2014 ലെ തിരഞ്ഞെടുപ്പ് സമയത്തെ ഭീതിക്കു സമാനമാണ് ഇത്തവണ പൊതു തിരഞ്ഞെടുപ്പ് അടുക്കുമ്പോൾ ബംഗാളിലെ തൃണമൂൽ കോൺഗ്രസിന്റെയും മുഖ്യമന്ത്രി മമതാ ബാനർജിയുടെയും അവസ്ഥ. 2013ൽ ശാരദ ചിട്ടി തട്ടിപ്പു പുറത്തുവരികയും ഭരണകൂടമായ തൃണമൂൽ കോൺഗ്രസിന്റെ... Saradha Chit Fund Scam. Mamata Vs CBI, BJP

2014 ലെ തിരഞ്ഞെടുപ്പ് സമയത്തെ ഭീതിക്കു സമാനമാണ് ഇത്തവണ പൊതു തിരഞ്ഞെടുപ്പ് അടുക്കുമ്പോൾ ബംഗാളിലെ തൃണമൂൽ കോൺഗ്രസിന്റെയും മുഖ്യമന്ത്രി മമതാ ബാനർജിയുടെയും അവസ്ഥ. 2013ൽ ശാരദ ചിട്ടി തട്ടിപ്പു പുറത്തുവരികയും ഭരണകൂടമായ തൃണമൂൽ കോൺഗ്രസിന്റെ... Saradha Chit Fund Scam. Mamata Vs CBI, BJP

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

2014 ലെ തിരഞ്ഞെടുപ്പ് സമയത്തെ ഭീതിക്കു സമാനമാണ് ഇത്തവണ പൊതു തിരഞ്ഞെടുപ്പ് അടുക്കുമ്പോൾ ബംഗാളിലെ തൃണമൂൽ കോൺഗ്രസിന്റെയും മുഖ്യമന്ത്രി മമതാ ബാനർജിയുടെയും അവസ്ഥ. 2013ൽ ശാരദ ചിട്ടി തട്ടിപ്പു പുറത്തുവരികയും ഭരണകൂടമായ തൃണമൂൽ കോൺഗ്രസിന്റെ... Saradha Chit Fund Scam. Mamata Vs CBI, BJP

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

2014 ലെ തിരഞ്ഞെടുപ്പ് സമയത്തെ ഭീതിക്കു സമാനമാണ് ഇത്തവണ പൊതു തിരഞ്ഞെടുപ്പ് അടുക്കുമ്പോൾ ബംഗാളിലെ തൃണമൂൽ കോൺഗ്രസിന്റെയും മുഖ്യമന്ത്രി മമതാ ബാനർജിയുടെയും അവസ്ഥ. 2013ൽ ശാരദ ചിട്ടി തട്ടിപ്പു പുറത്തുവരികയും ഭരണകൂടമായ തൃണമൂൽ കോൺഗ്രസിന്റെ മന്ത്രിസഭാംഗങ്ങൾക്കും എംപിമാർക്കും നേതാക്കൾക്കും പങ്കുണ്ടെന്ന വാർത്തയും തിരഞ്ഞെടുപ്പിനെ സ്വാധീനിക്കാതിരിക്കാൻ കിണഞ്ഞു പരിശ്രമിക്കുകയായിരുന്നു മമതാ സംഘം. ഇത്തവണ ലോക്സഭാ തിരഞ്ഞെടുപ്പിന്റെ പടിവാതിലിൽ നിൽക്കുമ്പോഴും സിബിഐയുമായുള്ള തുറന്ന ഏറ്റുമുട്ടലിലൂടെ മമത ലക്ഷ്യമിടുന്നതും ബിജെപിയുടെ കുതിച്ചുകയറ്റം തടയുക തന്നെ. ബംഗാളിന്റെ രാഷ്ട്രീയഭാവി തന്നെ നിർണയിക്കാനിടയുള്ള ഈ യുദ്ധത്തിൽ സിപിഎം ഒഴികെ വിശാല പ്രതിപക്ഷ സഖ്യത്തിന്റെ പിന്തുണ അകമഴിഞ്ഞു ലഭിക്കുമെന്ന പ്രതീക്ഷയിലാണ് മമത.

