‘‘ഭാഗ്യം, രാജിക്കത്ത് സർക്കാർ സ്വീകരിച്ചിരിക്കുന്നു. ഇനി അൽപം സ്വസ്ഥമാവണം, മറ്റേതെങ്കിലുമൊരു ജോലി കണ്ടെത്തണം...’’ ഒരു ദീർഘനിശ്വാസവുമുതിർത്ത് അവൻ സ്വയം പറഞ്ഞു. ഫിസിക്സും ന്യൂക്ലിയർ സയൻസുമൊക്കെ താൻ പഠിച്ചത് ഈ കുഗ്രാമത്തിൽ വന്ന് കാലിവളർത്തലുകാരനാകാനല്ലല്ലോ! സ്കോളർഷിപ്പ് തന്നു പഠിപ്പിച്ചു എന്നതുകൊണ്ട്

‘‘ഭാഗ്യം, രാജിക്കത്ത് സർക്കാർ സ്വീകരിച്ചിരിക്കുന്നു. ഇനി അൽപം സ്വസ്ഥമാവണം, മറ്റേതെങ്കിലുമൊരു ജോലി കണ്ടെത്തണം...’’ ഒരു ദീർഘനിശ്വാസവുമുതിർത്ത് അവൻ സ്വയം പറഞ്ഞു. ഫിസിക്സും ന്യൂക്ലിയർ സയൻസുമൊക്കെ താൻ പഠിച്ചത് ഈ കുഗ്രാമത്തിൽ വന്ന് കാലിവളർത്തലുകാരനാകാനല്ലല്ലോ! സ്കോളർഷിപ്പ് തന്നു പഠിപ്പിച്ചു എന്നതുകൊണ്ട്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

‘‘ഭാഗ്യം, രാജിക്കത്ത് സർക്കാർ സ്വീകരിച്ചിരിക്കുന്നു. ഇനി അൽപം സ്വസ്ഥമാവണം, മറ്റേതെങ്കിലുമൊരു ജോലി കണ്ടെത്തണം...’’ ഒരു ദീർഘനിശ്വാസവുമുതിർത്ത് അവൻ സ്വയം പറഞ്ഞു. ഫിസിക്സും ന്യൂക്ലിയർ സയൻസുമൊക്കെ താൻ പഠിച്ചത് ഈ കുഗ്രാമത്തിൽ വന്ന് കാലിവളർത്തലുകാരനാകാനല്ലല്ലോ! സ്കോളർഷിപ്പ് തന്നു പഠിപ്പിച്ചു എന്നതുകൊണ്ട്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

‘‘ഭാഗ്യം, രാജിക്കത്ത് സർക്കാർ സ്വീകരിച്ചിരിക്കുന്നു. ഇനി അൽപം സ്വസ്ഥമാവണം, മറ്റേതെങ്കിലുമൊരു ജോലി കണ്ടെത്തണം...’’ ഒരു ദീർഘനിശ്വാസവുമുതിർത്ത് അവൻ സ്വയം പറഞ്ഞു. ഫിസിക്സും ന്യൂക്ലിയർ സയൻസുമൊക്കെ താൻ പഠിച്ചത് ഈ കുഗ്രാമത്തിൽ വന്ന് കാലിവളർത്തലുകാരനാകാനല്ലല്ലോ! സ്കോളർഷിപ്പ് തന്നു പഠിപ്പിച്ചു എന്നതുകൊണ്ട് എക്കാലവും ഇങ്ങനൊരു ദുരിതം പേറിക്കോളാമെന്ന് ആർക്കും വാക്കുകൊടുത്തിട്ടുമില്ല. ചിന്തകളിൽ അൽപം രോഷവും ഉറയുന്നുണ്ട്. 

‘ഭായിജീ...’ വളരെ ഭവ്യതയോടെയാണ് അവൻ പട്ടേലിനെ വിളിച്ചത്. എല്ലാം ഇട്ടെറിഞ്ഞ് പോകാനുറപ്പിച്ച അവൻ ജ്യേഷ്ഠതുല്യനായി കാണുകയും ആരാധിക്കുകയും ചെയ്തിരുന്ന പട്ടേലിനുമുമ്പിൽ കാര്യങ്ങൾ അവതരിപ്പിക്കുമ്പോൾ തികഞ്ഞ സന്തോഷവാനായിരുന്നു. ഉടനെങ്ങും ഉണ്ടാകില്ലെന്നുറപ്പിച്ചത് ഇത്രവേഗം നടന്നു കിട്ടിയതിലുള്ള സന്തോഷം അവന്റെ ഓരോ വാക്കിലും പ്രകടവുമാണ്.

