മുഷിപ്പിക്കാതെ വിമർശിക്കാനുള്ള ‘നയതന്ത്ര’മായിരുന്നു കെ.എസ്.സച്ചിദാനന്ദമൂർത്തിയുടെ കരുത്ത്. ഉന്നത നേതാക്കൾ മുതൽ സർക്കാർ ഓഫിസിലെ ജീവനക്കാർ വരെ ആ സൗഹൃദവലയത്തിലുണ്ടായിരുന്നു.

മുഷിപ്പിക്കാതെ വിമർശിക്കാനുള്ള ‘നയതന്ത്ര’മായിരുന്നു കെ.എസ്.സച്ചിദാനന്ദമൂർത്തിയുടെ കരുത്ത്. ഉന്നത നേതാക്കൾ മുതൽ സർക്കാർ ഓഫിസിലെ ജീവനക്കാർ വരെ ആ സൗഹൃദവലയത്തിലുണ്ടായിരുന്നു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മുഷിപ്പിക്കാതെ വിമർശിക്കാനുള്ള ‘നയതന്ത്ര’മായിരുന്നു കെ.എസ്.സച്ചിദാനന്ദമൂർത്തിയുടെ കരുത്ത്. ഉന്നത നേതാക്കൾ മുതൽ സർക്കാർ ഓഫിസിലെ ജീവനക്കാർ വരെ ആ സൗഹൃദവലയത്തിലുണ്ടായിരുന്നു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മുഷിപ്പിക്കാതെ വിമർശിക്കാനുള്ള ‘നയതന്ത്ര’മായിരുന്നു കെ.എസ്.സച്ചിദാനന്ദമൂർത്തിയുടെ കരുത്ത്. ഉന്നത നേതാക്കൾ മുതൽ സർക്കാർ ഓഫിസിലെ ജീവനക്കാർ വരെ ആ സൗഹൃദവലയത്തിലുണ്ടായിരുന്നു.

രേഖകളിൽ കെ.എസ്.സച്ചിദാനന്ദ മൂർത്തി, പ്രസിഡന്റുമാർക്കും പ്രധാനമന്ത്രിമാർക്കും ഗവ. സെക്രട്ടറിമാർക്കും അംബാസഡർമാർക്കും മിസ്റ്റർ മൂർത്തി, മന്ത്രിമാർക്കും നേതാക്കൾക്കും മൂർത്തിജി, ബാക്കിയെല്ലാവർക്കും സച്ചി. അരനൂറ്റാണ്ട് നീണ്ട പത്രപ്രവർത്തനത്തിൽ 40 വർഷവും മനോരമയോടൊപ്പമായിരുന്നു സച്ചി. 1982ൽ ബെംഗളൂരുവിൽ തുടങ്ങിയ ആ ബന്ധം 1990 മുതൽ 32 കൊല്ലം രാജ്യതലസ്ഥാനത്ത്  സച്ചിദാനന്ദമൂർത്തിയുടെ മേൽവിലാസമായി. 

ADVERTISEMENT

1983ലെ കർണാടക നിയമസഭാ തിരഞ്ഞെടുപ്പിൽ മുഖ്യമന്ത്രി ഗുണ്ടുറാവുവിനുവേണ്ടി സംസ്ഥാന ഇന്റലിജൻസ് തയാറാക്കിയ രഹസ്യ റിപ്പോർട്ട് സംഘടിപ്പിച്ചു പ്രസിദ്ധീകരിച്ച് എല്ലാവരെയും ഞെട്ടിച്ചുകൊണ്ടായിരുന്നു സച്ചിയുടെ ഉജ്വലമായ പത്രപ്രവർത്തന ജീവിതം ആദ്യം ശ്രദ്ധിക്കപ്പെട്ടത്.  പിന്നീടൊരിക്കൽ, കാണാതായ കാഞ്ചി ശങ്കരാചാര്യരെത്തേടി മഴക്കാലത്ത് തലക്കാവേരിയിൽ പോയി സച്ചി. കൊച്ചിയിൽ തിരിച്ചെത്തിയത് മലയാള മനോരമയ്ക്കു വാർത്തയും ദ് വീക്കിനു കവർ സ്റ്റോറിയുമായാണ്. ആ വാർത്തയ്ക്കു ചൂടുപിടിച്ചു. അങ്ങനെ തിളങ്ങിനിൽക്കുമ്പോഴാണ് സച്ചി മനോരമയുടെയും ദ് വീക്കിന്റെയും ചീഫ് ഓഫ് ബ്യൂറോയായി ഡൽഹിയിലെത്തുന്നത്. ഒരു പതിറ്റാണ്ടിനുശേഷം റസിഡന്റ് എഡിറ്ററുമായി. 

