പെൺകുട്ടിയെ ഏകദേശം എട്ടു ലക്ഷം രൂപയ്ക്ക് ഒരു ചൈനക്കാരന് വിൽക്കുകയായിരുന്നു. ലൈംഗിക അടിമകളായും വീടുകളിൽ വേലക്കാരായും കഠിനമായ തൊഴിലെടുപ്പിക്കുന്നയിടങ്ങളിലേക്കുമെല്ലാം ഉത്തര കൊറിയക്കാരെ എത്തിക്കുന്നതു പതിവാണ്. ജീവിക്കാൻ മറ്റു വഴികളൊന്നുമില്ലാത്തതിനാലും... North Korea Defectors Escape Story

പെൺകുട്ടിയെ ഏകദേശം എട്ടു ലക്ഷം രൂപയ്ക്ക് ഒരു ചൈനക്കാരന് വിൽക്കുകയായിരുന്നു. ലൈംഗിക അടിമകളായും വീടുകളിൽ വേലക്കാരായും കഠിനമായ തൊഴിലെടുപ്പിക്കുന്നയിടങ്ങളിലേക്കുമെല്ലാം ഉത്തര കൊറിയക്കാരെ എത്തിക്കുന്നതു പതിവാണ്. ജീവിക്കാൻ മറ്റു വഴികളൊന്നുമില്ലാത്തതിനാലും... North Korea Defectors Escape Story

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പെൺകുട്ടിയെ ഏകദേശം എട്ടു ലക്ഷം രൂപയ്ക്ക് ഒരു ചൈനക്കാരന് വിൽക്കുകയായിരുന്നു. ലൈംഗിക അടിമകളായും വീടുകളിൽ വേലക്കാരായും കഠിനമായ തൊഴിലെടുപ്പിക്കുന്നയിടങ്ങളിലേക്കുമെല്ലാം ഉത്തര കൊറിയക്കാരെ എത്തിക്കുന്നതു പതിവാണ്. ജീവിക്കാൻ മറ്റു വഴികളൊന്നുമില്ലാത്തതിനാലും... North Korea Defectors Escape Story

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചൈനീസ് അതിർത്തിയിലെ രഹസ്യ ഭൂഗർഭപാതകളും സുരക്ഷാകേന്ദ്രങ്ങളും ചൈന തകർക്കുന്നു– ഉത്തര കൊറിയയിലെ ഒരു വലിയ വിഭാഗത്തെ സംബന്ധിച്ചിടത്തോളം ഞെട്ടിക്കുന്നതെന്നല്ല അവരുടെ സ്വപ്നങ്ങളെല്ലാം തകർക്കുന്ന വാർത്തയായിരുന്നു അത്. ഇക്കഴിഞ്ഞ ഏപ്രിൽ വരെ ഉത്തര കൊറിയ–ചൈന അതിർത്തിയിൽ കാര്യമായ പ്രശ്നങ്ങളൊന്നുമുണ്ടായിരുന്നില്ല. പക്ഷേ ഏപ്രിലിൽ മാത്രം ചൈന പിടികൂടിയത് ഏഴു പേരെ. അതിൽ 10 വയസ്സുള്ള പെൺകുട്ടിയുമുണ്ടായിരുന്നു. അവരിപ്പോഴും ചൈനീസ് തടവറയിലുമാണ്. ഉത്തരകൊറിയൻ ഏകാധിപതി കിം ജോങ് ഉന്നിന്റെ അടിച്ചമർത്തൽ ഭരണത്തിൽ നിന്നു രക്ഷപ്പെട്ട് അതിര്‍ത്തി കടക്കുന്നവരെ നേരത്തേയും ചൈന പിടികൂടിയിട്ടുണ്ട്. എന്നാൽ തിരഞ്ഞു പിടിച്ച് അറസ്റ്റ് ചെയ്യുന്നത് ഇതാദ്യം. 

യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപുമായി കിം രണ്ടാമതും നടത്തിയ കൂടിക്കാഴ്ച പരാജയപ്പെട്ടതിന്റെ പിന്നാലെയായിരുന്നു ചൈനയുടെ ഈ നീക്കമെന്നതും ശ്രദ്ധേയമാണ്. ഫെബ്രുവരിയിലായിരുന്നു ട്രംപ്–കിം കൂടിക്കാഴ്ച. എന്നാൽ യുഎസ് വീണ്ടും ഉത്തര കൊറിയയ്ക്കു മേൽ ഉപരോധം ഏർപ്പെടുത്താൻ സാധ്യതയുണ്ടെന്നു മനസ്സിലായതോടെ കിം ചൈനയുടെ പക്ഷത്തേക്കു ചാഞ്ഞു. അങ്ങനെയാണ് 14 വർഷത്തിനു ശേഷം ഇതാദ്യമായി ഒരു ചൈനീസ് പ്രസിഡന്റ് ഉത്തര കൊറിയയിലെത്തുന്നത്. 2012ൽ അധികാരത്തിലെത്തിയതിനു ശേഷം ഷി ചിൻപിങ്ങിന്റെ ആദ്യ ഉത്തരകൊറിയൻ സന്ദർശനവും ഇക്കഴിഞ്ഞ 20–നായിരുന്നു. അതിനും ഏറെ മുൻപേ തന്നെ അതിർത്തിയിലെ ‘വേട്ടയും’ ചൈന ശക്തമാക്കി. 

കിം ജോങ് ഉൻ, ഡോണൾഡ് ട്രംപ്
ADVERTISEMENT

പലായനം ചെയ്യുന്ന ജനത

2.5 കോടി ജനസംഖ്യയുള്ള ഉത്തര കൊറിയയിൽ നിന്ന് ഓരോ വർഷവും എത്ര പേർ രക്ഷപ്പെട്ടോടുന്നുവെന്നതിന്റെ ഔദ്യോഗിക കണക്കുകൾ ഇതുവരെ പുറത്തു വന്നിട്ടില്ല. പക്ഷേ 1998 മുതൽ ഇതുവരെ ദക്ഷിണ കൊറിയയിലേക്ക് 32,000 ഉത്തര കൊറിയക്കാർ അഭയാർഥികളായെത്തിയിട്ടുണ്ട്. കഴിഞ്ഞ വർഷം മാത്രം 1137 ഉത്തര കൊറിയക്കാരാണ് ദക്ഷിണ കൊറിയയിലെത്തിയത്. അവരിൽ 85 ശതമാനവുമാകട്ടെ വനിതകളും. സാധാരണഗതിയിൽ ഇടനിലക്കാർക്കു പണം നൽകിയാണ് ഉത്തര കൊറിയയിൽ നിന്നു പലരും രക്ഷപ്പെടാറുള്ളത്. ഇത്തരത്തിൽ രക്ഷപ്പെടുന്നവർ തന്നെ പിന്നീട് ഇടനിലക്കാരായും മാറാറുണ്ട്. 

രക്ഷപ്പെടാനുള്ള സൗകര്യം ഒരുക്കുന്നതിനു മുന്നോടിയായി പണം വാങ്ങുന്ന ഇടനിലക്കാരുണ്ട്, ദക്ഷിണ കൊറിയയിൽ എത്തിയതിനു ശേഷം വാങ്ങുന്നവരുമുണ്ട്. മതസംഘടനകൾ പണം നൽകി ഉത്തര കൊറിയയിൽ നിന്നു കടത്തുന്ന അപൂർവം സംഭവങ്ങളുമുണ്ടായിട്ടുണ്ട്. ഉത്തരകൊറിയയിൽ നിന്നു രക്ഷപ്പെട്ടോടി വന്നവർ ഉൾപ്പെട്ട നോർത്ത് കൊറിയ റെഫ്യൂജീസ് ഹ്യൂമൻ റൈറ്റ്സ് അസോസിയേഷൻ ഓഫ് കൊറിയ പോലുള്ള മനുഷ്യാവകാശ സംഘടനകളും പലപ്പോഴും നിയമസഹായവും മറ്റും ഒരുക്കുന്നു. ഇവരും പലപ്പോഴും ഉത്തരകൊറിയക്കാരെ രക്ഷപ്പെടാൻ സഹായിക്കാറുണ്ട്. ഇടനിലക്കാർ വാങ്ങുന്നതിനേക്കാളും വളരെ കുറഞ്ഞ ചെലവ് മാത്രം ഈടാക്കിയാണിത്. 

