11 സംസ്ഥാനങ്ങളിലെ 95 മണ്ഡലങ്ങൾ, ഒരു കേന്ദ്ര ഭരണ പ്രദേശം, 15 കോടിയിലേറെ വോട്ടർമാർ... ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ പ്രക്രിയയുടെ രണ്ടാം ഘട്ടം ഇന്നു നടക്കുമ്പോൾ ജനവിധി തേടുന്നവരിൽ പ്രമുഖരും ഏറെ... Lok Sabha Elections 2nd Phase Schedule Constituencies

11 സംസ്ഥാനങ്ങളിലെ 95 മണ്ഡലങ്ങൾ, ഒരു കേന്ദ്ര ഭരണ പ്രദേശം, 15 കോടിയിലേറെ വോട്ടർമാർ... ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ പ്രക്രിയയുടെ രണ്ടാം ഘട്ടം ഇന്നു നടക്കുമ്പോൾ ജനവിധി തേടുന്നവരിൽ പ്രമുഖരും ഏറെ... Lok Sabha Elections 2nd Phase Schedule Constituencies

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

11 സംസ്ഥാനങ്ങളിലെ 95 മണ്ഡലങ്ങൾ, ഒരു കേന്ദ്ര ഭരണ പ്രദേശം, 15 കോടിയിലേറെ വോട്ടർമാർ... ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ പ്രക്രിയയുടെ രണ്ടാം ഘട്ടം ഇന്നു നടക്കുമ്പോൾ ജനവിധി തേടുന്നവരിൽ പ്രമുഖരും ഏറെ... Lok Sabha Elections 2nd Phase Schedule Constituencies

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി∙ 11 സംസ്ഥാനങ്ങളിലെ 95 മണ്ഡലങ്ങൾ, ഒരു കേന്ദ്ര ഭരണ പ്രദേശം, 15 കോടിയിലേറെ വോട്ടർമാർ... ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ പ്രക്രിയയുടെ രണ്ടാം ഘട്ടം ഇന്നു നടക്കുമ്പോൾ ജനവിധി തേടുന്നവരിൽ പ്രമുഖരും ഏറെ. കേന്ദ്ര മന്ത്രിമാരായ ജിതേന്ദ്ര സിങ്, ജുവൽ ഓറം, സദാനന്ദ ഗൗഡ, പൊൻ രാധാകൃഷ്ണൻ എന്നിവരും മുന്‍ പ്രധാനമന്ത്രി എച്ച്.ഡി. ദേവെഗൗഡയും ഡിഎംകെയുടെ ദയാനിധി മാരനും എ.രാജയും കനിമൊഴിയും ഉൾപ്പെടെ 1596 സ്ഥാനാർഥികൾക്കാണ് ഏപ്രിൽ 18 നെഞ്ചിടിപ്പിന്റെ ദിനം സമ്മാനിക്കുന്നത്. കോൺഗ്രസ് നേതാക്കളായ വീരപ്പ മൊയ്‌ലി, രാജ് ബബ്ബാർ, നാഷനൽ കോൺഫറൻസ് അധ്യക്ഷൻ ഫാറൂഖ് അബ്ദുല്ല, ബിജെപിയുടെ ഹേമമാലിനി, നടി സുമലത, നടൻ പ്രകാശ് രാജ് എന്നിവരും ഇന്നു ജനവിധി തേടും.

തമിഴ്നാട്ടിൽ ആകെയുള്ള 39 ലോക്സഭാ സീറ്റുകളിൽ വെല്ലൂരിൽ ഒഴികെ ഇന്നാണു തിരഞ്ഞെടുപ്പ്. ഡിഎംകെ സ്ഥാനാർഥി വോട്ടർമാരെ സ്വാധീനിക്കാൻ പണമൊഴുക്കിയെന്ന കണ്ടെത്തലിനെത്തുടർന്നാണ് വെല്ലൂരിൽ വോട്ടെടുപ്പ് റദ്ദാക്കിയത്. ക്രമസമാധാന നില തൃപ്തികരമല്ലാത്തതിനാൽ ത്രിപുര ഈസ്റ്റിലെ വോട്ടെടുപ്പ് മൂന്നാംഘട്ടമായ ഏപ്രില്‍ 23ലേക്കും മാറ്റി. 

