കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ നിർത്തിയിട്ടിരുന്ന ആലപ്പുഴ – കണ്ണൂർ എക്സിക്യൂട്ടീവ് എക്സ്പ്രസ് ട്രെയിനിന്റെ കോച്ച് കത്തിയ സംഭവം നാടിനെയാകെ ഞെട്ടിക്കുന്നതായി. കോഴിക്കോട് എലത്തൂരിൽ തീവയ്പുണ്ടായ അതേ ട്രെയിനിലാണ് വീണ്ടും തീപിടിത്തമുണ്ടായതെന്നത് ഈ സംഭവത്തിന്റെ ഗൗരവം വർധിപ്പിക്കുന്നു; ട്രെയിനുകളുടെ സുരക്ഷ സംബന്ധിച്ച് ഉയരുന്ന ആശങ്കയ്ക്ക് ഇതോടെ കൂടുതൽ ആഴമുണ്ടാവുകയും ചെയ്യുന്നു. 

എലത്തൂരിൽ ഏപ്രിൽ രണ്ടിനു രാത്രിയാണ് ഇതേ ട്രെയിനിലെ ഡി1 കോച്ചിൽ യാത്രക്കാർക്കു നേരെ പെട്രോളൊഴിച്ചു തീ കൊളുത്തുകയും 3 പേർ ട്രെയിനിൽനിന്നു വീണു മരിക്കുകയും ചെയ്തത്. പ്രതിയായ ഡൽഹി ഷഹീൻബാഗ് സ്വദേശിയെ അഞ്ചിനു മഹാരാഷ്ട്രയിൽ പിടികൂടിയിരുന്നു. അതുകെ‍ാണ്ടുതന്നെ, കഴിഞ്ഞ രാത്രിയുണ്ടായ തീവയ്പും ഒരുപാട് ചോദ്യങ്ങൾ ഉയർത്തുന്നുണ്ട്. എലത്തൂർ ട്രെയിൻ തീവയ്പു കേസിന്റെ അന്വേഷണം ദേശീയ അന്വേഷണ ഏജ‍ൻസിക്ക് (എൻഐഎ) കൈമാറിയിരിക്കുകയാണ്. 

തീ നിയന്ത്രിക്കാൻ അൽപം വൈകിയിരുന്നെങ്കിൽ കണ്ണൂർ നഗരത്തെയാകെ ബാധിക്കുന്ന വൻദുരന്തമായി ഇപ്പോഴത്തെ തീപിടിത്തം മാറിയേനെ. ഭാരത് പെട്രോളിയം കോർപറേഷന്റെ ഇന്ധനസംഭരണശാലയ്ക്ക് അരികിലാണ് തീപിടിച്ച ട്രെയിൻ കിടന്നിരുന്നത്. ഫെബ്രുവരി 13ന് എലത്തൂർ റെയിൽവേ സ്റ്റേഷനിലെ പാർക്കിങ് ഏരിയയിൽ നിർത്തിയിട്ടിരുന്ന രണ്ടു കാറുകൾ കത്തിനശിച്ചിരുന്നു. ഇന്ത്യൻ ഓയിൽ കോർപറേഷന്റെ പെട്രോളിയം സംഭരണശാല ഇതിനു സമീപമാണ്. അതേ ദിവസം കണ്ണൂർ റെയിൽവേ സ്റ്റേഷൻ പരിസരത്ത് മൂന്നിടത്താണ് തീ കത്തിപ്പടർന്നത്. അതിവേഗം അണച്ചതുകൊണ്ടാണ് അന്നും അപകടം ഒഴിവായത്. 

എക്സിക്യൂട്ടീവ് എക്സ്പ്രസിനുമുൻപ്  25 ബുള്ളറ്റ് ടാങ്കർ ഡീസലുമായി കണ്ണൂരിൽ എത്തേണ്ടിയിരുന്ന ട്രെയിൻ വടകരയിൽ പിടിച്ചിട്ടതും ഇത്തവണ രക്ഷയായി. അല്ലെങ്കിൽ എട്ടാമത്തെ ട്രാക്കിൽ എക്സിക്യൂട്ടീവ് എക്സ്പ്രസിന്റെ കോച്ച് കത്തുമ്പോൾ ഒരു ട്രാക്കിന്റെ വ്യത്യാസത്തിൽ, നിറയെ ഡീസലുമായി ആറാമത്തെ ട്രാക്കിൽ ഈ ട്രെയിൻ കിടക്കുമായിരുന്നു. അങ്ങനെയെങ്കിൽ അതും വലിയ ദുരന്തത്തിലേക്കു നയിച്ചേനെ.

