കിച്ചു എന്ന വിളിയോടെ കൃപേഷിന്റെ സുഹൃത്തുക്കള്‍ കരഞ്ഞു തളര്‍ന്നിരിക്കുന്നു. പുറത്തേയ്ക്കിറങ്ങുമ്പോള്‍ വിനോദ് തിരക്കിട്ട് വന്ന് പറഞ്ഞു രണ്ടാമത്തെയാളും മരിച്ചു. മംഗളൂരുവിലെ ആശുപത്രിയിലേയ്ക്കുള്ള യാത്രയ്ക്കിടെയാണ് ശരത്‌ലാല്‍ മരിച്ചത്. ആശുപത്രി പരിസരം നിമിഷനേരം കൊണ്ടു...Kallot Kripesh Sarathlal Death, Manorama News

കിച്ചു എന്ന വിളിയോടെ കൃപേഷിന്റെ സുഹൃത്തുക്കള്‍ കരഞ്ഞു തളര്‍ന്നിരിക്കുന്നു. പുറത്തേയ്ക്കിറങ്ങുമ്പോള്‍ വിനോദ് തിരക്കിട്ട് വന്ന് പറഞ്ഞു രണ്ടാമത്തെയാളും മരിച്ചു. മംഗളൂരുവിലെ ആശുപത്രിയിലേയ്ക്കുള്ള യാത്രയ്ക്കിടെയാണ് ശരത്‌ലാല്‍ മരിച്ചത്. ആശുപത്രി പരിസരം നിമിഷനേരം കൊണ്ടു...Kallot Kripesh Sarathlal Death, Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കിച്ചു എന്ന വിളിയോടെ കൃപേഷിന്റെ സുഹൃത്തുക്കള്‍ കരഞ്ഞു തളര്‍ന്നിരിക്കുന്നു. പുറത്തേയ്ക്കിറങ്ങുമ്പോള്‍ വിനോദ് തിരക്കിട്ട് വന്ന് പറഞ്ഞു രണ്ടാമത്തെയാളും മരിച്ചു. മംഗളൂരുവിലെ ആശുപത്രിയിലേയ്ക്കുള്ള യാത്രയ്ക്കിടെയാണ് ശരത്‌ലാല്‍ മരിച്ചത്. ആശുപത്രി പരിസരം നിമിഷനേരം കൊണ്ടു...Kallot Kripesh Sarathlal Death, Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഫെബ്രുവരി–17–2019. വാര്‍ത്തകളുടെ തിരക്കൊഴിഞ്ഞ ഒരു ഞായര്‍ ആയിരുന്നു. കാസര്‍കോട് നഗരം പതിവുപോലെ അവധിയുടെ ആലസ്യത്തില്‍. ബ്യൂറോയിലെ ജോലികള്‍ പൂര്‍ത്തിയാക്കി വൈകിട്ട് ആറരയോടെ ഞാന്‍ വീട്ടിലേക്കു തിരിച്ചു. ക്യാമറാമാന്‍ ഷാന്‍ ഓഫിസിലുണ്ട്. രാത്രി ഏഴുമണിയോടെ ഭാര്യയ്ക്കൊപ്പം പുറത്ത് നിന്നു ഭക്ഷണം കഴിക്കാന്‍ ഫ്ലാറ്റില്‍ നിന്ന് ഇറങ്ങി. അപ്പോഴാണ് ആ ഫോൺ കോൾ എത്തിയത്. പെരിയയിലെ ഒരു സുഹൃത്താണ്. കല്ല്യോട്ട് രണ്ടുപേര്‍ക്ക് വെട്ടേറ്റിട്ടുണ്ട് എന്നായിരുന്നു ആ സംഭാഷണത്തിന്റെ ഉള്ളടക്കം. കൂടുതല്‍ വിവരങ്ങള്‍ പറയാന്‍ അദ്ദേഹത്തിന് കഴിഞ്ഞില്ല.

