എല്ലാവർക്കും ഇവിടെ സ്ഥലമുണ്ട്, അതുതന്നെയാണ് ഈ പാതയോരവും പറയുന്നത്. എത്രപേർ വേണമെങ്കിലും വരട്ടെ. അൻപതു കിലോമീറ്ററില്ലേ. ജീവിക്കാനുള്ള വഴികാണിച്ച് അതങ്ങനെ നീണ്ടുകിടക്കുകയല്ലേ... Kozhikode, Malappuram, Covid

എല്ലാവർക്കും ഇവിടെ സ്ഥലമുണ്ട്, അതുതന്നെയാണ് ഈ പാതയോരവും പറയുന്നത്. എത്രപേർ വേണമെങ്കിലും വരട്ടെ. അൻപതു കിലോമീറ്ററില്ലേ. ജീവിക്കാനുള്ള വഴികാണിച്ച് അതങ്ങനെ നീണ്ടുകിടക്കുകയല്ലേ... Kozhikode, Malappuram, Covid

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

എല്ലാവർക്കും ഇവിടെ സ്ഥലമുണ്ട്, അതുതന്നെയാണ് ഈ പാതയോരവും പറയുന്നത്. എത്രപേർ വേണമെങ്കിലും വരട്ടെ. അൻപതു കിലോമീറ്ററില്ലേ. ജീവിക്കാനുള്ള വഴികാണിച്ച് അതങ്ങനെ നീണ്ടുകിടക്കുകയല്ലേ... Kozhikode, Malappuram, Covid

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മലയാളിയുടെ കോവിഡ് അതിജീവനശ്രമത്തിന്റെ നേർക്കാഴ്ചയാവുകയാണ് കോഴിക്കോട് മുതൽ മലപ്പുറം വരെയുള്ള ദേശീയപാതയുടെ 50 കിലോമീറ്റർ ദൂരം...

കൊണ്ടോട്ടി കഴിഞ്ഞ് മോങ്ങത്തിനും വള്ളുവമ്പ്രത്തിനുമിടയിൽ സുൽത്താൻ ഹോട്ടലിനരികിലെ കൊടുംവളവും കയറ്റവും കയറിയെത്തുമ്പോൾ റോഡരികിൽനിന്ന് യാത്രക്കാർക്കു നേരെ ചിപ്സ് പായ്ക്കറ്റുകൾ നീട്ടിനിൽക്കുന്ന ശുഭ്രവസ്ത്രധാരിയായ മദ്രസ അധ്യാപകനെ ഇപ്പോൾ കുറച്ചുനാളായി കാണാറില്ല. കോവിഡ് ലോക്ഡൗൺ കാലത്ത് മാസങ്ങളോളം സ്ഥിരമായി കണ്ടിരുന്നതാണ്. തൊട്ടടുത്ത്, മലപ്പുറംകാർ സ്നേഹത്തോടെ തേൻകുഴൽ എന്നു വിളിക്കുന്ന ശർക്കര ജിലേബി വിൽക്കുന്ന ചെറുപ്പക്കാരനോടു ചോദിച്ചപ്പോൾ പറഞ്ഞു: മദ്രസ തുറന്നില്ലേ. മുസല്യാർ പോയി. കൂടുതൽ പറയുംമുൻപ് അടുത്ത ചോദ്യവും വന്നു. ഒരു കിലോ എടുക്കട്ടെ...?

ADVERTISEMENT

ഇത്തരം കാഴ്ചകളാണ് കോഴിക്കോട്–മലപ്പുറം ദേശീയപാതയിൽ എമ്പാടും. മദ്രസകൾ അടയ്ക്കുകയും വരുമാനം നിലയ്ക്കുകയും ചെയ്തപ്പോൾ എല്ലാവരെയുമെന്നപോലെ ഈ അധ്യാപകനും ഒന്നു പകച്ചിട്ടുണ്ടാവും. പിന്നെ മുൻപിൽ കണ്ട വഴിയായിരുന്നു വഴിയോരത്തെ ബനാന ചിപ്സ് വിൽപന. കോവിഡ് കാലത്തെ അതിജീവനശ്രമത്തിന്റെ കാഴ്ചയായി മുസല്യാർ ആറു മാസത്തോളം പാതയോരത്തുണ്ടായിരുന്നു. ഇപ്പോൾ മദ്രസ തുറന്നപ്പോൾ മടങ്ങിപ്പോയി.