രക്ഷപ്പെട്ടോടുന്ന വനിതകളിൽ മിക്കവരും മനുഷ്യക്കടത്തുകാരുടെ കയ്യിൽ പെടുന്നതും പതിവാണ്. ചൈനക്കാർക്കു ‘ഭാര്യമാരായി’ വിൽക്കാനായിട്ടാണു കൊണ്ടുപോകുന്നതെന്നു പോലും പലർക്കുമറിയാം. എന്നിട്ടും ദുരിതമാലോചിച്ച് ഉത്തര കൊറിയ വിടുകയാണ്. റസ്റ്ററന്റിലെ ജോലി വാഗ്ദാനം ചെയ്താണ് അടുത്തിടെ ഒരു യുവതിയെ ചൈനയിലെത്തിച്ചത്. എന്നാൽ അവിടെയെത്തിയപ്പോൾ 12,000 ഡോളറിന് (ഏകദേശം 8 ലക്ഷം രൂപ) ഒരു ചൈനക്കാരന് വിൽക്കുകയായിരുന്നു.

കിം ജോങ് ഉൻ
ADVERTISEMENT

ലൈംഗിക അടിമകളായും വീടുകളിൽ വേലക്കാരായും കഠിനമായ തൊഴിലെടുപ്പിക്കുന്നയിടങ്ങളിലേക്കുമെല്ലാം ഉത്തര കൊറിയക്കാരെ എത്തിക്കുന്നതു പതിവാണ്. ജീവിക്കാൻ മറ്റു വഴികളൊന്നുമില്ലാത്തതിനാലും തായ്‌ലൻഡിലേക്കുള്ള യാത്ര ജീവൻ പണയം വച്ചുള്ളതായതിനാലും കുറേ പേരെങ്കിലും ചൈനയിൽ തുടരുകയാണു പതിവ്. ചൈനയിലായാലും ഉത്തര കൊറിയയിലായാലും ലൈംഗിക അടിമത്തം എന്ന പേടിസ്വപ്നം യുവതികളുടെ തലയ്ക്കു മുകളിലെ വാളായി തൂങ്ങിയാടുന്നുണ്ടെന്നും മനുഷ്യാവകാശ പ്രവർത്തകർ പറയുന്നു. 

എളുപ്പവഴി, 4300 കി.മീ!

യഥാർഥ ഇടനിലക്കാരുടെ സഹായത്തോടെ എല്ലാം പദ്ധതിയിട്ടതു പോലെ നടന്നാൽ രക്ഷപ്പെട്ടോടിയവർ 10 ദിവസത്തിനകം തായ്‌ലൻഡിലെത്തും, അവിടത്തെ ചെറിയ ശിക്ഷയ്ക്കപ്പുറം ഒരു മാസത്തിനകം ദക്ഷിണ കൊറിയയിലും. എന്നാൽ ചൈനീസ് അതിർത്തി കടക്കുന്നതാണ് ഇതിലെ ഏറ്റവും വലിയ വെല്ലുവിളി. നേരത്തേ ഗോബി മരുഭൂമി കടന്നായിരുന്നു ഉത്തര കൊറിയക്കാർ രക്ഷപ്പെട്ടിരുന്നത്. മംഗോളിയയിലെ ദക്ഷിണ കൊറിയൻ എംബസിയിലെത്തിയാൽ രക്ഷപ്പെടാൻ എളുപ്പമായിരുന്നു. എന്നാൽ ആ പരമ്പരാഗത രക്ഷാറൂട്ട് 2010ൽ അടച്ചുപൂട്ടി. മംഗോളിയയും ഉത്തര കൊറിയയും തമ്മിലുള്ള നയതന്ത്രബന്ധം ശക്തമാക്കിയതിനു പിന്നാലെയായിരുന്നു അത്. പിന്നീടാണ് ചൈന, വിയറ്റ്നാം, ലാവോസ്, തായ്‌ലൻഡ് രാജ്യങ്ങൾ കടന്ന് ദക്ഷിണ കൊറിയയിലേക്കു കടക്കാനുള്ള പുതിയ ‘വഴി’ ഇടനിലക്കാർ ഒരുക്കിയത്.

