രണ്ടാം ലോകമഹായുദ്ധം അതിന്റെ തീച്ചിറകുകൾ വീശിത്തുടങ്ങുകയായിരുന്നു. യുദ്ധത്തിന്റെ ദുരിതം ഒരു ശീതക്കാറ്റുപോലെ ലോകത്തെ വിറപ്പിച്ചു. അക്കാലത്താണ് കൊയിലാണ്ടിയിൽനിന്ന് ബർമയിലേക്കു കച്ചവടത്തിനുപോയ ഉസ്സങ്ങാന്റെകത്ത് മൊയ്തീൻകുട്ടി ഹാജി അമ്മ മരിച്ചുപോയ തന്റെ മകനെയും തോളിലെടുത്ത് ബർമയിൽനിന്നു പലായനം ചെയ്തത്. | U.A. Khader | Manorama News

രണ്ടാം ലോകമഹായുദ്ധം അതിന്റെ തീച്ചിറകുകൾ വീശിത്തുടങ്ങുകയായിരുന്നു. യുദ്ധത്തിന്റെ ദുരിതം ഒരു ശീതക്കാറ്റുപോലെ ലോകത്തെ വിറപ്പിച്ചു. അക്കാലത്താണ് കൊയിലാണ്ടിയിൽനിന്ന് ബർമയിലേക്കു കച്ചവടത്തിനുപോയ ഉസ്സങ്ങാന്റെകത്ത് മൊയ്തീൻകുട്ടി ഹാജി അമ്മ മരിച്ചുപോയ തന്റെ മകനെയും തോളിലെടുത്ത് ബർമയിൽനിന്നു പലായനം ചെയ്തത്. | U.A. Khader | Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

രണ്ടാം ലോകമഹായുദ്ധം അതിന്റെ തീച്ചിറകുകൾ വീശിത്തുടങ്ങുകയായിരുന്നു. യുദ്ധത്തിന്റെ ദുരിതം ഒരു ശീതക്കാറ്റുപോലെ ലോകത്തെ വിറപ്പിച്ചു. അക്കാലത്താണ് കൊയിലാണ്ടിയിൽനിന്ന് ബർമയിലേക്കു കച്ചവടത്തിനുപോയ ഉസ്സങ്ങാന്റെകത്ത് മൊയ്തീൻകുട്ടി ഹാജി അമ്മ മരിച്ചുപോയ തന്റെ മകനെയും തോളിലെടുത്ത് ബർമയിൽനിന്നു പലായനം ചെയ്തത്. | U.A. Khader | Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

രണ്ടാം ലോകമഹായുദ്ധം അതിന്റെ തീച്ചിറകുകൾ വീശിത്തുടങ്ങുകയായിരുന്നു. യുദ്ധത്തിന്റെ ദുരിതം ഒരു ശീതക്കാറ്റുപോലെ ലോകത്തെ വിറപ്പിച്ചു. അക്കാലത്താണ് കൊയിലാണ്ടിയിൽനിന്ന് ബർമയിലേക്കു കച്ചവടത്തിനുപോയ ഉസ്സങ്ങാന്റെകത്ത് മൊയ്തീൻകുട്ടി ഹാജി അമ്മ മരിച്ചുപോയ തന്റെ മകനെയും തോളിലെടുത്ത് ബർമയിൽനിന്നു പലായനം ചെയ്തത്. ദൂരമേറെ താണ്ടി കൊയിലാണ്ടിയിലെത്തിയപ്പോൾ ആ കുട്ടിക്കത് അപരിചിതമായൊരു നാടായിരുന്നു. പിന്നെ ആ നാട് അവനോടു കൂട്ടുകൂടി, കഥകൾ പറഞ്ഞുകൊടുത്തു. മുതിർന്നപ്പോൾ അവൻ ആ കഥകൾ നമുക്കു പറഞ്ഞുതന്നു. മനുഷ്യരുടെ കഥകൾ, സങ്കടവും സന്തോഷവും സ്വപ്നങ്ങളുമൊക്കെ അരികുകളിൽ തുന്നിപ്പിടിപ്പിച്ച, ജീവിതത്തിന്റെ ചിത്രപടങ്ങളായിരുന്നു അവ. തൃക്കോട്ടൂരെന്ന ദേശത്തിന്റെ കഥകളിലൂടെ യു.എ. ഖാദർ പറഞ്ഞതത്രയും മനുഷ്യ ജീവിതത്തിന്റെ നേരിനെപ്പറ്റിയാണ്; ഏതു കാലത്തും ഏതു ദേശത്തും പ്രസക്തമായ ജീവിതസത്യങ്ങളെപ്പറ്റി.