പക്ഷേ, ഇനിയും മടങ്ങിപ്പോകാത്ത, മടങ്ങിപ്പോകാൻ ഇടമില്ലാത്ത, ഇനി മടങ്ങിപ്പോകേണ്ടെന്നു തീരുമാനിച്ച നൂറുകണക്കിനാളുകൾ നടത്തുന്ന അതിജീവനസമരത്തിന്റെ നേർക്കാഴ്ചയാവുകയാണ് 50 കിലോമീറ്റർ വരുന്ന കോഴിക്കോട്–മലപ്പുറം ദേശീയപാത. ഇത്തരം അനേകം പാതകൾ കേരളത്തിലെമ്പാടുമുണ്ട്. വലിയ മുതൽമുടക്കില്ലാതെ, ജീവിതം മുന്നോട്ടുകൊണ്ടുപോകാൻ സാധാരണക്കാരായ മനുഷ്യർ ഈ വഴിയോരങ്ങളെ ആശ്രയിക്കുകയാണ്. കൗതുകകരമായ അനേകം ചിത്രങ്ങളാണ് ഈ പാതയോരങ്ങൾ കാണിച്ചുതരുന്നത്.

∙ എത്രയുണ്ട് കച്ചവടക്കാർ?

കാറി‍ലെ ചെരുപ്പ് കച്ചവടം വള്ളുവൻപ്രത്തു നിന്നുള്ള ദൃശ്യം. ചിത്രം: ഫഹദ് മുനീർ

കോഴിക്കോട് പാളയം ബസ് സ്റ്റാൻഡ് മുതൽ മലപ്പുറം കുന്നുമ്മൽ വരെ ഏതാണ്ട് 50 കിലോമീറ്റർ ദുരമുണ്ട്. തുടക്കത്തിൽ രാമനാട്ടുകര ബൈപാസ് വരെയുള്ള ഭാഗം ഇപ്പോൾ സംസ്ഥാന പാതയാണ്. അതുകഴിഞ്ഞ്് കോഴിക്കോട്–പാലക്കാട് ദേശീയപാതയുടെ ഭാഗം. ഈ 50 കിലോമീറ്ററിൽ എത്ര കച്ചവടക്കാരുണ്ടാകും? എത്ര തരം കച്ചവടമുണ്ടാകും? കണക്കെടുപ്പ് എളുപ്പമല്ല.

ADVERTISEMENT

പല ദിവസങ്ങളിലായി, പല ഭാഗങ്ങളായി എണ്ണിയെടുത്തപ്പോൾ കച്ചവടക്കാരുടെ എണ്ണം 570. കൂടാം, കുറയാം. എങ്കിലും അറുനൂറോളം എന്നു പറയാം. പല കച്ചവടങ്ങളും നടത്തുന്നത് ഒന്നിലേറെപ്പേർ ചേർന്നാണ് എന്നതിലാൽ എണ്ണൂറോളം കുടുംബങ്ങൾ ഈ പാതയോരത്ത് ജീവിതമാർഗം കണ്ടെത്തിയിരിക്കുന്നു എന്നു വ്യക്തമാകുന്നു.

ഇനി അവർ എന്തെല്ലാമാണ് കച്ചവടത്തിനു നിരത്തിയിരിക്കുന്നതെന്നു നോക്കാം. അതിന്റെ വൈവിധ്യം അമ്പരപ്പിക്കും. മൺചട്ടി മുതൽ ഇലക്ട്രോണിക്സ് സാധനങ്ങൾ വരെ അവിടെയുണ്ട്. കപ്പയും കല്ലുമ്മക്കായയും കാട്ടുതേനുമുണ്ട്. എണ്ണമില്ലാത്ത ഭക്ഷണവിഭവങ്ങളുണ്ട്.

