പാലാ ഉപതിരഞ്ഞെടുപ്പിന്റെ കലാശക്കൊട്ട് അവസാനഘട്ടത്തിലേക്ക് ആവേശം കൊള്ളുന്ന സമയം; അണികളുടെ വൻനിരയിലൂടെയും ആഘോഷങ്ങളിലൂടെയും ശ്രദ്ധേയമായിരുന്നു എൽഡിഎഫിന്റെയും എൻഡിഎയുടെയും പ്രകടനം. എന്നാൽ പാലാ... Pala Byelection Results Infographics

പാലാ ഉപതിരഞ്ഞെടുപ്പിന്റെ കലാശക്കൊട്ട് അവസാനഘട്ടത്തിലേക്ക് ആവേശം കൊള്ളുന്ന സമയം; അണികളുടെ വൻനിരയിലൂടെയും ആഘോഷങ്ങളിലൂടെയും ശ്രദ്ധേയമായിരുന്നു എൽഡിഎഫിന്റെയും എൻഡിഎയുടെയും പ്രകടനം. എന്നാൽ പാലാ... Pala Byelection Results Infographics

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പാലാ ഉപതിരഞ്ഞെടുപ്പിന്റെ കലാശക്കൊട്ട് അവസാനഘട്ടത്തിലേക്ക് ആവേശം കൊള്ളുന്ന സമയം; അണികളുടെ വൻനിരയിലൂടെയും ആഘോഷങ്ങളിലൂടെയും ശ്രദ്ധേയമായിരുന്നു എൽഡിഎഫിന്റെയും എൻഡിഎയുടെയും പ്രകടനം. എന്നാൽ പാലാ... Pala Byelection Results Infographics

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോട്ടയം∙ പാലാ ഉപതിരഞ്ഞെടുപ്പിന്റെ കലാശക്കൊട്ട് അവസാനഘട്ടത്തിലേക്ക് ആവേശം കൊള്ളുന്ന സമയം; അണികളുടെ വൻനിരയിലൂടെയും ആഘോഷങ്ങളിലൂടെയും ശ്രദ്ധേയമായിരുന്നു എൽഡിഎഫിന്റെയും എൻഡിഎയുടെയും പ്രകടനം. എന്നാൽ പാലാ കുരിശുപള്ളിക്കു സമീപം ചേർന്ന യുഡിഎഫിന്റെ ആഘോഷത്തിൽ ആളൽപം കുറവായിരുന്നില്ലേയെന്നായിരുന്നു പലരുടെയും സംശയം.

പന്തലിനു മുന്നിലെ കസേരകൾ പോലും ഒഴിഞ്ഞു കിടക്കുന്നു. എന്തുകൊണ്ടാണിങ്ങനെയെന്ന സ്വാഭാവിക സംശയം അണികളിലൊരാളോടു മാധ്യമപ്രവർത്തകർ ചോദിച്ചു. കേരള കോൺഗ്രസിന്റെ ശക്തി ഗ്രാമപ്രദേശങ്ങളിലെ വീടുകൾക്കുള്ളിലാണെന്നും അവർ ഇപ്പോഴല്ല വോട്ടെടുപ്പ് ദിവസം കൃത്യമായി പുറത്തിറങ്ങുമെന്നുമായിരുന്നു മറുപടി. മണ്ഡലത്തിലെ 12 ഗ്രാമപഞ്ചായത്തുകളിലെ വോട്ടിൽ കണ്ണുനട്ടായിരുന്നു ആ വാക്കുകൾ. പാലാ നഗരസഭയിലാകട്ടെ 2016ൽ കെ.എം.മാണി സമ്മാനിച്ച 1192 വോട്ടിന്റെ ഭൂരിപക്ഷം നൽകിയ ബലവുമുണ്ട്. 