ഒരു വേലിക്കെട്ടിനപ്പുറം ദക്ഷിണ കൊറിയയാണെങ്കിലും നിലവിൽ 4300 കി.മീ. ദൂരം താണ്ടണം ഉത്തര കൊറിയക്കാർക്ക് രക്ഷാതീരത്ത് എത്തണമെങ്കിൽ. ബസിലും ബൈക്കിലും ബോട്ടുകളിലും ടാക്സികളിലും കാൽനടയായും പർവതങ്ങൾ കടന്നുമുള്ള ഈ യാത്രയാണ് നിലവിൽ ദക്ഷിണ കൊറിയയിലേക്ക് എത്താനുള്ള ഏറ്റവും ‘എളുപ്പ’ വഴി. 2011 അവസാനം കിം ജോങ് ഉൻ അധികാരത്തിലെത്തുമ്പോള്‍ എല്ലാവരും കരുതിയിരുന്നത് ഉത്തര കൊറിയയെ കാത്തിരിക്കുന്നത് സമൃദ്ധിയുടെ നാളുകളാണെന്നായിരുന്നു. എന്നാൽ അന്ന് 27 വയസ്സുണ്ടായിരുന്ന കിം ആദ്യം ചെയ്തത് ചൈനീസ് അതിർത്തിയിലെ കാവൽ ശക്തമാക്കുകയായിരുന്നു. 

ഉത്തര കൊറിയൻ സൈനികർ. ചിത്രം: എഎഫ്‌പി
ADVERTISEMENT

‘അടിമകളുടെ’ വഴി

ഉത്തര കൊറിയയുമായി ശത്രുത ശക്തമാകുന്ന നേരങ്ങളിലെല്ലാം അതിർത്തിയിലെ സുരക്ഷ ചൈന കുറയ്ക്കും. അതുവഴി ഒട്ടേറെ പേർ രക്ഷപ്പെട്ടു പോയിട്ടുമുണ്ട്. ചൈനീസ് അതിർത്തിയിൽ തയാറാക്കിയിട്ടുള്ള രഹസ്യ ഭൂഗർഭപാതകളാണു രക്ഷപ്പെടാൻ പ്രധാനമായും സഹായിക്കുക. 1700കളിലെ അമേരിക്കൻ ആഭ്യന്തര യുദ്ധകാലത്ത് അടിമകൾ രക്ഷപ്പെടാൻ വേണ്ടി തയാറാക്കിയ അണ്ടർഗ്രൗണ്ട് റെയിൽറോഡുകളാണ് ഇക്കാര്യത്തില്‍ മാതൃക. ഈ പാതകൾ എങ്ങനെ പരസ്പരം ബന്ധപ്പെട്ടിരിക്കുന്നുവെന്നു പോലും ആർക്കും അറിയില്ല. അതിനാൽത്തന്നെ പിടിക്കപ്പെടുന്നവർക്ക് ഭൂഗര്‍ഭപാതയെപ്പറ്റി കൂടുതലൊന്നും പറയാനുമാകില്ല. ഈ രക്ഷാവഴിക്ക് അത്രയേറെ വിശ്വാസ്യതയുമായിരുന്നു. എന്നാൽ അതു പോലും തിരഞ്ഞു പിടിച്ചു കണ്ടെത്തി ചൈന  തകർക്കുകയാണെന്ന് മനുഷ്യാവകാശ സംഘടനയായ നൗ ആക്‌ഷൻ ആൻഡ് യൂണിറ്റി ഫോർ ഹ്യൂമൻ റൈറ്റ്സ് പറയുന്നു. 