ADVERTISEMENT

പക്ഷേ, എല്ലാം ശ്രദ്ധാപൂർവം കേട്ടുകൊണ്ടിരുന്ന പട്ടേൽ മൂളിയതല്ലാതെ ഏറെനേരത്തേക്ക് മറ്റൊന്നും പറഞ്ഞില്ല. ആ മുഖത്തുകാണാനായ നിർവികാരത അവന്റെ ആഹ്ലാദത്തെ പെട്ടെന്നാണ് ഇല്ലാതാക്കിയത്. നീണ്ട നിശ്ശബ്ദതയ്ക്കു ശേഷം ആ തികഞ്ഞ ഗാന്ധിയൻ തനിക്കുമുന്നിൽ നിൽക്കുന്ന ചെറുപ്പക്കാരന്റെ മുഖത്തേക്കു നോക്കി. ‘‘നീ വളരെ മിടുക്കനാണ്. ആഗ്രഹത്തിനനുസരിച്ച് ഒരു ജോലി കണ്ടെത്താൻ നിനക്ക് ഒട്ടും വിഷമമുണ്ടാകില്ല. പക്ഷേ മറ്റൊരു ജോലി ആകുന്നതുവരെ ഞങ്ങൾക്കൊപ്പം ഉണ്ടാകരുതോ?’’. വാത്സല്യം നിറഞ്ഞ ഒരപേക്ഷയായിരുന്നു ആ മുഖത്തുനിന്നു പിന്നെയുയർന്നത്.

അക്ഷരാർഥത്തിൽ പട്ടേലിന്റെ ചോദ്യം അവനെ വല്ലാതെ ധർമസങ്കടത്തിലാക്കിയിരുന്നു. തന്നെ പഠിപ്പിച്ചതിനുള്ള പ്രതിഫലമായാണ് ഒട്ടും ഇഷ്ടമില്ലാത്ത ഈ ജോലിയിലേക്കു താൻ വന്നുപെട്ടത്. സർക്കാർ നൽകിയതെങ്കിലും പൊരുത്തപ്പെട്ടു പോകാനാവാത്ത ജോലി മനസ്സു മടുപ്പിക്കെ ഉണ്ടായിരുന്ന ഏക സന്തോഷം വീണുകിട്ടുന്ന സമയങ്ങളിൽ പട്ടേൽജീക്കൊപ്പം പ്രവർത്തിക്കാനായതാണ്. നിരന്തരം ചൂഷണത്തിനു വിധേയരാകേണ്ടി വരുന്ന, പശുവളർത്തലിൽ ഏർപ്പെട്ട നിസ്സഹായർക്കായി അദ്ദേഹം ഏറ്റെടുത്തിരിക്കുന്നത് വലിയ ഒരു ഉത്തരവാദിത്തമാണ്. പാവങ്ങളുടെ അന്നം മുട്ടിപ്പോകാതിരിക്കാൻ അവരെ സംഘടിപ്പിക്കുമ്പോൾ ഇതുവരെ ഒപ്പം നിന്ന താൻ ഇട്ടെറിഞ്ഞുപോയാൽ..... അടിക്കടി കേടാകുന്ന പാസ്ചുറൈസറിന്റെ തകരാർ പരിഹരിയ്ക്കാൻ താനല്ലാതെ മറ്റാരുണ്ട് ഇവർക്ക്. തന്റെ പിൻമാറ്റം അവരുടെ ലക്ഷ്യത്തിനു പോലും തടസ്സമാകും. ഒരുപാടുപേരുടെ പ്രതീക്ഷകളല്ലേ ഇല്ലാതാകുന്നത്. ‘‘എന്നാൽ പുതിയൊരു ജോലിയാകുന്നതുവരെ ഞാനിവിടെ നിങ്ങൾക്കൊപ്പം കൂടാം’’ - ഒടുവിൽ ചിന്തകളുടെ വടംവലി അവസാനിപ്പിച്ച് ആ നിസ്വാർഥ ജനസേവകന് അന്ന് അവൻ വാക്കുകൊടുത്തു.