ADVERTISEMENT

എന്നാൽ ഉപതിരഞ്ഞെടുപ്പിൽ വോട്ടെണ്ണിത്തീർന്നപ്പോൾ യുഡിഎഫിന്റെ ഉറച്ച കോട്ടകളെന്നു വിശ്വസിച്ചവയിൽ 9 ഗ്രാമപഞ്ചായത്തുകളും പാലാ നഗരസഭയും എൽഡിഎഫിനൊപ്പം നിന്നു. യുഡിഎഫിന് ആകെ ലഭിച്ചത് മൂന്ന് ഗ്രാമപഞ്ചായത്തുകൾ– മുത്തോലി, മീനച്ചിൽ, കൊഴുവനാൽ.  മീനച്ചിൽ പഞ്ചായത്തിലൊഴികെ ബാക്കിയെല്ലായിടത്തും 2016 നിയമസഭാ തിരഞ്ഞെടുപ്പിൽ ലഭിച്ചതിനേക്കാൾ വോട്ട് കുറവാണ് യുഡിഎഫ് സ്ഥാനാര്‍ഥി ജോസ് ടോമിന്. എൽഡിഎഫ് സ്ഥാനാർഥി മാണി സി.കാപ്പനാകട്ടെ 2016ലെ വോട്ട് പല പഞ്ചായത്തുകളിലും കൃത്യമായി നിലനിർത്തി. ചിലയിടത്ത് നേരിയ ലീഡ് സ്വന്തമാക്കുകയും ചെയ്തു. അതോടെ 2016ലേക്കാൾ 44 വോട്ട് കുറഞ്ഞിട്ടും ജയം മാണി സി.കാപ്പനൊപ്പം നിന്നു. 

എൻഡിഎ സ്ഥാനാർഥി എൻ.ഹരിയാകട്ടെ എല്ലാ പഞ്ചായത്തുകളിലും പാലാ നഗരസഭയിലും 2016നേക്കാൾ കുറവ് വോട്ടാണു നേടിയത്. സ്വതന്ത്രരിൽ രണ്ടു പേർ, അഡ്വ.സി.ജെ.ഫിലിപും മജു പുത്തൻകണ്ടവും, ആയിരത്തിനു മുകളില്‍ വോട്ട് നേടിയതും യുഡിഎഫിനു തിരിച്ചടിയായി. മേലുകാവിൽ യുഡിഎഫിനു തിരിച്ചടിയാകുമെന്നു പ്രതീക്ഷിച്ചിരുന്ന സ്ഥാനാർഥിയായിരുന്നു സിഎസ്ഐ സഭാംഗം കൂടിയായ ഫിലിപ്. കേരള ജനകീയ മുന്നണി‌യുടെ പേരിൽ മത്സരിച്ച ഫിലിപ്പിന് സിഎസ്ഐ വിഭാഗക്കാരുടെ കൂട്ടായ്മയായ മല അരയ സംരക്ഷണ സമിതിയും മല അരയ ക്രിസ്ത്യൻ ഫെഡറേഷനും പിന്തുണ അറിയിച്ചിരുന്നു. ആ വോട്ടുകൾ ചോർന്നതാണ് യുഡിഎഫിനു തിരിച്ചടിയായതെന്നും കണക്കുകളില്‍ നിന്നു വ്യക്തം. 

ADVERTISEMENT

മേലുകാവ് സ്വദേശി കൂടിയായ ഫിലിപ്പിനു ലഭിച്ച 1085 വോട്ടിൽ 960ലേറെയും മേലുകാവ്, മൂന്നിലവ് പഞ്ചായത്തുകളിൽ നിന്നായിരുന്നു. രണ്ട് പഞ്ചായത്തുകളിലും 2016ൽ കെ.എം.മാണിക്കു വ്യക്തമായ ലീഡുണ്ടായിരുന്നു. എന്നാൽ ഇത്തവണ രണ്ടിടത്തും മുന്നിലെത്തിയത് എൽഡിഎഫായിരുന്നു. മേലുകാവിലും മൂന്നിലവിലും 531 വോട്ടിനായിരുന്നു മാണി സി.കാപ്പൻ മുന്നിലെത്തിയത്. രണ്ടിടത്തും യുഡിഎഫ് 2016ലേതിനേക്കാൾ ഏറെ പിന്നിലാവുകയും ചെയ്തു. 

