചെടിപോലെയാണെന്നും ശ്രദ്ധയോടെയുള്ള നിരന്തരപരിചരണത്തിലൂടെ മാത്രമേ ആ സ്ഥാപനത്തെ ജനാധിപത്യത്തിന്റെ മികച്ച മാതൃകകളിലൊന്നായി വികസിപ്പിക്കാൻ കഴിയുകയുള്ളൂ എന്നുമുള്ള ഉൾക്കാഴ്ച  മാവ്‌ലങ്കാറിനുണ്ടായിരുന്നു. സ്വതന്ത്രഇന്ത്യയുടെ ആദ്യത്തെ പാർലമെന്റിനെ ലോകത്തിലെ ഏറ്റവും മികച്ച ജനപ്രതിനിധിസഭകളിൽ ഒന്നാക്കി അദ്ദേഹം മാറ്റിയതു ചരിത്രം.

പാർലമെന്റിൽ വൻഭൂരിപക്ഷവും ലോകം മുഴുവൻ ആരാധകവൃന്ദവുമുള്ള ജവാഹർലാൽ നെഹ്റുവിനെ കാണുമ്പോൾ സഭാധ്യക്ഷനായ മാവ്‌ലങ്കാർക്ക് ഒരിക്കലും ‘മുട്ടിടിച്ചിരുന്നില്ല’. ഒരിക്കൽ, സഭയിൽ ചട്ടവിരുദ്ധമായി സംസാരിക്കാൻ എഴുന്നേറ്റ പ്രധാനമന്ത്രിയെനോക്കി അനുവദിക്കാൻ പറ്റില്ലെന്ന് അദ്ദേഹം കർശനമായി പറഞ്ഞു. അതുപോലെ, ഓർഡിനൻസുകൾ പാസാക്കാൻ അനുമതി തേടിയ നെഹ്റുവിനോട്, ‘നിയമനിർമാണം നടത്തേണ്ടത് ജനപ്രതിനിധികളുടെ സഭയിലാണെന്നും അല്ലാതെ രാഷ്ട്രീയ ഭരണനേതൃത്വത്തിന്റെ മുറിയിൽ അല്ലെന്നും’ വിട്ടുവീഴ്ചയില്ലാതെ പറയാൻ മാവ്‌ലങ്കാറിനു കഴിഞ്ഞത്, ഭരണഘടനാമൂല്യങ്ങളിൽ അടിയുറച്ച പാർലമെന്ററി സംസ്കാരം വളർത്തിയെടുക്കണമെന്ന് അതിയായി ആഗ്രഹിച്ചതുകൊണ്ടാണ്.    

ADVERTISEMENT

ഈ ചരിത്രം ഇവിടെ ഓർമിച്ചത്, ഇന്ത്യൻ പാർലമെന്റ് കടന്നുപോകുന്ന അപഭ്രംശങ്ങളുടെ വർത്തമാനസാഹചര്യത്തിലാണ്. ഒരു ജനായത്തരാഷ്ട്രത്തിൽ, ബജറ്റ് സമ്മേളനം പരമപ്രധാനമാണ്. ജനജീവിതവുമായി ബന്ധപ്പെട്ട ഒട്ടേറെ വിഷയങ്ങൾ ചർച്ച ചെയ്യേണ്ട അവസരം. പക്ഷേ, ഒരു ദിവസംപോലും ചേരാനാകാതെ സഭ ബഹളത്തിൽ മുങ്ങുകയാണ്. അദാനി വിഷയത്തിൽ ജെപിസി അന്വേഷണം ആവശ്യപ്പെടുന്ന അടിയന്തരപ്രമേയത്തിനു തുടർച്ചയായി അനുമതി നിഷേധിക്കുക, പ്രതിപക്ഷനേതാവ് മല്ലികാർജുൻ  ഖർഗെ രാജ്യസഭയിൽ  പ്രസംഗിക്കുമ്പോൾ ആ സഭയിൽ അംഗമല്ലാത്ത രാഹുൽഗാന്ധി മാപ്പുപറയണമെന്ന വിചിത്രമായ ആവശ്യം ഉന്നയിച്ച് ഭരണകക്ഷി അംഗങ്ങൾ ബഹളമുണ്ടാക്കുക, പ്രതിപക്ഷനേതാവ് സംസാരിക്കുമ്പോൾ ആരോപണങ്ങൾക്കു ‘തെളിവ്’ ആവശ്യപ്പെടുകയും പ്രസംഗത്തിലെ വാദങ്ങൾ രേഖയിൽനിന്നു നീക്കം ചെയ്യുകയും ചെയ്യുമ്പോൾ തന്നെ, പ്രധാനമന്ത്രിയുടെയും മറ്റു മന്ത്രിമാരുടെയും ആരോപണങ്ങൾക്കും അവകാശവാദങ്ങൾക്കും ഒരു തെളിവും ആവശ്യപ്പെടാതിരിക്കുക തുടങ്ങി പക്ഷപാതപരവും ജനാധിപത്യവിരുദ്ധവുമായ നടപടിക്രമങ്ങളാണ് ഇരുസഭകളിലെയും അധ്യക്ഷർ ഈ ബജറ്റ് സമ്മേളനത്തിൽ പിന്തുടർന്നത്. 