യുപിഎ സർക്കാർ അധികാരത്തിലിരുന്നപ്പോൾ ശാരദ തട്ടിപ്പ് കേസിൽ ഊർജിത അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ടിരുന്നു. പിന്നാലെ സിബിഐ അന്വേഷണത്തിന് സുപ്രീം കോടതി ഉത്തരവിടുകയും ചെയ്തു. അന്ന് മമതയ്ക്കെതിരെ അരയും തലയും മുറുക്കിയിറങ്ങിയ കോൺഗ്രസാണ് ഇന്ന് പിന്തുണയുമായി രംഗത്തുള്ളത് എന്നതാണ് കൗതുകം. സാഹചര്യം മാറിയത് കോൺഗ്രസും മനസ്സിലാക്കുന്നു. സിബിഐ, എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) തുടങ്ങിയ അന്വേഷണ ഏജൻസികളെ കൂട്ടുപിടിച്ച് കേന്ദ്രസർക്കാർ ബിജെപി ഭരണത്തിലില്ലാത്ത സംസ്ഥാനങ്ങളെ തകർക്കാനുള്ള ശ്രമമാണെന്നാണു കോൺഗ്രസ് ഉൾപ്പെടെയുള്ള പ്രതിപക്ഷത്തിന്റെ ആരോപണം.

ADVERTISEMENT

ഇപ്പുറത്ത് ബിജെപിയുടെ തുറുപ്പുചീട്ടെന്നത്, ഒരുകാലത്ത് മമതയുടെ വിശ്വസ്ത അനുയായിയും പിന്നീട് ബിജെപിയിലേക്കു കൂടുമാറി ഇപ്പോൾ സംസ്ഥാന പാർട്ടി അധ്യക്ഷൻ വരെയായ മുകുൾ റോയിയാണ്. മമതയുടെ വലംകയ്യായിരുന്നപ്പോൾ സിബിഐ മുകുൾ റോയിയെ ലക്ഷ്യമിട്ടതാണ്. ശാരദ ഗ്രൂപ്പിന്റെ പ്രവർത്തനങ്ങൾ റോയിയും നിയന്ത്രിച്ചിരുന്നുവെന്നാണു കണ്ടെത്തൽ. എന്നാൽ പാർട്ടി മാറിയതോടെ റോയിയെ തൊടാതെയാണു സിബിഐയുടെ പോക്ക്. മാത്രമല്ല, തട്ടിപ്പിന്റെ അണിയറ രഹസ്യങ്ങൾ മുഴുവനും കൈയിലുള്ള വ്യക്തിയാണു റോയിയെന്നതാണ് ബിജെപിയെ ശക്തിയുക്തം ബംഗാളിൽ മുന്നോട്ടുപോകാൻ പ്രേരിപ്പിക്കുന്നത്, മമതയുടെ ചങ്കിടിപ്പേറ്റുന്നതും!

ചോദ്യം ചെയ്യലിനു സിബിഐ ഓഫിസിൽ ഹാജരായ അന്നത്തെ തൃണമൂൽ കോൺഗ്രസ് ജനറൽ സെക്രട്ടറിയും രാജ്യസഭാ എംപിയുമായ മുകുൾ റോയ് (2015ലെ ചിത്രം).