അലങ്കാരച്ചെടികളും അലങ്കാര മത്സ്യങ്ങളുമുണ്ട്. ആക്രിക്കച്ചവടക്കാരുണ്ട്. ഊദും അത്തറും മറ്റു സുഗന്ധദ്രവ്യങ്ങളുമുണ്ട്. മധുരനാരങ്ങ വണ്ടികൾ വഴിയിലുടനീളമുണ്ട്. പുതപ്പും വിരിപ്പും ചവിട്ടിയും പുതുതലമുറ വസ്ത്രങ്ങളുമുണ്ട്. കൊട്ടക്കണക്കിനു മീനുണ്ട്. പച്ചക്കറി അതിലേറെയുണ്ട്. കേട്ടു ക്ഷീണിച്ചെങ്കിൽ കുടിക്കാൻ കരിക്കുണ്ട്...

∙ കോവിഡ് അടച്ച വഴി, തുറന്ന വഴി

കോഴിക്കാട്–പാലക്കാട് പാതയിൽ പൂക്കോട്ടൂർ വെണ്ടയ്ക്ക് കച്ചവടം ചെയ്യുന്ന കുട്ടി. ചിത്രം: ഫഹദ് മുനീർ
ADVERTISEMENT

ഈ പാതയോര കച്ചവടക്കാരിൽ ആരോടു ചോദിച്ചാലും കോവിഡ് കാലത്തെ പ്രതിസന്ധിയുടെ കഥ പറയാനുണ്ടാകും. കടകളിലും വർക് ഷോപ്പുകളിലും ചെറുകിട സ്ഥാപനങ്ങളിലുമെല്ലാം ജോലി ചെയ്തിരുന്നവരാണ് ഇവരിലേറെയും. ലോക്ഡൗൺ വന്നപ്പോൾ ആദ്യ കുറെ നാൾ വീട്ടിലിരുന്നു.

പ്രതിസന്ധി എളുപ്പം തീരുമെന്നായിരുന്നു പ്രതീക്ഷ. പക്ഷേ നീണ്ടപ്പോൾ പേടിയായി. വീടും കുടുംബവമുണ്ട്. അവരെ പട്ടിണിക്കിടാനാവില്ല. ബാങ്ക് ലോൺ തിരിച്ചടവുള്ളവർ, ചികിത്സച്ചെലവിന് പണമാവശ്യമുള്ളവർ.. അങ്ങനെ എന്തുവഴിയെന്നു ചിന്തിച്ചപ്പോഴാണ് മുന്നിൽ നീണ്ടുകിടക്കുന്ന ദേശീയപാത അവർക്കു വഴിതുറന്നത്. കാര്യമായ മുതൽമുടക്കില്ല എന്നതായിരുന്നു പ്രധാന ആകർഷണം.

എപ്പോൾ വേണമെങ്കിലും നിർത്താം. വാടക വേണ്ട, ജിഎസ്ടിയെ പേടിക്കേണ്ട, കറന്റ് ചാർജ് നൽകേണ്ട.. തുടങ്ങി വേറെയും അനുകൂല ഘടകങ്ങളുണ്ടായിരുന്നു. ആദ്യമാദ്യം മടിച്ചുനിന്നവരും, സുഹൃത്തുക്കളും മറ്റും ഈ വഴി തിരഞ്ഞെടുത്തപ്പോൾ പിന്നെ ചാടിയിറങ്ങി. ഇപ്പോൾ എന്തായാലും ഇവരിൽ ഭൂരിപക്ഷവും ഹാപ്പിയാണ്. ഈ വഴി തുടരുമെന്നു പറയുന്നവരാണ് 90 ശതമാനവും. ജോലി ചെയ്തിരുന്ന സ്ഥാപനങ്ങൾ തുറന്നിട്ടും ഇനി തിരിച്ചുപോകുന്നില്ലെന്ന് പറയുന്നവരെയും ഏറെ കണ്ടു.