സംവാദത്തിനും സമരത്തിനുമുള്ള അവസരം പ്രതിപക്ഷത്തിനു നൽകാതെയാണ് കേരളത്തിലും ബജറ്റ് സമ്മേളനം അവസാനിപ്പിച്ചത്. 

ADVERTISEMENT

എല്ലായിടത്തും രാഷ്ട്രീയ ഭരണനേതൃത്വത്തിന്റെ മുൻഗണനകളും ആശങ്കകളും താൽപര്യങ്ങളും ‘സഭയുടെ’ തീരുമാനങ്ങളായി പരുവപ്പെടുന്നു. ജനാധിപത്യത്തെ പൂർണമാക്കുന്നത് പ്രതിപക്ഷവുമായുള്ള തുറന്ന സംവാദങ്ങളും വിയോജിപ്പുകളുമാണെന്ന പ്രാഥമികകാര്യം അവർ മറക്കുന്നു.  

സഭയുടെ അധ്യക്ഷനെ ഇന്ത്യൻ റിപ്പബ്ലിക്കിന്റെ ശിൽപികൾ വിഭാവനം ചെയ്തത് ഇങ്ങനെയായിരുന്നില്ല. ‘പാർലമെന്ററി ജനാധിപത്യത്തിന്റെ നിലനിൽപിനു സഭാധ്യക്ഷന്റെ നിഷ്പക്ഷത അത്യാവശ്യമാണ്. അനിവാര്യമായ മറ്റൊരു ഘടകം  ഭരണകൂടത്തിന്റെ താൽപര്യങ്ങളോടും അനിഷ്ടങ്ങളോടും സഭാധ്യക്ഷൻ പുലർത്തുന്ന സുധീരമായ നിർമമതയും നിസ്സംഗതയും കൂടിയാണ്’ എന്ന  മാവ്‌ലങ്കാറുടെ ഒരൊറ്റ വാചകത്തിൽ നിന്നു നമുക്കതു മനസ്സിലാകും. നിർഭാഗ്യവശാൽ, ഈയൊരു ദീർഘവീക്ഷണത്തിന്റെ നിരാസമാണ് നമ്മളിന്നു കാണുന്നത്.    

നിയമനിർമാണത്തിന്റെയും പൗരന്റെയും അന്തസ്സ് കാത്തുസൂക്ഷിക്കുന്ന ഉന്നതമായ സംവാദവേദി എന്ന നിലയിൽനിന്ന് രാഷ്ട്രീയാധികാരികളുടെ സ്തുതിഗീതങ്ങൾ മാത്രം കേൾക്കുന്ന ഒരിടമായി നമ്മുടെ നിയമനിർമാണസഭകൾ പരിവർത്തനം ചെയ്യപ്പെടുന്നത് ജനാധിപത്യത്തിന്റെ ആരോഗ്യകരമായ വളർച്ചയെ ബാധിക്കും. അതു തടയാനുള്ള  ഉത്തരവാദിത്തം ഇന്ത്യയിലെ എല്ലാ രാഷ്ട്രീയപ്പാർട്ടികൾക്കും ഉണ്ട്. 

ജനതയുടെ പ്രതീകമാണ് പാർലമെന്റും സംസ്ഥാന നിയമസഭകളും. വിരലിൽ പതിയുന്ന ഒരു തുള്ളിമഷിയല്ല, വോട്ടവകാശം. അതൊരു വാഗ്ദാനമാണ്. ആ വാഗ്ദാനത്തെ ജനപ്രതിനിധികളും ഭരണാധികാരികളും അപഹസിക്കരുത്. തലമുറകളോളം കാത്തിരുന്നും സഹനങ്ങളുടെ ഊന്നുവടിയുമായി ചെങ്കുത്തായ ഒട്ടേറെ മലനിരകൾ കയറിയിറങ്ങിയുമാണ് ജനാധിപത്യത്തിന്റെ ‘ഒരുതുള്ളി മഷി’ ലിലിയൻ മുത്തശ്ശിയെപ്പോലുള്ള സാധുമനുഷ്യരുടെ വിരലിൽ പതിഞ്ഞതെന്ന് നമ്മൾ  മറന്നുപോകരുത്.

English Summary : Writeup about parliament issue