20–30 പേർ വരെ ഇപ്പോൾ ഓരോ മാസവും അറസ്റ്റ് ചെയ്യപ്പെടുകയാണ്. രക്ഷപ്പെട്ടോടുന്നവരെ പാർപ്പിക്കാന്‍ നിർമിച്ചിരിക്കുന്ന അതിർത്തിയിലെ രഹസ്യസങ്കേതങ്ങളും തകർന്ന അവസ്ഥയിലാണിപ്പോൾ. നേരത്തേ ചില പ്രത്യേക കേന്ദ്രങ്ങളിൽ മാത്രമായിരുന്നു റെയ്ഡ്. ഇപ്പോഴാകട്ടെ അതിർത്തി മൊത്തം പരിശോധന ശക്തം. ചൈന ഉത്തര കൊറിയക്കാരെ അഭയാർഥികളായി കണക്കാക്കുന്നുമില്ല. രാജ്യത്തിന്റെ സാമ്പത്തിക ഭദ്രതയെ തകര്‍ക്കാനെത്തിയ കുടിയേറ്റക്കാരായാണു വിലയിരുത്തുന്നത്. അതിർത്തി ഉടമ്പടി നിലനിൽക്കുന്നതിനാൽ ചൈനയിലെ ശിക്ഷയ്ക്കപ്പുറം ഉത്തര കൊറിയയ്ക്കു കൈമാറും. സ്വന്തം രാജ്യത്ത് അവരെ കാത്തിരിക്കുന്നതാകട്ടെ അതിക്രൂര മർദനവും ലൈംഗിക പീഡനവും തടവും നിർബന്ധിത തൊഴിലെടുപ്പിക്കലും. ചിലരെ തൂക്കിക്കൊന്ന സംഭവങ്ങളുമുണ്ട്. പക്ഷേ ഉത്തരകൊറിയൻ ഉരുക്കുമതിലുകൾ കടന്ന് ഇവയൊന്നും പുറത്തേക്കു വരാറില്ലെന്നു മാത്രം. 

കിം ജോങ് ഉൻ (ഫയൽ ചിത്രം)

ഉത്തര കൊറിയയിൽ നിന്നു രക്ഷപ്പെട്ടവർ തിരികെ രാജ്യത്തിലെ ബന്ധുക്കൾക്ക് പണം അയയ്ക്കുന്നതും ഇപ്പോൾ കിം തടഞ്ഞിരിക്കുകയാണ്. എന്നാൽ ആഭ്യന്തര വിപണിലെ താങ്ങിനിർത്തുന്ന അപൂർവം ഘടകങ്ങളിലൊന്നാണ് അതെന്നത് കിം മറന്നു. പ്രധാനമായും പുറത്തു നിന്നെത്തിക്കുന്ന ഡിവിഡി, പെൻഡ്രൈവ് എന്നിവയിലൂടെയും വിദേശ റേഡിയോ ചാനലുകളിലൂടെയുമാണ് രാജ്യാന്തര വാർത്തകൾ ഉത്തര കൊറിയക്കാർ അറിയുന്നത്. യുഎസുമായുള്ള ചർച്ച പരാജയപ്പെട്ടതിന്റെ വിവരം പരമാവധി രഹസ്യമാക്കി വച്ചെങ്കിലും അക്കാര്യം രാജ്യത്തു ചർച്ചയായതും അസ്വസ്ഥത വളർന്നതും ഇവ്വിധമായിരുന്നു. സംഭവത്തിനു പിന്നാലെ ഉത്തരകൊറിയയിലെ സ്ഥിതി പിന്നെയും വഷളായിരിക്കുകയാണെന്നാണ് റിപ്പോർട്ടുകള്‍. ജനജീവിതം അത്രയേറെ ദുഃസ്സഹമായിരിക്കുന്നു. 