ഭരണകൂടം പിന്നിൽ, ‘ശാരദ’ വളർന്നത് ചങ്കിടിപ്പില്ലാതെ

നിക്ഷേപിച്ചാൽ വൻതോതിൽ കാശ് മടക്കിക്കിട്ടുമെന്നു പാവപ്പെട്ടവരെ വിശ്വസിപ്പിച്ചു കോടിക്കണക്കിനു രൂപ തട്ടിയെടുത്തു മുങ്ങി – ശാരദ ചിട്ടി തട്ടിപ്പിനെ ഒറ്റവാചകത്തിൽ ഇങ്ങനെ വിശേഷിപ്പിക്കാം. ചിട്ടികൾ പ്രവർത്തിക്കേണ്ട മാനദണ്ഡങ്ങൾ ഒന്നുപോലും പാലിക്കാതെ നിക്ഷേപങ്ങൾ സ്വീകരിക്കുന്നതിനെതിരെ മാർക്കറ്റ് റെഗുലേറ്ററായ സെബി (സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ) 2009ൽ തന്നെ രംഗത്തെത്തിയിരുന്നു. 20,000–30,000 കോടി രൂപയാണ് ബംഗാളിലും അസമിലും ഒഡീഷയിലുമായി ഇങ്ങനെ തട്ടിയെടുത്തതെന്നാണ് ആരോപണം. 17 ലക്ഷത്തിലധികം പേരെയാണു തട്ടിപ്പു ബാധിച്ചത്. തുകയുടെ 22 മുതൽ 25% വരെ വർഷംതോറും തിരികെത്തരാമെന്ന ഉറപ്പിന്മേലായിരുന്നു ഇത്. പണമിടപാടു സ്‌ഥാപനങ്ങളിൽനിന്ന് ആയിരക്കണക്കിനു കോടികൾ വാങ്ങി.

ഭരണത്തിലിരുന്ന തൃണമൂൽ കോൺഗ്രസിന്റെ പ്രമുഖ നേതാക്കൾ വരെ കമ്പനിയുടെ ഡയറക്ടർമാരായതോടെ ജനങ്ങൾക്കിടയിൽ കമ്പനിയുടെ വിശ്വാസ്യത വർധിച്ചു. എന്നാൽ 2013 ഏപ്രിലിൽ ചിട്ടി കമ്പനി പൊട്ടി. തൃണമൂല്‍ എംപിമാരും എംഎല്‍എമാരുമായ കുണാല്‍ ഘോഷ്, സഞ്ജയ് ബോസ്, സുദീപ് ബന്ദോപാദ്ധ്യായ, തപസ് പാല്‍, മദന്‍ മിത്ര എന്നിവരെ ചിട്ടി തട്ടിപ്പുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തു. സംസ്ഥാന സർക്കാർ അന്വേഷണ കമ്മിഷനെ നിയമിച്ചു. തീർത്തും ദരിദ്രമായ ചുറ്റുപാടിൽ ജീവിക്കുന്ന നിക്ഷേപകർ തകർന്നുപോകാതിരിക്കാൻ സംസ്ഥാന സർക്കാർ 500 കോടി രൂപയുടെ ഫണ്ട് അനുവദിച്ചു.

തൃണമൂൽ കോൺഗ്രസ് നേതാവ് മദൻ മിത്ര (ഫയൽ ചിത്രം)
ADVERTISEMENT

ചിട്ടി കമ്പനിയായി സ്ഥാപിച്ച് പിന്നീട് ബ്രാൻഡ് ബിൽഡിങ്ങിന്റെ ഭാഗമായി ബംഗാൾ സിനിമയിലും പ്രാദേശിക ടിവി ചാനലുകളിലും പത്രമാധ്യമങ്ങളിലും കാര്യമായ നിക്ഷേപം നടത്തിയാണു ശാരദ ഗ്രൂപ്പ് വളർന്നത്. 2013ൽ 988 കോടി രൂപയാണു മാധ്യമമേഖലയിൽ ശാരദ ഗ്രൂപ്പ് നിക്ഷേപിച്ചത്. എട്ടു പത്രങ്ങളുടെ ഉടമസ്ഥരായി. ആറു ടിവി ചാനലുകൾ, ഒരു എഫ്എം തുടങ്ങിയവ വേറെയും. 2011ൽ ശാരദ ഗ്രൂപ്പ് ഗ്ലോബൽ ഓട്ടമൊബീല്‍സിനെ വാങ്ങി. മോഹൻ ബഗാൻ പോലുള്ള ഫുട്ബോൾ ക്ലബുകളിൽ നിക്ഷേപം നടത്തി. ദുർഗാ പൂജ പോലുള്ളവ സ്പോൺസർ ചെയ്തു. പല പരിപാടികളിലും മുഖ്യമന്ത്രി മമത ബാനർജി ഉൾപ്പെടെ അധികാരസ്ഥാനത്തിരിക്കുന്ന തൃണമൂലിന്റെ പല നേതാക്കന്മാരും മുഖ്യാതിഥികളായി.