ADVERTISEMENT

11 സംസ്ഥാനങ്ങളിലെയും പുതുച്ചേരിയിലെയും വോട്ടെടുപ്പു വിവരങ്ങൾ ചുവടെ:

തമിഴ്നാട്ടിൽ എൻഡിഎയുടെ ഭാഗമായാണ് അണ്ണാഡിഎംകെ മത്സരിക്കുന്നത്. ബിജെപി, പിഎംകെ, ഡിഎംഡികെ, തമിഴ് മാനില കോൺഗ്രസ് എന്നിവയാണ് സഖ്യകക്ഷികള്‍. സെക്യുലർ പ്രോഗ്രസീവ് അലയൻസ് എന്ന സഖ്യം രൂപീകരിച്ചാണ് ഡിഎംകെയും കോൺഗ്രസും ചേർന്ന് എൻഡിഎയെ നേരിടുന്നത്. ഇടതുകക്ഷികളും ഈ സഖ്യത്തിനൊപ്പമാണ്. തെക്കൻ ജില്ലകളിലുൾപ്പെടെ ടി.ടി.വി. ദിനകരന്റെ അമ്മ മക്കൾ മുന്നേറ്റ കഴകം ശക്തമായ ത്രികോണ മൽസരത്തിനു കളമൊരുക്കിയിട്ടുണ്ട്. നടൻ കമൽ ഹാസന്റെ മക്കൾ നീതി മയ്യത്തിന്റെ പ്രകടനവും ആകാംക്ഷയുണർത്തുന്നു. നടൻ സീമാന്റെ നാം തമിഴർ കക്ഷി എല്ലാ സീറ്റുകളിലും ഒറ്റയ്ക്കാണു മത്സരിക്കുന്നത്. അണ്ണാഡിഎംകെയുടെ തലപ്പത്തു നിന്നും ജയലളിതയും ഡിഎംകെ നേതൃസ്ഥാനത്തു നിന്നു കരുണാനിധിയും വിടപറഞ്ഞതിനു ശേഷം നടക്കുന്ന ആദ്യ ലോക്സഭാ തിരഞ്ഞെടുപ്പായതിനാൽത്തന്നെ സംസ്ഥാനത്തു മാറ്റത്തിന്റെ കാറ്റെങ്ങോട്ടാണു വീശുന്നതെന്ന് ഇനിയും വ്യക്തമല്ല. 

വോട്ടെടുപ്പ് നടക്കുന്ന മണ്ഡലങ്ങൾ (38):

ആരക്കോണം, ആറണി, ചെന്നൈ സെൻട്രൽ, ചെന്നൈ നോർത്ത്, ചെന്നൈ സൗത്ത്, ചിദംബരം, കോയമ്പത്തൂർ, ഗൂഡല്ലൂർ, ധർമപുരി, ഡിണ്ടിഗൽ, ഈറോഡ്, കള്ളകുറിച്ചി, കാഞ്ചീപുരം, കന്യാകുമാരി, കാരൂർ, കൃഷ്ണഗിരി, മധുര, മയിലാടുംതുറൈ, നാഗപട്ടണം, നാമക്കൽ, നീലഗിരി, പേരമ്പല്ലൂർ, പൊള്ളാച്ചി, രാമനാഥപുരം, സേലം, ശിവഗംഗ, ശ്രീപെരുമ്പുത്തൂർ, തെങ്കാശി, തഞ്ചാവൂർ, തേനി, തിരുവള്ളൂർ, തൂത്തുക്കുടി, തിരുച്ചിറപ്പള്ളി, തിരുനൽവേലി, തിരുപ്പുർ, തിരുവണ്ണാമലൈ, വില്ലുപുരം, വിരുദുനഗർ

ADVERTISEMENT

ഒഡീഷയിൽ മുഖ്യമന്ത്രി നവീൻ പട്നായിക്കിന്റെ ബിജെഡിയും ബിജെപിയും തമ്മിലാണു മത്സരം. മാവോയിസ്റ്റ് ഭീഷണി നിലനിൽക്കുന്ന ചില മണ്ഡലങ്ങളിലും ഇന്നു വോട്ടെടുപ്പുണ്ട്. വോട്ടെടുപ്പിന്റെ തലേന്ന് കന്തമാൽ ജില്ലയിൽ വനിതാ പോളിങ് ഓഫിസറെ മാവോയിസ്റ്റുകൾ വെടിവച്ചു കൊലപ്പെടുത്തിയത് അധികൃതർക്കിടയില്‍ ഞെട്ടലുണ്ടാക്കിയിട്ടുണ്ട്. സൻജുക്ത ദിഗൽ ആണ് വനപ്രദേശത്തിനു സമീപം വാഹനത്തിൽ നിന്നു പുറത്തിറങ്ങിയപ്പോൾ വെടിയേറ്റു മരിച്ചത്. മാവോയിസ്റ്റ് സ്വാധീനമേഖലയായ ജില്ലയിൽ പോളിങ് സാമഗ്രികളുമായി പോയ ഒരു വാഹനത്തിനു തീവച്ചിട്ടുമുണ്ട്. ഇവിടെ വോട്ടെടുപ്പ് ബഹിഷ്കരിക്കാനാണ് മാവോയിസ്റ്റ് ആഹ്വാനം.

