ബി.ആർ.പി.ഭാസ്കർ : ‘കേരളത്തിലെ രാഷ്ട്രീയക്കാർക്കു മതസ്വഭാവമാണുള്ളത്. കമ്യൂണിസ്റ്റ് പാർട്ടിയിലും അങ്ങനെ തന്നെയാണ്. ഒരു ജനാധിപത്യ സമൂഹത്തിൽ വ്യത്യസ്ത അഭിപ്രായങ്ങളും അഭിരുചികളും ഉണ്ടാകണം. അതിൽനിന്നു മാത്രമേ പുതിയ ആശയം ഉണ്ടാകൂ. കേരളത്തിൽ പ്രവർത്തിക്കുന്നത് ഒരു കമ്യൂണിസ്റ്റ് പാർട്ടിയാണെന്നു പറയുന്നതിനോട് എനിക്കു വിയോജിപ്പുണ്ട്.

അഞ്ജു ബോബി ജോർജ് : കേരളത്തിൽനിന്ന് ഒരുകാലത്ത് ധാരാളം കായികതാരങ്ങൾ ഒളിംപിക്സിൽ പങ്കെടുത്തിരുന്നു. എന്നാൽ, ഇപ്പോൾ കഴിവുള്ളവരുടെ എണ്ണത്തിനനുസരിച്ച് ഇവിടെ കൃത്യമായ നിക്ഷേപം നടക്കുന്നില്ല. പുതിയ ആശയങ്ങൾ അവതരിപ്പിക്കപ്പെടുന്നില്ല. കഴിവുള്ളവർ കഠിനാധ്വാനം ചെയ്തില്ലെങ്കിൽ കഠിനാധ്വാനം ചെയ്യുന്നവർ കഴിവുള്ളവരെ മറികടക്കും. അതാണിപ്പോൾ കേരളത്തിന്റെ അവസ്ഥ.

സത്യൻ അന്തിക്കാട്: ഇനിയൊരു ‘സന്ദേശ’ത്തിനു കൂടി ഇവിടെ സാധ്യതയുണ്ട്. പക്ഷേ, ശുദ്ധമായ ഹാസ്യംപോലും തെറ്റിദ്ധരിക്കപ്പെടും. ഒരു പാർട്ടിയെയും വിമർശിക്കാനുള്ള സാഹചര്യമല്ല ഇപ്പോൾ കേരളത്തിലുള്ളത്. ഞാനും ശ്രീനിവാസനും ‘സന്ദേശം’ പോലൊരു സിനിമയ്ക്കുള്ള സാധ്യത ആലോചിക്കുന്നുണ്ട്.

ജൂഡ് ആന്തണി ജോസഫ്: ലഹരി ഉപയോഗിച്ചാൽ നന്നായി അഭിനയിക്കാനാകും എന്നൊക്കെ പറയുന്നത് വലിയ മണ്ടത്തരമാണ്. മദ്യപിച്ചാൽ നന്നായി ഇംഗ്ലിഷ് പറയാമെന്നു കരുതാറില്ലേ, അതുപോലെയേയുള്ളൂ. ആ അഭിനയം മറ്റുള്ളവർക്ക് പുച്ഛമായിരിക്കും. അയാളൊരു താരമായതുകൊണ്ട് ആരും മിണ്ടില്ലെന്നു മാത്രം.

ജനാർദനൻ: ഒരുകാലത്ത് വില്ലൻ കഥാപാത്രങ്ങൾ അവതരിപ്പിക്കുന്ന ആളുകളെ വ്യക്തിജീവിതത്തിൽ അവർ എത്ര നല്ലവരായിക്കോട്ടെ, ജനങ്ങൾ അംഗീകരിക്കില്ലായിരുന്നു. ബലാത്സംഗം ചെയ്യുന്ന വില്ലനായിട്ടാണ് ഞാൻ സിനിമയിൽ തുടങ്ങിയത്. ആ കാലഘട്ടത്തിൽ സ്ത്രീകളൊന്നും എന്നോടു മിണ്ടില്ലായിരുന്നു. മുഖത്തു നോക്കിയാൽ ഒന്നു ചിരിക്കുക പോലുമില്ല. പിന്നീട് തമാശവേഷങ്ങൾ അവതരിപ്പിച്ചു തുടങ്ങിയപ്പോഴാണ് സ്വീകാര്യത കിട്ടിയത്.

കെ.ഇ.ഇസ്മായിൽ: നേരത്തെ സിപിഐക്കുള്ളിൽ കാര്യങ്ങളൊക്കെ ചർച്ച ചെയ്തിരുന്നു. ഇപ്പോൾ ഏറെപ്പേർക്കും സ്വാർഥ താൽപര്യമാണ്. അവനവന്റെ സ്ഥാനമാനങ്ങളാണ് പ്രധാനം. അതു കഴിഞ്ഞാണ് പാർട്ടി. 

കെ.വേണു: വ്യക്തിപരമായി ഹിംസ ഒട്ടും ഇഷ്ടപ്പെടുന്ന ആളല്ലെങ്കിലും വിപ്ലവ പ്രസ്ഥാനത്തിൽ പ്രവർത്തിച്ച കാലത്ത് അനീതിക്കെതിരായി ഹിംസയ്ക്കു സാധുതയുണ്ടെന്നു ഞാൻ വിശ്വസിച്ചിരുന്നു. ജനാധിപത്യവാദത്തിലേക്ക് എത്തിയതോടെ ഹിംസ ഒഴിവാക്കപ്പെടുകയും അഹിംസ അംഗീകരിക്കപ്പെടുകയും ചെയ്തു.‌

രാംമോഹൻ പാലിയത്ത്: പാർലമെന്റ് ഉദ്ഘാടനച്ചടങ്ങിൽ രാഷ്ട്രപതി ദ്രൗപദി മുർമുവിനെ പങ്കെടുപ്പിക്കാതിരുന്നത് അവർ ഒരു സ്ത്രീയായതുകൊണ്ടാണ്, ദലിത് വിഭാഗത്തിൽനിന്ന് ആയതുകൊണ്ടാണ് തുടങ്ങിയ ആരോപണങ്ങൾ സൈബറന്തരീക്ഷത്തിൽ വീശിയടിച്ചു.  വിധവയായതുകൊണ്ടാണ് അവരെ മാറ്റിനിർത്തിയതെന്നാണ് എം.എൻ. കാരശ്ശേരി പറ‍ഞ്ഞത്. മംഗളകർമങ്ങളിൽനിന്ന് വിധവകളെ മാറ്റിനിർത്തുന്ന പ്രാകൃതാചാരം. കാവിയുടുത്ത പുരോഹിതരുടെ സാന്നിധ്യവും ചെങ്കോ ൽക്കൈമാറ്റവും കാണുമ്പോൾ കാരശ്ശേരി പറഞ്ഞതുതന്നെയാണ് ശരിയാകാൻ സാധ്യത.

രാമചന്ദ്ര ഗുഹ: ഇതാണ് ഗാന്ധിയുടെയും മണ്ടേലയുടെയും മഹത്വത്തിന്റെ അടയാളം. തങ്ങളെയും സ്വന്തം ജനങ്ങളെയും അടിച്ചമർത്തുന്ന സാമ്രാജ്യത്വവാദികളിൽപോലും മാനുഷികതയുണർത്താനും അത് ആളിക്കത്തിക്കാനും ഇരുവർക്കും സാധിച്ചു. 

English Summary: Vachakamela