കാസര്‍കോട് ബ്യൂറോയിലെ രണ്ടുവര്‍ഷത്തെ ഔദ്യോഗിക ജീവിതത്തിനിടെ ഇങ്ങനെയൊരു സംഭവം ഇതാദ്യമാണ്. ജില്ലയുടെ മലയോരമേഖലയുടെ കവാടമായ പെരിയ പൊതുവെ ശാന്തമായ ഒരു സ്ഥലമാണ്. കല്ല്യോട്ട് എന്ന ഗ്രാമവും അതുപോലെ തന്നെ. അവിടെ  ഇങ്ങനെയൊരു സംഭവം. ആദ്യം ഉള്‍ക്കൊള്ളാനായില്ല. ഉടന്‍ തന്നെ ബേക്കല്‍ എസ്ഐയും സുഹൃത്തുമായ വിനോദ്കുമാറിനെ വിളിച്ചു. കാസര്‍കോട് ജോലിയാരംഭിച്ചത് മുതലുള്ള പരിചയമാണ് വിനോദുമായി. ഫോണ്‍ എടുത്തപ്പോള്‍ത്തന്നെ‌ അദ്ദേഹം പറഞ്ഞു, കല്ല്യോട്ട് രണ്ടുപേര്‍ക്ക് വെട്ടേറ്റു, ഒരാള്‍ മരിച്ചു, അയാളുടെ ബോഡിയുമായി ഞാന്‍ ഉടന്‍ ജനറല്‍ ആശുപത്രിയിലെത്തും.

ADVERTISEMENT

ജില്ലാ പൊലീസ് മേധാവിയായിരുന്ന ഡോ. എ. ശ്രീനിവാസിനെ വിളിച്ചു. അദ്ദേഹവും വിവരങ്ങള്‍ നല്‍കി. കല്ല്യോട്ടെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷും ശരത് ലാലുമാണ് ആക്രമണത്തിന് ഇരയായത്. സംഭവത്തിനു പിന്നില്‍ ആരാണെന്ന് വ്യക്തമല്ലെന്നും അദ്ദേഹം പറഞ്ഞു. ഉടന്‍ തന്നെ ന്യൂസ് ഡെസ്ക്കില്‍ വിളിച്ച് ബ്രേക്ക് ന്യൂസ് നല്‍കി. സഹപ്രവര്‍ത്തകരായ സിറിള്‍ ജോസഫും, പി.എസ്. ബിജിത്തുമായിരുന്നു ന്യൂസ് ഡെസ്ക്കില്‍. അങ്ങനെ കേരളത്തെ പിടിച്ചുലച്ച രാഷ്ട്രീയ അക്രമത്തിന്റെ വാര്‍ത്ത മനോരമ ന്യൂസിലൂടെ ലോകമറിഞ്ഞു.

ഭാര്യയെ വീട്ടിലാക്കി വേഷം പോലും മാറാതെ ഞാന്‍ ബ്യൂറോയിലേക്കു കുതിച്ചു. ഇതിനിടെ ഷാനിനോട് ക്യാമറയുമായി തയ്യാറായി നില്‍ക്കാന്‍ പറഞ്ഞു. അനുഭവപരിചയം കൊണ്ടുതന്നെ കാര്യത്തിന്റെ ഗൗരവം അദ്ദേഹം മനസിലാക്കിയിരുന്നു. ബൈക്കുമായി ഞാന്‍ എത്തുമ്പോള്‍ ക്യാമറയും ലൈവ് യൂണിറ്റുമായി ഷാന്‍ തയ്യാറായിരുന്നു. ബൈക്കില്‍ തന്നെ ഞങ്ങള്‍ ആശുപത്രിയിലെത്തി. മനോരമ ന്യൂസ് സംഘം മാത്രമായിരുന്നു ഈ സമയത്ത് ആശുപത്രി പരിസരത്ത് എത്തിയത്. വിനോദ് അടുത്തെത്തി മൃതദേഹം അകത്തുണ്ട് എന്ന് പറഞ്ഞു. കാഷ്വാലിറ്റിയില്‍ കൃപേഷിന്റെ മൃതദേഹത്തിന്റെ ഒരു കാൽ മാത്രം പുറത്ത് കാണാം. ഷാന്‍ ദൃശ്യങ്ങള്‍ പകര്‍ത്തുന്നതിനിടെ പരിചയമുള്ള ചില പൊലീസുകാരില്‍ നിന്ന് കുറച്ച് വിവരങ്ങള്‍ കൂടി കിട്ടി.