∙ പുതപ്പു മുതൽ ഗുഡ്സ് ഓട്ടോ വരെ

മഞ്ചേരി കച്ചേരിപ്പടിയിൽ റോഡരികിലെ തലയണ കച്ചവടം. ചിത്രം: ഫഹദ് മുനീർ

കച്ചവടത്തിന് വീട്ടിലെ പഴയ പുതപ്പുമെടുത്ത് ഇറങ്ങിയവരുണ്ട്. അത് റോഡരികിൽ വിരിച്ചാണു കച്ചവടം. സ്റ്റൂളും മേശയുമൊക്കെ മതിയായി ചിലർക്ക്. ഗുഡ്സ് ഓട്ടോകളാണ് ഹിറ്റായ വഴി. സാധനങ്ങൾ കൊണ്ടുവരാം, സൗകര്യമുള്ളടത്തു നിർത്തി വിൽക്കാം, തിരിച്ചു വീട്ടിൽ കൊണ്ടുവയ്ക്കാം. അങ്ങനെ സൗകര്യങ്ങൾ പലതായിരുന്നു.

ജോലി നഷ്ടപ്പെട്ട് വീട്ടിലിരിക്കേണ്ടി വന്നപ്പോൾ വീടിനോടു ചേർന്നുതന്നെ കച്ചവടം തുടങ്ങിയവരുണ്ട്. ഒരു ഷീറ്റ് വലിച്ചുകെട്ടിയോ മേൽക്കൂര ഇറക്കിക്കെട്ടിയോ ഒക്കെ സൗകര്യമൊരുക്കി. വീടിനു മുന്നിൽ റോഡിൽ കച്ചവടം തുടങ്ങിയവരും വീടിനരികിലെ സ്ഥലത്ത് ഷെഡ് കെട്ടി തുടങ്ങിയവരും ഏറെയുണ്ട്. ഈ പാതയിലെ യാത്രയിൽ ഇത്തരത്തിലുള്ള മുപ്പതോളം ഷെഡുകളെങ്കിലും കാണാനാകും.

വിപുലമായ രീതിയിൽ പണം മുടക്കിത്തന്നെ ഷെഡുകളും കെട്ടിടങ്ങളും സ്ഥാപിച്ച് കച്ചവടം തുടങ്ങിയ പ്രവാസികളടക്കം വേറെയുമുണ്ട്. അതിവിപുലമായ വസ്ത്രവിൽപന ലക്ഷ്യമിട്ടു തുടങ്ങിയ മലപ്പുറം മച്ചിങ്ങലിലെ ഗാർമെന്റ്സ് സെന്റർ ഉദാഹരണം.

വെറുമൊരു വഴിയോരക്കടയല്ല ഇത്. വാങ്ങാനെത്തുന്നത് സാധാരണക്കാർ മാത്രമല്ല. വൈകുന്നേരമായാൽ സെന്ററിനു മുന്നിൽ പത്തുപതിനഞ്ചു കാറെങ്കിലും കാണാം. അകത്തും നല്ല തിരക്ക്. നെടിയിരുപ്പിൽ പുതപ്പുകളും വസ്ത്രങ്ങളും ഒരു ഗ്രൗണ്ടിനു ചുറ്റും ഗാലറി പോലെ തൂക്കിയിട്ടാണ് വിൽപന.

∙ അന്നവിചാരം മുന്നവിചാരം

ആലത്തൂർപ്പടിയിൽ കാറിൽ വാഴക്കപൊരി (ചിപ്സ്) വിൽപ്പന നടത്തുന്നയാൾ. ചിത്രം: ഫഹദ് മുനീർ

മനുഷ്യന്റെ ഏറ്റവും വലിയ ആവശ്യമെന്താണ്? ഭക്ഷണം തന്നെ. ഒരു പ്രതിസന്ധിയിലും മനുഷ്യന് ഭക്ഷണം ഉപേക്ഷിക്കാനാവില്ല എന്നതിനാലാവും വഴിയോര കച്ചവടത്തിന് ഏറ്റവുമധികം തിരഞ്ഞെടുക്കപ്പെട്ടതും ഭക്ഷണം തന്നെ. ചായക്കടകൾ മുതൽ അറേബ്യൻ റസ്റ്ററന്റുകൾ വരെയുണ്ട് ഈ പട്ടികയിൽ.