വോട്ടെടുപ്പ് നടക്കുന്ന മണ്ഡലങ്ങൾ (5):

അസ്ക, ബാർഗഢ്, ബൊലാംഗിർ, കന്തമാൽ, സുന്ദർഗഢ്

കർണാടകയിൽ കോൺഗ്രസ്–ജെഡിഎസ് സഖ്യമാണ് ബിജെപിയെ നേരിടുന്നത്. തിരഞ്ഞെടുപ്പുഫലത്തിൽ തിരിച്ചടിയുണ്ടായാൽ അതു സംസ്ഥാന മന്ത്രിസഭയെ തന്നെ വീഴ്ത്തുമെന്നതിനാൽ സർവശക്തിയോടെയാണ് കോൺഗ്രസ്–ജെഡി(എസ്) പ്രചാരണം. ദക്ഷിണേന്ത്യയിലെ നിർണായക സംസ്ഥാനത്തിൽ കരുത്തു തെളിയിച്ചു സീറ്റുകളുടെ എണ്ണം കൂട്ടാനാണ് ബിജെപി ശ്രമം. 

ADVERTISEMENT

വോട്ടെടുപ്പ് നടക്കുന്ന മണ്ഡലങ്ങൾ (14):

ബാംഗ്ലൂർ സെൻട്രൽ, ബാംഗ്ലൂർ നോർത്ത്, ബാംഗ്ലൂർ റൂറൽ, ബാംഗ്ലൂർ സൗത്ത്, ചാമരാജനഗർ, ചിക്കബെല്ലാപുര, ചിത്രദുർഗ, ദക്ഷിണ കന്നഡ, ഹസ്സൻ, കോലാർ, മണ്ഡ്യ, മൈസൂർ, തുംകൂർ, ഉഡുപ്പി ചിക്ക്മഗളൂർ 

വരൾച്ചയും കാർഷിക പ്രശ്നങ്ങളും രൂക്ഷമായ വിദർഭയിലെ മൂന്നും മറാഠ്‌വാഡയിലെ ആറും പശ്ചിമ മഹാരാഷ്ട്രയിലെ ഒന്നും മണ്ഡലങ്ങളിലേക്കാണു മഹാരാഷ്ട്രയിൽ രണ്ടാംഘട്ട വോട്ടെടുപ്പ്. കോണ്‍ഗ്രസ് നേതാക്കളായ അശോക് ചവാൻ(നാന്ദേഡ്), സുശീല്‍ കുമാൻ ഷിൻഡെ (സോലാപ്പുർ) എന്നിവർ ഉൾപ്പെടെ 179 സ്ഥാനാര്‍ഥികൾ ജനവിധി തേടുന്നു.

വോട്ടെടുപ്പ് നടക്കുന്ന മണ്ഡലങ്ങൾ (10):

അകോല, അമരാവതി, ബീഡ്, ബുൽധാന, ഹിംഗോലി, ലാത്തുർ, നാന്ദേഡ്, ഒസ്മാനാബാദ്, പർഭാനി, സോലാപുർ 

ഉത്തർപ്രദേശിൽ വോട്ടെടുപ്പിനെ നേരിടുന്നവരിൽ പ്രമുഖർ ബിജെപിയുടെ ഹേമമാലിനിയും കോണ്‍ഗ്രസിന്റെ രാജ് ബബ്ബാറുമാണ്. രണ്ടാം ഘട്ടത്തിൽ എട്ടു സീറ്റുകളിലേക്ക് ആകെ 85 സ്ഥാനാർഥികൾ മത്സരിക്കുന്നു. 2014ൽ ഈ എട്ടു സീറ്റുകളിലും വിജയം ബിജെപിക്കായിരുന്നു. 