രാജ്യത്തു നിന്നു രക്ഷപ്പെടാൻ ആഗ്രഹിക്കുന്നവർ ഇപ്പോൾ ഏറെയുണ്ടെങ്കിലും അതിർത്തിയിലെ പട്രോളിങ് ശക്തമാക്കിയും കൂടുതല്‍ ക്യാമറകൾ സ്ഥാപിച്ചും വേലികെട്ടിയും ഉത്തര കൊറിയയും ചൈനയും ഒരുപോലെ സുരക്ഷ ശക്തമാക്കിയിരിക്കുകയാണ്. ഈ വേലിക്കെട്ടുകൾ കടന്ന് സുരക്ഷാതീരത്തെത്തിയ ഒരു സംഘം ഉത്തരകൊറിയക്കാരെ അടുത്തിടെ ‘വാഷിങ്ടൻ പോസ്റ്റ്’ ലേഖകർ കണ്ടു. രക്ഷപ്പെടാൻ ഇടനിലക്കാർ പുതുതായി തയാറാക്കിയിരിക്കുന്ന 4300 കി.മീ. ദൂരത്തിലെ ദുരിതയാത്രയെപ്പറ്റി ലോകം അറിഞ്ഞതും ആ റിപ്പോർട്ടിലൂടെയായിരുന്നു. മെക്കോങ് നദിയിലെ കുത്തൊഴുക്കും കടന്ന് തായ്‌ലൻഡിലെത്തിയ 11 ഉത്തര കൊറിയക്കാരുമായി സംസാരിച്ചാണ് ‘വാഷിങ്ടൻ പോസ്റ്റ്’ ലേഖകർ റിപ്പോർട്ട് തയാറാക്കിയത്. 

തിരികെ പോയാൽ മരണം

ചൈനയ്ക്കൊപ്പം വിയറ്റ്നാമും ലാവോസും ഉത്തരകൊറിയൻ അഭയാർഥികളെ കണ്ടെത്തിയാൽ തിരികെ അയയ്ക്കുന്നതാണു പതിവ്. എന്നാല്‍ എല്ലാ പ്രതിബദ്ധങ്ങളും കടന്ന് തായ്‌ലൻഡിലെത്തിയാൽ രക്ഷപ്പെട്ടു. തായ്‌ ഭരണകൂടം ഇവർക്കു കാര്യമായ ശിക്ഷ നൽകാറില്ല. ഇമിഗ്രേഷൻ നിയമലംഘനത്തിന്റെ ചെറിയൊരു കുറ്റം രേഖപ്പെടുത്തിയ ശേഷം ബാങ്കോക്കിലുള്ള ദക്ഷിണ കൊറിയ എംബസിയിൽ വിവരമറിയിക്കും. അവിടെ നിന്ന് സുരക്ഷിതമായി അവർ ദക്ഷിണ കൊറിയയിലേക്ക് കടക്കുകയും ചെയ്യും. 

ഷി ചിൻപിങ്

‘വാഷിങ്ടൻ പോസ്റ്റ്’ ലേഖകർ കണ്ട ഉത്തര കൊറിയൻ സംഘം ബോട്ടിലാണു ചൈനയിലെത്തിയത്. അതിർത്തിയിൽ നിന്ന് അവരെ കാറിൽ ഒരു വീട്ടിലെത്തിച്ചു. അവിടെ രഹസ്യമായി മൂന്നു ദിവസം താമസിച്ചു. പിന്നീട് സാഹചര്യങ്ങൾ ഒത്തുവന്നപ്പോൾ വിയറ്റ്നാമിലേക്കു നീങ്ങി. നേരത്തേ ചൈനയിൽ നിന്നു നേരിട്ടു ലാവോസിലേക്കു കടക്കാമായിരുന്നു. എന്നാല്‍ ലാവോസ്–ചൈന അതിർത്തിയിൽ കാവൽ ശക്തമാക്കിയതാണു പുതിയ റൂട്ടിലേക്കു മാറാൻ കാരണമായത്. ഒരേ സംഘത്തിൽപ്പെട്ടവർ ബസിൽ തികച്ചും അപരിചിതരെപ്പോലെയിരുന്ന് ഉറങ്ങിയായിരുന്നു യാത്ര തുടർന്നത്. ഇതിനിടെ ഏതെല്ലാം ചൈനീസ് ചെക്ക് പോയിന്റുകളിൽ തിരച്ചിലുണ്ടെന്ന് കൃത്യമായി മനസ്സിലാക്കാൻ ഒരു വിഭാഗത്തെ നിയോഗിച്ചിട്ടുണ്ടായിരുന്നു. അതനുസരിച്ച് ചിലയിടങ്ങളിൽ മണിക്കൂറുകളോളം കാത്തു നിന്നായിരുന്നു യാത്ര. 