ഈ 50 കിലോമീറ്റർ ദൂരത്തിൽ താൽക്കാലികമായി തുറന്ന ഭക്ഷണശാലകളുടെ എണ്ണം നൂറിലേറെ വരും. സ്ഥിരം സംവിധാനത്തിലുള്ള കടകൾ ഇതിന്റെ ഇരട്ടിയുണ്ടാകും. വഴിയോര ചായക്കടകൾ മാത്രം നാൽപതിലേറെയുണ്ട്. പന്ത്രണ്ടോളം ഉന്തുവണ്ടികളുണ്ട്.

ന്നിയങ്കര മേൽപാലത്തിന്റെ ഇരുനൂറോളം മീറ്റർ വരുന്ന പാതയോരത്തു മാത്രമുണ്ട് 11 ഭക്ഷണശാലകൾ. അവയിലേറെയും അറേബ്യൻ ഫുഡ്സും ചിക്കൻ വെറൈറ്റികളും വിൽക്കുന്നവ. നല്ല രീതിയിൽ പണം മുടക്കി സൗകര്യങ്ങളൊരുക്കിയവയാണ് അതിലേറെയും.

ഭക്ഷണശാലകളിൽ പത്തു രൂപയ്ക്ക് ചായയും എണ്ണക്കടിയും നൽകുന്നവ മുതൽ മുന്തിയ ഇനം അറേബ്യൻ ഫുഡ്സ് വിൽക്കുന്നവ വരെയുണ്ട്. അൽഫഹാമും കുഴിമന്തിയും ഷവായയും ഷെവർമയും താമിയ റോളും ഫലാഫീൽ റോളുമൊക്കെയാണ് ഇപ്പോഴത്തെ ഇഷ്ടവിഭവങ്ങൾ.

ബിരിയാണിയുടെ കാര്യം പറയുകയും വേണ്ട. വീടുകളിൽ ഉണ്ടാക്കിയ ബിരിയാണിയുടെ വിൽപന കോവിഡ് കാലത്തിനു മുൻപുതന്നെ തുടങ്ങിയിരുന്നു. ഇപ്പോളത് വ്യാപകമായി എന്നു മാത്രം. വില ഹോട്ടലുകളുടേതിനെക്കാൾ വളരെ കുറവുമാണ്.

ജ്യൂസ് കടകളാണ് മറ്റൊരു ഇനം. പാഷൻ ഫ്രൂട്ട്, ബാൾ ഗ്രേപ്പ് തുടങ്ങിയവയുടെ ബൂത്തുകൾ ധാരാളം കാണാം. ഇവിടേക്ക് ചെറിയ ഫ്രീസറുകളിൽ വിവിധ കേന്ദ്രങ്ങളിൽനിന്ന് ജ്യൂസ് എത്തിക്കുകയാണ്. കരിമ്പ് ജ്യൂസ്, തണ്ണിമത്തൻ ജ്യൂസ് തുടങ്ങിയ പതിവ് ഇനങ്ങളുമുണ്ട്.

ചപ്പാത്തിക്കമ്പനികൾ കോവിഡ് കാലത്തിനു മുൻപുതന്നെ ഹിറ്റായതാണ്. അതിപ്പോൾ വ്യാപകമായി. ഈ വഴിയിൽ മാത്രമുണ്ട്. പതിനഞ്ചോളം. ഏറെയും മടങ്ങിയെത്തിയ പ്രവാസികൾ തുടങ്ങിയത്. സ്ഥലസൗകര്യമൊരുക്കിയാൽ യന്ത്രങ്ങളടക്കം സ്ഥാപിച്ചു നൽകാൻ തമിഴ്നാട്ടിൽനിന്നും മറ്റുമുള്ള ഏജൻസികളുണ്ട്. ആദ്യം സ്ഥാപിച്ചവയുടെ പ്രവർത്തന വിജയം കണ്ടാണ് കൂടുതൽ പേർ എത്തുന്നത്.