ഇത് ഒരു രാഷ്ട്രീയ കൊലപാതകമാണെന്ന സൂചനയും ലഭിച്ചു. കിച്ചു എന്ന വിളിയോടെ കൃപേഷിന്റെ സുഹൃത്തുക്കള്‍ കരഞ്ഞു തളര്‍ന്നിരിക്കുന്നു. പുറത്തേയ്ക്കിറങ്ങുമ്പോള്‍ വിനോദ് തിരക്കിട്ട് വന്ന് പറഞ്ഞു രണ്ടാമത്തെയാളും മരിച്ചു. മംഗളൂരുവിലെ ആശുപത്രിയിലേയ്ക്കുള്ള യാത്രയ്ക്കിടെയാണ് ശരത്‌ലാല്‍ മരിച്ചത്.  ആശുപത്രി പരിസരം നിമിഷനേരം കൊണ്ടു തന്നെ ജനസമുദ്രമായി മാറി. കോണ്‍ഗ്രസിന്റെ നേതാക്കളും, പ്രവര്‍ത്തകരുമെല്ലാം ഒന്നിനു പുറകെ ഒന്നായി വന്നുകൊണ്ടിരുന്നു. ഇതിനിടെ ശരത്‌ലാലിന്റെ മൃതദേഹവുമായി ആംബുലന്‍സ് എത്തി. പിന്നാലെ മറ്റ് മാധ്യമ പ്രവര്‍ത്തകരും. 

ആകെ തിരക്കു തന്നെ. തിരക്കിനിടെ ഏറെ പണിപ്പെട്ട് ഷാന്‍ ദൃശ്യങ്ങള്‍ പകര്‍ത്തുന്നു. ഇതിനിടെ കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാക്കളുെട പ്രതികരണമടക്കം സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് എത്തി. രാത്രി വൈകുകയാണ് സമയം പതിനൊന്ന് കഴിഞ്ഞതോടെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തരുടെ പ്രതിഷേധ പ്രകടനം ആരംഭിച്ചു. അക്രമം ഉറപ്പായതുകൊണ്ടു നഗരം വന്‍ പൊലീസ് കാവലിലാണ്. എന്നിട്ടും പ്രവര്‍ത്തകര്‍ ദേശീയപാതയില്‍ ടയറുകള്‍ കൂട്ടിയിട്ട് കത്തിച്ച് പ്രതിഷേധിച്ചു. തടയാനെത്തിയ പൊലീസിനുനേരെ കല്ലേറുണ്ടായി. നഗരം ശാന്തമായപ്പോള്‍ സമയം പുലര്‍ച്ചെ ഒരുമണി കഴിഞ്ഞു. പുലര്‍ച്ചെ രണ്ടരയോടെ കൃപേഷിന്റെയും, ശരത്‌ലാലിന്റെയും മൃതദേഹങ്ങള്‍ പോസ്റ്റുമോര്‍ട്ടത്തിനായി പരിയാരത്തേക്ക് മാറ്റി.