മേലുകാവിൽ യുഡിഎഫ് പിന്നിലാകുന്നതിന് ക്വാറി വിരുദ്ധ സമര സമിതിയുടെ പേരില്‍ സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിച്ച മജു പുത്തൻകണ്ടവും കാരണക്കാരനായിട്ടുണ്ട്. കടനാട് ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്റ് കൂടിയായ മജുവിനു ലഭിച്ച 1012 വോട്ടിൽ ഭൂരിപക്ഷവും ഭരണങ്ങാനം, കടനാട്, മേലുകാവ് എന്നിവിടങ്ങളിൽ നിന്നായിരുന്നു. കടവനാടും ഭരണങ്ങാനത്തും 2016നേക്കാൾ കൂടുതൽ വോട്ടു നേടി എല്‍ഡിഎഫ് മുന്നേറിയപ്പോൾ യുഡിഎഫ് കുത്തനെ താഴേക്കു വീഴുകയായിരുന്നു. 

ADVERTISEMENT

പാലായിൽ 2016ൽ ലഭിച്ച വോട്ടുകളെല്ലാം ഇത്തവണ എവിടേക്കു പോയെന്ന ചോദ്യത്തിനുള്ള മറുപടി ബിജെപി ജില്ലാ നേതൃത്വത്തിനു കണ്ടെത്തേണ്ടതും അനിവാര്യമായിരിക്കുകയാണ്. ഒരു പഞ്ചായത്തില്‍ പോലും മുന്‍വർഷത്തേക്കാൾ നില മെച്ചപ്പെടുത്താൻ ബിജെപിക്ക് കഴിഞ്ഞില്ല. 2016ൽ പാർട്ടി 24,821 വോട്ട് നേടിയപ്പോൾ ഇത്തവണ അത് 18,044 ആയാണു കുറഞ്ഞിരിക്കുന്നത്.

കൈവിട്ടുപോയ വോട്ടിനെച്ചൊല്ലി കേരള കോൺഗ്രസിലും തർക്കം തുടങ്ങിക്കഴിഞ്ഞു. വോട്ടു കൊഴിഞ്ഞുപോക്കിന് ആരാണുത്തരവാദി എന്നതിനു മറുപടി നൽകാൻ പക്ഷേ പാർട്ടി നേതൃത്വം പോലും തയാറെടുത്തിരുന്നില്ലെന്നതാണു സത്യം. അത്രയേറെ ആത്മവിശ്വാസത്തോടെയായിരുന്നു വോട്ടെണ്ണൽ ആരംഭിക്കുന്നതു വരെ ജോസ് ടോമും മറ്റ് യുഡിഎഫ് നേതാക്കളും. 

പാലായിലെ കലാശക്കൊട്ടിനിടെ കൈതച്ചക്ക ചിഹ്നത്തിന്റെ മാതൃകയുമായി യുഡിഎഫ് പ്രവർത്തകർ (ഫയൽ ചിത്രം)

പാലായിലെ കലാശക്കൊട്ടിനിടെ ജോസ് ടോമിന്റെ ചിഹ്നമായ കൈതച്ചക്കയുടെ വലിയൊരു മാതൃക പ്രവർത്തകർ ഉയർത്തിക്കാട്ടിയിരുന്നു. ഇടയ്ക്കെപ്പോഴോ അതിന്റെ തലഭാഗം വിട്ടു മാറി. ഇതിന്റെ ചിത്രം പകർത്താൻ ഫൊട്ടോഗ്രാഫർമാർ ശ്രമിക്കുന്നതിനിടെ അണികളുടെ കമന്റിങ്ങനെയായിരുന്നു: ചിഹ്നത്തിന്റെ തലവിട്ടു പോയെങ്കിലും പാർട്ടിയുടെ ‘തല’വിട്ടുപോകുമെന്ന് ആരും കരുതേണ്ട എന്നായിരുന്നു അത്. പാർട്ടി തലപ്പത്തെ തര്‍ക്കങ്ങൾ വരുംനാളുകളില്‍ കൊടുമ്പിരിക്കൊള്ളുമെന്ന് ഉറപ്പായതോടെ പാലാ ഉപതിരഞ്ഞെടുപ്പിലെ വോട്ടെണ്ണത്തിന്റെ പേരിൽ നേതാക്കൾ ‘കണക്ക്’ പറയേണ്ടി വരുമെന്നതും ഉറപ്പ്.

English Summary: Pala Byelection Results Panchayath and Municipality wise vote share analysis in graphics