മണ്ഡൽ വിപ്ലവം അഴിച്ചുവിട്ട വി.പി.സിങ്, റിസർവ് ബാങ്കിലെ സ്വർണം ബാങ്ക് ഓഫ് ഇംഗ്ലണ്ടിൽ പണയംവച്ച ചന്ദ്രശേഖർ, സമ്പദ്ഘടന ഉദാരവൽക്കരിച്ച പി.വി.നരസിംഹറാവു, കൂട്ടുകക്ഷിപരീക്ഷണം നടത്തിയ എച്ച്.ഡി.ദേവെഗൗഡയും ഐ.കെ.ഗുജ്റാളും, ആണവപരീക്ഷണം നടത്തിയ എ.ബി.വാജ്പേയി, നിശ്ശബ്ദമായി ആണവനയതന്ത്രം നടത്തി വിജയിച്ച മൻമോഹൻ സിങ്, രാഷ്ട്രീയത്തിലും ശത്രുരാജ്യത്തും സർജിക്കൽ സ്ട്രൈക്ക് നടത്തിയ നരേന്ദ്ര മോദി– ഇവരുടെയെല്ലാം ഭരണതന്ത്രങ്ങളും നയങ്ങളും ജയങ്ങളും പരാജയങ്ങളും തികഞ്ഞ നിഷ്പക്ഷതയോടെ നിരീക്ഷിച്ച് വായനക്കാർക്കു വിശദീകരിച്ചുകൊടുത്തു സച്ചി. ദേശീയതലത്തിലെയും കേരള, കർണാടക സംസ്ഥാനങ്ങളിലെയും രാഷ്ട്രീയം പൂർണമായി ഉൾക്കൊണ്ട് വിശകലനം ചെയ്തു.  

ആദ്യം ‘ന്യൂഡെൽഹി’ എന്ന പേരിൽ തുടങ്ങി പിന്നീട് ‘ദേശീയം’ എന്നു പേരുമാറ്റിയ സച്ചിയുടെ പംക്തി 1991 ഫെബ്രുവരി 26ന് ആരംഭിച്ച് 2022 സെപ്റ്റംബർ വരെ മനോരമയിൽ പ്രസിദ്ധീകരിച്ചു. ഒരുപക്ഷേ, മലയാളപത്രങ്ങളിൽ ഏറ്റവും കൂടുതൽ നീണ്ടുനിന്ന പ്രതിവാര ദേശീയരാഷ്ട്രീയ വിശകലന പംക്തി ഇതായിരിക്കാം. രാഷ്ട്രീയം ഇത്രയുംകാലം കൈകാര്യം ചെയ്തിട്ടും സച്ചിക്കെതിരെ ഒരു രാഷ്ട്രീയനേതാവും പരാതിപ്പെട്ടില്ല. ആരെയും മുഷിപ്പിക്കാതെ തന്നെ വിമർശിക്കാൻ സച്ചിക്കറിയാമായിരുന്നു. 

1995ൽ മുഖ്യമന്ത്രിസ്ഥാനമൊഴിഞ്ഞ കെ.കരുണാകരൻ കേന്ദ്ര കാബിനറ്റ് മന്ത്രിയാകുംമുൻപ് ഡൽഹി കേരള ഹൗസിൽ കഴിയുന്ന കാലം. മിക്ക ദിവസവും മലയാളി പത്രക്കാർ അദ്ദേഹത്തെ കാണാനെത്തും. ഏതു വകുപ്പ്, എന്നു സത്യപ്രതി‍ജ്ഞ എന്നറിയണം. 