ADVERTISEMENT

ഫെബ്രുവരി–18–2019

പുലര്‍ച്ചെ അഞ്ചരയോടെ ഞാനും, ഷാനും ഓഫീസിലെത്തി. ആറു മണി മുതല്‍ ലൈവ് റിപ്പോര്‍ട്ടിങാണ്. ആദ്യ ലൈവ് കഴിഞ്ഞയുടന്‍ എസ്പി ഡോ.എ. ശ്രീനിവാസിനെ വിളിച്ചു. അക്രമത്തെക്കുറിച്ചുള്ള കൃത്യമായ ചിത്രം തേടിയായിരുന്നു വിളി. കാണാമെന്ന് പറഞ്ഞതോടെ ഞങ്ങള്‍ ക്യാംപ് ഓഫിസിലെത്തി. പ്രതികള്‍ക്കായുള്ള തിരച്ചില്‍ ആരംഭിച്ചതടക്കമുള്ള വിശദാംശങ്ങള്‍ അദ്ദേഹം പറഞ്ഞു. വാര്‍ത്ത നല്‍കിയശേഷം ഞാനും, ഷാനും കല്ല്യോട്ടേയ്ക്ക് തിരിച്ചു. സംഭവസ്ഥലത്തെക്കുറിച്ച് പൊലീസില്‍ നിന്ന് ലഭിച്ച ഏകദേശ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു യാത്ര. കല്ല്യോട്ട് ജംക്‌ഷനില്‍ എത്തിയപ്പോള്‍ അക്രമം നടന്നതിന്റെ സൂചനകള്‍ ലഭിച്ചു. കടകള്‍ അടിച്ചു തകര്‍ത്തിട്ടുണ്ട്. പ്രദേശത്ത് കനത്ത പൊലീസ് കവലുണ്ട്. കൃത്യം നടന്ന സ്ഥലത്ത് പൊലീസ് പരിശോധന നടത്തുന്നു. കൃപേഷും, ശരത്‌ലാലും സഞ്ചരിച്ച ബൈക്കില്‍ ചോര കട്ടപിടിച്ചിരിക്കുന്നു. റോഡില്‍ ചോരതളം കെട്ടിക്കിടക്കുന്നുണ്ട്. ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ സ്ഥലത്തുണ്ട്. ബേക്കല്‍ എസ്ഐ വിനോദ് കുമാര്‍ തിരക്കിലാണ്. 

ഉച്ചവരെ അവിടെ നിന്ന് വാര്‍ത്തകള്‍ നല്‍കിയ ശേഷം കൃപേഷിന്റെ വീട്ടിലെത്തി. ആ കുടിലിന്റെ കാഴ്ച മനസിനെ തകര്‍ക്കുന്നതായിരുന്നു. സഹോദരിമാരുടേയും, അമ്മയുടേയുമെല്ലാം കരച്ചില്‍ ഉയര്‍ന്നു കേള്‍ക്കാം. ആ വിടിന്റെ ദയനീയ ചിത്രം മനോരമ ന്യൂസിലൂടെ ലോകത്തിന് മുന്നില്‍ വയ്ക്കുമ്പോള്‍ എന്റെ ശബ്ദം പലകുറി ഇടറി. കരയാതിരിക്കാന്‍ ഏറെ പാടുപെട്ടു. വാര്‍ത്തവായിച്ചിരുന്ന ഡെന്‍സില്‍ ആന്റണിയുടെ ശബ്ദവും ഒരുഘട്ടത്തില്‍ ഇടറി. ലൈവിനിടയില്‍ പുറത്തെ ചായിപ്പില്‍ ഇരിക്കുന്ന കൃപേഷിന്റെ അച്ഛനെ ശ്രദ്ധിച്ചിരുന്നു. 