∙ ‘മധുര’നാരങ്ങ

ഓട്ടോറിക്ഷ ഡ്രൈവർ മലപ്പുറം മുണ്ടുപറമ്പ് ബൈപാസിൽ നെല്ലിക്ക കച്ചവടം. ചിത്രം: ഫഹദ് മുനീർ

മലയാളി ഇത്രയേറെ മധുരനാരങ്ങ തിന്ന ഒരു കാലമുണ്ടാകില്ല. വഴിയിലുടനീളമുണ്ട് മധുരനാരങ്ങ വണ്ടികൾ. മൂന്നു കിലോഗ്രാമിന് നൂറു രൂപ മതി. കർണാടകയിലും ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലും മധുരനാരങ്ങ സമൃദ്ധമായി വിളഞ്ഞതും ഗുണം ചെയ്തു. ഈ പാതയോരത്തുമാത്രം എഴുപതോളം മധുരനാരങ്ങ വണ്ടികളാണ് കാണാനായത്. കോഴിക്കോട് പാളയത്തുനിന്നും തിരൂരിലെയും കൊണ്ടോട്ടിയിലെയുമൊക്കെ ലോക്കൽ മാർക്കറ്റുകളിൽനിന്നുമാണ് ഇവർ സാധനമെത്തിക്കുന്നത്. ഇപ്പോൾ കർണാടകയിൽനിന്നു നേരിട്ടു കൊണ്ടുവരുന്നവരുമുണ്ട്.

മറ്റിനം പഴങ്ങളുടെ വിൽപനയും ഇതോടൊപ്പം നടക്കുന്നു. കൈതച്ചക്ക (പൈനാപ്പിൾ) ആണ് ഒറ്റയ്ക്കു വിൽക്കുന്ന മറ്റൊരു ഇനം. വാഴക്കുളത്തുനിന്നും മൂവാറ്റുപുഴയിൽനിന്നുമൊക്കെ വലിയ ലോറികളിൽ എത്തിച്ചാണ് ഇവ നൽകുന്നത്. നിലമ്പൂരിലെയും കരുവാരകുണ്ടിലെയും പ്രാദേശിക വിപണികളിൽനിന്നും പൈനാപ്പിൾ എത്തുന്നുണ്ട്.

∙ ഫിറോസ് അച്ചാർ, റസാഖ് അച്ചാർ

ഓട്ടോറിക്ഷ ഡ്രൈവർമാർ മലപ്പുറം എംഎസ്പിക്ക് സമീപം എരുന്ത് വിൽപ്പനയുമായി എത്തിയപ്പോൾ. ചിത്രം: ഫഹദ് മുനീർ

കോഴിക്കോട് കണ്ണഞ്ചേരിയിൽ വഴിയോരത്ത് വിവിധ തരം അച്ചാറുകൾ നിരത്തിവച്ചിരിക്കുന്ന പതിമൂന്നുകാരൻ ജസീമിനു പറയാനുള്ളതും നല്ല എരിവുള്ള അതിജീവനകഥ തന്നെ. പിതാവ് റസാഖ് റിയൽ എസ്റ്റേറ്റ് ബ്രോക്കറായിരുന്നു. കോവിഡ് കാലത്ത് കച്ചവടമെല്ലാം നിന്നു. അപ്പോഴാണ് അമ്മാവൻ ഫിറോസ് നാട്ടുരുചികളുടെ കേന്ദ്രമായ കുറ്റിച്ചിറയിൽ കാലങ്ങളായി വിജയകരമായി നടത്തിവരുന്ന അച്ചാർ ബിസിനസ് ഒന്നു പരീക്ഷിച്ചാലോ എന്നാലോചിച്ചത്.