അതൊരു തുടക്കത്തിന്റെ ദിവസം കൂടിയായിരുന്നു. നിസ്സഹായതയുടെ ഇരുണ്ട ഏടുകളിൽനിന്ന് സ്വാതന്ത്ര്യത്തിന്റെ വെളിച്ചത്തിലേക്കു പറന്നുയരാൻ ഒരുങ്ങിക്കഴിഞ്ഞ ഈ നാടിന് ഡോ. വർഗീസ് കുര്യനെന്ന ധിഷണശാലിയെ പതിച്ചുകിട്ടിയ ദിവസം. അടിമത്തത്തിന്റെ ഭൂതകാലത്തിൽ ആശയറ്റുഴറിവീണ ദരിദ്ര ക്ഷീരകർഷകർക്ക് പുതുവെളിച്ചമായി മാറിയ ‘ഇന്ത്യയുടെ പാൽക്കാരൻ’ ഉദയംകൊണ്ട ദിനം! 

കാലിതുല്യജീവിതത്തിന്റെ നുകം പേറേണ്ടിവന്ന, കാലിവളർത്തൽ ഉപജീവനമാക്കിയ നിസ്സഹായരെ കറന്നൂറ്റിക്കൊഴുത്ത ചതിവിന്റെ പ്രസ്ഥാനമായിരുന്നു അന്ന് ‘പോൾസൺ ഡയറി’. ഗുജറാത്തിന്റെ അതിർത്തി ഗ്രാമങ്ങളിലും മുംബൈ പട്ടണം ആകമാനവും പാൽവിപണിയുടെ കുത്തക കയ്യാളിയിരുന്ന വെള്ളക്കാരന്റെ പിണിയാൾ. ചൂഷണമാണെന്നറിഞ്ഞിട്ടും, അവർ വിരിച്ചിട്ട വലയിൽ വീണുപോകേണ്ടിവന്ന നിസ്സഹായരെ ആദ്യം ഒന്നു നിവർന്നു നിൽക്കാനായിരുന്നു ത്രിഭുവൻദാസ് പട്ടേൽ എന്ന സംഘാടകൻ പഠിപ്പിച്ചത്. എന്നാൽ, അവരിലേക്ക് ഒരു പോരാട്ടത്തിനുള്ള ഊർജം പകരാനുള്ള ചരിത്ര നിയോഗവുമായായിരുന്നു വർഗീസ് കുര്യൻ എന്ന ഊർജതന്ത്രജ്ഞന്റെ സമാനതകളില്ലാത്ത രംഗപ്രവേശം! 

ADVERTISEMENT

സമരതീക്ഷ്ണതയുടെ തീമുഖത്തു നിന്ന് വെള്ളക്കാരനെ വെല്ലുവിളിച്ച പട്ടേൽജീക്കു പോലും ആദ്യം വല്ലാത്തൊരു വെല്ലുവിളിതന്നെയായിരുന്നു സഹകരണ പ്രസ്ഥാനം എന്ന ആശയത്തിന്റെ പ്രായോഗികവൽക്കരണം. പക്ഷേ, ആ സംഘാടനത്തികവിൽ സകല പ്രതിബന്ധങ്ങളും കടപുഴകുക തന്നെ ചെയ്തു. പട്ടേൽജിയുടെ മികച്ച സംഘാടനത്തിനൊപ്പം കുര്യന്റെ ബില്യൻ ലീറ്റർ ആശയവും ചേർന്നതോടെ ഒട്ടും വൈകാതെ, സാക്ഷാൽ സർദാർ വല്ലഭായ് പട്ടേലിന്റെ ജന്മനാടു കൂടിയായ ആനന്ദ് എന്ന ഗ്രാമം ആകമാനം പാൽപ്രഭയണിഞ്ഞു. നിസ്സഹായതയുടെ ദൈന്യം നിഴലിച്ചിരുന്ന ദരിദ്രമുഖങ്ങളിൽ ആത്മവിശ്വാസത്തിന്റെ നിറം പടർന്നു. കൊള്ളക്കൂട്ടങ്ങളെ അടിയറവു പറയിച്ച സഹകരണപ്രസ്ഥാനങ്ങൾ കരുത്താർജ്ജിക്കാൻ തുടങ്ങി. കർഷകർ സ്വയംതീരുമാനിക്കാൻ പ്രാപ്തരായ സഹകാരികളുമായി. പാൽമണമുള്ള വിപ്ലവത്തിന് അങ്ങനെ കോഴിക്കോടൻ ടെക്നോക്രാറ്റിന്റെ ബുദ്ധികൂർമതയിൽ രുചിയേറുകയായി.