ADVERTISEMENT

ഒരു ദിവസം വൈകിട്ടു ഞാൻ കരുണാകരനെ കാണാൻ ചെന്നു. അദ്ദേഹം അൽപം ദേഷ്യത്തിലായിരുന്നു– ‘‘എന്നോടെന്തിനു ചോദിക്കുന്നു? നിങ്ങളുടെ മേലാവുണ്ടല്ലോ, സച്ചിദാനന്ദമൂർത്തി. ഞാൻ വ്യവസായവകുപ്പിനുവേണ്ടി വാശിപിടിക്കുകയാണെന്ന് അങ്ങേർ നിങ്ങളുടെ പത്രത്തിൽതന്നെ എഴുതിയിട്ടുണ്ടല്ലോ’.  

അന്നു മനോരമയ്ക്കു ഡൽഹി എഡിഷൻ ഇല്ലാതിരുന്നതിനാൽ ആ ദിവസത്തെ പത്രം ഞാൻ കണ്ടിരുന്നില്ല. മെല്ലെ അവിടെനിന്നു വലിഞ്ഞ് ഓഫിസിലെത്തി സച്ചിയോടു കാര്യം പറഞ്ഞു. ഒളിപ്പിച്ച ചിരിയോടെ സച്ചി പറഞ്ഞു.– ‘‘സാരമില്ല, ഞാൻ ഫോൺ ചെയ്യാം.’’  അരമണിക്കൂർ കഴിഞ്ഞ് സച്ചി തിരിച്ചുവിളിച്ചു പറഞ്ഞു– ‘ലീഡറുമായി സംസാരിച്ചിട്ടുണ്ട്. ഞാൻ കാണാൻ പോകുന്നു, വരുന്നോ ?’

അവിടെ ചെന്നപ്പോൾ സച്ചിയെ ലീഡർ ചങ്ങാതിയെപ്പോലെ സ്വീകരിച്ച് ചായയും തൈരുവടയുമൊക്കെയായി സൽക്കരിച്ചു. മാത്രവുമല്ല പിറ്റേന്നത്തേക്കു വേണ്ട ചൂടുള്ള വാർത്തയും സമ്മാനിച്ചു. ഓഫിസിലേക്കു മടങ്ങവേ ഞാൻ സച്ചിയോടു  ചോദിച്ചു–  ‘ഇതെങ്ങനെ സാധിച്ചു?’ സച്ചി പറഞ്ഞു–  ‘‘ഞാൻ ലീഡറെ വിളിച്ചു. ‘റാവുവിനെ പ്രധാനമന്ത്രിസ്ഥാനത്തെത്തിച്ച ലീഡർ ഇവിടെ റാവുവിന്റെ വിളിയും കാത്തിരിക്കുകയാണെന്നു ജനം കരുതുമായിരുന്നില്ലേ?, എന്റെ റിപ്പോർട്ട് വന്നതോടെ  അതു മാറിയില്ലേ’ എന്നു ചോദിച്ചു. ’’

ആരെയും മുഷിപ്പിക്കാതെ കാര്യങ്ങൾ പറയാനും സാധിക്കാനും അസാമാന്യമായ കഴിവായിരുന്നു സച്ചിക്ക്. കർണാടക രാഷ്ട്രീയത്തിലെ ബദ്ധവൈരികളായ ദേവെഗൗഡയോടും രാമകൃഷ്ണ ഹെഗ്ഡെയോടും ഒരേപോലെ സൗഹൃദം നിലനിർത്താൻ സച്ചിക്കു സാധിച്ചു. ഡൽഹിയിൽ മുരളീമനോഹർ ജോഷിയും അരുൺ ജയ്റ്റ്‌ലിയും സുഷമ സ്വരാജും മാധവറാവു സിന്ധ്യയും രാജേഷ് പൈലറ്റും ജയ്പാൽ റെഡ്ഡിയും ജയറാം രമേഷുമെല്ലാം സച്ചിക്ക് അടുത്ത മിത്രങ്ങളായി. 