റജിസ്ട്രേഷനും ലൈസൻസുമുള്ള ഫിറോസ് അച്ചാറിന്റെ മാതൃകയിൽ റസാഖും പേരൊന്നുമിടാതെ വീട്ടിൽ അച്ചാറുണ്ടാക്കി വഴിയോരത്തു വിൽപന തുടങ്ങി. അച്ചാറുകളുടെ വെറൈറ്റി ആരെയും ആകർഷിക്കും. ബീഫും ചെമ്മീനും ചേനയും മുളകും കാരയ്ക്കയും മാങ്ങയും വെളുത്തുള്ളിയും പുളിയിഞ്ചിയും നാരങ്ങയുമെന്നു വേണ്ട പത്തിരുപതിനങ്ങൾ പലപല നിറങ്ങളിൽ നിരന്നിരിക്കുന്നതു കണ്ടാൽ നാവിൽ വെള്ളമൂറും. കച്ചവടം എങ്ങനെയുണ്ടെന്നു ചോദിച്ചാൽ ജസീമിന്റെ കണ്ണിലും തിളക്കമുണ്ട്. കഴിഞ്ഞുകൂടാം എന്നേ മറുപടിയുള്ളൂ എങ്കിലും...

∙ അലങ്കരിച്ച ജീവിതം

അലങ്കാരച്ചെടികളാണ് കോവിഡ് കാലത്ത് വിപുലമായ മറ്റൊരു കച്ചവടം. മിക്കവരും വീടുകളോടു ചേർന്നാണ് ഇവ ആരംഭിച്ചിരിക്കുന്നത്. മണ്ണുത്തി കാർഷിക സർവകലാശാലയിൽനിന്നാണ് മിക്കവരും ചെടികൾ കൊണ്ടുവരുന്നത്. സ്വന്തമായി തൈ നട്ടുവളർത്തുന്നവരുമുണ്ടെങ്കിലും എണ്ണം കുറവാണ്. വലിയ നഴ്സറികൾ ആന്ധ്രയിൽനിന്നും മറ്റും ചെടികളെത്തിക്കുന്നുണ്ട്. അവർക്ക് സ്വന്തമായി ചെടി നട്ടുവളർത്താനുള്ള സംവിധാനവുമുണ്ട്.

ഈ ഭാഗത്ത് പുതുതായി ആരംഭിച്ച നഴ്സറികൾ തന്നെ പതിനാറോളം വരും. ഇന്റീരിയർ ചെടികളുടെയും അലങ്കാര വസ്തുക്കളുടെയും വിൽപനയാണ് പച്ചപിടിക്കുന്ന മറ്റൊരു മേഖല. അലങ്കാരമത്സ്യ വിൽപന കേന്ദ്രങ്ങളാണ് മറ്റൊരു പുതുമേഖല. പ്ലാസ്റ്റിക് കവറുകളിൽ മീൻകുഞ്ഞുങ്ങളെ വിൽക്കുന്ന കുട്ടികൾ മുതൽ വിപുലമായ സംവിധാനങ്ങളോടെ തുടങ്ങിയവർ വരെയുണ്ട്. ചിലയിടത്ത് അക്വേറിയങ്ങൾക്കൊപ്പം പെറ്റ് ഷോപ്പുകളുമുണ്ട്.

∙ മേൽമുറി എന്ന വഴിയോര അങ്ങാടി

മലപ്പുറത്തെ മേൽമുറി ആലത്തൂർപടി വഴിയോരക്കച്ചവടത്തിന് പുതിയൊരു മാതൃക തീർക്കുകയാണ്. ഇവിടെ അങ്ങാടിയാകെ വഴിയോരച്ചന്ത ആയി മാറിയിരിക്കുകയാണ്. അങ്ങാടിയുടെ ഇത്തിരിവട്ടത്ത് ഇരുപതോളം പേരാണ് ചെറുവാഹനങ്ങളിലും നിരത്തിലുമായി കച്ചവടം നടത്തുന്നത്. മത്സ്യമാണ് ഇതിൽ പ്രധാന ഇനം. പഴങ്ങളും പച്ചക്കറികളുമുണ്ട്. എന്നും വൈകുന്നേരം ഇവിടെ പൂരത്തിരക്കാണ്. വാഹനങ്ങൾക്കുപോലും വേഗം കുറച്ചേ അങ്ങാടി കടക്കാനാകൂ.