ബാലാരിഷ്ടതകളൊഴിഞ്ഞതോടെ കൂട്ടായ്മയുടെ കരുത്തിൽ സംഘങ്ങൾ വളർച്ചയുടെ പടവുകളേറാൻ തുടങ്ങി. പാൽ സംഭരണം ഏറിയതോടെ പുതിയ സംസ്കരണ മാർഗങ്ങൾ കണ്ടെത്തുന്നതിലേക്കായി അവരുടെ ശ്രദ്ധ. കുര്യന്റെ കഠിനാധ്വാനവും ദീർഘവീക്ഷണവും പുതുമാർഗ്ഗങ്ങളെ പുണരാൻ അവരെ പ്രാപ്തരാക്കി. കഠിനാധ്വാനത്തിന്റെ നിറവിൽ അധികമായി കിട്ടിയ പാൽ മൂല്യവർധിത ഉൽപന്നങ്ങളായി വിപണി കണ്ടു. 

ഏഷ്യയിലെ തന്നെ ഏറ്റവും വലിയ പ്ലാന്റായി മാറിയ ആനന്ദിലെ ഉൽപാദന കേന്ദ്രത്തിൽ ആഗോള ബ്രാൻഡുകളെ വെല്ലുന്ന ഉൽന്നങ്ങൾ ആവോളം പിറന്നു. പാൽപൊടിയും കണ്ടൻസ്ഡ് മിൽക്കും അടക്കമുള്ള നിരവധി പാലുൽപന്നങ്ങൾക്കായി വിപണി പിടിക്കാനുള്ള തന്ത്രവും കുര്യൻ സ്വയം മെനഞ്ഞു.

ആഗോള ഭീമൻമാർക്കു മാത്രമേ സാധ്യാമാവൂ എന്ന് അതുവരെ കരുതിയിരുന്നത് നിശ്ചയദാർഢ്യത്തിന്റെ നിശ്വാസമുറഞ്ഞ ഗുജറാത്തിന്റെ ഈ കൊച്ചു ഗ്രാമത്തിലും അങ്ങനെ സാധ്യമായി. അവിശ്വസനീയ വിജയത്തിനു പിന്നിലെ കൂട്ടായ്മയുടെ കരുത്തുക ണ്ട് കുത്തകകൾ വിറകൊണ്ടു. മുന്നേറ്റത്തിന്റെ ഈ വീരഗാഥയ്ക്ക് അന്ന് കാലം കുറിച്ചിട്ട പേരായിരുന്നല്ലോ ധവള വിപ്ലവം! പക്ഷേ ദരിദ്രന്റെ ഉന്നമനത്തിനെതിരെ ഉറഞ്ഞുതുള്ളിയവർ അപ്പോഴും പരിഹസിച്ചു - വെളുത്ത നുണ!