ഇപ്പോഴത്തെ സംഭവത്തിന്റെ കൃത്യമായ മാനങ്ങൾ അറിയാനിരിക്കുന്നതേയുള്ളൂവെങ്കിലും അതീവ ഗുരുതരമായ സുരക്ഷാവീഴ്ചയുണ്ടായി എന്നതിൽ സംശയമില്ല. ട്രെയിൻ സർവീസുകളുടെ എണ്ണവും വേഗവും വർധിക്കുന്നതിനനുസരിച്ചു സുരക്ഷാകാര്യത്തിൽ ശ്രദ്ധ പതിയുന്നില്ലെന്ന പരാതി ശരിവയ്‌ക്കുകയാണ് ഇപ്പോഴുണ്ടായ തീപിടിത്തം. ഓടുന്ന ട്രെയിനിനുതന്നെ വേണ്ടത്ര സുരക്ഷ നൽകാനാവാത്ത റെയിൽവേ അധികൃതർ, യാത്രയില്ലാതെ സ്റ്റേഷനിൽ നിർത്തിയിട്ട ട്രെയിനിനു സുരക്ഷ നൽകുമെന്നു കരുതുന്നതു മൗഢ്യമല്ലേ എന്നു പരിഹസിക്കുന്നവരുമുണ്ട്. 

കേരളം മുഴുവൻ ഉൾക്കൊള്ളുന്ന തിരുവനന്തപുരം, പാലക്കാട് ഡിവിഷനുകൾ നേരിടുന്ന പ്രധാന പ്രശ്നം ട്രെയിനുകൾക്കു നേരെയുള്ള ഒളിയേറാണ്. പുതുകാലത്തിനു യോജ്യമായവിധം, കേരളത്തിന് അഭിമാനമായി ഏപ്രിൽ അവസാനത്തോടെ ഓ‍ടാൻ തുടങ്ങിയ വന്ദേഭാരത് എക്സ്പ്രസിനു നേരെപ്പോലും ഇതിനകം പലവട്ടം കല്ലേറുണ്ടായിക്കഴിഞ്ഞു. 

കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ അഗ്നി അപകടം വിതയ്ക്കുന്നത് ഇതാദ്യമല്ല. 2014 ഒക്ടോബർ 20നു പുലർച്ചെ ഇതേ എക്സിക്യൂട്ടീവ് എക്സ്പ്രസിലാണ് മലപ്പുറം കടുങ്ങല്ലൂർ സ്വദേശിനിയെ തീയിട്ടു കൊന്നത്. തമിഴ്നാട് കമ്പം സ്വദേശി അന്നു സംഭവത്തിൽ പിടിയിലായി ശിക്ഷിക്കപ്പെട്ടു. ഷൊർണൂർ പാസഞ്ചറിൽ യാത്ര ചെയ്യവേ 2011ൽ, ക്രൂരപീഡനത്തിനിരയായി യുവതി മരിച്ച സംഭവത്തിനുശേഷം സുരക്ഷാകാര്യങ്ങളിൽ ശ്രദ്ധിച്ചുതുടങ്ങിയെന്ന തോന്നൽ റെയിൽവേ ഉണ്ടാക്കിയെങ്കിലും അതു നിലനിർത്താനായില്ല. ട്രെയിൻ യാത്രക്കാർക്കു കൂടുതൽ സുരക്ഷ ഒരുക്കുന്നതിനു റെയിൽവേ പ്രൊട്ടക്‌ഷൻ ഫോഴ്സിന്റെയും (ആർപിഎഫ്) സംസ്ഥാന സർക്കാരിന്റെ നിയന്ത്രണത്തിലുള്ള ഗവ. റെയിൽവേ പൊലീസിന്റെയും (ജിആർപി) അംഗബലം വർധിപ്പിക്കണമെന്ന ആവശ്യം കൂടുതൽ പ്രസക്തമാകുകയും ചെയ്യുന്നു.

കേരളത്തെ ഞെട്ടിച്ച എലത്തൂർ ട്രെയിൻ തീവയ്പിനുശേഷമുണ്ടായ കണ്ണൂർ സംഭവത്തിലെ ദുരൂഹതകളെല്ലാം എത്രയുംപെട്ടെന്നു കണ്ടെത്തേണ്ടതുണ്ട്. സമാനമായ മറ്റെ‍ാരു സംഭവം ഇവിടെ ആവർത്തിക്കാതിരിക്കാൻ അധികൃതർ ഉണർന്നുപ്രവർത്തിക്കുകയും വേണം.

English Summary : Editorial about Kannur train fire