സിഎച്ച് എന്ന വഴിവിളക്ക്

ADVERTISEMENT

സിഎച്ച് മുഹമ്മദ് കോയയായിരുന്നു വായനയുടെ വഴി ഖാദറിനു ചൂണ്ടിക്കാട്ടിയത്. മൂന്നാം വയസ്സിൽ അമ്മ മരിച്ച ശേഷമാണ് ബാപ്പ ഖാദറിനെ നാട്ടിൽകൊണ്ടുവന്നത്. അദ്ദേഹം വീണ്ടും വിവാഹം കഴിച്ചതോടെ കുട്ടി ഒറ്റപ്പെട്ടു. അന്ന് വിദ്യാർഥി സംഘടനാ നേതാവായിരുന്ന സിഎച്ച് ബന്ധുവീട്ടിലെത്തിയപ്പോഴാണ് അയൽപക്കത്തുള്ള ഖാദറിനെ കണ്ടത്. ഏകാന്തതയുടെ കൊടുംസങ്കടം അവന്റെ കണ്ണിൽനിന്നു വായിച്ചെടുത്താവണം, സിഎച്ച് അവനു വായിക്കാനൊരു പുസ്തകം സമ്മാനിച്ചു: ബാല്യകാലസഖി. ബഷീറിന്റെ ക്ലാസിക് ആ കുട്ടിയെ പ്രലോഭിപ്പിച്ചു, വായനയുടെ അദ്ഭുതലോകത്തേക്കു ക്ഷണിച്ചു. പിൽക്കാലത്തേക്കായി അവന്റെ വിരലുകളിൽ കഥയുടെ മാന്ത്രികമഷി നിറച്ചുകൊടുക്കുകയും ചെയ്തു.

സിഎച്ചാണ് ഖാദറിനെ കൊയിലാണ്ടിയിലെ സർ സയ്യിദ് അഹമ്മദ് ഖാൻ വായനശാലയിൽ അംഗമാക്കിയത്. അതായിരുന്നു മലയാള ഭാഷയുമായുള്ള പരിചയത്തിന്റെ തുടക്കമെന്ന് ഖാദർ പറഞ്ഞിട്ടുണ്ട്. ‘അന്ന് എലിമെന്ററി സ്കൂളിലും ഹൈസ്കൂളിലും മുസ്‌‍ലിം വിദ്യാർഥികൾക്ക് മലയാളം രണ്ടാംഭാഷയായിരുന്നു. സ്വാഭാവികമായും മലയാളം കൂടുതൽ വായിക്കാനോ പഠിക്കാനോ ഉള്ള അവസരമില്ല. കൊയിലാണ്ടിയിലാണെങ്കിൽ മുസ്‌ലിംകൾക്കിടയിൽ അക്കാലത്ത് സാഹിത്യത്തിന്റ അസ്കിത ആർക്കുമില്ല. എഴുത്തുമായി ബന്ധപ്പെട്ട ഒരു സാഹചര്യമേയില്ലെന്നു തന്നെ പറയാം. നല്ലൊരു വായനശാല പോലും അന്ന് കൊയിലാണ്ടിയിലില്ല. 1940കളുടെ അന്ത്യപാദമാണ് കാലഘട്ടം. സർ സയ്യിദ് അഹമ്മദ് ഖാൻ വായനശാലയുമായി ബന്ധപ്പെട്ടതോടെ പുസ്തകക്കമ്പം തുടങ്ങി. അങ്ങനെയാണ് ഇതുപോലെയൊന്ന് എഴുതാനുള്ള ത്വര മനസ്സിലുണ്ടാകുന്നത്’

ADVERTISEMENT

ആദ്യ കഥ പ്രസിദ്ധീകരിക്കാനുള്ള വഴി തെളിച്ചതും സിഎച്ചായിരുന്നു. ഖാദർ അദ്ദേഹത്തിനു വായിക്കാൻ കൊടുത്ത ‘വിവാഹസമ്മാനം’ എന്ന കഥ ചന്ദ്രിക ആഴ്ചപ്പതിപ്പിന്റെ ബാലപംക്തിയിൽ അച്ചടിച്ചുവന്നു. യു.എ. അബ്ദുൽ ഖാദർ എന്ന പേര് ചുരുക്കി യു.എ. ഖാദർ എന്നാക്കിയതും സിഎച്ച് തന്നെ. മോപ്പസാങ്ങിനെയും ആന്റൺ ചെക്കോവിനെയും വായിക്കണമെന്നു പറഞ്ഞതും കൂടുതലെഴുതാൻ പ്രോൽസാഹിപ്പിച്ചതും സിഎച്ചായിരുന്നു.