പിടിക്കപ്പെടാതിരിക്കാൻ ചൈനയിലെ പ്രാദേശിക രാഷ്ട്രീയക്കാരെയും മറ്റ് ഉദ്യോഗസ്ഥരെയും സ്വാധീനിക്കുന്നതും പതിവാണ്. ഉത്തര കൊറിയക്കാരിൽ ഭൂരിപക്ഷവും പാതിവഴിയിൽ പിടിക്കപ്പെടുന്ന ഭയത്താൽ നേരത്തേത്തന്നെ ചൈനീസ് ഭാഷ പഠിക്കുന്നത് പതിവാണ്. കാഴ്ചയിലും സാമ്യമുള്ളതിനാൽ മിക്കപ്പോഴും വഴിയിൽ കാര്യമായ പരിശോധന നേരിടേണ്ടി വരാറില്ല. എന്നാൽ എപ്പോഴെങ്കിലും പിടിക്കപ്പെട്ടാൽ തിരികെ ഉത്തര കൊറിയയിലേക്കു പോകുന്നതിനു മുൻപ് സ്വയം ജീവനൊടുക്കാനുള്ള തീരുമാനമെടുത്തിരുന്നെന്നും അഭയാർഥികൾ പറയുന്നു. 

മുൻപേ പോകുന്ന ഗൈഡിന്റെ ശരീരചലനങ്ങൾ അനുസരിച്ചായിരിക്കും ചൈന–വിയറ്റ്നാം അതിർത്തിയിലെ ഓരോ നീക്കവും. അയാൾ നൽകുന്ന ആംഗ്യം അനുസരിച്ചാണ് ഓട്ടവും ഒളിക്കലുമെല്ലാം. ചൈനീസ് അതിർത്തി കടന്ന് വിയറ്റ്നാമിലെത്തി പിന്നീട് ലാവോസ് അതിർത്തിയിലൂടെയുള്ള യാത്രയാണ് ഏറ്റവും ദുഷ്കരം. കൊടുംമഴയിൽ മലനിരകളും പാറക്കെട്ടുകളും കടന്നായിരുന്നു യാത്ര. എന്തെങ്കിലും പ്രശ്നം വന്നാൽ ഉടൻ യാത്രാവഴി മാറ്റും. അനിശ്ചിതത്വങ്ങളുടെ ഈ പലായനത്തിനിടെ രോഗം ബാധിച്ചാൽ ജീവൻ പോലും അപകടത്തിലാകും. കുട്ടികൾക്കും വയസ്സായവർക്കും അംഗവൈകല്യം സംഭവിച്ചവർക്കുമാണ് യാത്ര ഏറെ ദുരിതമാവുക. ചില നേരങ്ങളിൽ കുട്ടികൾക്ക് ഉറക്കഗുളിക കൊടുത്തു മയക്കിക്കെടുത്തിയായിരിക്കും അമ്മമാരുടെ യാത്ര. 