ADVERTISEMENT

സച്ചി ഫോൺ ചെയ്യുന്നത് എപ്പോൾ കേട്ടാലും മറുതലയ്ക്കൽ കാബിനറ്റ് മന്ത്രിയോ അംബാസഡറോ ഗവർണറോ ഒക്കെ ആണെന്നു തോന്നും. അത്രയ്ക്കാണ് മറുതലയ്ക്കൽ സംസാരിക്കുന്നയാളോടുള്ള ബഹുമാനം. ചിലപ്പോൾ പിന്നീടാവും അറിയുന്നത്, സംസാരിച്ചുകൊണ്ടിരുന്നത് സാധാരണ രാഷ്ട്രീയക്കാരോടോ ഉദ്യോഗസ്ഥരോടോ ഒക്കെയാകും. അതെക്കുറിച്ചു സച്ചിയുടെ തത്വശാസ്ത്രം ഇതായിരുന്നു– ‘അങ്ങേത്തലയ്ക്കലുള്ള വ്യക്തി എന്റെ മുഖം കാണുന്നില്ല. ഞാൻ പുഞ്ചിരിക്കുകയാണോ കടിച്ചുപിടിച്ചു സംസാരിക്കുകയാണോ എന്ന് അയാൾക്കറിയില്ല. അതിനാൽ ശബ്ദവും വാക്കുകളും കഴിയുന്നത്ര സൗമ്യമായിരിക്കണം. അത് ആരോടായാലും.’’ 

മന്ത്രിയും സെക്രട്ടറിയും അംബാസഡറും  മാത്രമല്ല, അവരുടെ  ഓഫിസിലെ ക്ലാർക്കുമാരും അറ്റൻഡർമാരും വരെ സച്ചിയുടെ സ്നേഹിതരായിരുന്നു. കാബിനറ്റ് മന്ത്രിയായിരുന്ന ശരദ് യാദവിനെ ഇന്റർവ്യൂ ചെയ്തു മടങ്ങിയെത്തിയ യുവസഹപ്രവർത്തകനോടു സച്ചി ഉപദേശിച്ചു– ‘ശരദ് യാദവിനെ മാത്രം കണ്ടുപോന്നാൽ പോരാ, അദ്ദേഹത്തിന്റെ പ്രൈവറ്റ് സെക്രട്ടറിമാരെയും പരിചയപ്പെട്ടിരിക്കണം. വിളിച്ചാൽ അദ്ദേഹത്തിനു ഫോൺ കൈമാറുന്നത് അവരായിരിക്കാം.’’

ബെംഗളൂരു ദിനങ്ങളിൽ ദേവെഗൗഡയുമായി സ്ഥാപിച്ച വ്യക്തിബന്ധം ഡൽഹിയിലും തുടർന്നു. മാധ്യമ ഉപദേഷ്ടാവായിരിക്കാൻ ദേവെഗൗഡ എത്ര നിർബന്ധിച്ചിട്ടും സച്ചി സ്നേഹപൂർവം നിരസിച്ചു. ആരോടും കടപ്പാടില്ലാത്ത പത്രപ്രവർത്തകനായി തുടരാനാണു തനിക്കിഷ്ടമെന്ന് അദ്ദേഹം ഗൗഡയോടു പറഞ്ഞു. അടുത്ത ബന്ധമുണ്ടായിട്ടും ഒരു അഭിമുഖത്തിനപ്പുറം മറ്റൊന്നും സച്ചി ഗൗഡയോടു ചോദിക്കുകയോ അദ്ദേഹത്തിൽനിന്നു കൈപ്പറ്റുകയോ ചെയ്തിട്ടില്ല.