യു.എ. ഖാദറിന്റെ ഒരു പെയ്ന്റിങ്

ചിത്രമെഴുത്തു ഖാദർ

ADVERTISEMENT

കുട്ടിക്കാലത്ത് ചിത്രമെഴുത്തിലായിരുന്നു ഖാദറിനു താൽപര്യം. അങ്ങനെയാണ് ചിത്രംവര പഠിക്കാൻ മദ്രാസ് കോളജ് ഓഫ് ഫൈന്‍ ആർട്സിൽ ചേർന്നത്. പിന്നീട് എഴുത്തിലേക്കു തിരിഞ്ഞെങ്കിലും ചിത്രംവര ആവേശമായിത്തന്നെ ഖാദർ ഒപ്പം കൂട്ടി. വടക്കേമലബാറിന്റെ വിശ്വാസങ്ങളും പുരാവൃത്തങ്ങളും ഇഴചേർന്ന മനസ്സാണ് യുഎ ഖാദറിന്റെ ചിത്രങ്ങളിൽ തെളിയുന്നത്.

മലബാറിന്റെ മനസ്സെഴുതിയ കഥാകാരൻ

‘എന്റെ തൃക്കോട്ടൂർ വടക്കേ മലബാറിലെ ഏതു ഗ്രാമവുമാണ്. വടക്കു പറശിനിക്കടവു മുതൽ തെക്കു കോരപ്പുഴ വരെയുള്ള ഗ്രാമങ്ങൾക്കെല്ലാം അതിദേവതാ സങ്കൽപങ്ങൾ, അനുഷ്‌ഠാനകലകൾ, പുരാവൃത്തങ്ങൾ എന്നിവയുണ്ട്. പ്രാക്‌തന വിശ്വാസങ്ങളിൽ ഊന്നിനിൽക്കുന്ന ആചാരക്രമങ്ങളുണ്ട്. കാവും കാഞ്ഞിരവും അനുഷ്‌ഠാനങ്ങളുമുള്ള ഈ ഒരു ഭൂവിഭാഗമാണ് എന്റെ കഥകളിലെ തൃക്കോട്ടൂർ.’ എന്ന് കാദർ പറഞ്ഞിട്ടുണ്ട്. മലയാള സാഹിത്യത്തിൽ ആധുനികതയുടെ വെയിൽ തിളയ്ക്കുന്ന കാലത്താണ് വേറിട്ടൊരു ഭാവുകത്വവുമായി യു.എ. ഖാദർ എഴുതിയത്. തന്റെ കഥാഭൂമിക തൃക്കോട്ടൂരാണെന്നു ഖാദർ പറയുമ്പോൾ, ലോകമെങ്ങുമുള്ള മനുഷ്യജീവിതത്തിന്റെ ആശങ്കകളും അനിശ്ചിതത്വങ്ങളും സന്ദേഹങ്ങളുമൊക്കെ ആ തൃക്കോട്ടൂരിന്റെ താളുകളിൽ നമുക്കു വായിച്ചെടുക്കാം. 

യു.എ. ഖാദർ, എം. മുകുന്ദൻ, എം.ടി. വാസുദേവൻ നായർ എന്നിവർ. ചിത്രം: പി.എൻ. ശ്രീവൽസൻ

‘കഥയുടെ കേരളീയ അന്തരീക്ഷമാണു തൃക്കോട്ടൂരിലൂടെ പുനരവതരിപ്പിക്കാൻ ഞാൻ ശ്രമിച്ചത്. അതുകൊണ്ടു മലയാള കഥാസ്വാദകർക്കിടയിൽ ഒരു പുതിയ ഗ്രാമീണ മനോഭാവം സൃഷ്‌ടിക്കാൻ സാധിച്ചു എന്നതാണ് എന്റെ ഊറ്റം.’–  ഖാദർ പിൽക്കാലത്തു പറഞ്ഞു

‘രണ്ടാം ലോകയുദ്ധം ഉണ്ടായിരുന്നില്ലെങ്കിൽ, എന്നെ പ്രസവിച്ച ഉടനെ അമ്മ മരിച്ചില്ലായിരുന്നുവെങ്കിൽ ഞാൻ ബർമയിലെ ഒരു സ്വർണപ്പണിക്കാരനാകുമായിരുന്നു.’ എന്നു പറഞ്ഞിട്ടുണ്ട് യു.എ. ഖാദർ. പക്ഷേ സ്വർണം പോലെ തിളങ്ങുന്ന വാക്കുകൾ കൊണ്ട് കഥയുടെ ഗോപുരങ്ങളാണ് അദ്ദേഹം പണിഞ്ഞത്; കലയുടെ ദീപ്തസ്തംഭങ്ങൾ!

English Summary: UA Khader- Life and works