വോട്ടെടുപ്പ് നടക്കുന്ന മണ്ഡലങ്ങൾ (8):

ആഗ്ര, അലിഗഢ്, അംറോഹ, ബുലന്ദ്ഷഹർ, ഫത്തേപുർ സിക്രി, ഹത്‌റാസ്, മഥുര, നാഗിന

ജമ്മു കശ്മീരിൽ ശ്രീനഗറിലും ഉദ്ദംപുറിലും നടക്കുന്ന വോട്ടെടുപ്പിനു വൻ സുരക്ഷയാണൊരുക്കിയിരിക്കുന്നത്. 2017ലെ ഉപതിരഞ്ഞെടുപ്പിനോടനുബന്ധിച്ചു നടന്ന അതിക്രമങ്ങളുടെ ചരിത്രമുള്ളതിനാൽ ശ്രീനഗറിലാണ് അതീവസുരക്ഷ. 2017ൽ 7.2% മാത്രമായിരുന്നു ഇവിടെ പോളിങ് രേഖപ്പെടുത്തിയത്. അന്നു നടന്ന അക്രമ സംഭവങ്ങളിൽ 9 പേർ മരിച്ചു, ഒട്ടേറെ പേർക്കു പരുക്കേറ്റു. ശ്രീനഗറിന്റെ ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ പോളിങ് ശതമാനവുമായിരുന്നു 2017ലേത്. വോട്ടർമാരെ ബൂത്തിലെത്തിക്കാൻ പ്രത്യേക ക്യാംപെയ്നുകൾ ഉൾപ്പെടെ ഇത്തവണ ജമ്മു കശ്മീരിൽ നടപ്പാക്കിയിരുന്നു. 

വോട്ടെടുപ്പ് നടക്കുന്ന മണ്ഡലങ്ങൾ (2): ശ്രീനഗർ, ഉദ്ദംപുർ

ബംഗാളിൽ മൂന്നിടങ്ങളിലേക്കാണു വോട്ടെടുപ്പ് നടക്കുന്നത്. മൂന്നു മണ്ഡലങ്ങളിലെയും 5390 ബൂത്തുകളിൽ 80 ശതമാനം പ്രദേശത്തും കേന്ദ്രസേനയെ വിന്യസിച്ചിരിക്കുകയാണ്. അത്രയേറെയുണ്ട് സുരക്ഷാഭീഷണി, പ്രത്യേകിച്ച് ഡാർജിലിങ്ങിൽ. ഒന്നാം ഘട്ടം വിന്യസിച്ചതിനേക്കാൾ 150% അധികമാണ് ഇത്തവണ.  തൃണമൂൽ കോൺഗ്രസ്, ബിജെപി, സിപിഎം, കോൺഗ്രസ് പാർട്ടികളാണ് ബംഗാളിൽ മത്സരത്തിനു മുൻനിരയിൽ. 

വോട്ടെടുപ്പ് നടക്കുന്ന മണ്ഡലങ്ങൾ (3):

ഡാർജിലിങ്, ജൽപായ്ഗുരി, റായ്ഗഞ്ച് 

ബിഹാറിൽ അഞ്ചു മണ്ഡലങ്ങളിലേക്കു നടക്കുന്ന വോട്ടെടുപ്പിൽ 68 സ്ഥാനാർഥികളാണു രംഗത്തുള്ളത്. ബിജെപി–ജെഡിയു സഖ്യവും കോൺഗ്രസ്–ആർജെഡി സഖ്യവുമാണ് ഇവിടെ പ്രധാന പോരാട്ടം. 

വോട്ടെടുപ്പ് നടക്കുന്ന മണ്ഡലങ്ങൾ (5):

ഭഗൽപുർ, ഭാംഗ, കിഷൻഗഞ്ച്, കട്ടിഹാർ, പുർണിയ

അസമിലെ എല്ലാ മണ്ഡലങ്ങളിലും  ബിജെപിക്കൊപ്പം അസം ഗണ പരിഷത് (എജിപി), ബോഡോലാന്‍ഡ് പീപ്പിൾസ് ഫ്രണ്ട്(ബിപിഎഫ്) പാർട്ടികൾ ചേർന്നു സഖ്യം രൂപീകരിച്ചിരിക്കുകയാണ്. കോൺഗ്രസ്–ഓൾ ഇന്ത്യ യുണൈറ്റഡ് ഡെമോക്രാറ്റിക് ഫ്രണ്ട്(എഐയുഡിഎഫ്) സഖ്യമാണ് മറുവശത്ത്. ഇന്ത്യ–ബംഗ്ലദേശ് അതിർത്തിയിലെ ഉൾപ്പെടെ മണ്ഡലങ്ങളിൽ കനത്ത സുരക്ഷയോടെ നടക്കുന്ന വോട്ടെടുപ്പിൽ 50 സ്ഥാനാർഥികൾ ജനവിധി തേടുന്നു.