കമ്പനിയുടെ സ്ഥാപകൻ, ചെയർമാനും മാനേജിങ് ഡയറക്ടറുമായ സുദീപ്തോ സെന്‍, എക്സിക്യൂട്ടീവ് ഡയറക്ടർ ദേബ്ജാനി മുഖോപാധ്യായ എന്നിവർ കമ്പനി പൊട്ടിയതോടെ മുങ്ങി. പിന്നീട് അറസ്റ്റിലായി. 239 സ്വകാര്യ കമ്പനികളാണു ശാരദ ഗ്രൂപ്പെന്ന കുടക്കീഴില്‍ പ്രവർത്തിച്ചത്. ശാരദ ടൂർ ആൻഡ് ട്രാവൽസ്, ശാരദ റിയൽറ്റി, ശാരദ ഹൗസിങ്, ശാരദ ഗാർഡൻ റിസോർട്ട്സ് ആൻ‌‍ഡ‍് ഹോട്ടൽസ് തുടങ്ങിയ കമ്പനികളിലൂടെയാണു പല പദ്ധതികളും ശാരദ ഗ്രൂപ്പ് നടത്തിയിരുന്നത്.

കേസിൽ അറസ്റ്റിലായ ദേബ്ജാനി മുഖോപാധ്യായും സുദീപ്തോ സെന്നും വിചാരണവേളയിൽ കോടതിയിൽ ഹാജരാകുന്നു (ഫയൽ ചിത്രം)

സെന്നിന്റെ അടുപ്പക്കാരി, സെക്രട്ടറിയില്‍നിന്ന് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ പദത്തിൽ

ശാരാദാ ചിട്ടി തട്ടിപ്പു കേസില്‍ സുദീപ്തോ സെന്‍ അറസ്റ്റിലായപ്പോള്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട പേരാണ് മറ്റൊരു ഡയറക്ടറായ ദേബ്ജാനി മുഖോപാദ്ധ്യയുടേത്. ശാരദാ ട്രാവല്‍ കമ്പനിയില്‍ സെക്രട്ടറിയായി ജോലിയില്‍ പ്രവേശിച്ച ദേബ്ജാനി കണ്ണുചിമ്മും വേഗതയിലാണ് സുദീപ്തോ സെന്നിന്റെ വിശ്വസ്തയും കമ്പനി ഡയറക്ടറുമായത്. ഒടുവില്‍ കശ്മീരില്‍ സെന്‍ അറസ്റ്റിലാകുമ്പോഴും ദേബ്ജാനി ഒപ്പമുണ്ടായിരുന്നു. സെന്നിന്റെ എല്ലാ ഉയര്‍ച്ചയ്ക്കും പിന്നില്‍ ദേബ്ജാനിയാണെന്നാണ് അടുത്തവൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്. എയര്‍ഹോസ്റ്റസ് പരിശീലനം നേടിയ ദേബ്ജാനി ആ ജോലിക്കു പോകാതെ 2007ല്‍ ശാരദാ ട്രാവല്‍സില്‍ നിയമനം നേടുകയായിരുന്നു. കുറച്ചു മാസം കൊണ്ടു തന്നെ സുദീപ്തോ സെന്നിന്റെ അടുപ്പക്കാരിയായി. തുടര്‍ന്ന് എല്ലാവരെയും ആശ്ചര്യപ്പെടുത്തി എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ പദവിയും. 80 ലക്ഷം രൂപയുടെ അപ്പാര്‍ട്ട്‌മെന്റാണ് സെന്‍, ദേബ്ജാനിക്കു സമ്മാനിച്ചത്. കമ്പനിയുടെ ശാഖകള്‍ പൂട്ടി, ചെക്കുകള്‍ മടങ്ങാന്‍ തുടങ്ങിയതോടെ ഇരുവരും മുങ്ങുകയായിരുന്നു.

ADVERTISEMENT

നളിനി ചിദംബരവും കുടുങ്ങും?