ഉത്തര കൊറിയയിൽ നിന്നു രക്ഷപ്പെട്ടു ദക്ഷിണ കൊറിയയിലെത്തിയവർ സോളിലെ ചൈനീസ് എംബസിക്കു മുന്നിൽ പ്രതിഷേധവുമായെത്തിയപ്പോൾ (ഫയൽ ചിത്രം)

രാത്രിയിരുട്ടിൽ മൂന്നു പേർ ടോർച്ചടിച്ചു മുന്നിൽ നടക്കും. മഴയത്ത് ഏതുനിമിഷവും വഴുതിവീഴാവുന്ന വഴിത്താരകളിലൂടെ ജീവനും കയ്യിൽപ്പിടിച്ചുള്ള യാത്ര. പേടികൊണ്ടു മരിച്ചു പോകുമെന്നു പോലും തോന്നിയെന്നാണ് ഒരാൾ പറഞ്ഞത്. രാത്രിയുടെ മറവിൽ രണ്ടു മലകൾ കടന്നാണ് ലാവോസിലെത്തിയത്. അവിടെ കാർ കാത്തുകിടപ്പുണ്ടായിരുന്നു. പക്ഷേ രാത്രിയായാലേ വീണ്ടും യാത്ര തുടരാനാകൂ. നാലു മണിക്കൂർ യാത്രയ്ക്കപ്പുറം മെക്കോങ് നദിയാണ്. അതു കടന്നാൽ രക്ഷാതീരമായ തായ്‌ലൻഡും. ഒരു വിധം നദീതീരത്തെത്തി. നദി കടക്കാൻ സൗകര്യങ്ങളുള്ള ബോട്ടാണ് ഒരുക്കിയിരുന്നതെങ്കിലും കനത്ത മഴയെത്തുടർന്ന് കുത്തൊഴുക്കായിരുന്നു. അതിൽപ്പെട്ട് നിയന്ത്രണം വിട്ട ബോട്ട് ചെന്നടിഞ്ഞത് ഇറങ്ങാൻ വിചാരിച്ചതിനും 32 കിലോമീറ്റർ അപ്പുറത്ത്. അപ്പോൾ പക്ഷേ ആർക്കും പേടിയൊന്നും തോന്നിയില്ലെന്നതാണു സത്യം. ‘സുരക്ഷാ തീരത്ത് എത്തിയതിന്റെ ആശ്വാസത്തിൽ നദിക്കരയിലിരുന്ന് ഒരു സിഗററ്റ് കത്തിച്ചു’ എന്നായിരുന്നു കൂട്ടത്തിലൊരാൾ പറഞ്ഞത്. 

തായ് ഭാഷ അറിയാതെ പെട്ടുപോകുമെന്നു കരുതിയെങ്കിലും ഒടുവില്‍ അവരെ ഇടനിലക്കാരൻ തന്നെ കണ്ടെത്തി. കൂട്ടത്തിലൊരാളുടെ കയ്യിലുണ്ടായിരുന്ന ചൈനീസ് ഫോണാണ് രക്ഷയായത്. വൈകാതെ സമീപത്തെ ഹോട്ടലിലെത്തി. ചൂടുവെള്ളത്തിലൊരു കുളി. നല്ല വസ്ത്രങ്ങളും അവരെ കാത്ത് അവിടെയുണ്ടായിരുന്നു. അന്നു രാത്രി ഉഗ്രൻ ഭക്ഷണവുമായി ആഘോഷവും. പിറ്റേന്ന് പൊലീസിൽ കീഴടങ്ങാൻ പോകുന്നതിനു മുന്നോടിയായിട്ടാണിതെന്നും ഓർക്കണം. പക്ഷേ കിം ജോങ് ഉന്നിന്റെ ഭരണകൂടത്തിനു കീഴിൽ നരകയാതന അനുഭവിച്ച് പട്ടിണി കിടന്നും ഭയന്നും ജീവിക്കുന്നതിനേക്കാളും ഭേദമാണ് ആ ചെറിയ ജയിൽ ശിക്ഷയെന്നും അതിനുമപ്പുറം ദക്ഷിണ കൊറിയയുടെ കൈകളിൽ തങ്ങൾ സുരക്ഷിതരാണെന്നും ആ അഭയാർഥികൾക്ക് ഉറപ്പുണ്ടായിരുന്നു...