കരഞ്ഞ് തളര്‍ന്നിരിക്കുകയാണ്. റിപ്പോര്‍ട്ടിങ് കഴിഞ്ഞപ്പോള്‍ യൂത്ത് കോണ്‍ഗ്രസിലെ ഒരു സുഹൃത്ത് അടുത്ത് വന്ന് സ്വകാര്യമായി പറഞ്ഞു ''കൃഷ്ണേട്ടന് ചിലത് പറയാനുണ്ട്''. ഞങ്ങള്‍ ആ അച്ഛന്റെ അടുത്തെത്തി. സിപിഎം പ്രവര്‍ത്തകരാണ് മകനെ കൊന്നതെന്ന് നെഞ്ചുപൊട്ടി അദ്ദേഹം പറഞ്ഞു. കേരളത്തിന്റെ മനസാക്ഷിയെ പിടിച്ചുലച്ച ആ വാക്കുകള്‍ മനോരമ ന്യൂസ് സംപ്രേക്ഷണം ചെയ്തു. കല്ല്യോട്ട് ജനത്തിരക്ക് ഏറുകയാണ്. കേരളത്തിന്റെ വിവിധ ഭാഗങ്ങളിലുള്ളവര്‍ ഒഴുകിയെത്തുന്നു. ആറരയോടെ കൃപേഷിന്റെയും, ശരത്‌ലാലിന്റെയും മൃതദേഹം വഹിച്ചുകൊണ്ടുളള വിലാപയാത്ര എത്തി. കൃപേഷിന്റെ മൃതദേഹം ആ കുടിലില്‍ എത്തിച്ചതോടെ തേങ്ങലുകള്‍ കൂട്ടക്കരച്ചിലായി. 

ADVERTISEMENT

ചടങ്ങുകള്‍ പൂര്‍ത്തിയാക്കി ഒരുമണിക്കൂറിനകം രണ്ടു മൃതദേഹങ്ങളും സംസ്ക്കാര സ്ഥലത്ത് എത്തിച്ചു. രാത്രി എട്ടുമണിയോടെ ജീവിതത്തിലും, മരണത്തിലും ഒന്നിച്ചു നടന്ന രണ്ടു സുഹൃത്തുക്കളുടെ ചിതയെരി‍ഞ്ഞു. കല്ല്യോട്ടും പരിസരത്തും പരക്കെ അക്രമം നടക്കുെന്നന്ന വാര്‍ത്തയ്ക്കിടെ രാത്രി പത്തൊടെ ഞങ്ങള്‍ കല്ല്യോട്ട് നിന്ന് കാസര്‍കോട്ടെയ്ക്ക് തിരിച്ചു. കൃപേഷിന്റെയും, ശരത്‌ലാലിന്റെയും ഉറ്റവരുടെ കരച്ചിലുകള്‍ അപ്പോഴും അടങ്ങിയിരുന്നില്ല. ഇരുവരുടേയും സുഹൃത്തുക്കള്‍ കരഞ്ഞു തളര്‍ന്ന് പാതയോരത്ത് നില്‍ക്കുന്നു.

മാധ്യമപ്രവര്‍ത്തകന്‍ എന്ന നിലയില്‍ ഒരിക്കലും മറക്കാനാവാത്ത ദിവസങ്ങളായിരുന്നു അത്. പിന്നീട് പെരിയ ഇരട്ടക്കൊലപാതക വാര്‍ത്തകള്‍ക്ക് പിന്നാലെ ഒരുപാട് യാത്ര ചെയ്തു. പ്രതികളുടെ അറസ്റ്റ്, തെളിവെടുപ്പ് അങ്ങനെ നിരവധി വാര്‍ത്തകള്‍. കൃപേഷിന്റെയും, ശരത്‌ലാലിന്റെയും കുടുംബാംഗങ്ങള്‍ ജീവിതത്തിന്റെ ഒരു ഭാഗമായി. ഇരുകുടുംബങ്ങളും ഇന്നലെ കൃപേഷിന്റെയും, ശരത്‌ലാലിന്റെയും സ്മൃതി മണ്ഡപത്തില്‍ പുഷ്പങ്ങള്‍ അര്‍പ്പിക്കുന്നത് ടിവിയില്‍ കണ്ടു. അവരുടെ കണ്ണീര്‍ ഇപ്പോഴും തോര്‍ന്നിട്ടില്ല. അത് ഒരായുസിന്റെ കണ്ണീരാണ്. അക്രമരാഷ്ട്രീയത്തിന് കൊലക്കത്തി കൊടുത്തു വിടുന്നവര്‍ കാണേണ്ടുന്ന കണ്ണീര്‍.

English Summary : A reporte's diary on Periya twin murder