ADVERTISEMENT

പരസ്പര വിശ്വാസത്തിന്റെ കരുത്തിൽ അതിജീവനത്തിനായി തെളിഞ്ഞ പുത്തൻ സമവാക്യവും അമൂല്യമായ ഒരുമയുടെ ആകമാന മൂല്യവുമായ അമുലിന്റെ പിറവി ഭരണക്കാരെ ഒട്ടൊന്നുമല്ല അമ്പരിപ്പിച്ചത്. ‘‘ഈ സൂത്രവിദ്യ ദേശമെമ്പാടും പ്രചരിപ്പിക്കാമോ?’’ അദ്ഭുത സമവാക്യത്തിന്റെ അമരക്കാരനോട് രാജ്യതലപ്പത്തുനിന്നു ശാസ്ത്രിജീയുടെ അപേക്ഷയെത്താൻ ഒട്ടും വൈകിയില്ല. അനിവാര്യദൗത്യത്തെ അഭിമാനപൂർവം ഏറ്റെടുക്കാൻ കുര്യൻ എന്ന കർഷകസ്നേഹിക്കു രണ്ടാമതൊന്ന് ആലോചിക്കേണ്ടിവന്നില്ല. പാലുൽപാദനത്തിൽ ബഹുദൂരം പിന്നിലായിരുന്ന ഭാരതം ഓപ്പറേഷൻ ഫ്ലഡിന്റെ ഓളത്തള്ളലിൽ ഒന്നാമതെത്തുന്നതാണ് പിന്നെ കണ്ടത്! അസൂയാവഹമായ നേട്ടത്തിനു കാരണക്കാരനായ ബുദ്ധികേന്ദ്രത്തെ സ്വന്തമാക്കാൻ വിദേശ കുത്തകകൾ കുര്യനു വിലയിട്ടുനോക്കി. പക്ഷേ, ‘‘എന്റെ ദൗത്യം ഇവിടെ പൂർത്തിയായിട്ടില്ല.’’- പ്രലോഭനങ്ങളെ പറഞ്ഞൊഴിയാൻ ആ രാജ്യസ്നേഹിക്കുണ്ടോ മടി! അതെ, ആ ദൗത്യം പൂർത്തിയായെന്ന് അവസാനശ്വാസം വരെയും അദ്ദേഹം വിശ്വസിച്ചിരുന്നില്ല. എന്തിൽനിന്നാണോ എല്ലാം ഇട്ടെറിഞ്ഞു പോകാൻ ഒരുങ്ങിയത്, അവിടേക്കുതന്നെ തിരികെയെത്താനായതും ഒരു പുതുചരിതം കുറിക്കാനായതും വിധി നിയോഗമാവാം. ‘ചിലർ വരുമ്പോൾ കാലവും ഒന്നു വഴിമാറി നടക്കും’ - ഡോ.വർഗീസ് കുര്യൻ എന്ന ദീർഘദർശിയെക്കൂടി കണ്ടിട്ടാവണം യാഥാർഥ്യത്തിന്റെ ഈ വാക്കുകൾ പിറന്നിട്ടുണ്ടാവുക.

‘‘എനിക്കൊരു സ്വപ്നമുണ്ട് -’’ അങ്ങ് അമേരിക്കയിൽ അടിച്ചമർത്തപ്പെട്ടവന്റെ സ്വാതന്ത്ര്യവാഞ്ഛയെ വിളംബരം ചെയ്തുകൊണ്ടുള്ള മാർട്ടിൻ ലൂഥർ കിങ്ങിന്റെ വെളിപ്പെടുത്തൽ ലോകം തുറന്ന കാതുകളോടെ കേട്ടു. എന്നാൽ ഇങ്ങ് ഭാരതത്തിൽ ‘‘എനിക്കുമൊരു സ്വപ്നമുണ്ടായിരുന്നു ...’’ ചരിത്രത്തിന്റെ ഏടുകളിൽ തങ്കലിപികളാലിടംപിടിച്ച ഡോ. വർഗീസ് കുര്യൻ വിളംബരം ചെയ്തതോ, സാക്ഷാത്കൃതമായ തന്റെ സ്വപ്നത്തെയും! ഭാരതരത്നവും പത്മശ്രീ, പത്മഭൂഷൺ, പത്മവിഭൂഷൺ അടക്കമുള്ള പുരസ്കാരങ്ങളും നൽകി സേവനപാതയിലെ ആ ചരിത്രനിയോഗത്തിന് രാജ്യം ആദരവ് അർപ്പിച്ചപ്പോൾ ഈ കോഴിക്കോടൻ പിറവി മലയാളത്തിന്റേയും സ്വകാര്യ അഹങ്കാരമാവുന്നു.

വർത്തമാനത്തിന്റെ അടയാളപ്പെടുത്തലിൽ വർധിതവീര്യം പേറിയ സമരചരിതങ്ങളെ കാലത്തിന് വിസ്മരിയ്ക്കാനാവുമോ!. നവംബർ 26 ഡോ. വർഗീസ് കുര്യൻ എന്ന സ്വയംപര്യാപ്തതയുടെ ശിൽപിക്ക് ഒരു ജന്മവാർഷികവും കൂടി. ആദരവിന്റെ വെളുത്ത പുഷ്പങ്ങൾ അർപ്പിച്ച് നെറ്റിയ്ക്കുമേൽ വലംകൈ ചേർക്കുന്നു - ഒരായിരം ധവളാഭിവാദ്യങ്ങൾ......

English Summary:

Dr Verghese Kurien birth anniversary