ശാരദ ഗ്രൂപ്പിന്റെ അഭിഭാഷക സുപ്രീം കോടതിയിലെ പ്രമുഖ അഭിഭാഷകരിലൊരാളും മുൻ ധനമന്ത്രി പി.ചിദംബരത്തിന്റെ പത്നിയുമായ നളിനിയാണ്. കമ്പനിയുടെ കേസുകൾ വാദിക്കുന്നതിനു നളിനിക്ക് പ്രതിഫലമായി നൽകിയത് 1.26 കോടി രൂപയാണ്. യഥാർഥത്തിൽ കമ്പനി അവർക്കു നൽകിയ തുക എത്രയായിരുന്നുവെന്നും ഗ്രൂപ്പും നളിനിയുമായുണ്ടായിരുന്ന കരാറെന്തായിരുന്നുവെന്നും പുറത്തുവന്നിട്ടില്ല. നളിനിയെ ഇഡി ചോദ്യം ചെയ്തിരുന്നു.

മമതയ്ക്കായി വാങ്ങി, 1.8 കോടിയുടെ പെയിന്റിങ്

കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ മമത ബാനർജിക്കെതിരെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആരോപണമായിരുന്നു 1.8 കോടി രൂപയുടെ ഒരു പെയിന്റിങ്. മമതയ്ക്കായി സുദീപ്തോ സെൻ ആണ് ഇതു വാങ്ങി നൽകിയതെന്നാണ് മോദി ആരോപിച്ചത്. ഇത് സെൻ നിഷേധിച്ചെങ്കിലും തൃണമൂൽ കോൺഗ്രസ് ഫയൽ ചെയ്ത ആദായനികുതി റിട്ടേണിൽ ഇങ്ങനൊരു ഇടപാടു നടന്നതായി അടുത്തവൃത്തങ്ങൾ സൂചിപ്പിച്ചിരുന്നു. കേസ് അന്വേഷണം ശക്തമാകുന്നതോടെ ഇക്കാര്യമെല്ലാം തെളിവുകളോടെ പുറത്തുവരുമെന്നാണു പ്രതീക്ഷ.

തട്ടിപ്പിനിരയായവർക്ക് പണം തിരികെ നൽകണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധിക്കുന്നവർ (ഫയൽ ചിത്രം)

അർധരാത്രിയിൽ സിബിഐ റെയ്ഡ്

തട്ടിപ്പുകേസിൽ സുപ്രീം കോടതിയുടെ നിർദേശപ്രകാരം സംസ്ഥാന സർക്കാർ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചിരുന്നു. ഈ സംഘത്തിലെ ഉദ്യോഗസ്ഥനായിരുന്നു ഇപ്പോഴത്തെ കമ്മിഷണറായ രാജീവ് കുമാർ. അന്വേഷണവുമായി ബന്ധപ്പെട്ട സുപ്രധാന ഫയലുകളും തെളിവുകളും കമ്മിഷണർ കൈമാറിയില്ലെന്നാണു സിബിഐ പറയുന്നത്. ഈ തെളിവുകൾ കണ്ടെത്തുന്നതിന്റെയും മൊഴിയെടുക്കുന്നതിന്റെയും ഭാഗമായാണു രാത്രിയിൽ കമ്മിഷണറുടെ വീട്ടിൽ സിബിഐ പരിശോധനയ്ക്കെത്തിയത്.

വിവിധ സംസ്ഥാനങ്ങളെക്കൂടി ബാധിക്കുന്ന തട്ടിപ്പുകേസിൽ സിബിഐ അന്വേഷണത്തിനു സുപ്രീം കോടതി ഉത്തരവിട്ടപ്പോൾ ബംഗാൾ മാത്രമാണ് എതിർത്തത്. മമതയുടെ വിശ്വസ്തർ കേസിൽ കുടുങ്ങുമെന്ന ഭീതിയാണ് ഇതിനുപിന്നിലെന്നു രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നു. മാത്രമല്ല, തന്റെ കീഴിലുള്ള പ്രത്യേക അന്വേഷണ സംഘത്തെ (എസ്ഐടി) ഉപയോഗിച്ചു കേസ് അന്വേഷിപ്പിക്കാനാണ് അവർ താൽപര്യപ്പെട്ടത്. ശാരദ ഗ്രൂപ്പിന്റെ ഡയറക്ടർമാരുടെ മാത്രം പേരുൾപ്പെടുത്തിയാണ് എസ്ഐടി എഫ്ഐആർ റജിസ്റ്റർ ചെയ്തത്.