രാഷ്ട്രപതിമാർ വിരളമായേ അഭിമുഖം നൽകാറുള്ളൂ. എന്നിട്ടും സച്ചി ചോദിച്ചപ്പോൾ ശങ്കർ ദയാൽ ശർമ സമ്മതം മൂളി. അതും 1996ൽ തിരഞ്ഞെടുപ്പിനു മുൻപ്. തിരഞ്ഞെടുപ്പിൽ ആർക്കും വ്യക്തമായ ഭൂരിപക്ഷം ലഭിക്കില്ലെന്നു വ്യക്തമായിരുന്നു. സ്ഥിരതയില്ലാത്ത ഭരണം വന്നാൽ എന്തുചെയ്യുമെന്ന ചോദ്യത്തിനു ശർമ നൽകിയ മറുപടി അക്കാലത്ത് ഇന്ത്യയുടെ കൂട്ടുകക്ഷിഭരണത്തെ വിശേഷിപ്പിക്കുന്ന നിർവചനമായി മാറി–  ‘We will muddle through’ (നാം ഉരുണ്ടുപിരണ്ട് കടന്നുപോകും).

പ്രസിഡന്റുമാരോടും പ്രധാനമന്ത്രിമാരോടുമൊപ്പം വിദേശയാത്രപോയി അവിടെനിന്നു രാജ്യാന്തര നയതന്ത്ര ബന്ധങ്ങൾ റിപ്പോർട്ട് ചെയ്തു മടങ്ങുകയല്ല, ആ ദേശങ്ങളിലെ ജനങ്ങളെക്കുറിച്ചും സംസ്കാരത്തെക്കുറിച്ചും കഴിയുന്നത്ര മനസ്സിലാക്കുമായിരുന്നു, സച്ചി. തിരിച്ചെത്തിയാൽ  നയതന്ത്രവിശകലനങ്ങൾക്കു ശേഷം സച്ചിയുടെ സരസമായൊരു ഫീച്ചർ പത്രത്തിലോ ദ് വീക്കിലോ പ്രതീക്ഷിക്കാമായിരുന്നു.

1991ൽ സോവിയറ്റ് യൂണിയന്റെ തകർച്ച റിപ്പോർട്ട് ചെയ്യാൻ മോസ്കോയിൽ പോയതുമുതൽ ആഗോളരാഷ്ട്രീയവും നയതന്ത്രവും സച്ചിയുടെ നിരന്തര നിരീക്ഷണത്തിലായി. പ്രസിഡന്റുമാർക്കും പ്രധാനമന്ത്രിമാർക്കും ഒപ്പവും അല്ലാതെയുമായി പാക്കിസ്ഥാൻ, ചൈന, ബൾഗേറിയ, ബ്രിട്ടൻ, ചൈന, ഫിൻലൻഡ്, ജർമനി, ഇസ്രയേൽ, ഇറ്റലി, ജപ്പാൻ, ജോർദാൻ, മൊറീഷ്യസ്, നോർവേ, പലസ്തീൻ, ദക്ഷിണാഫ്രിക്ക, സുഡാൻ, ടാൻസനിയ, യുഎഇ, യുഎസ് എന്നിങ്ങനെ നീണ്ടു വാർത്തായാത്രകൾ. 

രാഷ്ട്രീയവും നയതന്ത്രവും മാത്രമല്ല, ശാസ്ത്രവിഷയങ്ങളും സാഹിത്യവും നാടകരംഗവും സച്ചിക്കു താൽപര്യമായിരുന്നു. ടി.എസ്.എലിയറ്റിന്റെ കവിതകൾ മുതൽ റോബർട്ട് ലഡ്‌ലത്തിന്റെ ത്രില്ലർ വരെ വായിക്കും. ദ് വീക്ക് വാരികയുടെ ഗ്ലാമർ പേജിലെ ലേഖനങ്ങൾക്കുവരെ ആശയം നൽകും. സൗഹൃദകൂട്ടായ്മയിൽ സിനിമ– രാഷ്ട്രീയ ഗോസിപ്പുകൾ വാരിവിളമ്പും. 

എഴുതിയ വാർത്തകൊണ്ടും നയിച്ച ജീവിതംകൊണ്ടും വർണാഭമായൊരു സാന്നിധ്യമായിരുന്നു സച്ചിദാനന്ദമൂർത്തി. സച്ചി കൂടെ ഇല്ലെന്നതു  പൊരുത്തപ്പെടാനെളുപ്പമുള്ള വാർത്തയല്ല.

വി മിസ് യൂ, സച്ചി.

English Summary:

writeup about Satchidanandamurthy's circle of friends