വോട്ടെടുപ്പ് നടക്കുന്ന മണ്ഡലങ്ങൾ (5):

കരിംഗഞ്ച്, മംഗൾദോയ്, നൗഗോങ്, സിൽച്ചാർ, ഓട്ടണോമസ് ഡിസ്ട്രിക്ട് (ദിമ ഹസാവോ, കർബി അങ്‌ലോങ് ജില്ലകൾ) 

മണിപ്പൂരിലെ രണ്ടാമത്തെയും അവസാനത്തെയും മണ്ഡലമായ ഇന്നർ മണിപ്പൂരിൽ ഇന്നു വോട്ടെടുപ്പ് നടക്കുമ്പോൾ അത് ഇന്ത്യൻ തിരഞ്ഞെടുപ്പു ചരിത്രത്തിലെ നിർണായക അധ്യായമായിരിക്കും. മണ്ഡലത്തിലെ 1300 പോളിങ് സ്റ്റേഷനുകളിൽ 76 ഇടത്തും പൂർണമായും വനിതാ ഉദ്യോഗസ്ഥർക്കായിരിക്കും നിയന്ത്രണം. യൈസ്ഖുല്‍ നിയമസഭാ മണ്ഡലത്തിലെ 38 പോളിങ് സ്റ്റേഷനുകളിലും ഇതാദ്യമായി പോളിങ് ഓഫിസർമാരാകുന്ന വനിതകൾക്കാണു സമ്പൂർണ നിയന്ത്രണം. 

കോൺഗ്രസ് ശക്തികേന്ദ്രമായിരുന്ന ഇന്നർ മണിപ്പൂരിൽ ഇത്തവണ ബിജെപി ശക്തമായ വെല്ലുവിളി ഉയർത്തുന്നുണ്ട്. അതിനാൽത്തന്നെ മൂന്നു തവണ എംപിയായ തോക്ചോം മെയ്ന്യയെ മാറ്റി മുൻ ചീഫ് സെക്രട്ടറി ഒ.നബാകിഷോർ സിങ്ങിനെയാണ് കോൺഗ്രസ് സ്ഥാനാർഥിയാക്കിയിരിക്കുന്നത്. ബിജെപിയുടെ ആർ.കെ.രഞ്ജൻ സിങ്ങാണ് പ്രധാന എതിരാളി. സിപിഐയുടെ നാര സിങ്ങും മത്സരിക്കുന്നു.

വോട്ടെടുപ്പ് നടക്കുന്ന മണ്ഡലങ്ങൾ (1):

ഇന്നർ മണിപ്പുർ

പുതുച്ചേരിയിലെ ഒരു സീറ്റിൽ നാലു സ്ഥാനാർഥികളാണു പ്രധാനമായും ജനവിധി തേടുന്നത്–ഡോ.നാരായണസാമി കേശവന്‍ (ഓൾ ഇന്ത്യ എൻആർ കോൺഗ്രസ്), എ.ജി.പതിമരാജ് (ബിഎസ്പി), വി.ഇ.വൈത്തിലിംഗം(കോൺഗ്രസ്), കെ.അരുണാചലം (അഖില ഇന്ത്യ മക്കൾ കഴകം). ഓൾ ഇന്ത്യ എൻആർ കോൺഗ്രസിന്റെ ആർ.രാധാകൃഷ്ണനാണ് 2014ൽ ഇവിടെ ജയിച്ചത്. 

തമിഴ്നാട്ടിലെ 18, ഒഡീഷയിലെ 35 നിയമസഭാ മണ്ഡലങ്ങളിലേക്കും ഇന്നു വോട്ടെടുപ്പ് നടക്കുന്നുണ്ട്. ഏപ്രില്‍ 11, 18, 23, 29, മേയ് 6, 12, 19 എന്നിങ്ങനെ ഏഴു ഘട്ടങ്ങളിലായാണ് പതിനേഴാം ലോക്സഭാ തിരഞ്ഞെടുപ്പ്. മേയ് 23നാണു വോട്ടെണ്ണൽ.