ഇവിടെയും തൊട്ടടുത്ത പൂക്കോട്ടൂരുമെല്ലാം പാടത്തുനിന്ന് പറിച്ച് നേരിട്ട് പാതയോരത്തുവച്ചു വിൽക്കുന്ന നാടൻ പച്ചക്കറികളും കിട്ടും. കൃഷിക്കാർ നേരിട്ടാണ് വിൽപന. ഈ പച്ചക്കറിയുടെ ‘പച്ച’യ്ക്കു തന്നെയുണ്ട് ഒരു വ്യത്യാസം. അതിനാൽ വാങ്ങാൻ ഇഷ്ടം പോലെ ആളുമുണ്ട്.

∙ 5 കിലോയ്ക്ക് 100, മൂന്നെണ്ണത്തിന് 500

പുതിയ വിൽപന തന്ത്രങ്ങളും പയറ്റുന്നുണ്ട് ഈ കച്ചവടക്കാർ. നാരങ്ങയ്ക്ക് മൂന്നു കിലോഗ്രാമിന് 100 രൂപ എന്ന കച്ചവടതന്ത്രം വ്യാപകമായതോടെയാണ് ഈ ‘പാക്കേജ് വിൽപന’ വ്യാപകമായത്. ഇപ്പോൾ കാരറ്റ് അഞ്ചു കിലോഗ്രാം പ്ലാസ്റ്റിക് കവറുകളിൽ നിറച്ച് 100 രൂപയ്ക്കു വിൽപന നടത്തുന്നവരെ കാണാം.

അരക്കിലോ കാരറ്റ് വാങ്ങിയിരുന്നവരും അങ്ങനെ 5 കിലോ വാങ്ങുന്നു. വിലയൽപം കുറഞ്ഞാലും വിൽപന പലമടങ്ങായി എന്നതാണു മെച്ചം. കിങ് സൈസ് പുതപ്പ് വിൽക്കുന്നത് മൂന്നെണ്ണത്തിന് 500 രൂപയ്ക്കാണ്. കുട്ടിയുടുപ്പുകൾ അഞ്ചെണ്ണം വരെ കിട്ടും 100 രൂപയ്ക്ക്.

വഴിയോര കച്ചവടം ട്രെൻഡായി മാറിയപ്പോൾ പതിവു കച്ചവടക്കാരും തന്ത്രം മാറ്റിപ്പിടിക്കുന്നുണ്ട്. പലരും കടകളിൽനിന്ന് ഇറക്കിക്കെട്ടി വിൽപന തുടങ്ങി. ബേക്കറികൾ പഴക്കച്ചവടം കൂടി പുറത്തു തുടങ്ങി. പഴക്കടക്കാർ പച്ചക്കറി തുടങ്ങി. ഹോട്ടലുകൾ ഈവനിങ് ടീ കൗണ്ടറുകളും സ്പെഷൽ ബൂത്തുകളും തുടങ്ങി. അറുപതിലേറെ ഇത്തരം ഇറക്കിക്കെട്ടിയ കച്ചവടങ്ങൾ ഈ പാതയോരത്തു കാണാം.

∙ ഇനിയുമുണ്ട് ഇടം

കൊണ്ടോട്ടി നെടിയിരുപ്പിൽ 50 മീറ്റർ പരിധിയിൽ റോഡിനിരുവശവുമായി പരസ്പരം നോക്കിയാൽ കാണാവുന്ന ദൂരത്ത് നാലു ചായക്കടകൾ. ഇതിനുമാത്രം കച്ചവടമുണ്ടോ എന്നു ചോദിച്ചാൽ ഇനിയും പോരട്ടെ, എല്ലാവർക്കും ഇവിടെ സ്ഥലമുണ്ട് എന്നാണ് കച്ചവടക്കാരന്റെ മറുപടി. അതുതന്നെയാണ് ഈ പാതയോരവും പറയുന്നത്. എത്രപേർ വേണമെങ്കിലും വരട്ടെ. അൻപതു കിലോമീറ്ററില്ലേ. ജീവിക്കാനുള്ള വഴികാണിച്ച് അതങ്ങനെ നീണ്ടുകിടക്കുകയല്ലേ...

English Summary: Streetside business picks up at Kozhikode-Malappuram road, a positive sign during Covid